പാറ്റകള് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണെന്ന് വേണമെങ്കില് പറയാം. അടുക്കളയില് ജോലി ചെയ്യുന്നവരൊക്കെ ചിലപ്പോള് ഒരു ദിവസത്തില് മനഷ്യരെ കാണുന്നതിലധികം പാറ്റയെ ആയിരിക്കും കാണുക. എന്നാല് നമ്മള് ഈ കാണുന്ന കുഞ്ഞന് പാറ്റകള് ദിനോസറുകളെക്കാള് എത്രയോ വര്ഷങ്ങള്ക്ക് മുന്പ് ഭൂമിയിലുണ്ടായിരുന്നതാണത്രേ. അടുക്കളയിലെ വില്ലനായി മാത്രമാണ് നമുക്ക് പാറ്റയെ, പരിചയം എന്നാല് നൂറ്റാണ്ടുകള്ക്കും മുന്പും ഈ ഇത്തിരിക്കുഞ്ഞന് മനുഷ്യരെ വിറപ്പിച്ചിരുന്നു എന്ന് പറഞ്ഞാല് എത്ര വിചിത്രമായ കാര്യം അല്ലേ. അടിക്കാന് നോക്കുമ്പോള് പറന്ന് പോകാനുള്ള കഴിവിനുമപ്പുറത്ത് പാറ്റകളെപ്പറ്റി ചില വിചിത്രമായ കാര്യങ്ങള് അറിഞ്ഞാലോ?
പാറ്റയ്ക്ക് ഒരു മനുഷ്യനെയടക്കം എന്തും തിന്നാനുള്ള കഴവുണ്ട്. മാംസം, മധുരപലഹാരങ്ങള്, അന്നജം അടങ്ങിയ സാധനങ്ങള് എന്നിവയാണ് പാറ്റയുടെ പ്രധാന ഭക്ഷണങ്ങള്. എന്നാല് തരം കിട്ടിയാല് ഇവ പുസ്തകത്തിന്റെ ബൈന്ഡും, സോപ്പും വരെ തിന്നും. ഉറങ്ങിക്കിടക്കുമ്പോള് പാറ്റ റൂമിനകത്ത് ഉണ്ടെങ്കില് നിങ്ങളുടെ നഖവും അതിന്റെ ഭക്ഷണമാകാം എന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്.
പാറ്റകള്ക്ക് തലയില്ലാതെ ഒരു ആഴ്ചയോളം ജീവിക്കാന് കഴിയുമത്രേ. മിക്ക ജീവികളും തല അറ്റുപോയാല് എത്രയും വേഗം മരിക്കുമ്പോള് പാറ്റകള് മാത്രം അവയുടെ പ്രത്യേക ജീവശാസ്ത്രം കാരണം മരണത്തെ മറികടക്കുന്നു.
മനുഷ്യനെയും മറ്റ് ജീവികളെയും പോലെയല്ല. പാറ്റകള് ജീവിതത്തിലെ പല നിര്ണ്ണായക പ്രവര്ത്തനങ്ങള്ക്കും തലയെ ആശ്രയിക്കുന്നില്ല. ഒരു പാറ്റയുടെ തല നഷ്ടപ്പെട്ടാല് അത് പെട്ടെന്ന് മരിക്കില്ല. അതിന്റെ രക്ത ചംക്രമണ വ്യൂഹം വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. പാറ്റകള്ക്ക് തുറന്ന രക്ത ചംക്രമണ സംവിധാനവും താരതമ്യേനെ കുറഞ്ഞ രക്ത സമ്മര്ദ്ദവുമാണ് ഉള്ളത്. അതായത് വേഗത്തില് മരിക്കാന് തക്കവിധം വലിയ രക്തനഷ്ടം അവയ്ക്ക് ഉണ്ടാകുന്നില്ല. കഴുത്തിലെ മുറിവ് സാധാരണയായി വേഗത്തില് കട്ടപിടിക്കുകയും മുറിവ് പൂര്ണമായി അടയുകയും ചെയ്യുന്നു.
ശ്വസന വ്യവസ്ഥയാണ് അവയുടെ അതിജീവനത്തിന്റെ മറ്റൊരു താക്കോല്. മനുഷ്യര് മൂക്കിലൂടെയും വായിലൂടെയും ശ്വസിക്കുമ്പോള് പാറ്റകള് അവയുടെ ശരീര ഭാഗങ്ങളിലെ ചെറിയ ദ്വാരങ്ങളിലൂടെ ശ്വസിക്കുന്നു. 'ഡിസ്കവര് വൈല്ഡ്ലൈഫ്' പറയുന്നതനുസരിച്ച് പാറ്റയുടെ തലച്ചോറ് അതിന്റെ ശ്വസനത്തെ നിയന്ത്രിക്കുന്നില്ല, രക്തം ശരീരത്തിലേക്ക് പമ്പ് ചെയ്യുന്നില്ല. പകരം ശ്വാസനാളം പോലെയുള്ള ഒരുകൂട്ടം ട്യൂബുകള് വഴി വായു നേരിട്ട് കോശങ്ങളിലേക്ക് എത്തിക്കുകയാണ്.
പാറ്റ എന്തും തിന്നുമെന്ന് പറഞ്ഞല്ലോ.. എന്നാല് ഭക്ഷണമൊന്നും ഇല്ലാതെയായാല് അവ പരസ്പരവും ഭക്ഷണമാകും എന്ന കാര്യവും പ്രധാനമാണ്. പരസ്പരം ആക്രമണം നടത്തി അതില് പരാജയപ്പെടുന്ന പാറ്റയെ അടുത്ത പാറ്റ ഭക്ഷിക്കുന്നു.
Content Highlight; Gross Cockroach Facts You Wish You Didn’t Know