സൂര്യന്റെ മരണം എപ്പോള്‍; സൂര്യന്‍ മരിച്ചാല്‍ ഭൂമിക്ക് എന്ത് സംഭവിക്കും?

സൗരയൂഥം നാശത്തിലേക്ക്...ചുട്ടുപൊളളുന്ന ചൂടില്‍ ഭൂമിയിലെ മനുഷ്യന്റെ അവസ്ഥ എന്താകും

പെട്ടെന്ന് ഒരു ദിവസം സൂര്യന്‍ ഇല്ലാതായാലോ? നമ്മള്‍ മനുഷ്യര്‍ എങ്ങനെ അതിനെ അതിജീവിക്കും. എന്തായിരിക്കും അപ്പോള്‍ ഭൂമിക്ക് സംഭവിക്കുക. മനുഷ്യരെല്ലാം മരിക്കുമോ? അങ്ങനെ പല ചോദ്യങ്ങള്‍ നമ്മുടെ ഉള്ളിലുണ്ടാവും അല്ലേ. എന്നാല്‍ അങ്ങനെയൊന്ന് സംഭവിച്ചാല്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുകയെന്ന് അറിയാം.

സൂര്യന്‍ നമുക്ക് പ്രകാശവും ചൂടും നല്‍കുന്നു, ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് ആവശ്യമായ സാഹചര്യങ്ങളുമൊരുക്കുന്നു. എന്നാല്‍ സൂര്യന്റെ മരണം അതിഭീകരമായിരിക്കുമത്രേ. പക്ഷേ തെല്ലൊന്ന് ആശ്വസിക്കാം. ആ മരണം സംഭവിക്കും പക്ഷേ ഇപ്പോഴൊന്നുമല്ല. ഏകദേശം 5 ബില്യണ്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍. ഹ്രൈഡ്രജന്‍ പൂര്‍ണമായും ഇല്ലാതാകുന്നതോടെയാകും സൂര്യന്‍ മരണത്തെ മുന്നില്‍ കണ്ടുതുടങ്ങുന്നത്. അപ്പോള്‍ സൂര്യന്‍ ഒരു ചുവന്ന തീഗോളമായി മാറും. ഒരു വെള്ളക്കുള്ളന്‍ നക്ഷത്രമായാണ് സൂര്യന്റെ ജീവിതം അവസാനിക്കുകയെന്നാണ് സ്‌പേസ്.കോം പറയുന്നത്.

ഈ വെള്ളക്കുള്ളന്‍ നക്ഷത്രത്തിന് പതിയെ താപനില കുറയുകയും തണുത്തുറയുകയും ചെയ്യും. സൂര്യന് ഭൂമിയേക്കാള്‍ ദശലക്ഷക്കണക്കിന് വ്യാപ്തിയുണ്ടെങ്കിലും വെള്ളക്കുളളന് ഭൂമിയോളം വ്യാപ്തി മാത്രമേ ഉണ്ടാവൂ. സൂര്യന്‍ വെളളക്കുള്ളനായി മാറിയാല്‍ അതിന്റെ അകക്കാമ്പ് കാര്‍ബണും ഓക്‌സിജനും ആയിരിക്കുമെന്നും ഹീലിയം കത്തിതീര്‍ന്നതിന്റെ അവശിഷ്ടങ്ങളായിരിക്കും അതെന്നും ബാഹ്യകവചം കത്തി തീരാത്ത ഹൈഡ്രജന്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൂര്യന്‍ മരിച്ചാല്‍ എന്ത് സംഭവിക്കും

സൂര്യന്‍ ഒരു ചുവന്ന തീഗോളമായി മാറുമെന്ന് പറഞ്ഞല്ലോ. ഈ അവസ്ഥയില്‍ സൂര്യന് ചുറ്റുമുള്ള ഹൈഡ്രജന്‍ കത്താന്‍ തുടങ്ങുന്നു. അത് ഹീലിയമായി മാറുകയും ശക്തമായ ഊര്‍ജ്ജപ്രവാഹമുണ്ടാവുകയും ചെയ്യുന്നു. ഈ ഊര്‍ജ്ജത്തിന്റെ ഫലമായി സൂര്യന്റെ വലിപ്പം ഇരട്ടിയിലേറെയായി വര്‍ധിക്കും. ഇങ്ങനെ പരമാവധി വലിപ്പത്തിലെത്തുന്ന ഘട്ടത്തില്‍ ഭൂമി ഉള്‍പ്പടെ എല്ലാ ഗ്രഹങ്ങളെയും സൂര്യന്‍ വിഴുങ്ങും എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഭൂമിയുടെ കാര്യമെടുത്താല്‍ ഭൂമിയുടെ ഉപരിതല താപനില ഉയരും. സമുദ്രങ്ങളും മറ്റ് ജലാശയങ്ങളും ബാഷ്പീകരിക്കപ്പെടുകയും ഗ്രഹത്തെ വാസയോഗ്യമല്ലാതാക്കുകയും ചെയ്യും. ഇത്തരം മാറ്റങ്ങള്‍ ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. വര്‍ധിച്ച ചൂടും വികിരണങ്ങളും മിക്ക ജീവജാലങ്ങളെയും വംശനാശത്തിലേക്ക് നയിച്ചേക്കാം. സൂര്യന്റെ മരണം നമ്മുടെ സൗരയൂഥത്തിന്റെയും അന്ത്യമായിരിക്കും. സൂര്യന്റെ മരണ ശേഷം ഭൂമി ബാക്കിയുണ്ടെങ്കില്‍ അത് ഒരു വെളുത്ത കുളളനെ വലംവയ്ക്കുന്ന വെറുമൊരു ചാരക്കട്ട മാത്രമായിരിക്കുമെന്ന് 'സ്‌പേസ് . കോം' റിപ്പോര്‍ട്ടില്‍ പറയുന്നു. സൗരയൂഥത്തിന്റെ മറ്റ് ഗ്രഹങ്ങളുടെ അവസ്ഥയും ഇതുപോലെ തന്നെയായിരിക്കും. സൂര്യന്റെ മരണ ശേഷമുളള കടുത്ത താപനിലയെ അതിജീവിക്കാന്‍ മറ്റ് ഗ്രഹങ്ങള്‍ക്കും കഴിയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights :When will the sun die? What will happen to the earth if the sun dies?

To advertise here,contact us