നന്ദിയുണ്ട് സാറേ…ജീവന്‍ രക്ഷിച്ച ജെസിബിയോട് നന്ദി പ്രകടിപ്പിച്ച് കുട്ടിയാന; വീഡിയോ വൈറല്‍

റായ്ഗഡിലെ ഘര്‍ഘോഡയിലായിരുന്നു സംഭവം നടന്നത്

നന്ദി പറയുക എന്നത് മനുഷ്യസഹജമായ ഗുണമാണ്. മൃഗങ്ങളും നന്ദി കാണിക്കുന്നതില്‍ ഒട്ടും പിറകിലല്ല. നായ വാലാട്ടുന്നതും കൈ നക്കുന്നതും പൂച്ചകള്‍ നിങ്ങളുടെ കാലില്‍ ഉരയുന്നതുമെല്ലാം മൃഗങ്ങള്‍ നന്ദി പ്രകടിപ്പിക്കുന്നതിന് ഉദാഹരണങ്ങളാണ്. ഇപ്പോള്‍ ഒരു കുട്ടിയാന നന്ദി പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഛത്തീസ്ഗഡില്‍ നിന്നുള്ള ഒരു കുട്ടിയാനയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഹൃദയം കീഴടക്കുന്നത്. കാട്ടിനുള്ളിലെ ചെളിക്കുഴിയില്‍ വീണ കുട്ടിയാനയെ കരയ്ക്ക് കയറ്റുന്നതാണ് വീഡിയോയില്‍. ജെസിബി ഉപയോഗിച്ച് കുഴിയില്‍ നിന്ന് കരയിലേക്ക് വഴി വെട്ടിയാണ് ആനയെ പുറത്തെത്തിച്ചത്.

കരയ്ക്ക് കയറിയ ഉടന്‍ തന്നെ രക്ഷപ്പെട്ടതിന്റെ സന്തോഷം കുട്ടിയാന പ്രകടിപ്പിക്കുകയും ചെയ്തു. കുഴിക്ക് സമീപം നില്‍ക്കുകയായിരുന്ന ജെസിബിയെ തുമ്പിക്കൈ കൊണ്ട് സ്പര്‍ശിച്ച് നന്ദി പറയുകയാണ് കുട്ടിയാന. ഹൃദയസ്പര്‍ശിയായ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു.

#WATCH | An elephant calf shows gratitude after it was rescued from a mud pit in the forest area by the personnel of the Forest Department in Gharghoda, RaigarhVideo source: Forest Department pic.twitter.com/1kZsUrshvI

റായ്ഗഡിലെ ഘര്‍ഘോഡയിലായിരുന്നു സംഭവം നടന്നത്. ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് എഎന്‍ഐ എക്‌സില്‍ കുറിച്ചു. ആനക്കൂട്ടം വെള്ളം കുടിക്കാനെത്തിയപ്പോള്‍ കുട്ടിയാന ചെളിനിറഞ്ഞ കുഴിയിലേക്ക് വഴുതി വീഴുകയായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആനക്കുട്ടിയുടെ നിലവിളികേട്ട നാട്ടുകാരായിരുന്നു വനംവകുപ്പിനെ വിവരം അറിയിച്ചത്.

Content Highlights: An elephant calf shows gratitude after it was rescued from a mud pit, Video Goes Viral

To advertise here,contact us