ദംശനമേറ്റാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മരണം;സയനൈഡിനേക്കാള്‍ മാരക വിഷം വഹിക്കുന്ന ജീവികള്‍

പലപ്പോഴും തങ്ങളെ ആക്രമിക്കാന്‍ വരുന്ന ശത്രുക്കളില്‍ നിന്ന് രക്ഷനേടുന്നതിന് വേണ്ടിയോ, അല്ലെങ്കില്‍ ഇരയെ പിടിക്കുന്നതിന് വേണ്ടിയോ ആണ് വിഷം പ്രയോഗിക്കുന്നതെന്ന് മാത്രം

ഏറ്റവും മാരക വിഷം ഏതാണെന്നറിയാമോ? സയനൈഡ് എന്നായിരിക്കും മനസ്സില്‍ വന്ന ഉത്തരമല്ലേ. എന്നാല്‍ സയനൈഡിനേക്കാള്‍ മാരകമായ വിഷം വഹിക്കുന്ന ജീവജാലങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും തങ്ങളെ ആക്രമിക്കാന്‍ വരുന്ന ശത്രുക്കളില്‍ നിന്ന് രക്ഷനേടുന്നതിന് വേണ്ടിയോ, അല്ലെങ്കില്‍ ഇരയെ പിടിക്കുന്നതിന് വേണ്ടിയോ ആണ് ഇവ ഈ വിഷം ചെറിയ തോതില്‍ പ്രയോഗിക്കുന്നതെന്ന് മാത്രം. പ്രകൃതിയിലെ വിഷവാഹകരെ പരിചയപ്പെടാം.

ഗോള്‍ഡന്‍ പോയ്‌സന്‍ ഫ്രോഗ്

കൊളംബിയയിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. കാണാന്‍ വളരെ ഭംഗിയുള്ള ഈ തവളയുടെ ചര്‍മത്തില്‍ ബട്രാകോടോക്‌സിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. നാഡികള്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിനും പക്ഷാഘാതത്തിലേക്കോ മരണത്തിലേക്കോ നയിക്കാനും കെല്‍പുള്ളവയാണ് ഈ വിഷം. ഒരു സൂചിമുനയുടെ പകുതിയോളം വിഷത്തിന് മനുഷ്യ ജീവനെടുക്കാന് സാധിക്കും. തദ്ദേശീയര്‍ ഈ തവളയുടെ വിഷം ബ്ലോ ഡാര്‍ട്ടില്‍ ഉപയോഗിക്കാറുണ്ട്.

ബ്ലു റിങ്ഡ് ഒക്ടോപസ്

ഓസ്‌ട്രേലിയ, ഏഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ടെട്രോഡോടോക്‌സിന്‍ ആണ് ഇവ വഹിക്കുന്നത്. ഇതിന് മസിലുകളെ തളര്‍ത്താന്‍ സാധിക്കും. ശ്വസിക്കാന്‍ സാധിക്കാതെ വരും. ഇവയുടെ ഒരു ചെറിയ കടി മരണത്തിലേക്ക് നയിച്ചേക്കാം. ഇവയ്ക്ക് ആന്റിഡോട്ട് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

പഫര്‍ഫിഷ്

പേടിപ്പെടുത്തിയാല്‍ സ്വയം രക്ഷപ്പെടുന്നതിനായി ഭീമാകാരനാകുന്ന മീനാണ് പഫര്‍ഫിഷ്. അവയുടെ അവയവങ്ങളില്‍ ഡെട്രോഡോടോക്‌സിന്‍ അടങ്ങിയിട്ടുണ്ട്. ബ്ലു റിങ്ഡ് ഒക്ടോപസിനുള്ള അതേ വിഷം. സയനൈഡിനേക്കാള്‍ 1200 മടങ്ങ് ശക്തിയുള്ളതാണ് ഈ വിഷമെന്ന് നാഷ്‌നല്‍ ജ്യോഗ്രഫിക് പറയുന്നു. ജപ്പാനില്‍ ഈ മത്സ്യത്തെ ഭക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. വളരെ ശ്രദ്ധാപൂര്‍വമാണ് ഇതിനെ ഭക്ഷണത്തിനായി വൃത്തിയാക്കി എടുക്കുക.

കോണ്‍ സ്‌നെയ്ല്‍കാഴ്ചയില്‍ നിരുപദ്രവകാരിയാണ് ഈ ഒച്ച്. എന്നാല്‍ വിദഗ്ധരായ വേട്ടക്കാരാണ് കോണ്‍ സ്‌നെയ്‌ലുകള്‍. വിഷംനിറഞ്ഞ ചാട്ടുളി എറിഞ്ഞുകൊണ്ടാണ് ഇത് ഇരയെ പിടിക്കുന്നത്. ഈ വിഷത്തിന് മസിലുകളെ തളര്‍ത്താന്‍ കഴിവുണ്ട്. ചില സമയത്ത് മരണത്തിലേക്ക് വരെ നയിച്ചേക്കാം. ഇതിന് ആന്റിവെനം കണ്ടെത്തിയിട്ടില്ല.

ബോക്‌സ് ജെല്ലിഫിഷ്

ഇന്തോ-പസഫിക് തീരത്താണ് ഇവയെ കാണാറുള്ളത്. ശരീരത്തിനകത്ത് പ്രവേശിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഹൃദയാഘാതം സംഭവിക്കുന്ന വിഷമാണ് ഇവയ്ക്കുള്ളത്.

ബ്രസീലിയന്‍ സ്‌പൈഡര്‍

ബനാന സ്‌പൈഡര്‍ എന്നാണ് ഇവ പൊതുവെ അറിയപ്പെടാറുള്ളത്. മസില്‍ സ്പാസം, അപൂര്‍വമായി മരണം എന്നിവയിലേക്ക് നയിക്കുന്നതാണ് ഇവയുടെ വിഷം. സൗത്ത്, സെന്‍ട്രല്‍ അമേരിക്കയിലാണ് ഇവയെ കാണുന്നത്.

ഡെത്ത്‌സ്റ്റോക്കര്‍ സ്‌കോര്‍പിയന്‍

ഈ തേളിന്റെ കുത്തേറ്റാല്‍ കടുത്ത വേദന അനുഭവപ്പെടും. ഇത് വളരെയധികം അപകടകാരിയാണ്. വടക്കേ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇതിന് വിഷം നാഡീവ്യൂഹത്തെയാണ് ബാധിക്കുക.

സ്‌റ്റോണ്‍ഫിഷ്

ലോകത്തിലെ ഏറ്റവും വിഷമുള്ള മത്സ്യമാണ് സ്‌റ്റോണ്‍ ഫിഷ്. അറിയാതെ അതിനെ ചവിട്ടിക്കഴിഞ്ഞാല്‍ അതിന്റെ കൂത്ത മുള്ളുകള്‍ ശരീരത്തിലേക്ക്തുളച്ചുകയറും. കടുത്ത വേദനയായിരിക്കുമെന്ന് മാത്രമല്ല അതിലൂടെ വിഷം കുത്തിവയ്ക്കുകയും ചെയ്യും. ഉടന്‍ തന്നെ ശരീരത്തില്‍ നീര് വയ്ക്കും. ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം. പാറകള്‍ക്കിടയിലും പവിഴപ്പുറ്റുകള്‍ക്കിടയിലും ഒളിച്ചിരിക്കുന്ന ഇവയെ കണ്ടെത്തുക എളുപ്പമല്ല.

Content Highlights: The poison of this animal is 1,200 times stronger than cyanide

To advertise here,contact us