പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും ഭൂമിയുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. കഴുകന്മാരും അതിൽ വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്. ജീവികളുടെ ജഡവുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിൽ കഴുകന്മാർക്ക് വലിയ പങ്കുണ്ട്. 2024 ലെ ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ കഴുകന്മാർ ഇല്ലാതെയായി കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഒമ്പത് കഴുകൻ ഇനങ്ങളിൽ മൂന്നെണ്ണം വംശനാശ ഭീഷണിയിലാണ്. നിലവിൽ 50 മുതൽ100 ജോഡികൾ മാത്രമേ അവശേഷിക്കുന്നുള്ളു എന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടെയാണ് കഴുകന്മാരുടെ എണ്ണത്തിൽ ഈ കുറവ് സംഭവിച്ചിരിക്കുന്നത്. അസുഖമുള്ള കന്നുകാലികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് കഴുകന്മാർക്ക് ഭീഷണിയായതെന്ന് റിപ്പോർട്ടുകളുണ്ട്. 1990-കളുടെ മധ്യത്തിൽ, വിലകുറഞ്ഞ നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നായ ഡിക്ലോഫെനാക് കന്നുകാലികളിൽ ഉപയോഗിച്ച് വന്നിരുന്നു. ഡൈക്ലോഫെനാക് ഉപയോഗിച്ച് ചികിത്സിച്ച കന്നുകാലികളുടെ ജഡം കഴുകന്മാർ ഭക്ഷിച്ചത് അവരുടെ ജീവന് ഭീഷണിയായെന്നാണ് കണ്ടെത്തൽ. 2006-ൽ ഡിക്ലോഫെനാക്കിൻ്റെ വെറ്ററിനറി ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടും കഴുകന്മാരുടെ ജനസംഖ്യ കുറയുന്നത് തുടരുകയാണ്. ഏറ്റവും പുതിയ"സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് ബേർഡ്സ്" റിപ്പോർട്ട് പ്രകാരം കുറഞ്ഞത് മൂന്ന് കഴുകൻ ഇനങ്ങളെങ്കിലും വംശനാശ ഭീഷണിയിലാണ്.
പരിസ്ഥിതിക്ക് മാത്രമല്ല മനുഷ്യർക്കും ഇത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. ഒരു കാലത്ത് തുറസ്സായ സ്ഥലത്തുള്ള ജീവികളുടെ ജഡങ്ങൾ വൃത്തിയാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്ന കഴുകന്മാരുടെ അഭാവം പരിസ്ഥിതിയിൽ രോഗങ്ങളുടെയും ബാക്ടീരിയകളുടെയും ഗണ്യമായ വർദ്ധനവിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴുകന്മാർ ഇല്ലാതായതോടെ, തെരുവ് നായ്ക്കളുടെ എണ്ണം വർധിച്ചതും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് മനുഷ്യരിൽ പേവിഷബാധയുടെ സാധ്യത വർദ്ധിപ്പിച്ചു. ഈ കാലയളവിൽ റാബിസ് വാക്സിൻ വിൽപ്പന വർധിച്ചെങ്കിലും പ്രശ്നം പരിഹരിക്കുന്നതിൽ അവ അപര്യാപ്തമാണെന്ന് തെളിഞ്ഞിരുന്നു. കഴുകന്മാർ മാത്രമല്ല തവളകൾ, പക്ഷികൾ, സസ്തനികൾ, തേനീച്ചകൾ, ശുദ്ധജല ആമകൾ എന്നിവയും ഇന്ത്യൻ മേഖലയിലെ ഏറ്റവും വലിയ ഭീഷണി നേരിടുന്ന മറ്റു ജീവജാലങ്ങളാണ്.