കണ്ണുംനട്ട് കാത്തിരുന്നിട്ടും...​; മൃ​ഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങുകളെക്കുറിച്ച് നിങ്ങൾക്കെന്തറിയാം!

രാമ - രാവണ യുദ്ധത്തിൽ ഹനുമാന്റെ വാനരസേനയിലെ അംഗങ്ങളായിരുന്നു ഇവരെന്നാണ് വിശ്വാസം. അങ്ങനെയാണത്രേ ഈ പേരുവന്നത്.

രണ്ട് ദിവസമായി തിരുവനന്തപുരം മൃ​ഗശാലാ അധികൃതരെ വട്ടംകറക്കുന്ന മൂന്ന് വിരുതരുണ്ട്. രാവും പകലുമെന്നില്ലാതെ ആ മൂവരെയും കാത്ത് കണ്ണിലെണ്ണയൊഴിച്ചിരിപ്പാണ് മൃ​ഗശാലാ ജീവനക്കാർ. കൂട്ടിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങുകൾക്കായി അങ്ങനെ കാത്തിരിപ്പ് തുടരുകയാണ്……ഹനുമാൻ കുരങ്ങ് അഥവാ ഗ്രേ ലംഗൂർ എന്നാണ് ചാടിപ്പോയ വിരുതരുടെ പേര്. സെമ്നോപിതേക്കസ് എന്നാണ് ശാസ്ത്രീയ നാമം. ദേഹമാകെ വെള്ള രോമങ്ങൾ, മുഖവും കൈകളും കാലുകളും കറുപ്പ് നിറം.

ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളാണ് ഇവയുടെ ആവാസ കേന്ദ്രം. പശ്ചിമഘട്ടത്തിലെ ഗോവ, കർണാടക, കേരളാ വനമേഖലകളിൽ കാണപ്പെടുന്ന ബ്ലാക്ക് ഫൂട്ടഡ് ഗ്രേ ലംഗൂർ, നേപ്പാൾ ഗ്രേ ലംഗൂർ, കാശ്മീർ ഗ്രേ ലംഗൂർ, സൌത്തേൺ പ്ലെയിൻസ് ഗ്രേ ലംഗൂർ എന്നിങ്ങനെ ഹനുമാൻ കുരങ്ങുകൾ തന്നെ ഏഴ് ഉപ സ്പീഷ്യസുകളുണ്ട്.

ശരാശരി 11 മുതൽ 18 കിലോ വരെയാണ് ഭാരം. നാലര മീറ്ററിലധികം ദൂരത്തേക്ക് ഒറ്റക്കുതിപ്പിൽ ചാടാനാകും. രാമ - രാവണ യുദ്ധത്തിൽ ഹനുമാന്റെ വാനരസേനയിലെ അംഗങ്ങളായിരുന്നു ഇവരെന്നാണ് വിശ്വാസം. അങ്ങനെയാണത്രേ ഈ പേരുവന്നത്. സീതയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പൊള്ളലേറ്റാണത്രേ കയ്യും കാലും കറുപ്പ് നിറമായത്. (കഥയല്ലേ, ചുമ്മാ പറഞ്ഞെന്നേയുള്ളു!) എന്തായാലും വംശനാശ ഭീഷണിയൊന്നും നേരിടാതെ കുടുംബവും കുട്ടികളുമൊക്കെയായി സസുഖം വാഴുന്നൊരു വാനര വിഭാഗമാണ് ഹനുമാൻ കുരങ്ങുകൾ.

ഹനുമാൻ കുരങ്ങുകളെ സിംഹവാലൻ കുരങ്ങായി തെറ്റിദ്ധരിക്കുന്നവരുണ്ട്. ഇനിയെങ്കിലും അറിഞ്ഞോളൂ, രണ്ടും രണ്ട് കൂട്ടരാണ്. സൈലൻ്റ് വാലിയുൾപ്പെടെ പശ്ചിമഘട്ടത്തിന്റെ തെക്കൻമേഖലയിൽ മാത്രം കാണുന്ന കുരങ്ങ് വർഗ്ഗമാണ് സിംഹവാലൻ കുരങ്ങ്. കറുപ്പും കടുംതവിട്ടുനിറവുമുള്ള രോമങ്ങളാണ് സിംഹവാലൻ്റേത്. മുഖത്തിന് ചുറ്റുമുള്ള സടയ്ക്കാകട്ടെ വെള്ള നിറവും. സിഹംത്തിൻ്റേത് പോലുള്ള നീളൻ വാലുള്ളതിനാലാണ് സിംഹവാലനെന്ന പേര് വരാൻ കാരണം. വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ് സിംഹവാലൻ്റേത്. ഏതാണ്ട് 3000ത്തോളം സിംഹവാലൻ കുരങ്ങുകൾ മാത്രമേ ഇന്ന് ലോകത്ത് അവശേഷിക്കുന്നുള്ളു.

To advertise here,contact us