'സൂര്യന്റെ മാന്ത്രിക കലകള് അപ്രത്യക്ഷമാകുന്നു,കാരണം ദുഷ്ടജീവികള്';ഋഗ്വേദം പറഞ്ഞത് സത്യം,പക്ഷേ..

സൂര്യഗ്രഹണത്തെക്കുറിച്ച് ചിലതൊക്കെ മിത്ത് അടിസ്ഥാനമാക്കിയെഴുതിയതാവാം. എന്നാല്, തൊട്ടുപിന്നാലെ എഴുതിയിരിക്കുന്നതൊക്കെ തുലാവിഷുവത്തെക്കുറിച്ചും കാലങ്ങളെക്കുറിച്ചുമൊക്കെയാണെന്നും ശാസ്ത്രജ്ഞര് പറയുന്നു.

icon
dot image

സൂര്യഗ്രഹണം എന്ന പ്രതിഭാസം ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് നാമകരണം ചെയ്യപ്പെടുന്നതിന് വളരെ മുമ്പുതന്നെ (ഏകദേശം 60000 വര്ഷങ്ങള്ക്കു മുമ്പേ) സമാനമായ ഒരു സംഭവത്തിന്റെ പരാമര്ശം ഋഗ്വേദത്തില് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ജ്യോതിശാസ്ത്രജ്ഞര് സ്ഥിരീകരിച്ചു. ഋഗ്വേദത്തിന്റെ സൂക്ഷ്മമായി ചിട്ടപ്പെടുത്തിയ മണ്ഡലങ്ങള്, അനുവാക്കുകള്, സൂക്തങ്ങള്, ഋക്കുകള് എന്നിവയ്ക്കിടയില്, ആധുനിക ശാസ്ത്രലോകം സൂര്യഗ്രഹണമായി തിരിച്ചറിയുന്ന ആദ്യ സംഭവത്തെക്കുറിച്ച് പരാമര്ശിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്.

പുരാതന ഇന്ത്യയിലെ വൈദിക സംസ്കൃത സൂക്തങ്ങളുടെ ശേഖരമാണ് ഋഗ്വേദം. ഹിന്ദുമതത്തിന് അടിസ്ഥാനമായി കരുതപ്പെടുന്ന ചതുര്വേദങ്ങളില് ആദ്യത്തേതാണ് ഋഗ്വേദം. ബിസി 1500 ലോ അതിന് ശേഷമോ ആണ് ഋഗ്വേദം രചിക്കപ്പെട്ടതെന്നാണ് വിശ്വാസം. ബിസി 2000നും 1000നും ഇടയിലാണ് വേദ കാലഘട്ടം നിലനിന്നിരുന്നത്. ടാറ്റ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല് റിസര്ച്ചിലെ മായങ്ക് വഹിയയും നാഷണല് ആസ്ട്രോണമിക്കല് ഒബ്സര്വേറ്ററി ഓഫ് ജപ്പാനിലെ മിറ്റ്സുറു സോമയുമാണ് ഋഗ്വേദത്തില് പ്രാചീന കാലത്ത് നടന്ന സൂര്യഗ്രഹണത്തെക്കുറിച്ച് പരാമര്ശങ്ങളുള്ളതായി കണ്ടെത്തിയിരിക്കുന്നത്. അസ്ട്രോണമിക്കല് ഹിസ്റ്ററി ആന്റ് ഹെറിറ്റേജ് ജേണലില് ഇവരുടെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതിൽ പരാമർശിച്ചിരിക്കുന്ന സൂര്യഗ്രഹണം വേദകാലഘട്ടത്തിനും മുമ്പേ നടന്നതായിരിക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. മതപരവും തത്വശാസ്ത്രപരവും ചരിത്രപരവുമായ നിരവധി കാര്യങ്ങള് ഋഗ്വേദത്തിലുണ്ട്. വേദകാലത്ത് ഋഗ്വേദം എഴുതപ്പെട്ട സമയത്തുള്ളതാവാം മിക്കവയും. എന്നാൽ, അതിനു മുമ്പേയുള്ള കാര്യങ്ങളും അവർ രേഖപ്പെടുത്തിയിട്ടുണ്ടാകാം. ശാസ്ത്രജ്ഞര് പറയുന്നു. ഋഗ്വേദത്തിൽ പറഞ്ഞിരിക്കുന്ന സൂര്യഗ്രഹണം 4202 ബിസിയില് ഒക്ടോബര് 22നും 3811 ബിസിയിൽ ഒക്ടോബര് 19നുമായിരിക്കാം നടന്നതെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ അനുമാനം.. ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽ, സൂര്യഗ്രഹണത്തെക്കുറിച്ചുള്ള ഏറ്റവും പഴക്കം ചെന്ന പരാമര്ശമാണിത്.

'ഇരുട്ടാലും അന്ധകാരത്താലും സൂര്യന് 'തുളയ്ക്കപ്പെടുന്നു', ദുഷ്ടജീവികള് കാരണം സൂര്യന്റെ മാന്ത്രിക കലകള് അപ്രത്യക്ഷമാകുന്നു' എന്നാണ് ഋഗ്വേദത്തിലെ പരാമര്ശം. ഇത് മിത്ത് അടിസ്ഥാനമാക്കിയെഴുതിയതാവാം. എന്നാല്, തൊട്ടുപിന്നാലെ എഴുതിയിരിക്കുന്നതൊക്കെ തുലാവിഷുവത്തെക്കുറിച്ചും കാലങ്ങളെക്കുറിച്ചുമൊക്കെയാണെന്നും ശാസ്ത്രജ്ഞര് പറയുന്നു. ഈ വിവരണത്തില് നിന്നാണ് ഗ്രഹണം ഉണ്ടായ സമയം ശാസ്ത്രജ്ഞര് കണക്കാക്കിയിരിക്കുന്നത്.

To advertise here,contact us
To advertise here,contact us
To advertise here,contact us