കൊച്ചി പഴയ കൊച്ചിയല്ല; വായു മലിനീകരണ നിരക്കിൽ വർദ്ധന രേഖപ്പെടുത്തി കേരളത്തിൻ്റെ മെട്രോ നഗരം

ഒരു ദിവസം കൊച്ചിയിലെ വായു ശ്വസിക്കുന്നത് നാല് സിഗരറ്റ് വലിക്കുന്നതിന് തുല്യമെന്നാണ് അര്‍ത്ഥം

1 min read|15 Nov 2026, 10:28 pm

ഡല്‍ഹിയിലെ വായുമലിനീകരണമാണ് ഇപ്പോള്‍ വലിയ ചര്‍ച്ച. ദീപാവലി ആഘോഷങ്ങള്‍ കൂടി കഴിഞ്ഞതോടെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 300 കടന്ന് അതീവ മോശം അവസ്ഥയിലേക്കെത്തി. എന്നാല്‍ നമ്മുടെ കൊച്ചിയുടെ കാര്യമോ? കൊച്ചിയിലും വായുമലിനീകരണ നിരക്ക് വർദ്ധിക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്.

ആഗോള തലത്തിലെ വായുമലിനീകരണ പട്ടികയില്‍ കൊച്ചി 237-ാം സ്ഥാനത്താണ്. ഒരു ദിവസം കൊച്ചിയിലെ വായു ശ്വസിക്കുന്നത് നാല് സിഗരറ്റ് വലിക്കുന്നതിന് തുല്യമെന്നാണ് അര്‍ത്ഥം. എന്തുകൊണ്ടാണ് കൊച്ചിയിലെ വായുനിലവാരം ആശങ്കയാകുന്നത്? നഗരത്തിലൂടെ ദിവസവും കടന്നുപോകുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍, ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം എന്‍ജിന്‍ ഓഫ് ചെയ്യാതെ കിടക്കുന്ന വാഹനങ്ങള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പൊടി… ഇവയെല്ലാം വായുമലിനീകരണത്തിന് പ്രധാന കാരണമാവുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ഡാറ്റ പ്രകാരം, അതിരപ്പിള്ളി ഉള്‍പ്പെടെ കൊച്ചിയിലാകെ 12 സ്ഥലങ്ങളിലെ വായു ഗുണനിലവാരമാണ് രേഖപ്പെടുത്തുന്നത്. ഇവയില്‍ ഏലൂര്‍, കളമശേരി, എരൂര്‍ എന്നിവിടങ്ങളിലെല്ലാം 160 ഉം അതിനടുത്തുമാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് രേഖപ്പെടുത്തുന്നത്. കാലാവസ്ഥയും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. മഴക്കാലം കഴിഞ്ഞുള്ള മാസങ്ങളില്‍ കാറ്റിന്റെ വേഗം കുറയുന്നതും താപനിലയിലെ വ്യതിയാനങ്ങളും മലിനീകരണ ഘടകങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കാന്‍ ഇടയാക്കുന്നു.

മാത്രമല്ല, കൊച്ചിയിലെ എല്ലാ പ്രദേശങ്ങളിലും ഒരേ രീതിയിലുള്ള മലിനീകരണമല്ല അനുഭവപ്പെടുന്നത്. വ്യവസായ മേഖലകളായ ഏലൂരിലെ മലിനീകരണവും വാഹനത്തിരക്കേറിയ വൈറ്റിലയിലെ മലിനീകരണവും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ വായുനിലവാരം പ്രത്യേകം നിരീക്ഷിക്കേണ്ടതുണ്ട്.

കൊച്ചിയില്‍ വായുനിലവാരം നിരീക്ഷിക്കാന്‍ പുതിയ സംവിധാനമൊരുക്കുമെന്ന് കൊച്ചി കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് തീരുമാനം. ഇതിനായി പത്ത് ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ സംവിധാനം പൂര്‍ത്തിയാക്കുമെന്നാണ് കൊച്ചി മേയര്‍ വി.കെ മിനിമോള്‍ അറിയിച്ചിരിക്കുന്നത്.ലരാജ്യത്തെ വായുമലിനീകരണത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ മറ്റൊരു കാര്യം കൂടി വ്യക്തമാകും. മലിനീകരണം അളക്കാനുള്ള സംവിധാനങ്ങള്‍ പോലും പലയിടത്തും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല!

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം നവംബര്‍ 12ന് രാജ്യത്തെ ആകെ 634 വായുനിലവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത് 365 എണ്ണം മാത്രം. 257 കേന്ദ്രങ്ങളും പ്രവര്‍ത്തനരഹിതം. അതായത് ഏകദേശം 40.5 ശതമാനം നിരീക്ഷണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നില്ല.

ജനസംഖ്യയ്ക്ക് അനുസരിച്ച് നഗരങ്ങളില്‍ നിശ്ചിത എണ്ണം വായുനിലവാര നിരീക്ഷണ കേന്ദ്രങ്ങള്‍ വേണമെന്നാണ് മാനദണ്ഡം. ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ കുറഞ്ഞത് നാല് കേന്ദ്രങ്ങള്‍ വേണം. അഞ്ച് മുതല്‍ പത്ത് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ ആറെണ്ണവും, പത്ത് മുതല്‍ 50 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ എട്ടെണ്ണവും വേണം. 50 ലക്ഷത്തിലധികം ജനസംഖ്യയുള്ള വന്‍നഗരങ്ങളില്‍ കുറഞ്ഞത് 16 കേന്ദ്രങ്ങളെങ്കിലും ആവശ്യമാണ്.

രാജ്യത്ത് പ്രവര്‍ത്തനരഹിതമായ നിരീക്ഷണ കേന്ദ്രങ്ങള്‍ ഏറ്റവും കൂടുതലുള്ളത് തമിഴ്നാട്ടിലാണ്. 76 ശതമാനം കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നില്ല. കര്‍ണാടകയില്‍ 57 ശതമാനവും രാജസ്ഥാനില്‍ 52 ശതമാനവും ഹരിയാനയില്‍ 50 ശതമാനവും കേന്ദ്രങ്ങള്‍ പ്രവര്‍ത്തനരഹിതമാണ്. മധ്യപ്രദേശിലും ബിഹാറിലും 43 ശതമാനം വീതവും ഡല്‍ഹിയില്‍ 39 ശതമാനവും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല.

എന്നാല്‍ വായുമലിനീകരണം അളക്കാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിച്ചതുകൊണ്ട് മാത്രം പ്രശ്‌നം തീരുമോ? മലിനീകരണ തോത് ഉയരുന്നുണ്ടെങ്കില്‍ അത് കുറയ്ക്കാന്‍ കൃത്യമായ നടപടികളും ഉണ്ടാകണം.വാഹനങ്ങളില്‍ നിന്നുള്ള പുക കുറയ്ക്കുക, നിര്‍മാണ മേഖലകളില്‍ പൊടിനിയന്ത്രണം ഉറപ്പാക്കുക, വ്യവസായ മേഖലകളിലെ മലിനീകരണവും നിയന്ത്രിക്കുക എന്നിവയെല്ലാം പ്രധാനമാണ്. സ്വന്തം സുരക്ഷയെ ഓര്‍ത്ത് നടത്തത്തിനും ഓട്ടത്തിനും ഉയര്‍ന്ന തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുന്നത് ഗുണം ചെയ്യും. മാത്രമല്ല, കൊച്ചുകുട്ടികള്‍, പ്രായമായവര്‍, ആസ്തമ രോഗികള്‍ എന്നിവര്‍ ഉയര്‍ന്ന മലിനീകരണമുള്ള സമയത്ത് പുറത്തിറങ്ങുന്നത് കുറയ്ക്കുന്നതും നല്ലതാണ്.

വായുമലിനീകരണം കുറയ്ക്കാന്‍ പൗരന്മാരെന്ന നിലയില്‍ നമുക്കും വലിയ കാര്യങ്ങള്‍ ചെയ്യാനാകും. പെട്രോള്‍, ഡിസല്‍ വാഹനങ്ങളില്‍ നിന്ന് ഇവി വാഹനങ്ങളിലേക്ക് മാറുന്നത് വലിയ സ്വാധീനമുണ്ടാക്കും. മരങ്ങളും ഹരിത ഇടങ്ങളും സൃഷ്ടിക്കുന്നത് മാലിന്യങ്ങള്‍ ആഗിരണം ചെയ്യാനും നഗരങ്ങളെ തണുപ്പിക്കാനും സഹായിക്കുന്നു. ഇലകള്‍ പോലുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നതിന് പകരം കമ്പോസ്റ്റുകളാക്കുക എന്നിവയെല്ലാം വലിയ ചുവടുവയ്പ്പാകും.

Content Highlights: Kochi faces growing air pollution concerns, ranking 237th globally, as the Corporation plans to install seven air quality monitoring stations to track pollution levels and address rising environmental challenges

To advertise here,contact us