അന്ന് സമരക്കാര്‍ക്കൊപ്പം, ഇന്ന് അടിച്ചമര്‍ത്തല്‍; പൂക്കി ചിരിയില്‍ ഒളിപ്പിച്ച നിലപാട് മാറ്റങ്ങൾ

പ്രതിപക്ഷ നേതാവായിരിക്കെ സര്‍ക്കാരിനെതിരെ ഉന്നയിച്ച വാദങ്ങളും ആവശ്യപ്പെട്ട നടപടികളും ഇന്ന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കെ പിന്തുടരാന്‍ സതീശന് കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ശരിയെന്ന് പറഞ്ഞത് അധികാരത്തിലെത്തുമ്പോള്‍ തെറ്റാകുന്നുണ്ടോ?

പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒരു നിലപാട്, അധികാരത്തിലെത്തുമ്പോള്‍ മറ്റൊന്ന്. ഒരേ വിഷയത്തില്‍ കാലവും പദവിയും മാറുന്നതിനനുസരിച്ച് നിലപാടുകളും മാറുന്നുവെന്നാണ് മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഉയരുന്ന ആരോപണങ്ങളിലൊന്ന്. പൂക്കി ചിരിയിലൊളിപ്പിച്ച കാപട്യമെന്നാണ് സതീശന്റെ നിലപാട് മാറ്റത്തിനെതിരെ ഉയരുന്ന പരിഹാസം. പ്രതിപക്ഷ നേതാവായിരിക്കെ സര്‍ക്കാരിനെതിരെ ഉന്നയിച്ച വാദങ്ങളും ആവശ്യപ്പെട്ട നടപടികളും ഇന്ന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കെ പിന്തുടരാന്‍ സതീശന് കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ശരിയെന്ന് പറഞ്ഞത് അധികാരത്തിലെത്തുമ്പോള്‍ തെറ്റാകുന്നുണ്ടോ? അങ്ങനെയെങ്കില്‍ ഈ നിലപാടുമാറ്റങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ സാഹചര്യമെന്താണ്?

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തില്‍ കൈക്കൊണ്ട നിലപാട് മാറ്റവും ഇരട്ടത്താപ്പുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. റാങ്ക് പട്ടികയില്‍ നിന്നും നിയമനം ആവശ്യപ്പെട്ട് ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് (എല്‍പിഎസ്ടി) ജേതാക്കളുടെ സമരപ്പന്തലടക്കം പൊളിച്ചുനീക്കിയ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും 'വാക്കേ… വാക്കാണ്…' വിമര്‍ശനമുനയില്‍ നില്‍ക്കുന്നത്.

17 ദിവസമായി സമരപ്പന്തലില്‍ നിരാഹാരസമരം നടത്തുന്ന റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എസ് വളര്‍മതിയെ ബലപ്രയോഗത്തിലൂടെ പൊലീസ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ഉദ്യോഗാര്‍ത്ഥികളെ ചേര്‍ത്തുനിര്‍ത്തിയ പഴയ നിലപാട്

സമരങ്ങള്‍ക്കെതിരെയും സമരനേതാക്കള്‍ക്കെതിരെയും ഉരുക്കുമുഷ്ടി പ്രയോഗിക്കുന്ന മുഖ്യമന്ത്രിയുടെ പഴയ നിലപാടുകളിലൊന്ന് ഈ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവായിരിക്കെ സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ ക്ലിപ്പാണ് ചര്‍ച്ചയിലേക്കുയരുന്നത്. 2021 ഓഗസ്റ്റിലെ നിയമസഭാ സമ്മേളനത്തിടെയായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി നിലകൊണ്ട വി ഡി സതീശന്റെ നിലപാട്.

ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (LGS), സിവില്‍ പോലീസ് ഓഫീസര്‍ (CPO) തുടങ്ങിയ വിവിധ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി 2021 ഓഗസ്റ്റ് ആദ്യവാരം അവസാനിക്കാനിരിക്കുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം നിയമനങ്ങള്‍ കൃത്യമായി നടക്കാത്തതിനാല്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിവരികയായിരുന്നു

റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇനി നീട്ടി നല്‍കാനാവില്ലെന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.

സമരപ്പന്തലില്‍ ഉദ്യോഗാര്‍ത്ഥികളെ സന്ദര്‍ശിച്ച ശേഷമാണ് വി ഡി സതീശന്‍ സഭയില്‍ ഈ വിഷയം ഉന്നയിച്ചത്. സമരം ചെയ്തതിന്റെ പേരില്‍ ഉദ്യോഗാര്‍ത്ഥികളോട് ദേഷ്യം കാണിക്കരുതെന്നും, പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള യുവാക്കളുടെ നിരാശ നിറഞ്ഞ മുഖം കണ്ടപ്പോള്‍ തനിക്ക് ഭയം തോന്നിയെന്നും പറഞ്ഞുകൊണ്ട് ലിസ്റ്റുകളുടെ കാലാവധി ദയവുചെയ്ത് നീട്ടി നല്‍കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു.

'ഈ റാങ്ക് ലിസ്റ്റിലുള്ളവര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം ചെയ്തതിന്റെ ദേഷ്യമാണ് നിങ്ങള്‍ക്കെങ്കില്‍ അത് വിട്. നമ്മള്‍ രാഷ്ട്രീയ നേതാക്കളല്ലേ, പൊതു പ്രവര്‍ത്തകരല്ലേ, ഭരണാധികാരികളല്ലേ… നമ്മളെ നോക്കി മുദ്രാവാക്യം വിളിച്ചവരോടൊന്നും ദേഷ്യം വേണ്ട, വിട്… പാവപ്പെട്ട വീട്ടിലെ ചെറുപ്പക്കാരല്ലേ, ഞാന്‍ ഇന്ന് ഉച്ചയ്ക്ക് അവിടെ പോയി. അവരുടെ മുഖം, റാങ്ക് ലിസ്റ്റ് നീട്ടില്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോഴുള്ള അവരുടെ മുഖം, നിരാശയാണ്… എനിക്ക് ഭയം തോന്നി. എനിക്ക് ഭയം തോന്നിയെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറയുകയാണ്. ദയവ് ചെയ്ത് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണം,' എന്നാണ് അദ്ദേഹം സഭയില്‍ ആവശ്യപ്പെട്ടത്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് തന്നെ വളര്‍മതിയും മറ്റ് എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളും സമരം ആരംഭിച്ചിരുന്നു. റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന് ഏഴ് മാസത്തോളം പിന്നിട്ടിട്ടും എട്ട് ജില്ലകളില്‍ ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാത്ത സാഹചര്യത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങിയത്. 'ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍' സംസ്ഥാന സെക്രട്ടറി എസ് വളര്‍മതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞും നിരാഹാരമിരുന്നും പ്രതിഷേധം സംഘടിപ്പിച്ചു. തസ്തിക നിര്‍ണയവും പുനര്‍വിന്യാസവും കാരണമാക്കി നിയമനങ്ങള്‍ വൈകിപ്പിക്കുന്നുവെന്നായിരുന്നു അന്നത്തെ പ്രധാന പരാതി. അന്ന് അവരുടെ സമരത്തിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അധികാരത്തിലെത്തിയാല്‍ അടിയന്തരമായി ഈ വിഷയം പരിഹരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

അധികാരം ലഭിച്ചു - നിലപാടില്‍ യൂ ടേണ്‍

പ്രതിപക്ഷത്തിരിക്കെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അതേ സമരത്തോടാണ് മുഖ്യമന്ത്രി ഇപ്പോള്‍ പ്രതികാരനടപടിയെന്നോണമുള്ള സമീപനം കൈക്കൊള്ളുന്നത്. തല മുണ്ഡനം ചെയ്തും നിരാഹാരമിരുന്നും പ്രതിഷേധിച്ച സമരക്കാരുടെ സമരപ്പന്തലടക്കം പൊളിച്ചുമാറ്റിയതിന് പിന്നാലെ ഇപ്പോള്‍ വളര്‍മതിക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

'വെയിലത്തും മഴയത്തും ഞങ്ങളെ കിടത്താനാണ് ആഗ്രഹമെങ്കില്‍ അത് നടക്കട്ടെ. സമരപ്പന്തല്‍ പൊളിച്ചു മാറ്റിയേ പറ്റൂ എന്ന നിര്‍ബന്ധമാണ് സര്‍ക്കാരിനെന്നും വളര്‍മതി പറഞ്ഞു. അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്തോട്ടെ. ഇത്രയും കാലവും ഇവിടെ നടപ്പാതയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നു. അതൊന്നും ഇതുവരെയും ആരും എടുത്തു മാറ്റിയിട്ടില്ല. പൊലീസ് അവരുടെ ഡ്യൂട്ടി ചെയ്തോട്ടെ, എന്നാല്‍ സമരത്തില്‍ നിന്ന് പിന്മാറാനില്ല,' എന്നാണ് സമരപ്പന്തല്‍ പൊളിച്ചുമാറ്റാനുള്ള നോട്ടീസിനോട് വളര്‍മതി പ്രതികരിച്ചത്. വൈകാതെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പൊലീസ് സമരപ്പന്തല്‍ പൊളിച്ചുമാറ്റുകയും വളര്‍മതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

സമരപ്പന്തല്‍ പൊളിച്ച് സമര നേതാവ് വളര്‍മതിയെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ ഡിവൈഎഫ്ഐ സമരപ്പന്തല്‍ പുനസ്ഥാപിക്കുകയും ചെയ്തു. പൊലീസ് സമരപ്പന്തല്‍ പൊളിച്ച് ഒരു മണിക്കൂര്‍ തികയുന്നതിന് മുമ്പേ തന്നെ സമരപ്പന്തല്‍ കെട്ടുകയായിരുന്നു. പിന്നാലെ എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥി ജയകൃഷ്ണന്‍ നിരാഹാര സമരം പുനരാരംഭിച്ചു. സമരപ്പന്തൽ പുനസ്ഥാപിച്ചതിന് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

നേരത്തെ രണ്ട് തവണ പൊലീസ് സമരക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 24 മണിക്കൂറിനകം സമരപ്പന്തല്‍ പൊളിച്ച് മാറ്റണമെന്നും അല്ലാത്ത പക്ഷം നിയമനടപടിയുണ്ടാകുമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ രാത്രിയായതോടെ അപ്രതീക്ഷിതമായി പൊലീസുകാരെത്തി ബലം പ്രയോഗിച്ച് വളര്‍മതിയെ ആശുപത്രിയിലേക്ക് നീക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് സമരപ്പന്തല്‍ പൊളിക്കുകായിരുന്നു.

നേരത്തെ സമരക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സെക്രട്ടേറിയേറ്റ് മെയിന്‍ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തത്. തിരിച്ചറിഞ്ഞ എട്ട് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ്. കേസില്‍ സമര സമിതി നേതാവ് വളര്‍മതിയാണ് ഒന്നാം പ്രതി.

വിദ്യാര്‍ത്ഥി അധ്യാപക അനുപാതം കുറയ്ക്കണം എന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് സമരക്കാരുടെ നിലപാട്. പ്രതിപക്ഷത്തിരുന്നപ്പോള്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ പിന്തുണച്ചവരാണ് ഇപ്പോള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കടുത്ത അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്നാരോപിച്ചാണ് വളര്‍മതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. സമരപ്പന്തല്‍ പൊളിച്ച് നീക്കിയത് സര്‍ക്കാരിന്റെ അസഹിഷ്ണുതയാണെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. സമാധാനപരമായി സമരം ചെയ്യുന്നവരെ ബലപ്രയോഗത്തിലൂടെ നേരിടുകയാണ് സര്‍ക്കാര്‍. വളര്‍മതി മുടി മുറിച്ചപ്പോള്‍ കരഞ്ഞുപോയ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോള്‍ അതിക്രമത്തിന് നേതൃത്വം നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യം ഓരോ പൗരനും ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്ന ഭരണസംവിധാനമല്ല, ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകുന്ന സര്‍ക്കാരാണ് ജനാധിപത്യത്തിന് ആവശ്യം. ഡല്‍ഹിയില്‍ നരേന്ദ്ര മോദിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവര്‍ത്തിക്കാമെന്ന വി ഡി സതീശന്റേയും യുഡിഎഫിന്റേയും വ്യാമോഹം ഇവിടെ നടക്കില്ല. ശക്തമായ ജനകീയ പ്രക്ഷോഭം ഇതിനെതിരെ ഉയര്‍ന്ന് വരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാസങ്ങളോളം സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാരുടെ പേരില്‍ നടത്തിയ സമരത്തെ തകര്‍ക്കുന്നതിനായി അവരുടെ പന്തല്‍ പൊളിക്കാനാരും പോയിട്ടില്ല. അന്ന് ആ സമരത്തെ മണിക്കൂര്‍ വച്ച് പോയി അഭിവാദ്യം ചെയ്ത് സര്‍ക്കാരിനെതിരെ ഘോരഘോരം പ്രസംഗിച്ചവരാണ് ഇപ്പോള്‍ എല്‍പിഎസ്ടി സമരം തകര്‍ക്കാന്‍ പന്തല്‍ പൊളിക്കലും അറസ്റ്റുമായി എത്തിയതെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ സ്വീകരിച്ച നിലപാട് മാറ്റം വി ഡി സതീശന് നേരെ ഉയരുന്ന രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്നതാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ നിരാശയും പ്രതിഷേധവും മനസിലാക്കണമെന്നും റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട നേതാവ് അധികാരത്തിലെത്തിയപ്പോള്‍ അതേ സമരത്തെ നേരിട്ടത് ബലപ്രയോഗത്തിലൂടെയാണെന്നതാണ് പ്രധാന വൈരുധ്യം. സമരപ്പന്തല്‍ പൊളിച്ചതും സമരനേതാവിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതും ഈ വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു.

ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശത്തെക്കുറിച്ച് പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഉയര്‍ത്തിയ വാദങ്ങള്‍ അധികാരത്തിലെത്തുമ്പോഴും നിലനില്‍ക്കേണ്ടതല്ലേ എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകള്‍ മാറാമെങ്കിലും, ഒരിക്കല്‍ ശരിയെന്ന് വിശേഷിപ്പിച്ച സമരത്തോടുള്ള സമീപനം മാറുമ്പോള്‍ അതിന് വ്യക്തമായ വിശദീകരണം നല്‍കേണ്ട ഉത്തരവാദിത്തം ഭരണനേതൃത്വത്തിനുണ്ട്. വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള ഈ അന്തരമാണ് ഇപ്പോള്‍ സതീശനെതിരായ രാഷ്ട്രീയ വിമര്‍ശനങ്ങളുടെ കാതല്‍.

Content Highlight: V D Satheesan faces criticism over his alleged change of stance on protests by PSC rank holders. His 2021 Assembly speech supporting candidates and demanding an extension of rank lists has resurfaced following the demolition of the LPST rank holders' protest tent and the police action against protest leader S. Valarmathi. The controversy has raised questions about the contrast between his position as Opposition Leader and his approach as Chief Minister.

To advertise here,contact us