പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇസ്രയേലില്‍ അധികാരപ്പോരാട്ടം അവസാനിച്ചിട്ടില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിച്ച ഗാഡി ഐസെന്കോട്ടിന് ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിയാത്തതാണ് നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് കാരണം. മറുവശത്ത്, അധികാരം നിലനിര്‍ത്താനുള്ള കരുനീക്കങ്ങളുമായി ബെഞ്ചമിന്‍ നെതന്യാഹുവും സജീവമാണ്. ഇസ്രയേലിന്റെ അടുത്ത പ്രധാനമന്ത്രി ആരാകും എന്നതില്‍ വ്യക്തത വന്നിട്ടില്ല. യാഷിര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസെന്‍കോട്ട് പ്രധാന മന്ത്രി സ്ഥാനത്തേയക്ക് ചുവട് വെയ്ക്കുമോ അതോ ബെഞ്ചമിന്‍ നെതന്യാഹു തന്നെ തുടരുമോ എന്നാണ് ആകാംഷ.
ഇസ്രയേലില്‍ ഇരുവരുടെയും രാഷ്ട്രീയഭാവി നിര്‍ണയിക്കാന്‍ പോകുന്നത് മൂന്ന് പാര്‍ട്ടികളുടെ നിലപാടാണ്. അവിഗ്ഡോര്‍ ലിബര്‍മാന്റെ ഇസ്രയേല്‍ ബെയ്റ്റെയ്നു, അള്‍ട്രാ ഓര്‍ത്തഡോക്സ് ജൂതവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഷാസ്, യുണൈറ്റഡ് തോറ ജൂതായിസം എന്നീ പാര്‍ട്ടികളാണ് അവ. ഈ പാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ 120 അംഗങ്ങളാണുള്ളത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കുറഞ്ഞത് 61 പേരുടെ പിന്തുണ വേണം. നിലവില്‍ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകളാണുള്ളത്. ഏഴ് അംഗങ്ങളുള്ള ലിബര്‍മാന്റെ പാര്‍ട്ടി പിന്തുണച്ചാലും അംഗബലം 60 മാത്രമേ എത്തൂ. അതായത്, അധികാരത്തിലേക്ക് തിരിച്ചെത്താന്‍ നെതന്യാഹുവിന് കൂടുതല്‍ പിന്തുണ കണ്ടെത്തേണ്ടിവരും.
എന്നാല്‍ ഐസെന്കോട്ടിന് മുന്നിലുള്ള രാഷ്ട്രീയസാധ്യത മറ്റൊന്നാണ്.നെതന്യാഹു പക്ഷത്തുള്ള ഹരേദി പാര്‍ട്ടികളായ ഷാസിനെയും യുണൈറ്റഡ് തോറ ജൂതായിസത്തെയും സ്വന്തം സഖ്യത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അധികാരത്തിലേക്കുള്ള വഴി തുറന്നേക്കും. ഈ രണ്ട് പാര്‍ട്ടികള്‍ക്കും ചേര്‍ന്ന് 13 സീറ്റുകളുണ്ട്. ഇതിനായി ലിബര്മാന് മുന്‍കൈ എടുത്തുള്ള രാഷ്ട്രീയ നീക്കങ്ങളും നടക്കുന്നുണ്ട്.
പക്ഷേ, ഈ സഖ്യനീക്കത്തിന് മുന്നില്‍ വലിയൊരു രാഷ്ട്രീയതടസ്സമുണ്ട്. അത് ഇസ്രയേലിലെ നിര്‍ബന്ധിത സൈനിക സേവനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ്. അള്‍ട്രാ ഓര്‍ത്തഡോക്സ് ജൂതവിഭാഗമായ ഹരേദികള്‍ക്ക് സൈനിക സേവനത്തില്‍ ലഭിച്ചിരുന്ന ഇളവുകളാണ് വിവാദത്തിന്റെ കേന്ദ്രം. 2024ലെ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഈ ഇളവുകളുടെ നിയമസാധുതയും ഹരേദി യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതും വലിയ രാഷ്ട്രീയ പ്രശ്നമായി മാറി.
ഹരേദിയെ തൃപ്തിപ്പെടുത്താന്‍ ഇളവുകള്‍ക്ക് നിയമപരമായ സംരക്ഷണം നല്കാന് നെതന്യാഹു ശ്രമിച്ചെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ഇതില്‍ ഷാസിനും യുണൈറ്റഡ് തോറ ജൂതായിസത്തിനും കടുത്ത അതൃപ്തിയുണ്ട്. തങ്ങളുടെ സമുദായത്തിന് സൈനിക സേവനത്തില്‍ ഇളവ് ഉറപ്പാക്കുന്ന നിയമമില്ലാതെ പുതിയ സര്‍ക്കാരിനെ പിന്തുണയ്ക്കില്ലെന്നതാണ് ഈ പാര്‍ട്ടികളുടെ നിലപാട്. ഇവിടെയാണ് ഐസെന്‍കോട്ടിന്റെ രാഷ്ട്രീയ പ്രതിസന്ധി ഉയരുന്നത്. എല്ലാവര്ക്കും തുല്യമായ സൈനിക സേവനമോ ബദല്‍ ദേശീയ സേവനമോ വേണമെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാല്‍ ഹരേദി പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ഭൂരിപക്ഷം കണ്ടെത്തുക പ്രയാസകരമായാല്‍ ആ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നേക്കാം. അതിലും ശ്രദ്ധേയമാണ് ലിബര്‍മാന്റെ നിലപാട്. ഹരേദി വിഭാഗത്തിനുള്ള സൈനിക സേവന ഇളവുകളെ ശക്തമായി എതിര്‍ത്ത നേതാവാണ് ലിബര്മാന്. അതേസമയം, നെതന്യാഹുവിനെ അധികാരത്തില്‍നിന്ന് പുറത്താക്കുകയെന്ന രാഷ്ട്രീയലക്ഷ്യത്തിനായി മതപാര്‍ട്ടികളുമായി ധാരണയിലെത്താനുള്ള സാധ്യതയും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.
ഇതോടെ ഇസ്രയേല്‍ രാഷ്ട്രീയത്തില്‍ അസാധാരണമായൊരു സഖ്യസമവാക്യമാണ് രൂപപ്പെടുന്നത്.അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനോട് ലിബര്മാന് എതിര്‍പ്പുണ്ട്. മറുവശത്ത്, അറബ് പാര്‍ട്ടികളെ പൂര്‍ണമായി അകറ്റിനിര്‍ത്താന്‍ ഐസെന്‍കോട്ടും ആഗ്രഹിക്കുന്നില്ല. അറബ് പാര്‍ട്ടികള്‍ക്കെതിരായ നെതന്യാഹുവിന്റെ പരാമര്‍ശങ്ങളെ ഐസെന്‍കോട്ട് ശക്തമായി വിമര്‍ശിച്ചതും ഈ പശ്ചാത്തലത്തിലാണ്. വംശീയ വിദ്വേഷം പ്രചരിപ്പിക്കുകയാണ് നെതന്യാഹുവെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്.ലിക്കുഡ് പാര്‍ട്ടിയുമായി ചേര്‍ന്നുള്ള ദേശീയ ഐക്യസര്ക്കാരെന്ന സാധ്യത തള്ളിക്കളഞ്ഞതോടെ ഇരുനേതാക്കള്‍ക്കുമിടയിലെ രാഷ്ട്രീയ അകലം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.
ഇനി നിര്‍ണായകമാകുന്നത് സമയമാണ്. ഇസ്രയേലിലെ നിയമപ്രകാരം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആദ്യം 28 ദിവസമാണ് അനുവദിക്കുക. പ്രസിഡന്റിന് ഈ കാലാവധി പരമാവധി 14 ദിവസം കൂടി നീട്ടാം. എന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ മറ്റൊരു പാര്‍ലമെന്റ് അംഗത്തിന് അവസരം നല്കുന്ന നടപടികളിലേക്ക് നീങ്ങാം. അത്തരമൊരു സാഹചര്യത്തില്‍ നെതന്യാഹു വീണ്ടും എത്താന്‍ സാധ്യതയുണ്ട്. പക്ഷേ, അദ്ദേഹത്തിനും ഭൂരിപക്ഷത്തിലേക്കുള്ള വഴി എളുപ്പമല്ല.
അറബ് പാര്‍ട്ടികളുമായി സഹകരിക്കണോ? ഹരേദി വിഭാഗത്തിന്റെ സൈനിക സേവന ഇളവുകളില്‍ വിട്ടുവീഴ്ച ചെയ്യണോ? നെതന്യാഹുവിനെ പുറത്താക്കാന്‍ പരസ്പരവിരുദ്ധ നിലപാടുകളുള്ള പാര്‍ട്ടികള്‍ ഒന്നിക്കുമോ? ഈ മൂന്ന് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളിലാണ് അടുത്ത സര്‍ക്കാരിന്റെ ഭാവി. ഇത് കേവലം ഐസെന്‍കോട്ടും നെതന്യാഹുവും തമ്മിലുള്ള അധികാരപ്പോരാട്ടമല്ല. ഇസ്രയേലിലെ മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധവും അറബ് പൗരന്മാരുടെ രാഷ്ട്രീയ പങ്കാളിത്തവും വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാവിയും നിര്‍ണയിക്കുന്ന പോരാട്ടമാണ്.
ഐസെന്കോട്ടിന് വിട്ടുവീഴ്ചകളിലൂടെ ഭൂരിപക്ഷം കണ്ടെത്താന്‍ കഴിയുമോ? അതോ എതിരാളികളുടെ ഭിന്നതകള്‍ മുതലെടുത്ത് നെതന്യാഹു വീണ്ടും അധികാരം ഉറപ്പിക്കുമോ? ഇസ്രയേല്‍ രാഷ്ട്രീയം ഇപ്പോള്‍ കാത്തിരിക്കുന്നത് ആ ഉത്തരത്തിനാണ്.
Content Highlights: Political negotiations are underway in Israel to form a new government. Gadi Eisenkot has been tasked with forming a coalition, while Benjamin Netanyahu remains caretaker prime minister.