നിശബ്ദ വില്ലനെ പ്രതിരോധിക്കാം; ഹൃദയാരോഗ്യം കൃത്യമായി അറിയാൻ 'ഹാർട്ട് ഐക്യു സ്‌കോർ'

രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് തൊട്ടുമുമ്പ് വരെ കാത്തുനില്‍ക്കാതെ ഹൃദയത്തിന്റെ ആരോഗ്യം കൃത്യമായി അളക്കാനും ആവശ്യമായ മുന്‍കരുതലുകളിലൂടെ ഹൃദയാഘാത സാധ്യത ഇല്ലാതാക്കാനും ഈ സ്‌കോറിങ് രീതി നമ്മെ സഹായിക്കുന്നു

ഇന്നത്തെ വേഗതയേറിയതും കടുത്ത മാനസികസമ്മര്‍ദ്ദം നിറഞ്ഞതുമായ ജീവിതശൈലിയില്‍ ഹൃദ്രോഗങ്ങള്‍ പ്രായഭേദമന്യേ ഏവരേയും ഒരുപോലെ ബാധിക്കുന്ന പ്രധാന ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്നു. മുന്‍കാലങ്ങളില്‍ വാര്‍ദ്ധക്യസഹജമായ അസുഖമായി മാത്രം കണക്കാക്കപ്പെട്ടിരുന്ന ഹൃദയാഘാതം, ഇന്ന് മുപ്പതുകളിലും നാല്‍പ്പതുകളിലും ഉള്ള യുവാക്കളില്‍ മാത്രമല്ല പ്രായം കുറഞ്ഞവരിലും വര്‍ദ്ധിച്ചുവരുന്നത് അതീവ ആശങ്കാജനകമാണ്. പ്രത്യക്ഷത്തില്‍ തികച്ചും ആരോഗ്യവാന്മാരെന്ന് തോന്നിപ്പിക്കുന്നവരിലും ദിനചര്യകളില്‍ കായിക ക്ഷമത കാത്തുസൂക്ഷിക്കുന്നവരിലും പോലുമുണ്ടാകുന്ന ഹൃദയസ്തംഭനവും നിശബ്ദ ഹൃദയാഘാതങ്ങളും ഇന്ന് വര്‍ദ്ധിച്ചുവരികയാണ്.

പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളുടെ അമിതോപയോഗം, ഇരിപ്പിടങ്ങളില്‍ മണിക്കൂറുകളോളം നീളുന്ന ജോലികള്‍, അമിതമായ മാനസികസമ്മര്‍ദ്ദം, ക്രമരഹിതമായ ഉറക്കം, ചെറുപ്പത്തിലേ ആരംഭിക്കുന്ന പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം, പുകവലി എന്നിവയാണ് യുവാക്കളില്‍ പോലും ഹൃദയാരോഗ്യം പെട്ടെന്ന് വഷളാകാന്‍ പ്രധാന കാരണങ്ങളാകുന്നത്. ഹൃദയധമനികളില്‍ തടസ്സങ്ങള്‍ അമ്പതോ അറുപതോ ശതമാനത്തിലധികം രൂപപ്പെടുമ്പോള്‍ മാത്രമാണ് പലപ്പോഴും നെഞ്ചുവേദന, ശ്വാസം മുട്ടല്‍ പോലെയുള്ള ലക്ഷണങ്ങള്‍ പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതുവരെ കാത്തിരിക്കുന്നത് ജീവനുതന്നെ അപകടകരമായേക്കാം.

ഇവിടെയാണ് പ്രതിരോധ വൈദ്യശാസ്ത്രത്തിന്റെയും സമയബന്ധിതമായ പരിശോധനകളുടെയും പ്രാധാന്യം വെളിപ്പെടുന്നത്. സാധാരണയായി നടത്തുന്ന അടിസ്ഥാന കൊളസ്‌ട്രോള്‍ പരിശോധനകള്‍ക്ക് അപ്പുറത്തേക്ക്, ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ളതും സമഗ്രവുമായ വിലയിരുത്തലുകള്‍ ഇന്ന് അത്യന്താപേക്ഷിതമാണ്. ഒരു വ്യക്തിക്ക് ഭാവിയില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് ശാസ്ത്രീയമായി പ്രവചിക്കാനും മുന്‍കൂട്ടി കണ്ടെത്താനും ആധുനിക വൈദ്യശാസ്ത്രം ഉപയോഗിക്കുന്ന അത്യാധുനിക വിശകലന രീതിയാണ് 'ഹാര്‍ട്ട് ഐക്യു സ്‌കോര്‍'. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് തൊട്ടുമുമ്പ് വരെ കാത്തുനില്‍ക്കാതെ ഹൃദയത്തിന്റെ ആരോഗ്യം കൃത്യമായി അളക്കാനും ആവശ്യമായ മുന്‍കരുതലുകളിലൂടെ ഹൃദയാഘാത സാധ്യത ഇല്ലാതാക്കാനും ഈ സ്‌കോറിങ് രീതി നമ്മെ സഹായിക്കുന്നു.

എന്താണ് 'ഹാര്‍ട്ട് ഐക്യു സ്‌കോര്‍'?

സാധാരണയായി നാം ചെയ്യാറുള്ള അടിസ്ഥാന കൊളസ്‌ട്രോള്‍ (Lipid Profile) പരിശോധനകള്‍ കൊളസ്‌ട്രോളിന്റെ പൊതുവായ അളവുകള്‍ മാത്രമാണ് നല്‍കുന്നത്. എന്നാല്‍ വ്യക്തിഗത ഹൃദയാഘാത സാധ്യത കൃത്യമായി പ്രവചിക്കാന്‍ ഇത് മാത്രം മതിയെന്നില്ല. ഒരു വ്യക്തിയുടെ ഹൃദയാരോഗ്യം, രക്തധമനികളുടെ അവസ്ഥ, നിശബ്ദമായി രൂപപ്പെടുന്ന ഹൃദ്രോഗ സാധ്യതകള്‍ എന്നിവ സമഗ്രമായി വിശകലനം ചെയ്യുന്ന സംവിധാനമാണ് ഹാര്‍ട്ട് ഐക്യു. രക്തത്തിലെ കൊളസ്‌ട്രോള്‍ കണികകളുടെ വലുപ്പവും അളവും (LDL Particle Number & Size), ധമനികളിലെ വീക്കം (Inflammation), രക്തസമ്മര്‍ദ്ദം, പ്രമേഹം, ജീവിതശൈലി, കുടുംബത്തിലെ ഹൃദ്രോഗ പാരമ്പര്യം എന്നിവ സംയോജിപ്പിച്ച് അപകടസാധ്യത കണക്കാക്കുന്ന ഒരു സ്‌കോറാണിത്.

ഹാര്‍ട്ട് ഐക്യു സ്‌കോര്‍ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകങ്ങള്‍

കൊളസ്‌ട്രോള്‍ കണികകളുടെ ഘടന (Advanced Lipid Profile)

സാധാരണ എല്‍.ഡി.എല്‍ (LDL - Bad Cholesterol) അളവിനേക്കാള്‍ ഹൃദയാഘാത സാധ്യത തീരുമാനിക്കുന്നത് എല്‍.ഡി.എല്‍ കണികകളുടെ അളവും അവയുടെ വലുപ്പവുമാണ്. ചെറിയ കൊളസ്‌ട്രോള്‍ കണികകള്‍ രക്തധമനികളുടെ ഭിത്തികളില്‍ എളുപ്പത്തില്‍ അടിയുകയും തടസ്സങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

ധമനികളിലെ വീക്കം (Inflammatory Markers - hs-CRP)

രക്തധമനികളില്‍ ഉണ്ടാകുന്ന കോശജ്വലനം അഥവാ വീക്കം (Inflammation) ഹൃദയാഘാതത്തിന് കാരണമാകുന്ന പ്രധാന ഘടകമാണ്. hs-CRP (High-Sensitivity C-Reactive Protein) പരിശോധനയിലൂടെ ധമനികളിലെ ഈ വീക്കം മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കുന്നു.

രക്തസമ്മര്‍ദ്ദവും പ്രമേഹവും (Blood Pressure & Diabetes)

നിയന്ത്രണമില്ലാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും രക്തധമനികളുടെ ഇലാസ്തികത നഷ്ടപ്പെടുത്തുകയും ഹൃദയാരോഗ്യ സ്‌കോറിനെ മോശമാക്കുകയും ചെയ്യുന്നു.

ജീവിതശൈലിയും ശരീരഭാരവും

വ്യായാമമില്ലായ്മ, അമിത വണ്ണം, തെറ്റായ ഭക്ഷണക്രമം, പുകവലി, അമിതമായ മാനസികസമ്മര്‍ദ്ദം എന്നിവ ഹാര്‍ട്ട് ഐക്യു സ്‌കോര്‍ കുറയ്ക്കുന്ന പ്രധാന വില്ലന്മാരാണ്.

പാരമ്പര്യവും പ്രായവും (Family History & Age)

കുടുംബത്തില്‍ ചെറുപ്പത്തിലേ ഹൃദ്രോഗ ചരിത്രമുള്ളവര്‍ക്കും, പ്രായം കൂടുന്തോറും രോഗസാധ്യത വര്‍ദ്ധിക്കുന്നതിനാല്‍ ഇവയും സ്‌കോര്‍ നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുന്നു.

സ്‌കോര്‍ വ്യതിയാനങ്ങളും രോഗസാധ്യതയും

പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തികളുടെ ഹൃദയാരോഗ്യ നിലയെ മൂന്നായി തരംതിരിക്കാം:

കുറഞ്ഞ രോഗസാധ്യത (ഒപ്ടിമല്‍ സ്‌കോര്‍): ഹൃദയാരോഗ്യം മികച്ച നിലയിലാണെന്നും രോഗസാധ്യത വളരെ കുറവാണെന്നും വ്യക്തമാക്കുന്നു.

മിതമായ രോഗസാധ്യത (മോഡറേറ്റ് റിസ്‌ക്): ഹൃദ്രോഗത്തിനുള്ള പ്രാഥമിക സൂചനകള്‍ നിലനില്‍ക്കുന്നു എന്ന് വ്യക്തമാക്കുന്നു. അതിനാല്‍ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ഉടനടി മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

ഉയര്‍ന്ന രോഗസാധ്യത (ഹൈ റിസ്‌ക്): ധമനികളില്‍ തടസ്സങ്ങള്‍ രൂപപ്പെടാനോ ഹൃദയാഘാതത്തിനോ സാധ്യത വളരെ കൂടുതലാണ്. അടിയന്തരമായി കാര്‍ഡിയോളജിസ്റ്റിന്റെ സേവനവും മരുന്നുകളും കൃത്യമായ ജീവിതശൈലി മാറ്റങ്ങളും ആവശ്യമാണ്.

ഹാര്‍ട്ട് ഐക്യു സ്‌കോര്‍ പരിശോധന അത്യന്താപേക്ഷിതമായി വരുന്ന സാഹചര്യങ്ങള്‍

ഇന്നത്തെ കാലഘട്ടത്തില്‍ മുപ്പതോ മുപ്പത്തഞ്ചോ വയസ്സ് പിന്നിട്ട ഏതൊരു വ്യക്തിയും സ്വന്തം ഹൃദയാരോഗ്യം കൃത്യമായി വിലയിരുത്തുന്നതിനായി ഹാര്‍ട്ട് ഐക്യു സ്‌കോര്‍ പരിശോധനയ്ക്ക് വിധേയരാകുന്നത് ഏറെ ഗുണം ചെയ്യും. പ്രത്യേകിച്ച് കുടുംബത്തില്‍ ചെറുപ്പത്തിലേ ഹൃദയാഘാതമോ മറ്റ് ഹൃദ്രോഗങ്ങളോ വന്ന പാരമ്പര്യമുള്ളവര്‍ക്ക് ഈ പരിശോധന അനിവാര്യമാണ്. പ്രമേഹം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അനിയന്ത്രിതമായ കൊളസ്‌ട്രോള്‍ എന്നിവ അനുഭവിക്കുന്നവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെ കാത്തുനില്‍ക്കാതെ ഹൃദയത്തിന്റെ അവസ്ഥ മനസ്സിലാക്കാന്‍ ഈ പരിശോധന നടത്തേണ്ടതുണ്ട്.

കൂടാതെ കൃത്യമായ ശാരീരിക അധ്വാനമില്ലാത്ത ജീവിതശൈലി നയിക്കുന്നവര്‍, അമിത വണ്ണമുള്ളവര്‍, ദിനംപ്രതി കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍, പുകവലി ശീലമാക്കിയവര്‍ എന്നിവരിലും ഹൃദയാഘാത സാധ്യത വളരെ കൂടുതലാണ്. ഇത്തരക്കാര്‍ക്ക് തങ്ങളുടെ ഹൃദയത്തിന്റെ നിലവിലെ ആരോഗ്യാവസ്ഥ കൃത്യമായി തിരിച്ചറിയാനും, രക്തധമനികളില്‍ നിശബ്ദമായി ഉണ്ടാകാനിടയുള്ള വ്യതിയാനങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഹാര്‍ട്ട് ഐക്യു സ്‌കോര്‍ പരിശോധന സഹായകരമാണ്.

ഹാര്‍ട്ട് ഐക്യു സ്‌കോര്‍ മെച്ചപ്പെടുത്താനും ഹൃദയം സംരക്ഷിക്കാനുമുള്ള 5 വഴികള്‍

ഹൃദയാരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണക്രമം

നാരുകള്‍ ധാരാളമായി അടങ്ങിയ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പ്രോസസ്സ് ചെയ്ത ആഹാരങ്ങള്‍, ഉപ്പ് (സോഡിയം), പഞ്ചസാര, ബേക്കറി പലഹാരങ്ങള്‍ എന്നിവ പരമാവധി കുറയ്ക്കുക.

ക്രമമായി വ്യായാമം ചെയ്യുക

ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ നിരക്കിലുള്ള വ്യായാമങ്ങളില്‍ (നടത്തം, നീന്തല്‍, സൈക്ലിംഗ്) ഏര്‍പ്പെടുക. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ (HDL) വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

പുകവലിയും ലഹരി ഉപയോഗവും ഉപേക്ഷിക്കുക

പുകവലി രക്തധമനികളെ ചുരുക്കുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ഹൃദയാരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും.

മാനസികസമ്മര്‍ദം കുറയ്ക്കുക ഉറക്കം ക്രമീകരിക്കുക

നിരന്തര മാനസികസമ്മര്‍ദ്ദം ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കൂട്ടുന്നു. അതിനാല്‍ യോഗ, ധ്യാനം, വിനോദങ്ങള്‍ എന്നിവയിലൂടെ മാനസികസമ്മര്‍ദ്ദം കുറയ്ക്കുക. കൂടാതെ ദിവസവും 7-8 മണിക്കൂര്‍ സുഖകരമായ ഉറക്കം ഉറപ്പാക്കുക.

കൃത്യമായ പരിശോധനകളും മരുന്നുകളും

കൃത്യമായ ഇടവേളകളില്‍ സമഗ്രമായ ഹൃദയാരോഗ്യ പരിശോധനകള്‍ നടത്തുക. അതുകൂടാതെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കാനും രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രണവിധേയമായി നിര്‍ത്താനും ശ്രദ്ധിക്കുക.

നിങ്ങളുടെ ഹാര്‍ട്ട് ഐക്യു സ്‌കോര്‍ കൃത്യമായി മനസ്സിലാക്കുന്നതിലൂടെ ശരീരത്തില്‍ നിശബ്ദമായി രൂപപ്പെടുന്ന ഹൃദ്രോഗ സാധ്യതകളെ മുന്‍കൂട്ടി തിരിച്ചറിയാനും, കൃത്യമായ മുന്‍കരുതലുകളിലൂടെ ദീര്‍ഘകാല ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാനും സാധിക്കും. നിങ്ങളുടെ അടുത്ത ആരോഗ്യ പരിശോധനയില്‍ ഹൃദയാരോഗ്യം വിലയിരുത്താന്‍ ഒരു കാര്‍ഡിയോളജിസ്റ്റിന്റെ ഉപദേശം തേടുക.

Content Highlights :The Heart IQ Score helps us accurately assess heart health and eliminate the risk of heart attacks through necessary precautions, without waiting for symptoms to appear.

To advertise here,contact us