യുദ്ധത്തിന്റെ പുകപടലങ്ങൾക്കും ഭൗമരാഷ്ട്രീയ തർക്കങ്ങൾക്കും അപ്പുറം, പ്രകൃതിക്കും അതിന്റെ ജീവൽവ്യവസ്ഥയ്ക്കും നേരെ നടക്കുന്ന നിശബ്ദവും എന്നാൽ ഭയാനകവുമായ കടന്നാക്രമണമായി ഹോർമുസ് കടലിടുക്കിലെ എണ്ണച്ചോർച്ച മാറിയിരിക്കുകയാണ്. പശ്ചിമേഷ്യയിൽ ആഗോള ശക്തികളും പ്രാദേശിക ഭരണകൂടങ്ങളും തമ്മിൽ ശക്തിപ്രാപിക്കുന്ന സൈനിക ഏറ്റുമുട്ടലുകൾ കേവലം രാഷ്ട്രീയ അതിർത്തികളെയോ മനുഷ്യജീവനുകളെയോ മാത്രമല്ല തകർത്തെറിയുന്നത്, മറിച്ച് കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് പ്രകൃതി സൃഷ്ടിച്ചെടുത്ത അപൂർവ്വമായ ജൈവ വൈവിധ്യത്തെക്കൂടിയാണ്. മിനോവൻ പയനിയർ എന്ന ചരക്കുകപ്പലിനുനേരെയുണ്ടായ ആക്രമണവും തുടർന്നുണ്ടായ വലിയ എണ്ണച്ചോർച്ചയും ആധുനിക യുദ്ധങ്ങൾ എങ്ങനെയാണ് പ്രകൃതിയെ ഏറ്റവും ക്രൂരമായ ഇരയാക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ്. മനുഷ്യൻ സ്വാർത്ഥതയ്ക്കായി നയിക്കുന്ന പോരാട്ടങ്ങളിൽ, ശബ്ദമുയർത്താൻ കഴിവില്ലാത്ത സർവ്വചരാചരങ്ങളും വരും തലമുറകളും ശിക്ഷിക്കപ്പെടുന്ന ആഗോള ദുരന്തത്തിന്റെ വ്യാപ്തിയാണ് ഇവിടെ വെളിപ്പെടുന്നത്.
300 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിൽ കടലിൽ പടർന്നുപന്തലിച്ച ഈ വിഷമയമായ എണ്ണപ്പടലം, പശ്ചിമേഷ്യൻ തീരങ്ങളിലെ ജീവജാലങ്ങളുടെ സന്തുലിതാവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന ഒന്നാണ്. കപ്പലുകളിൽ നിന്ന് പുറന്തള്ളപ്പെടുന്ന കനത്ത എണ്ണ, കടൽക്കാറ്റിലും ഓളങ്ങളിലും പെട്ട് ഇറാന്റെ തെക്കൻ തീരമായ ഖ്വെഷം ദ്വീപിലേക്ക് അടിച്ചുകയറുമ്പോൾ, അത് കേവലം കടൽത്തീരത്തെ കറുത്ത ചളിയിൽ മുക്കുക മാത്രമല്ല ചെയ്യുന്നത്. ലോകസഞ്ചാരികളെയും ജീവശാസ്ത്രജ്ഞരെയും ഒരുപോലെ ആകർഷിക്കുന്ന ഐക്യരാഷ്ട്രസഭ അംഗീകരിച്ച 'ഹാരാ ബയോസ്ഫിയർ റിസർവി'ന്റെ നിലനിൽപ്പ് തന്നെ ഇതോടെ അപകടത്തിലായിരിക്കുന്നു. കടലാമകളുടെ പ്രജനനകേന്ദ്രങ്ങൾ, അപൂർവ്വങ്ങളായ കണ്ടൽക്കാടുകൾ, വർണ്ണാഭമായ പവഴപ്പുറ്റുകൾ എന്നിവ ഉൾപ്പെടുന്ന ഈ സമുദ്ര പാരിസ്ഥിതിക വ്യവസ്ഥയിൽ എണ്ണ പടരുന്നത് ഈ ജീവജാലങ്ങളെ വംശനാശത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
പ്രകൃതിക്ക് മേൽ വീഴുന്ന ഈ മാരക മുറിവ് കടലിന്റെ ഉപരിതലത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. എണ്ണയിലെ കനത്ത വിഷാംശമുള്ള രാസഘടകങ്ങൾ കാലക്രമേണ കടലിന്റെ അടിത്തട്ടിലേക്ക് ഊർന്നിറങ്ങുകയും അവിടെയുള്ള ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും കോശങ്ങളിൽ അടിഞ്ഞുകൂടുകയും ചെയ്യും. ഉപരിതലത്തിലെ എണ്ണ ഒരുപക്ഷേ യന്ത്രങ്ങളോ തൊഴിലാളികളോ ഉപയോഗിച്ച് നീക്കം ചെയ്തേക്കാം. എന്നാൽ കടലിന്റെ ആഴങ്ങളിൽ അടിയുന്ന വിഷമാലിന്യങ്ങൾ വർഷങ്ങളോളം അല്ലെങ്കിൽ പതിറ്റാണ്ടുകളോളം അവിടെത്തന്നെ നിലനിൽക്കുകയും സമുദ്ര ജൈവ ശൃംഖലയെ ഒന്നാകെ വിഷമയമാക്കുകയും ചെയ്യും. മത്സ്യസമ്പത്ത് നശിക്കുന്നതോടെ അവിടുത്തെ പരമ്പരാഗത മത്സ്യബന്ധന സമൂഹങ്ങളുടെ ജീവിതമാർഗ്ഗം അടയുകയും, പരോക്ഷമായി ആവാസവ്യവസ്ഥയെ ആശ്രയിച്ചു കഴിയുന്ന പക്ഷിമൃഗാദികൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയും ചെയ്യുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് വരാനിരിക്കുന്നത്.
ആഗോള ഊർജ്ജ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിനെ ഒരു യുദ്ധക്കളമാക്കുമ്പോൾ, അതിനെ പരിസ്ഥിതിക്കെതിരെയുള്ള ഒരു മാരകായുധമായി ഉപയോഗിക്കുകയാണ് ഇരുപക്ഷവും ചെയ്യുന്നത്. ഉപരോധങ്ങളും കപ്പലുകൾക്ക് നേരെ നടത്തുന്ന മിസൈൽ ആക്രമണങ്ങളും കേവലം ശത്രുരാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകർക്കാനുള്ള തന്ത്രങ്ങളായി ചിത്രീകരിക്കപ്പെടുമ്പോഴും അത് ആത്യന്തികമായി ഭൂമിയുടെ സ്വാഭാവിക അന്തരീക്ഷത്തിനാണ് പരിഹരിക്കാനാകാത്ത പ്രഹരമേൽപ്പിക്കുന്നത്. തീപിടിച്ചും മുങ്ങിയും കടലിന്റെ അടിത്തട്ടിൽ ഉപേക്ഷിക്കപ്പെടുന്ന ഓരോ കപ്പലും വരും കാലത്തേക്ക് മലിനീകരണത്തിന്റെ വിഷബീജങ്ങൾ തുപ്പുന്ന ബോംബുകളായി മാറുന്നു.
അധികാരത്തിനും മേൽക്കോയ്മയ്ക്കും വേണ്ടിയുള്ള സൈനിക നീക്കങ്ങളിൽ പരിസ്ഥിതി നാശത്തെ ഒരു 'സഹജമായ നാശനഷ്ടം' (collateral damage) ആയി നിസ്സാരവൽക്കരിക്കുന്നത് മനുഷ്യരാശി ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്. പ്രകൃതിക്ക് ഭൂപടത്തിലെ അതിർത്തികളോ രാഷ്ട്രീയ താൽപ്പര്യങ്ങളോ ഇല്ല, അത് മനുഷ്യന്റെ അതിരുകൾക്കപ്പുറത്ത് സാർവത്രികമായി വ്യാപിച്ചുകിടക്കുന്ന ജീവന്റെ വലക്കണ്ണിയാണ്. അതിനാൽ തന്നെ, യുദ്ധ തന്ത്രങ്ങളുടെ ഭാഗമായി സമുദ്രങ്ങളെയും വനങ്ങളെയും വിഷമയമാക്കുന്നത് മനുഷ്യകുലത്തിന് നേരെയും ഭൂമിയുടെ നിലനിൽപ്പിന് നേരെയും നടത്തുന്ന കടുത്ത കുറ്റകൃത്യമായി കാണേണ്ടതുണ്ട്. ഹോർമുസിലെ കറുത്ത എണ്ണച്ചോർച്ച, ലോകത്തിന് നൽകുന്ന മുന്നറിയിപ്പ് വ്യക്തമാണ്. പ്രകൃതിയെ യുദ്ധക്കളമാക്കുന്നവർ സ്വന്തം ഭാവി തന്നെയാണ് ചാരമാക്കുന്നത്.
Content Highlights: The unrest in West Asia is creating challenges for maritime transport and the marine environment. Disruptions along key shipping routes are raising concerns over the broader impact on regional trade, shipping and the sea.