പാട്ന: സിജെപി അടക്കമുള്ള വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്നാലെയുള്ള ആദ്യത്തെ ഉപതെരഞ്ഞെടുപ്പില്‍ തന്നെ കാലിടറി ബിജെപി. ഇന്നലെ തെരഞ്ഞെടുപ്പ് ഫലം വന്ന മൂന്ന് മണ്ഡലങ്ങളില്‍ രണ്ട് സീറ്റില്‍ ബിജെപി പരാജയപ്പെടുകയായിരുന്നു. പതിറ്റാണ്ടുകളായി ബിജെപി കയ്യടക്കി വെച്ച മണ്ഡലങ്ങളാണ് നഷ്ടമായത്. അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ തന്നെ ബിജെപിക്ക് അടിപതറുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.
30 വര്‍ഷത്തോളമായി ബിജെപി അടക്കിവെച്ചിരിക്കുന്ന ബങ്കിപ്പൂര്‍ മണ്ഡലമാണ് വെറും രണ്ട് വയസ് മാത്രം പ്രായമുള്ള ജന്‍ സുരാജ് പാര്‍ട്ടിയുടെ സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ ഒറ്റ തെരഞ്ഞെടുപ്പിലൂടെ കൈപ്പിടിയിലൊതുക്കിയത്. മാത്രവുമല്ല, ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനാണ് 2010 മുതല്‍ ബങ്കിപ്പൂരിലെ ജനപ്രതിനിധി. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതിന് പിന്നാലെ നിതിന്‍ നബീന് രാജിവെച്ചതിനെ തുടര്‍ന്നാണ് ബങ്കിപ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അരലക്ഷത്തിലധികം ഭൂരിപക്ഷത്തിലാണ് നബീന് ഇവിടെ വിജയിച്ചത്.
എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 19,324 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് കിഷോര്‍ വിജയിച്ചത്. ബിജെപിയുടെ നീരജ് കുമാറിന് ആകെ 44,827 വോട്ടുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളു. പ്രശാന്ത് കിഷോറിന്റെ വിജയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 243 സീറ്റുകളില്‍ 238 സീറ്റുകളില്‍ ജന്‍ സുരാജ് പാര്‍ട്ടി മത്സരിച്ചെങ്കിലും ഒരു സീറ്റില്‍ പോലും വിജയിച്ചിരുന്നില്ല. മാത്രവുമല്ല, 50ല്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ നോട്ടയ്ക്ക് പിന്നിലായിരുന്നു പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്ക് ലഭിച്ച വോട്ടുകള്‍.
കഴിഞ്ഞ തവണ മത്സരിച്ചില്ലെങ്കിലും പാര്‍ട്ടിക്കുണ്ടായ കനത്ത തോല്‍വിയില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കൂടിയായ പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചെന്ന് വരെ കരുതിയിരുന്നതാണ്. അവിടെ നിന്നാണ് ബങ്കിപ്പൂര്‍ പോലെ ബിജെപിയുടെ ഇളകാത്ത കോട്ട ഇളക്കി പ്രശാന്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും ബിജെപിക്കും കേവല ഭൂരിപക്ഷം ഉറപ്പാക്കിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് പ്രശാന്ത് കിഷോര്‍ എന്നതും ഓര്‍മിക്കേണ്ടതാണ്.
ബിജെപിയുടെ ഈ കനത്ത തോല്‍വിക്ക് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തുന്നത്. നീറ്റ് പരീക്ഷാക്രമക്കേടും പിന്നീടുണ്ടായ സിജെപിയുടെ അടക്കം വിദ്യാര്‍ത്ഥി പ്രക്ഷോഭവും ബിജെപിയുടെയും മോദി പ്രഭാവത്തിന്റെയും തിളക്കം കുറിച്ചിട്ടുണ്ട്. ഒരിക്കലും വിട്ടുവീഴ്ചയ്ക്ക് നില്‍ക്കാത്ത ബിജെപിക്ക് പ്രക്ഷോഭങ്ങളുടെ ഭാഗമായി ധര്‍മേന്ദ്ര പ്രധാന്റെ രാജി ചോദിച്ച് വാങ്ങേണ്ടി വന്നു. ജൂലൈ 25ന് ധര്‍മേന്ദ്ര പ്രധാന് രാജിവെക്കുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ച് കൂടി ജെന്‍ സിയോട് അടുക്കാന്‍ ഇന്‍സ്റ്റാഗ്രാം വീഡിയോകളുമായി രംഗത്ത് വരുന്നു. എന്നാല്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം അതായത് ജൂലൈ 30ന് നടന്ന തെരഞ്ഞെടുപ്പിലെ ഫലം പുറത്ത് വരുമ്പോള്‍ ബിജെപിയോടുള്ള മതിപ്പ് കുറയുന്നത് കാണാം.
ജെന്‍സി പ്രക്ഷോഭം അലയടിച്ചത് ഡല്‍ഹിയിലാണെങ്കിലും അതിന്റെ കടുത്ത പ്രതിഷേധങ്ങള്‍ പാട്നയിലുമുണ്ടായിരുന്നു. ബിഹാറില്‍ വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുന്നത് രാജ്യം കണ്ടതാണ്. വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേരെ എ കെ 47 ചുണ്ടിയതും ബിഹാറിലാണ്. ഈ ദൃശ്യങ്ങള്‍ തന്നെ ജനങ്ങള്‍ എന്തുകൊണ്ട് ബിജെപിയെ തെരഞ്ഞെടുത്തില്ല എന്നതിന് ഉത്തരമാകും. വിദ്യാഭ്യാസ രംഗത്തെ പ്രശ്നം പോലെ തന്നെ തൊഴിലില്ലായ്മയും ഭരണകൂടത്തോടുള്ള കടുത്ത മടുപ്പും ബിജെപിക്ക് പ്രതികൂലമായി.
പക്ഷേ ഇക്കാരണങ്ങള്‍ മാത്രമല്ല ബിജെപിയുടെ പതനത്തിന് കാരണം. പുറമേ ഒറ്റക്കെട്ടാണെന്ന് തോന്നുന്ന ബിജെപിക്കുള്ളില്‍ പല രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ആഭ്യന്തര പ്രശ്നങ്ങളും ഉടലെടുക്കുന്നുണ്ട്. ബങ്കിപ്പൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നെ ബിജെപിക്ക് പാളിയിട്ടുണ്ട്. ആദ്യം അഭിഷേക് കുമാര്‍ സിന്‍ഹയെയായിരുന്നു സ്ഥാനാര്‍ത്ഥിയായി ബിജെപി തീരുമാനിച്ചതും നാമനിര്‍ദ്ദേശം നല്കിയതും. എന്നാല്‍ ഈ നാമനിര്‍ദ്ദേശം അദ്ദേഹം പിന്‍വലിച്ച് നീരജ് കുമാര്‍ സിന്‍ഹ മത്സരിക്കുകയായിരുന്നു.
മധ്യപ്രദേശിലും ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വലിയ പാളിച്ച പറ്റിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര ഭാരതിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നായിരുന്നു ദാത്തിയ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ കോണ്‍ഗ്രസാണ് അവിടെ ഭരിക്കുന്നതെങ്കിലും കാലങ്ങളായി ബിജെപി കൈവശം വെച്ച മണ്ഡലമായിരുന്നു ദാത്തിയ. തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ദാത്തിയയില്‍ ബിജെപി മത്സരിക്കാന്‍ ഇറങ്ങിയത്.
മുന്‍ ആഭ്യന്തര മന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ നരോത്തം മിശ്രയുടെ മണ്ഡലമായിരുന്നു ദാത്തിയ. 2008 മുതല്‍ 2018 വരെ ദാത്തിയ മണ്ഡലം നരോത്തം മിശ്ര നിലനിര്‍ത്തി. എന്നാല്‍ 2023ലെ തെരഞ്ഞെടുപ്പില്‍ നരോത്തം പരാജയപ്പെടുകയായിരുന്നു. ഇവിടെ വീണ്ടും നരോത്തം മിശ്രയ്ക്ക് മത്സരിക്കണമെന്നുണ്ടായിരുന്നെങ്കിലും മറ്റൊരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചത് നരോത്തം അനുയായികളെ ചൊടിപ്പിച്ചു. ഒടുവില്‍ ബിജെപിക്ക് വേണ്ടി മത്സരിച്ച അഷുതോഷ് തിവാരിയെ തോല്‍പ്പിച്ച് ഗ്യാനേഷ് സിങ്ങിലൂടെ 6016 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി.
തുടര്‍ച്ചയായി മൂന്ന് തവണ ബിജെപി എംല്‍എയായിരുന്ന യോഗേഷ് ഭായ് നരേന്ദ്രദാസ് പട്ടേലിന്റെ വിയോഗത്തെ തുടര്‍ന്ന് ഗുജറാത്തിലെ മഞ്ചല്‍പൂര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം മാത്രമാണ് ബിജെപിക്ക് ആശ്വാസമായത്. വഡോദര മുന്‍സിപ്പല്‍ കോര്പ്പറേഷന് കൗണ്‍സിലറായിരുന്ന സതീഷ് ഗേവിന്ദ്ഭായ് പട്ടേലാണ് ഇവിടെ വിജയിച്ചത്.
ഈ തെരഞ്ഞെടുപ്പ് ഫലം തരുന്ന മറ്റൊരു സൂചന പ്രതിപക്ഷത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല എന്നത് തന്നെയാണ്. ഒരു സീറ്റ് പോലും നേടാന്‍ സാധിക്കാത്ത ജന്‍ സുരാജ് 30 വര്‍ഷത്തെ ബിജെപി ആധിപത്യം ഇല്ലാതാക്കുന്നു, വര്‍ഷങ്ങളായി വിജയിക്കുന്ന ബിജെപി മണ്ഡലം കോണ്‍ഗ്രസ് ഒരിക്കല്‍ തിരിച്ചുപിടിക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഏറ്റവും മികച്ച രാഷ്ട്രീയ തന്ത്രം പയറ്റുന്നുവെന്ന് വിശ്വസിക്കുന്ന ബിജെപിയെ ഉപതെരഞ്ഞെടുപ്പുകളില്‍ വിയര്‍പ്പിക്കാന്‍ സാധിക്കുമെങ്കില്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റുകള്‍ കുറയ്ക്കാന്‍ സാധിച്ചെങ്കില്‍ പ്രതിപക്ഷത്തിന് ഐക്യത്തോടെ നിന്നാല്‍ വീണ്ടും വിജയം സാധ്യമാണെന്നാണ് സൂചിപ്പിക്കുന്നത്.
Content Highlights: The BJP faced a setback in the first by-election held after student protests involving groups including CJP