ബ്രഹ്മോസിനെപ്പോലെ വേഗത, കൃത്യത, ശക്തി എന്നിവ സംയോജിപ്പിക്കുന്ന ക്രൂയിസ് മിസൈലുകൾ ഇന്ന് ലോകത്ത് വിരളമാണ്. പ്രവർത്തന സമയത്തെല്ലാം സുസ്ഥിരമായ സൂപ്പർസോണിക് വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ബ്രഹ്മോസ്, ശത്രുവിന്റെ വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെയുള്ള വലിയ യുദ്ധക്കപ്പലുകളെ നേരിടാൻ തക്കവണ്ണം ശക്തിയേറിയതാണ്. വേഗതയുടെയും ശക്തിയുടെയും മിശ്രിതമായതുകൊണ്ട് തന്നെയാണ് 'കാരിയർ-കില്ലർ' അഥവാ ഷിപ് കില്ലർ എന്ന ലേബൽ ബ്രഹ്മോസിനു ലഭിച്ചത്. എന്തുകൊണ്ട് മറ്റു മിസൈലുകളിൽ നിന്നും ബ്രഹ്മോസ് വ്യത്യസ്തമാകുന്നുവെന്ന് വിശദമായി അറിയാം.
സവിശേഷതകള്
ഇന്ത്യയുടെ ബ്രഹ്മപുത്ര, റഷ്യയുടെ മോസ്ക്വ എന്നീ നദികളുടെ പേരുകളിൽ നിന്നാണ് ബ്രഹ്മോസ് എന്ന പേരുണ്ടായത്. ഇന്ത്യയുടെ DRDOയും റഷ്യയുടെ NPO യും സംയുക്തമായിട്ടാണ് ലോകത്തിലെ ഏറ്റവും വേഗത ഏറിയ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് വികസിപ്പിച്ചെടുക്കുന്നത്. ബ്രഹ്മോസിനെ രണ്ട് ഘട്ടങ്ങളുള്ള ഒരു സംവിധാനമാണ് മുന്നോട്ട് നയിക്കുന്നത്. ഒന്ന്, പ്രാരംഭ ത്രസ്റ്റിനുള്ള ഒരു ഖര ഇന്ധന ബൂസ്റ്റർ, രണ്ടാമത്തേത് ദ്രാവക ഇന്ധനം നിറച്ച ഒരു റാംജെറ്റ് സസ്റ്റൈനർ. ദ്രാവക റാംജെറ്റ് എന്നത് എയർ ബ്രീതിങ് ജെറ്റ് എഞ്ചിനാണ്.
ദ്രാവക ഇന്ധനം ജ്വലിപ്പിച്ച് ത്രസ്റ്റ് ഉത്പാദിപ്പിക്കുകയുമാണ് ഈ സംവിധാനത്തിൽ ചെയ്യുന്നത്. ഏകദേശം മാക് 2.8–3.0 ൽ ആണ് റാംജെറ്റ് സസ്റ്റൈനർ സഞ്ചരിക്കുന്നത്. ശബ്ദത്തിന്റെ മൂന്നിരട്ടിയിലധികം വേഗതയിൽ ആണ് ഈ സഞ്ചാരം. മിക്ക സബ്സോണിക് ക്രൂയിസ് മിസൈലുകളേക്കാളും വളരെ വേഗത്തിൽ എന്ന് തന്നെ പറയാം. വളരെ ഉയർന്ന വെലോസിറ്റി ഉള്ളതുകൊണ്ട് തന്നെ ശത്രു മിസൈലുകളെ അതിവേഗം തടസ്സപ്പെടുത്താൻ ബ്രഹ്മോസിന് സാധിക്കുന്നു.
200–300 കിലോഗ്രാം ഭാരമുള്ള പരമ്പരാഗത വാർഹെഡ് അഥവാ പോർമുനകൾ വഹിക്കാൻ ബ്രഹ്മോസിന് കഴിയും. ചലനാത്മകവും സ്ഫോടനാത്മകവുമായ ഇരട്ട സ്വഭാവം ബ്രഹ്മോസിനെ സാധാരണ, വേഗത കുറഞ്ഞ ക്രൂയിസ് മിസൈലുകളേക്കാൾ വളരെ പ്രവർത്തനക്ഷമമാക്കുന്നു. ദൂരപരിധിയിലും സെൻസിങ് ശേഷിയിലും മാറ്റങ്ങൾ വരുത്തിയ ബ്രഹ്മോസിന്റെ നിരവധി പതിപ്പുകൾ വർഷങ്ങൾ കൊണ്ട് വിക്ഷേപണം ചെയ്യപ്പെട്ടിട്ടുണ്ട്.
800 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ളതായിരിക്കും ബ്രഹ്മോസിന്റെ പുതിയ പതിപ്പ് എന്നതും ശ്രദ്ധേയമാണ്. കരയിൽ നിന്നും, കപ്പലുകളിൽ നിന്നും, യുദ്ധവിമാനങ്ങളിൽ നിന്നും, അന്തർവാഹിനികളിൽ നിന്നും ബ്രഹ്മോസ് വിക്ഷേപിക്കാൻ സാധിക്കുമെന്നുള്ളതാണ് എടുത്തു പറയേണ്ടത്. വിമാനവാഹിനിക്കപ്പലുകൾ പോലുള്ള വലിയ ലക്ഷ്യങ്ങളെ ഉന്നം വെക്കാൻ സാധിക്കുമെന്നത് ബ്രഹ്മോസിന്റെ മറ്റൊരു പ്രത്യേകതയാണ്.
2005-ൽ നാവികസേനയിലും 2007-ൽ കരസേനയിലും 2017-ൽ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനത്തിലും ബ്രഹ്മോസ് ഉൾപ്പെടുത്തിയിരുന്നു. ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റം, സാറ്റലൈറ്റ് ഗൈഡൻസ്, ആക്റ്റീവ് റഡാർ ഹോമിംഗ് എന്നിവ ഉപയോഗിച്ചാണ് ബ്രഹ്മോസ് പ്രവർത്തിക്കുന്നത്. വിക്ഷേപണത്തിന് ശേഷം മുൻകൂട്ടി പ്രോഗ്രാം ചെയ്ത ഒരു റൂട്ട് ആയിരിക്കും ബ്രഹ്മോസ് പിന്തുടരുക. കൂടാതെ കൂടുതൽ ഓപ്പറേറ്റർ ഗൈഡൻസ് ആവശ്യമില്ല. വലിപ്പവും സംരക്ഷണ അകമ്പടികളും ഉണ്ടെങ്കിലും, വിമാനവാഹിനിക്കപ്പലുകൾ ബ്രഹ്മോസ് പോലുള്ള മിസൈലുകൾ ഭീഷണി തന്നെയാണ്.
ശക്തമായ വാർഹെഡ്, വിമാനവാഹിനി കപ്പലിന്റെ അതേ ഉയരത്തിൽ പറന്നടുക്കാനുള്ള കഴിവ്, മൾട്ടി-പ്ലാറ്റ്ഫോം വിക്ഷേപണ ശേഷി എന്നിവ ഉള്ളതുകൊണ്ട് തന്നെ വിമാനവാഹിനികളുടെ ഡെക്കുകൾ തകർക്കുകയോ ഇലക്ട്രോണിക്സിന് കേടുപാടുകൾ വരുത്തുകയോ ചെയ്യാൻ ബ്രഹ്മോസ് മിസൈലിന് സാധിക്കും. കര, കടൽ, വായു എന്നിവയിലൂടെ വിക്ഷേപിക്കാവുന്ന കോൺഫിഗറേഷനുകളുമായി ബ്രഹ്മോസ് ഏകദേശം രണ്ട് പതിറ്റാണ്ടുകളായി പ്രവർത്തനക്ഷമമാണ്.
വിജയകരമായ വിക്ഷേപണം നടത്തിയ അന്ന് മുതൽ ചൈനയുടെ പേടി സ്വപ്നമായിരിക്കുകയാണ് ബ്രഹ്മോസ്. ചൈനീസ് യുദ്ധക്കപ്പലുകളെ നിമിഷങ്ങൾക്കുള്ളിൽ പൊങ്ങിക്കിടക്കുന്ന അവശിഷ്ടങ്ങളാക്കി മാറ്റാൻ കഴിയുന്ന 'ഷിപ്പ് കില്ലർ' മിസൈലായ ബ്രഹ്മോസ് ഇന്ത്യ ഫിലിപ്പൈൻസിന് കഴിഞ്ഞ വർഷം കൈമാറിയിരുന്നു. ഇന്ത്യയുടെ അത്യാധുനിക മിസൈൽ സാങ്കേതികവിദ്യയുടെ ആദ്യത്തെ പ്രധാന കയറ്റുമതിയായിരുന്നു ഇത്. 2022 ജനുവരിയിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച 375 മില്യൺ ഡോളറിന്റെ സുപ്രധാന കരാറിന്റെ ഭാഗമായിരുന്നു ഈ ഡെലിവറി. ബ്രഹ്മോസിന്റെ പ്രഹര ശേഷി അറിയാവുന്നതുകൊണ്ട് തന്നെ വളരെ ഞെട്ടലോടെ ആയിരുന്നു ചൈന ഈ വാർത്ത അറിഞ്ഞത്.
Content Highlights : Why BrahMos labelled as 'ship-killer' missile?