'നവംബർ വിപ്ലവം'; കഴിഞ്ഞ ഒന്നരയാഴ്ച ദേശീയ, പ്രാദേശിക മാധ്യമങ്ങളുടെയും പത്രങ്ങളുടെയും ലീഡ് വാർത്തകളിൽ ഇടംപിടിച്ച വാക്കാണിത്. വിപ്ലവം എന്ന് വിശേഷിപ്പിക്കപ്പടുമ്പോൾ, ആ സംഭവം തന്ത്രപ്രധാനമായ ഒരു ജനകീയ മുന്നേറ്റമായിരുന്നോ എന്ന് നമുക്ക് തോന്നാം. ലോകചരിത്രത്തിൽ വിപ്ലവം എന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കപ്പെട്ട സംഭവവികാസങ്ങൾ പരിശോധിച്ചാൽ അത് സ്വാഭാവികവുമാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കർണാടക കോൺഗ്രസിൽ ഉടലെടുത്ത ഒരു അധികാര കൈമാറ്റ തർക്കവുമായി ബന്ധപ്പെട്ടാണ്.
ഡി കെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള അധികാര വടംവലിയാണ് 'നവംബർ വിപ്ലവം' എന്ന പേരിൽ വലിയ ചർച്ചയായിരിക്കുന്നത്. ഡി കെയുടെ മുഖ്യമന്ത്രിപദ മോഹവും, അത് വിട്ടുകൊടുക്കില്ലെന്ന സിദ്ധരാമയ്യയുടെ വാശിയും തമ്മിലാണ് കർണാടകയിൽ ഇപ്പോൾ 'പോരാട്ടം'. ശിവകുമാറിനെ അനുകൂലിക്കുന്ന എംഎൽഎമാർ ഡൽഹിയിലെത്തി ഹൈക്കമാൻഡ് നേതൃത്വത്തെ കണ്ടു. ആരാധനാലയങ്ങളിൽ പ്രത്യേക പൂജകൾ നടത്തി. തത്കാലത്തേക്ക് സ്ഥാനമാറ്റം ഇല്ല എന്ന് ഹൈക്കമാൻഡ് തീർപ്പ് കല്പിച്ചെങ്കിലും, വിഷയത്തിൽ സമ്മർദ്ദം ഉടനെയൊന്നും ഇല്ലാതാകില്ല എന്ന് ഏറെക്കുറെ ഉറപ്പാണ്.
ബിജെപി അതിവേഗം വളർന്നത് മാത്രമായിരുന്നില്ല കോൺഗ്രസിന് ഉത്തരേന്ത്യയിലെ രാഷ്ട്രീയ അപ്രമാദിത്വം നഷ്ടപ്പെടാനുള്ള കാരണം. ദിശാബോധമുള്ള ഒരു നേതൃത്വത്തിന്റെ അഭാവം കോൺഗ്രസിനെ ബാധിച്ചുതുടങ്ങിയിരുന്നു. പിന്നീടങ്ങോട്ട് കോൺഗ്രസിൻ്റെ പൊളിറ്റിക്കൽ പവർ ദക്ഷിണേന്ത്യയിലേക്ക് ചുരുങ്ങുന്നതാണ് നമ്മൾ കണ്ടത്. 2023ൽ കർണാടക നിയമസഭയിലെ 224 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്.
2020ൽ കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്ത ഡികെ ശിവകുമാറിനെ സംബന്ധിച്ച് സുപ്രധാനമായിരുന്നു ഈ തെരഞ്ഞെടുപ്പ്. കള്ളപ്പണ ഇടപാട് കേസിൽ ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി, കേവലം ആറ് മാസം തികയും മുൻപേയാണ് ശിവകുമാറിനെ തേടി കെപിസിസി അധ്യക്ഷ പദവിയെത്തുന്നത്. മികച്ച പ്രതിച്ഛായ, പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ കൃത്യമായ രാഷ്ട്രീയ ഇടപെടലുകൾ നടത്തിയ നേതാവ്, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ തുടങ്ങിയ ഘടകങ്ങളാണ് ശിവകുമാറിനെ കെപിസിസി അധ്യക്ഷനാക്കിയത്.
അധ്യക്ഷ പദവിയിലെ ആദ്യ ദൗത്യം തന്നെ വൻ വിജയമായത് ശിവകുമാറിന്റെ പ്രതിച്ഛായയെ വീണ്ടും തെല്ലൊന്നുമല്ല വർധിപ്പിച്ചത്. ശിവകുമാർ മുഖ്യമന്ത്രിയാകാനാണ് സാധ്യത എന്നാണ് അന്ന് പ്രചരിക്കപ്പെട്ടത്. എന്നാൽ കർണാടകയിലെ നിർണായക ജാതി -സാമൂഹിക സമവാക്യങ്ങൾ കണക്കിലെടുത്ത്, നറുക്ക് വീണത് സിദ്ധരാമയ്യക്കായിരുന്നു. ഡികെ ക്യാമ്പിൽ അന്ന് മുതൽക്ക് തന്നെ അതൃപ്തിയും മുറുമുറുപ്പും ആരംഭിച്ചിരുന്നു. ഒടുവിൽ രണ്ടര വർഷം എന്ന അധികാര കൈമാറ്റ ഫോർമുലയിലൂടെയാണ് തർക്കങ്ങൾ താത്കാലികമായെങ്കിലും ഹൈക്കമാൻഡ് അവസാനിപ്പിച്ചത്. ഔദ്യോഗികമായ ഒരു ഉടമ്പടിക്കരാറൊന്നും ആയിരുന്നില്ല അത്. പ്രതിസന്ധി ഇല്ലാതെയാക്കാൻ ഹൈക്കമാൻഡ് നൽകിയ ഒരു വാക്കാൽ നിർദേശം മാത്രം !
മുഖ്യമന്ത്രിയെ ഇപ്പോൾ മാറ്റേണ്ടതില്ല എന്ന് കോൺഗ്രസ് ഹൈക്കമാൻഡ് കഴിഞ്ഞ ദിവസം എടുത്ത തീരുമാനം ജാതി-സാമൂഹിക സമവാക്യങ്ങൾ മനസ്സിലാക്കിയും, കോൺഗ്രസ് ഇന്ന് കടന്നുപോകുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്തും കൊണ്ട് കൂടിയാണ് എന്ന് മനസിലാക്കേണ്ടിവരും.
സ്ഥാനമാറ്റത്തിനായുള്ള ചരടുവലികൾ ഡൽഹി വരെയെത്തിയെങ്കിലും സിദ്ധരാമയ്യ അവയെയെല്ലാം തള്ളിക്കളയുക തന്നെയാണ് ചെയ്തത്. ഹൈക്കമാൻഡ് എന്തുപറഞ്ഞാലും അനുസരിക്കുമെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചത്. താൻ കൈക്കൊള്ളുന്ന 'സോഷ്യൽ എഞ്ചിനീയറിംഗ് ഫോർമുല' അത്രത്തോളം ശക്തിയുള്ളതാണെന്ന തോന്നലാണ് സിദ്ധരാമയ്യയെ കുലുക്കാത്തത് എന്ന് നിരവധി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുന്നുണ്ട്. അത് സത്യവുമായിരിക്കാം.
സംസ്ഥാനത്തെ ഏറ്റവും നിർണായക വോട്ട് ബാങ്കായ 'അഹിന്ദ' വിഭാഗത്തിന്റെ ശക്തമായ പ്രതിനിധിയാണ് സിദ്ധരാമയ്യ. അൽപസംഖ്യാതുരു ( ന്യൂനപക്ഷങ്ങൾ ), ഹിന്ദുലിഡവരു ( പിന്നാക്ക വിഭാഗങ്ങൾ ), ദളിതരു ( ദളിതർ ) എന്നിവരെയാണ് 'അഹിന്ദ' എന്ന രാഷ്ട്രീയ നാമകരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ മൂന്ന് വിഭാഗങ്ങളെയും കൂട്ടിച്ചേർത്താൽ കർണാടകയിലെ ഏറ്റവും പ്രധാനപ്പെട്ട വോട്ട് ബാങ്കായി. കുറുബ എന്ന പിന്നാക്ക സമുദായത്തിൽപ്പെട്ട സിദ്ധരാമയ്യയ്ക്ക് ഇവർക്കിടയിൽ ഉള്ള സ്വാധീനം ചെറുതൊന്നുമല്ല. സാമൂഹിക നീതിയിൽ അധിഷ്ഠിതമായുള്ള ഒരു രാഷ്ട്രീയ നയരൂപീകരണം നടത്തുന്ന ഇക്കാലത്ത്, സിദ്ധരാമയ്യയെ കൈവിട്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയപരീക്ഷണം നടത്താൻ കോൺഗ്രസ് അതുകൊണ്ടുത്തന്നെ മുതിർന്നേക്കില്ല.
മറ്റൊരു കണക്ക് കൂടി ഇവിടെ പറയേണ്ടതുണ്ട്. 23 നേതാക്കളാണ് കർണാടകയിൽ ഇതുവരെയ്ക്കും മുഖ്യമന്ത്രി കസേരയിലിരുന്നത്. ഇവരിൽ ഭൂരിപക്ഷവും സംസ്ഥാനത്തെ പ്രബല സാമുദായിക വിഭാഗമായ വൊക്കലിഗ, ലിംഗായത്ത സമുദായങ്ങളിൽ നിന്നുള്ളവരായിരുന്നു. വെറും ഏഴ് പേർ മാത്രമാണ് മറ്റ് സമുദായങ്ങളിൽ നിന്ന് ഉണ്ടായിരുന്നത്. അതിൽത്തന്നെ സിദ്ധരാമയ്യ അടക്കം മൂന്ന് പേർ മാത്രമാണ് പിന്നാക്ക സമുദായങ്ങളിൽ നിന്ന് മുഖ്യമന്ത്രിയായത്. അതിനാൽ കർണാടകയിൽ മാത്രമല്ല, രാജ്യത്തൊട്ടാകെയും കോൺഗ്രസിന്റെ 'സോഷ്യൽ ജസ്റ്റിസ്' രാഷ്ട്രീയത്തിന്റെ മുഖമാണ് സിദ്ധരാമയ്യ. വൊക്കലിഗരിൽ നിന്നുള്ള ഡി കെയോട് കോൺഗ്രസ് കാത്തിരിക്കാൻ ആവശ്യപ്പെടുന്നതിനുള്ള കാരണവും ഈ 'സാമൂഹിക നീതി' രാഷ്ട്രീയമാണ്.
ഇരു രാഷ്ട്രീയനേതാക്കൾക്കും നിലവിലുള്ള പ്രതിച്ഛായയും ഹൈക്കമാൻഡ് തീരുമാനത്തെ സ്വാധീനിച്ചു എന്നും വിലയിരുത്തലുകളുണ്ട്. ആർഎസ്എസിന്റെയും ബിജെപിയുടെയും നിശിത വിമർശകനാണ് സിദ്ധരാമയ്യ. രാജ്യത്തെമ്പാടും രാഹുൽ ഗാന്ധി ഇത്തരമൊരു വിമർശനം തുടരുമ്പോൾ അതേയളവിൽ ഉയർന്നുകേൾക്കുന്ന ശബ്ദം സിദ്ധരാമയ്യയുടേത് മാത്രമാണ് എന്നും വിലയിരുത്തലുകളുണ്ട്. പൊതുയിടങ്ങളിൽ സ്വകാര്യ സംഘടനകളുടെ റൂട്ട് മാർച്ച് അടക്കം വിലക്കിയ ശേഷം ആർഎസ്എസിനും ബിജെപിക്കുമെതിരെ കടുത്ത വാക്ശരങ്ങൾ സിദ്ധരാമയ്യ തൊടുത്തുവിട്ടിരുന്നു.
തമിഴ്നാട്ടിലേതുപോലെ ആര്എസ്എസിന്റെ പ്രവര്ത്തനങ്ങള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ട് എന്നും സിദ്ധരാമയ്യ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ ഒരു രാഷ്ട്രീയപ്രതിരോധം വെച്ചുപുലർത്താൻ സിദ്ധരാമയ്യ എന്നും ശ്രദ്ധ ചെലുത്തുന്നുണ്ട്. രാഷ്ട്രീയ ഹിന്ദുത്വയോട് വെച്ചുപുലർത്തുന്ന കടുത്ത വിയോജിപ്പും സെക്കുലർ സമീപനവും സിദ്ധരാമയ്യയെ കോൺഗ്രസിന്റെ മറ്റൊരു മുഖമാക്കുന്നുണ്ട് എന്നത് വിയോജിപ്പുകൾ ഉണ്ടാകാനിടയില്ലാത്ത വസ്തുതയാണ്.
എന്നാൽ ഡി കെ ശിവകുമാറിന് പൊതുവിൽ ഇത്തരത്തിലൊരു പ്രതിച്ഛായയില്ല. താൻ ഒരു ഹിന്ദുവാണ് എന്നും, അതിലെന്താണ് കുഴപ്പം എന്നും അഭിമാനത്തോടെ പറയുന്ന, ആർഎസ്എസ് ഗണഗീതം നിയമസഭയിൽ പാടിയ ശിവകുമാറിന്റെ സമീപനങ്ങളിൽ കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട് എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആർഎസ്എസ് - സിദ്ധരാമയ്യ തർക്കം രൂക്ഷമായ സാഹചര്യത്തിൽ വിഷയത്തിൽ ഡി കെ പാലിച്ച മൗനം ഏറെ ചർച്ചയായിരുന്നു. ഉപമുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം പ്രതികരിക്കേണ്ടതായിരുന്നു എന്നും, അദ്ദേഹത്തിൻ്റെ നിലപാട് തുറന്നുപറയേണ്ടതായിരുന്നു എന്നുമുള്ള ചർച്ചകൾ അന്ന് വ്യാപകമായിരുന്നു. താൻ അന്നും ഇന്നും അടിയുറച്ച ഒരു കോൺഗ്രസുകാരൻ ആണെന്ന് ഡി കെ ഇടയ്ക്കിടെ പറയാറുണ്ട്. പക്ഷെ അത് പ്രവൃത്തിയിൽ ഇല്ല എന്ന വിമർശനം അദ്ദേഹത്തെക്കുറിച്ച് ശക്തമാണ്.
തിടുക്കപ്പെട്ട് ഒരു സ്ഥാനമാറ്റം ഉണ്ടാകേണ്ടതില്ല എന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കാൻ മറ്റനേകം കാരണങ്ങളുണ്ട് എന്നും പറയപ്പെടുന്നുണ്ട്. കോൺഗ്രസ് സർക്കാരുകളുടെ ദുർബലതയും പാർട്ടിയിലെ പിളർപ്പുകളും എടുത്തുകാണിക്കപ്പെടും എന്നതാണ് അതിൽ ഒന്ന്. കഴിഞ്ഞ ഒന്നര വർഷത്തിൽ ബിഹാർ, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ദയനീയ തോൽവിയാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്. ഹരിയാനയിൽ കർണാടകയിൽ ഇന്നുള്ളതുപോലെയുള്ള വിഭാഗീയത പരസ്യമായിത്തന്നെ പ്രകടവുമായിരുന്നു. പശ്ചിമബംഗാളും തമിഴ്നാടും പോലെയുള്ള നിർണായക സംസ്ഥാനങ്ങളിൽ ഉടൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിടുക്കപ്പെട്ടുള്ള ഒരു സ്ഥാനമാറ്റം തങ്ങളുടെ രാഷ്ട്രീയസ്ഥിരതയെ ചോദ്യം ചെയ്തേക്കുമോ എന്ന ആശങ്ക കോൺഗ്രസിൽ ഉണ്ടായിരുന്നിരിക്കണം എന്നും വിലയിരുത്തലുകളുണ്ട്.
മറ്റൊരു ശ്രദ്ധേയമായ നിരീക്ഷണം വോട്ട് ചോരിയുമായി ബന്ധപ്പെട്ടാണ്. രാഹുൽ ഉയർത്തിവിട്ട വോട്ട് ചോരി ആരോപണങ്ങളിൽ അന്വേഷണം നടക്കുന്ന ഏക സംസ്ഥാനമാണ് കോൺഗ്രസ് ഭരിക്കുന്ന കർണാടക. സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണ സംഘം കേസന്വേഷണം ദ്രുതഗതിയിൽ ആക്കുകയും നിർണായക അറസ്റ്റുകൾ നടത്തുകയുമെല്ലാം ചെയ്തത് അടുത്തിടെയാണ്. ബിഹാറിലെ കൂറ്റൻ തോൽവിക്ക് പിന്നാലെ വോട്ട് ചോരി ആരോപണങ്ങളിലെ കഴമ്പിനെപ്പറ്റി കോൺഗ്രസ് പ്രവർത്തകർ തന്നെ ചോദ്യമുയർത്തുന്നുണ്ട്. ഇതിനിടെ അന്വേഷണം നടക്കുന്ന കർണാടകയിൽ ഒരു സ്ഥാനമാറ്റം ഉണ്ടായാൽ, അത് വോട്ട് ചോരി ചർച്ചകളെ റദ്ദ് ചെയ്യുമോ എന്ന ആശങ്ക കോൺഗ്രസിനുള്ളിൽ തന്നെ ഉണ്ടായിരിക്കണം. അതുകൊണ്ടും കൂടിയായിരിക്കണം, നിർണായകമായ ഒരു രാഷ്ട്രീയ പരിതഃസ്ഥിതിയിലൂടെ കടന്നുപോകുന്ന കോൺഗ്രസ് തത്കാലത്തേക്കെങ്കിലും സ്ഥാനമാറ്റ ചർച്ചകൾക്ക് ഒരു ഫുൾസ്റ്റോപ്പ് ഇട്ടത്.
Content Highlights: Why congress highcommand put a fullstop to karnataka leadership change?