പ്രതിപക്ഷസഖ്യം തോറ്റപ്പോഴും തലയുയർത്തി നിന്ന സിപിഐഎം കോട്ട; ബിഭൂതിപൂരിൽ വീണ്ടും ജയിച്ചുകയറി അജയ് കുമാർ

മണ്ണിലിറങ്ങി ജനങ്ങൾക്കൊപ്പം നടന്ന് താഴേത്തട്ടിൽ നിന്ന് ഉയർന്ന് വന്ന നേതാവാണ് അജയ് കുമാർ. അടിയുറച്ച പാർട്ടി കുടുംബത്തിൽ നിന്നാണ് അദ്ദേഹം ഇടത് ആശയങ്ങളുടെ ബാലപാഠങ്ങൾ പഠിക്കുന്നത്.

ബിഹാർ തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ മഹാഗഡ്ബന്ധന്റെ പ്രതീക്ഷകൾക്ക് നേരിടേണ്ടി വന്നിരിക്കുന്നത് വലിയ ആഘാതമാണ്. കോൺഗ്രസും ആർജെഡിയും ഇടതുപക്ഷവുമെല്ലാം പരാജയത്തിന്റെ കയ്പുനീര് നുണയുകയാണ്. എന്നാൽ ഈ പരാജയങ്ങൾക്കിടയിലും ആശ്വാസമാകുന്ന ചില ഒറ്റപ്പെട്ട വിജയങ്ങൾ ഉണ്ടായിട്ടുണ്ട്. സിപിഐഎം നേതാവായ അജയ് കുമാർ വിജയം അങ്ങനെയൊന്നാണ്. ബിഭൂതിപൂരിന്റെ സിറ്റിങ്ങ് എംഎൽഎയായ അജയ് കുമാർ 10281 വോട്ട് ഭൂരിപക്ഷത്തിനാണ് ഇത്തവണ ജയിച്ചിരിക്കുന്നത്. എതിർസ്ഥാനാർത്ഥി ജെഡിയുവിലെ രവീണ കുശ്വാഹ 68965 വോട്ടുകൾ നേടിയപ്പോൾ അജയ് കുമാറിന് 79246 വോട്ടുകളാണ് ലഭിച്ചത്.

2020ൽ 40,496 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അജയ് കുമാറിന്റെ വിജയം. ഭൂരിപക്ഷത്തിൽ ഇടിവുണ്ടായിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ 2020ൽ നേടിയതിനെക്കാൾ 5,424 വോട്ടുകൾ കൂടുതലായി അജയ് കുമാർ ഇത്തവണ നേടിയിട്ടുണ്ട്. പക്ഷെ, കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സ്ഥാനാർത്ഥികൾ ഇത്തവണ ബിഭൂതിപൂരിൽ കളത്തിലിറങ്ങിയിരുന്നു. മൂന്നാമത് എത്തിയ സ്വതന്ത്ര സ്ഥാനാർത്ഥിയും നാലാമതെത്തിയ ജൻ സൂരജ് പാർട്ടി നേതാവും ചേർന്ന് 25000ത്തിന് മുകളിൽ വോട്ടുകളാണ് സ്വന്തമാക്കിയത്. ഇതാണ് അജയ് കുമാറിന്റെ ഭൂരിപക്ഷം കുറച്ചത്.

ഈ വിജയത്തിലൂടെ അജയ് കുമാർ ബിഹാറിലെ സിപിഐഎമ്മിന്റെ അനിഷേധ്യ നേതാവായി മാറിയിരിക്കുകയാണ്. 2020ൽ രണ്ട് പേരെ വിജയിപ്പിച്ച സിപിഐഎമ്മിന് പക്ഷെ ഇത്തവണ ഒരു എംഎല്‍എയിലേക്ക് ചുരുങ്ങേണ്ടി വന്നു. ഈ തിരിച്ചടിക്കിടയിലും തന്റെ മണ്ഡലത്തിൽ വിജയം ആവർത്തിക്കാൻ കഴിഞ്ഞ അജയ് കുമാര്‍ ഇത്തവണ ബിഹാർ നിയമസഭയിലെ പാർട്ടിയുടെ ഏക സാന്നിധ്യമാണ്.

മണ്ണിലിറങ്ങി ജനങ്ങൾക്കൊപ്പം നടന്ന് താഴേത്തട്ടിൽ നിന്ന് ഉയർന്ന് വന്ന നേതാവാണ് അജയ് കുമാർ. അടിയുറച്ച പാർട്ടി കുടുംബത്തിൽ നിന്നാണ് അദ്ദേഹം ഇടത് ആശയങ്ങളുടെ ബാലപാഠങ്ങൾ പഠിക്കുന്നത്. അച്ഛൻ യോഗേന്ദ്ര സിംഗ് കുശ്‌വാഹ ഘഗാരിയയിലെ സിപിഐഎം എംഎൽഎയായിരുന്നു. ചെറുപ്പത്തിലേ പാർട്ടിക്കൊപ്പം നടന്നു തുടങ്ങിയ അജയ് കുമാർ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം ബിരുദാനന്തരബിരുദവും എൽഎൽബിയും പൂർത്തിയാക്കി.

പാർട്ടിയുടെ വിവിധ സ്ഥാനങ്ങൾ വഹിക്കുമ്പോഴും നിയമസഭയിലെത്തിയപ്പോഴും ബിഹാറിന്റെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാനായിരുന്നു അജയ് കുമാർ ശ്രമിച്ചത്. തൊഴിലാളികളുകളുടെ അവകാശങ്ങൾക്കും ജാതീയ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാനുമുള്ള പ്രവർത്തനങ്ങൾക്കുമായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ പരിഗണന. ബിഹാറിന്റെ ദാരിദ്ര്യം ജാതീതയയുടെ കൂടി പ്രതിഫലനമാണെന്ന് വ്യക്തമായി മനസിലാക്കിയ നേതാവ് കൂടിയായിരുന്നു അജയ് കുമാർ. ബിഭൂതിപൂർ എന്ന സിപിഐഎമ്മിന് വലിയ വേരോട്ടമുള്ള മണ്ഡലം, കുശ്‌വാഹ സമുദായത്തിന്റെ പിന്തുണ എന്നിവയ്‌ക്കൊപ്പം അജയ് കുമാറിന്റെ വർഷങ്ങൾ നീണ്ട പ്രവർത്തനങ്ങൾ കൂടിയാണ് തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വിജയം സമ്മാനിച്ചിരിക്കുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

കേരളം ഒഴിച്ചുള്ള സംസ്ഥാന നിയമസഭകളിൽ സാന്നിധ്യം കുറഞ്ഞുകൊണ്ടിരിക്കുന്ന സിപിഐഎമ്മിന് ബിഹാറിലെ അജയ് കുമാറിന്റെ എംഎൽഎ സ്ഥാനം ഏറെ നിർണായകമാണ്. ഇപ്പോഴും ബിഹാറിൽ പാർട്ടി ഗ്രാമങ്ങളും ഇടത് ആശയങ്ങൾക്ക് വലിയ സ്വാധീനമുള്ള മണ്ഡലങ്ങളുമുണ്ട്. അജയ് കുമാറിലൂടെ ആ മേഖലകളിലെ സ്വാധീനം വര്‍ധിപ്പിച്ച് വരും നാളുകളിൽ ശക്തമായി തിരിച്ചുവരാനായിരിക്കാം ഒരുപക്ഷെ ഇനി സിപിഐഎം ലക്ഷ്യം വെക്കുന്നത്.

Content Highlights: CPIM leader Ajay Kumar wins in 2025 election

To advertise here,contact us