ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് രണ്ടായി പിളരുന്നു; ഭൂകമ്പം ഉണ്ടായേക്കാമെന്ന് ഗവേഷകർ

'ടിബറ്റിനടിയിൽ ആഴത്തിൽ വിള്ളൽ, ഇന്ത്യയിൽ ഭൂകമ്പം ഉണ്ടായേക്കാം' -ഗവേഷകർ

അതിശയത്തിന്റെ കണികകളാൽ ഇഴചേർക്കപ്പെട്ട ഒന്നാണ് നമ്മുടെ പ്രപഞ്ചം. പർവ്വതങ്ങളുടെയും ഭൂപ്രദേശങ്ങളുടെയും നിരന്തരമായ പരിവർത്തനങ്ങൾ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഗവേഷക‍ർ‌. ആഫ്രിക്കൻ ഭൂഖണ്ഡം പിളരുന്നു, പുതിയ സമുദ്രം രൂപപ്പെടുന്നു, ഭൂമിയുടെ ടെക്ടോണിക് പ്ലേറ്റുകൾ സ്ഥാനം മാറി നീങ്ങുന്നു…എന്നൊക്കെയുള്ള പല തരത്തിലുള്ള സാധ്യതകൾ ഗവേഷകർ പഠനം നടത്തി കണ്ടുപിടിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ടിബറ്റിന് അടിയിൽ ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് വിഘടിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഭൗമശാസ്ത്രജ്ഞർ. ടിബറ്റൻ പീഠഭൂമിക്ക് താഴെ ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് രണ്ടായി പിളരുന്നതായി സൂചിപ്പിക്കുന്ന പുതിയ ഭൂകമ്പ ഡാറ്റയാണ് ഗവേഷകർ വെളിപ്പെടുത്തിയിരിക്കുന്നത്.

യൂറോപ്പിൻ്റെയും ഏഷ്യയുടെയും പ്രധാന ഭാഗം ഉൾക്കൊള്ളുന്ന ഒരു ടെക്റ്റോണിക് ഫലകത്തെ പറയുന്ന പേരാണ് യുറേഷ്യൻ പ്ലേറ്റ്. ഗവേഷകർ പറയുന്നതനുസരിച്ച്, ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് യുറേഷ്യൻ ഫലകത്തോടൊപ്പം ഇന്ത്യൻ ടെക്ടോണിക് പ്ലേറ്റുകളും പരസ്പരം ഇടിച്ചുകയറി രൂപപ്പെട്ടതാണ് ഹിമാലയവും ടിബറ്റൻ പീഠഭൂമിയും. എന്നാൽ ഇന്ത്യൻ, യുറേഷ്യൻ ഫലകങ്ങൾ തമ്മിൽ നടന്ന ഭൂമിശാസ്ത്ര പ്രക്രിയ എങ്ങനെ നടന്നെന്നതും ടെക്റ്റോണിക് പ്രതി പ്രവർത്തനം എങ്ങനെ ആയിരുന്നുവെന്നതും നിഗൂഢമായി തുടരുകയായിരുന്നു. 2023ലെ അമേരിക്കൻ ജിയോഫിസിക്കൽ യൂണിയൻ കോൺഫറൻസിൽ അവതരിപ്പിച്ച ഒരു പഠനം ആണ് ടിബറ്റിന് താഴെ ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് പിളരുന്നതിനെ കുറിച്ച് വിവരിച്ചത്.

മുൻപും ഇങ്ങനെ ഒരു വാർത്ത വന്നിരുന്നെങ്കിലും ഭൂമിയുടെ കൃത്യമായ ചലനത്തെയും ഇന്ത്യയുടെ ഏതൊക്കെ പ്രദേശങ്ങളെ അത് ബാധിക്കുമെന്നതിലും അവ്യക്തത ഉണ്ടായിരുന്നു. ഭൂമിയുടെ പുറംതോട് എങ്ങനെ പരിണമിക്കുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ അറിവിനെ പുനർനിർമ്മിക്കാൻ കഴിയുന്നതാണ് പുതിയ കണ്ടുപിടിത്തം എന്ന് ഗവേഷണകർ പറയുന്നു. തെക്കൻ ടിബറ്റിലുടനീളമുള്ള 94 നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള ഭൂകമ്പ തരംഗ ഡാറ്റ വിശകലനം ചെയ്താണ് ഉപരിതലത്തിനടിയിൽ ആഴത്തിലുള്ള ഘടനാപരമായ മാറ്റങ്ങൾ ഉണ്ടെന്നു ഗവേഷകർ മനസിലാക്കിയത്.

വർഷങ്ങളായി, ഇന്ത്യൻ ടെക്ടോണിക് പ്ലേറ്റ് യുറേഷ്യൻ പ്ലേറ്റുമായി കൂട്ടിയിടിക്കാറുണ്ടെങ്കിലും ഭൂമിയുടെ മാന്റിലിനു പ്രശനം സംഭവിക്കുന്നതുമായി ഒരു വിവരം ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ സമീപകാല കണ്ടെത്തലുകൾ കാണിക്കുന്നത് ഇന്ത്യൻ പ്ലേറ്റിന്റെ താഴത്തെ ഭാഗം അടർന്ന് മാന്റിലിലേക്ക് താഴുകയാണ് എന്നാണ്. 'Delamination ' എന്ന പക്രിയ ആണ് ഇവിടെ സംഭവിക്കുന്നത്. ടിബറ്റിന്റെ അടിയിലൂടെയുള്ള പാളി അടർന്ന് ഭൂമിയുടെ ആവരണത്തിലേക്ക് താഴുന്ന ഒരു പ്രക്രിയയാണിത്. ഭൂകമ്പ തരംഗങ്ങളിലെ അസാധാരണമായ പാറ്റേണുകൾ, ടിബറ്റൻ നീരുറവകളിൽ ഹീലിയം ഐസോടോപ്പുകളുടെ കണ്ടെത്തൽ എന്നിങ്ങനെ ഉണ്ടാകുന്നത് ഈ പ്രക്രിയ സംഭവിക്കുന്നതുകൊണ്ടാണെന്നാണ് കണ്ടെത്തൽ. ഭാവിയിൽ വലിയ ഭൂകമ്പങ്ങൾക്ക് കാരണമായേക്കാവുന്ന പ്രവർത്തങ്ങൾ ആണ് ഈ പ്രക്രിയയിലൂടെ ഉണ്ടാകുന്നതെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്., പ്രത്യേകിച്ച് ഹിമാലയൻ പ്രദേശങ്ങളിൽ ആകും കൂടുതൽ ഭൂകമ്പ സാധ്യത.

ഇന്ത്യയുടെ ലഡാക്ക് , പടിഞ്ഞാറൻ ചൈന എന്നിവിടങ്ങളിൽ അടക്കം വ്യാപിച്ചു കിടക്കുന്ന അതിവിശാലമായ ഒരു പീഠഭൂമിയാണ് ടിബറ്റൻ പീഠഭൂമി. ലോകത്തിലെ ഏറ്റവും ഉയരമുള്ള മൗണ്ട് എവറസ്റ്റ്, കെ 2 എന്നിവയ്ക്ക് സമീപമായി സ്ഥിതിചെയ്യുന്നതും തെക്കു വടക്കായി ആയിരം കിലോമീറ്ററും കിഴക്കു പടിഞ്ഞാറായി 2500 കിലോമീറ്ററും വ്യാപിച്ചുകിടക്കുന്നതും സമുദ്രനിരപ്പിൽ നിന്നും 4500 മീറ്ററിലധികംവരെ ഉയരമുള്ളതുമായ ടിബറ്റൻ പീഠഭൂമിയെ ചിലപ്പോൾ ലോകത്തിന്റെ മേൽക്കൂര എന്ന് വിശേഷിപ്പിക്കാറുണ്ട്. ടെക്ടോണിക് പ്ലേറ്റുകളുടെ പിളർപ്പ് ഈ പറയുന്ന പ്രദേശത്തെ ബാധിച്ചേക്കാമെന്നും, ഹിമാലയത്തിലും നോർത്ത് ഇന്ത്യയിലും ഭൂചലനങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നുമാണ് ഗവേഷക‍ർ‌ വ്യക്തമാക്കുന്നത്. ഭൂമിയിൽ മറ്റെവിടെയെങ്കിലും സമാനമായ പ്രക്രിയകൾ നടക്കുന്നുണ്ടോ നിരീക്ഷിക്കുകയാണ് ഗവേഷകർ ഇപ്പോൾ.

Content Highlights: Deep cracks in Earth's mantle created by an unexpected occurrence under India

To advertise here,contact us