ട്രെയിനിടിച്ച് തരിപ്പണമായ കാർ, ചിതറിത്തെറിച്ച ജീവനുകൾ! ലോക്കോപൈലറ്റിന്റെ അനുഭവങ്ങളിലൂടെ

ആഞ്ഞ് ഹോണടിച്ചു, എല്ലാം വിഫലം പൊലിഞ്ഞത് നാല് ജീവനുകൾ

മാരാരിക്കുളം റെയില്‍വേ സ്റ്റേഷന് സമീപം പൂപ്പള്ളിക്കാവ് റെയില്‍വേ ക്രോസില്‍ നേരിടേണ്ടി വന്ന ഒരു അപകടത്തെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ലോക്കേപൈലറ്റായിരുന്ന ജെ വേണുഗോപാല്‍. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞുവരുന്ന ട്രെയിന്‍ ഓടിച്ചുവരുമ്പോള്‍ ഒരു ടാറ്റ ഇന്‍ഡിഗോ കാര്‍ വരുന്നത് കണ്ടു. ഹോണടിക്കുമ്പോള്‍ സാധാരണ വണ്ടി നിര്‍ത്തുന്നതാണ് പതിവ്. എന്നാല്‍ കാറു നില്‍ക്കാതെ റെയില്‍വേ ക്രോസിലേക്ക് കടക്കുന്നതാണ് കണ്ടത്. ട്രെയിനിന്റെ വേഗത കുറയ്ക്കാന്‍ മാക്‌സിമം ശ്രമിച്ചു. എമര്‍ജനി ബ്രേക്ക് വരെ പെട്ടെന്ന് ഉപയോഗിച്ചു എന്നാല്‍ വലിയ വേഗതയില്‍ വന്ന ട്രെയിനിനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ല. വണ്ടി ഇടിക്കുമെന്നത് ഉറപ്പായി, കാര്‍ യാത്രികരെ ശ്രദ്ധ നേടാന്‍ ഹോണടിച്ചു. പക്ഷേ..

അപ്പോഴേക്കും കാറിന്റെ മുന്നിലത്തെ വീല്‍ ഉള്‍പ്പെടെ 50 ശതമാനത്തോളം റെയില്‍വേ ലൈന്‍ ക്രോസ് ചെയ്തിരുന്നു. യാത്രികരെ കാണാന്‍ കഴിഞ്ഞില്ല. ട്രെയിനുമായി കാര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കൂട്ടിയിടിച്ചു. മുകളിലേക്ക് തെറിച്ച കാര്‍ പോസ്റ്റിലിടിച്ച് കറങ്ങി തെറിച്ചുപോകുന്ന കാഴ്ചയാണ് കണ്ടത്. സംഭവത്തിന് പിന്നാലെ തലയില്‍ കൈയും വച്ച് മരവിച്ചിരുന്നു പോയി. ചേര്‍ത്തല സ്വദേശിയായ സഹലോക്കോപൈലറ്റ് പുറത്തേക്ക് ഇറങ്ങി അപകടത്തില്‍പ്പെട്ടവരുടെ അടുത്തേക്ക് പോയി. എന്‍ജിനെന്ന വലിയ മാസിലിടിച്ച് തെറിച്ച കാറിലുണ്ടായിരുന്നത് നാലു പേരായിരുന്നു. തവിടുപൊടിയായി ചളുങ്ങിയ നിലയില്‍ സംഭവസ്ഥലത്ത് തന്നെ മൂന്നു പേര്‍ മരിച്ചു. വണ്ടിക്ക് മുന്നിലുണ്ടായിരുന്ന ഒരു യുവതിക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്.

ആ അപകടം ഇനി ജീവിച്ചിരിക്കുന്നിടത്തോളം എല്ലാ രാത്രികളെയും വേട്ടയാടാനുള്ള ഓര്‍മകളുണ്ടാക്കിയിരുന്നു. അന്ന് അടുത്ത റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി മുഖം തണുത്ത വെള്ളത്തില്‍ മുഖം കഴുകി. മാധ്യമപ്രവര്‍ത്തകരുടെ മുഖത്ത് പോലും നോക്കാതെ മുന്നോട്ട് നടക്കുമ്പോള്‍ നെഞ്ചില്‍ ഒരു കനം അനുഭവപ്പെട്ടിരുന്നു. അപകടങ്ങള്‍ ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്ക് പുതിയ കാഴ്ച്ചയല്ല. പക്ഷെ 100 അപകടങ്ങള്‍ കണ്ടാലും 101-ാമത്തേതിന് വീണ്ടും ഹൃദയം നുറുങ്ങും.

മാരാരിക്കുളത്തെ അപകടം മനുഷ്യ സഹജമായി ഒരു തരത്തിലും ഒഴുവാക്കാന്‍ കഴിയുമായിരുന്നില്ലയ അത്ര വേഗത്തില്‍ വരുന്ന ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്ക് അപ്ലൈ ചെയ്താല്‍ പോലും നില്‍ക്കുകയുമില്ല. ആ നാല് പേര്‍ മരണത്തിലേക്ക് പാഞ്ഞടുക്കുന്നതാണ് ഞങ്ങള്‍ കണ്ടത്. കാറില്‍ ജര്‍മനിയില്‍ നിന്ന് വന്ന ഒരു ഭാര്യയും ഭര്‍ത്താവും മറ്റ് രണ്ട് പേരുമായിരുന്നു ഉണ്ടായിരുന്നു. കേരളത്തില്‍ നിന്നും ഒരു കുഞ്ഞിനെ ദത്തെടുത്ത് ജര്‍മനിയിലേക്ക് കൊണ്ടുപോകാന്‍ വന്നതായിരുന്നു ആ ദമ്പതികള്‍. അപകടം നടക്കുന്ന ദിവസം ദമ്പതികളിലെ സ്ത്രീക്ക് കലശലായ വയറുവേദന അനുഭവപ്പെട്ടു.

ആശുപത്രിയില്‍ പോകാനായി അവര്‍ ടാക്‌സി വിളിച്ച് ഇറങ്ങി. അപ്പോളാണ് ഹോട്ടല്‍ റിസപ്ഷനില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി ടൗണിലേക്ക് പോകാനായി ഇറങ്ങിയത്. ആശുപത്രിയും ടൗണില്‍ ആയതിനാല്‍ ആ പെണ്‍കുട്ടി കൂടി കാറില്‍ കയറി. എന്നാല്‍ വഴിയില്‍ ട്രെയിന്‍ ഉടന്‍ വരുമെന്ന മുന്നറിയിപ്പുമായി മാന്‍ഡ് ലെവല്‍ ക്രോസ് അടച്ചിരുന്നു. ഇനി എന്ത് ചെയ്യും എന്ന് പരിഭ്രാന്തരായി ഇരിക്കുമ്പോളാണ് അടുത്ത് നിന്ന ഒരാള്‍ പറഞ്ഞത് അപ്പുറത്ത് അണ്‍മാന്‍ഡ് ലെവല്‍ ക്രോസ് ഉണ്ടെന്ന കാര്യം. എങ്കില്‍ ആ വഴി പോകാമെന്ന് തീരുമാനിച്ച അവര്‍ അവിടേക്ക് വണ്ടി തിരിച്ചു. അവര്‍ അണ്‍മാന്‍ഡ് ലെവല്‍ ക്രോസിലെത്തിയപ്പോള്‍ ദൂരെ നിന്ന് തീവണ്ടി ഹോണ്‍ മുഴക്കിക്കൊണ്ട് വരുന്നുണ്ടായിരുന്നു. പക്ഷേ അത് ദൂരെ നിന്നും വളരെ പെട്ടെന്ന് അടുത്തെത്തി. അപ്പോഴേക്കും കാര്‍ പാളത്തിലേക്ക് കടന്നിരുന്നു. പിന്നീട് ഒന്നും ചിന്തിക്കാനുള്ള നേരമുണ്ടായിരുന്നില്ല. കണ്ണടച്ച് തുറക്കും മുന്‍പ് വലിയ ശബ്ദത്തോടെ ട്രെയിനും കാറും കൂട്ടിയിടിച്ചു. ആ കാറിലുണ്ടായിരുന്ന നാല് ജീവനുകള്‍ പൊലിഞ്ഞു.

എല്ലാ ലോക്കോപൈലറ്റുമാര്‍ക്കും പറയാന്‍ ഇത്തരത്തില്‍ ഒരു കഥയുണ്ടാവണമെന്നില്ല. പക്ഷേ എനിക്ക് നിര്‍ഭാഗ്യവശാല്‍ ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള ഒരു അനുഭവം അന്നുണ്ടായി.

Content Highlight; Heart breaking Experiences of a Loco Pilot

To advertise here,contact us