ഊർജ്ജ മേഖലയിൽ മറ്റേത് രാജ്യത്തേക്കാളും ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ചൈന. ആധുനിക സാങ്കേതികവിദ്യകൾക്ക് ആവശ്യമായ അപൂർവ മൂലകങ്ങളുടെ ഉത്പാദനത്തിലും സംസ്കരണത്തിലും വലിയ പങ്കു വഹിക്കുന്ന രാജ്യവുമാണ് ചൈന. ഇപ്പോഴിതാ മറ്റൊരു പുത്തൻ വികസനത്തിൻ്റെ നിർണായക വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് ചൈന. 14,000 സ്റ്റാൻഡേർഡ് ഷിപ്പിംഗ് കണ്ടെയ്നറുകൾ വഹിക്കാൻ കഴിയുന്ന ഒരു ആണവോർജ്ജ കപ്പൽ പുറത്തിറക്കിയിരിക്കുയാണ് ചൈന. എന്നാൽ വെറുതെ പേരിനു ഇറക്കിയതല്ല ചൈന ഈ കപ്പൽ. 200 മെഗാവാട്ട് വരെ താപം ഉത്പാദിപ്പിക്കാവുന്ന ഒരു തോറിയം അധിഷ്ഠിത മോൾട്ടൻ സാൾട്ട് റിയാക്റ്റർ ആയിരിക്കും ഇതിന് കരുത്ത് പകരുന്നത് എന്നതാണ് വിപ്ലവകരമായ മാറ്റം.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് (SCMP) യുടെ റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ ഭീമൻ ചരക്ക് കപ്പലിന് ഊർജ്ജം പകരുന്നതിനായി ചൈന ഒരു അത്യാധുനിക തോറിയം റിയാക്ടർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് യുഎസ് നാവികസേനയുടെ നൂതന സീവോൾഫ്-ക്ലാസ് ആണവ ആക്രമണ അന്തർവാഹിനിയിലെ S6W ജല റിയാക്ടർ ഉത്പാദിപ്പിക്കുന്ന അതേ അളവിലുള്ള വൈദ്യുതിയാണെന്ന് റിപ്പോർട്ട് പറയുന്നു. പരമ്പരാഗത ആണവ റിയാക്ടറുകൾ യുറേനിയം ഇന്ധനമായി ഉപയോഗിക്കുന്ന സമയത്ത്, ചൈനയുടെ അത്യാധുനിക റിയാക്ടർ തോറിയം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പ്രവർത്തന സുരക്ഷയ്ക്കായി കൂളിംഗ് സിസ്റ്റംസ് ഉപയോഗിച്ചാണ് യുറേനിയം ആണവ റിയാക്ടറുകൾ പ്രവർത്തിക്കാറുള്ളത്. എന്നാൽ തോറിയം റിയാക്ടറുകൾ പ്രവർത്തിക്കാൻ വെള്ളം തണുപ്പിക്കേണ്ട ആവശ്യം ഇല്ല.
പരമ്പരാഗത ആണവ റിയാക്ടറുകളെ അപേക്ഷിച്ച് തോറിയം റിയാക്ടറുകൾക്ക് നിരവധി ഗുണങ്ങളുണ്ട്. യൂറേനിയത്തേക്കാൾ ചെറുതും സുരക്ഷിതവുമാണ് തോറിയം റിയാക്ടറുകൾ. കൂടാതെ, ചൈനയിൽ വൻതോതിലുള്ള തോറിയം ശേഖരമുണ്ട്, മംഗോളിയയിലെ ഒരു ഖനിയിൽ 1,000 വർഷത്തേക്കുള്ള വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ തോറിയം അവരുടെ പക്കൽ മുണ്ടെന്നാണ് റിപ്പോർട്ട്. ചൈനയുടെ ഈ പുതിയ സാങ്കേതിക മുന്നേറ്റം വിജയകരമാണെന്ന് തെളിഞ്ഞാൽ ആഗോള വാണിജ്യ ഷിപ്പിംഗിനെ മാറ്റി മറിക്കാൻ ചൈനക്ക് സാധിക്കുമെന്നും പറയപ്പെടുന്നുണ്ട്.
അതേ സമയം, വൻ തോതിൽ തോറിയം ശേഖരം ഉള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ കൈവശം വലിയ തോതിൽ തോറിയം ഉണ്ടായിട്ടും ചൈന എങ്ങനെ ഈ മേഖലയിൽ ആധിപത്യം പുലർത്തുന്നു ? ഇന്ത്യ പിന്നിലാകുന്നത് എന്തുകൊണ്ട്? ലോകത്തിലെ തോറിയം ശേഖരത്തിന്റെ ഏകദേശം 25 ശതമാനം ഇന്ത്യയിലാണ്. പതിറ്റാണ്ടുകളായി നടത്തിയ ഗവേഷണങ്ങൾക്ക് ശേഷവും ഈ പ്രധാന ഊർജ്ജ സ്രോതസ്സ് ഉപയോഗപ്പെടുത്തുന്നതിൽ ഇപ്പോഴും ഇന്ത്യ പിന്നിൽ തന്നെയാണ്. യുറേനിയം ഉപയോഗിച്ച് ഒരു പ്രെഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറിന്റെ നിർമ്മാണത്തിന്റെ ആദ്യ ഘട്ടം ഇന്ത്യ പൂർത്തിയാക്കിയിരുന്നു. പക്ഷേ തോറിയം ഇന്ധനമായി ഉപയോഗിച്ചുള്ള റിയാക്ടറിനെ കുറിച്ച് ചിന്തിക്കാൻ ഇന്ത്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഏകദേശം 457,000- 508,000 ടൺ തോറിയം ശേഖരം ഉണ്ട്, കേരളം, തമിഴ്നാട്, ഒഡീഷ തുടങ്ങിയ തീരദേശ സംസ്ഥാനങ്ങളിൽ ആണ് ഇവ കൂടുതൽ ആയി കാണപ്പെടുന്നത്. പക്ഷേ ഇതുവരെയും ചൈന തോറിയം ഉപയോഗപ്പെടുത്തുന്ന പോലെ ഇന്ത്യക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. തോറിയം റിയാക്ടർ നിർമ്മിക്കുന്നതിൽ ചൈന നേടിയ വിജയം ഇന്ത്യയ്ക്കുള്ള ഒരു മുന്നറിയിപ്പാണെന്നും, ദക്ഷിണേഷ്യയിലെ രണ്ട് ഭീമന്മാർ തമ്മിലുള്ള സാങ്കേതിക വിടവ് കൂടുതൽ വർദ്ധിപ്പിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
Content Highlights : India has huge reserves of Thorium rare element, but China is using it. Why?