'കമ്യൂണിസ്റ്റ് ഭീകരന്‍, മുസ്ലിം കുടിയേറ്റക്കാരന്‍'; വിദ്വേഷ മഴയെ അതിജീവിച്ച സൊഹ്റാന്‍ മംദാനി

ട്രംപ് അടങ്ങുന്ന റിപ്പബ്ലിക്കൻസ് പാർട്ടിക്കാർ കമ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചു. കമ്യൂണിസ്റ്റ് എന്നാൽ എന്തോ ഭീകരസത്വമാണെന്ന നിലയിൽ അവതരിപ്പിച്ചു. കാരണം, മംദാനി ശബ്ദമുയർത്തിയത് ന്യൂയോർക്കിലെ താഴെ തട്ടിലുള്ള മനുഷ്യർക്ക് വേണ്ടിയായിരുന്നു.

മുതലാളിത്തത്തിന്റെ തലസ്ഥാനമായ അമേരിക്കയില്‍ തീവ്രവലതുപക്ഷത്തിന്റെ കണ്ണിലെ കരടായ ഒരു 'കമ്യൂണിസ്റ്റ് ഭ്രാന്തന്‍' വിജയിച്ചിരിക്കുന്നു. ന്യൂയോര്‍ക്കിന്റെ മേയറാകുന്ന ആദ്യ മുസ്ലിം, ആദ്യ ഇന്ത്യന്‍ വംശജന്‍, ഏറ്റവും പ്രായം കുറഞ്ഞ മേയര്‍. സൊഹ്റാന്‍ മംദാനി എന്ന 34 കാരന്റെ വിജയം ലോകം മുഴുവന്‍ ആഘോഷിക്കുകയാണ്. കാരണം ആ വിജയം മനുഷ്യത്വത്തിന്, മനുഷ്യരാശിക്ക് നല്‍കുന്ന പ്രതീക്ഷകള്‍ക്ക് അത്രത്തോളം വലുപ്പമുണ്ട്.

കമ്യൂണിസ്റ്റ്, മുസ്ലിം, ഇമിഗ്രെന്റ്, ചെറുപ്പം - മംദാനിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളേക്കാളും പ്രകടനപത്രികകളേക്കാളും ചര്‍ച്ചയായത് ഈ നാല് പദങ്ങളായിരുന്നു. ഒരു തിരഞ്ഞെടുപ്പില്‍ എതിര്‍ പക്ഷം അഴിച്ചുവിടുന്ന പ്രചാരണങ്ങള്‍ പലപ്പോഴും സാമാന്യമര്യാദങ്ങള്‍ ലംഘിക്കാറുണ്ട്. പക്ഷെ മംദാനിയോളം ഇത്രമേല്‍ വ്യാജ വിദ്വേഷ പ്രചരണങ്ങള്‍ ഏറ്റുവാങ്ങിയ മറ്റൊരു സ്ഥാനാര്‍ത്ഥി സമീപകാലത്ത് ഉണ്ടായിട്ടുണ്ടാകില്ല.

സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രവര്‍ത്തന മുദ്രാവാക്യമാക്കിയ മംദാനി ഡെമോക്രാറ്റുകള്‍ക്കിടയിലെ സോഷ്യലിസ്റ്റ് എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ട്രംപ് അടങ്ങുന്ന റിപ്പബ്ലിക്കന്‍സ് പാര്‍ട്ടിയിലെ പരമ്പരാഗത തീവ്രവലതുപക്ഷ നിലപാടുകാര്‍ ഒരുപടി കൂടി കടന്ന് മംദാനിയെ മാത്രം കമ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചു. കമ്യൂണിസ്റ്റ് എന്നാല്‍ എന്തോ ഭീകരസത്വമാണെന്ന നിലയില്‍ അവതരിപ്പിച്ചു. ഹോളിവുഡിലെ സൂപ്പര്‍ഹീറോ സിനിമകളില്‍ ലോകത്തെ നശിപ്പിക്കാനെത്തുന്ന അതിഭയങ്കരന്മാരായ അന്യഗ്രഹജീവികള്‍ ന്യൂയോര്‍ക്കില്‍ കാലുകുത്തുന്നതിന് തുല്യമായിട്ടായിരുന്നു കമ്യൂണിസ്റ്റായ മംദാനിയെ റിപ്പബ്ലിക്കന്‍സ് അവതരിപ്പിച്ചത്. രാജ്യം നേരിടുന്ന സകലമാന പ്രശ്നങ്ങളും മറന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മംദാനിക്കെതിരെ നിരന്തരം വിദ്വേഷ പ്രസ്താവനകള്‍ നടത്തിയിരുന്നു.

എന്തായിരുന്നു അതിനുള്ള കാരണം, മംദാനി പ്രതിനിധീകരിച്ചത് ന്യൂയോര്‍ക്കിലെ താഴെ തട്ടിലുള്ള മനുഷ്യരെയായിരുന്നു. ന്യൂയോര്‍ക്കിലെ ഭരണകേന്ദ്രങ്ങളെ ചൊല്‍പടിക്ക് നിര്‍ത്തിയിരുന്ന അതിസമ്പന്നരെ അയാള്‍ പേടിച്ചില്ല. ജപ്തി ഭീഷണി നേരിട്ടിരുന്ന സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള നിയമപോരാട്ടങ്ങള്‍ നടത്തിയാണ് മംദാനി ശ്രദ്ധയിലേക്ക് വരുന്നത് തന്നെ. 2020 ല്‍ ആദ്യമായി ജനപ്രതിനിധിയായതും അങ്ങനെയായിരുന്നു. മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍, ന്യൂയോര്‍ക്ക് നിവാസികളുടെ വാടക മരവിപ്പിക്കുക, സൗജന്യ ബസ് യാത്രാ സൗകര്യം, ആഗോള ശിശുക്ഷേമം തുടങ്ങിയവയടക്കം മംദാനി അവതരിപ്പിച്ച ഓരോ നയങ്ങളെയും ജനങ്ങള്‍ ഏറ്റെടുത്തു. മേയറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ സമ്പന്നരുടെ നികുതി വര്‍ധിപ്പിക്കുമെന്നും അതിലൂടെ എല്ലാ ജനങ്ങളുടെയും ജീവിതം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മംദാനി പറഞ്ഞു.

മംദാനിയെ കമ്യൂണിസ്റ്റ് ഭ്രാന്തനായി ചിത്രീകരിക്കാന്‍ ഇതില്‍ കൂടുതലൊന്നും ട്രംപിന് വേണ്ടായിരുന്നു. മംദാനി മുന്നോട്ട് വെച്ച ഈ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ വിറളിപൂണ്ടാണ് ട്രംപ് അടക്കമുള്ളവര്‍ അമേരിക്കക്കാരുടെ പരമ്പരാഗത കമ്മ്യൂണിസ്റ്റ് വിരുദ്ധതയെ ആളികത്തിക്കാനുള്ള ശ്രമം നടത്തിയത്. അതിന് വേണ്ടിയാണ് മംദാനിയെ കമ്മ്യൂണിസ്റ്റ് അന്ന് അഭിസംബോധന ചെയ്തത്. ട്രംപും റിപ്പബ്ലിക്കാന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവയും മുന്‍ മേയര്‍ ആന്‍ഡ്രൂ ക്യുമോയുമെല്ലാം പിന്നീട് അഴിച്ചുവിട്ടത് അറയ്ക്കുന്ന പ്രചരണങ്ങളായിരുന്നു.

മംദാനി ജയിപ്പിച്ചാല്‍ ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് തരില്ലെന്ന് വരെ ട്രംപ് ഏകാധിപതിയെ പോലെ ട്രംപ് ഭീഷണിപ്പെടുത്തി. പക്ഷെ ന്യൂയോര്‍ക്കിലെ ജനങ്ങളോ മംദാനിയെ പേടിച്ചില്ല. അവര്‍ ട്രംപിനും കുത്തക മുതലാളിമാര്‍ക്കും സാമ്രാജ്യത്വത്തിനുമെതിരെ തന്നെ വോട്ട് ചെയ്തു, മംദാനി ജയിച്ചുകയറി.

മുസ്ലിമായതിന്റെ പേരിലായിരുന്നു മംദാനിക്കെതിരെ എതിര്‍സ്ഥാനാര്‍ത്ഥികള്‍ ഏറ്റവും വിദ്വേഷം അഴിച്ചുവിട്ടത്. 'ന്യൂയോര്‍ക്കില്‍ മുസ്ലിമായിരിക്കുമ്പോള്‍ അപമാനത്തെ പ്രതീക്ഷിക്കണം', എന്ന് രണ്ടാഴ്ച മുമ്പ് മംദാനി പറഞ്ഞിരുന്നു. പ്രതിപക്ഷ ബഹുമാനമില്ലാതെ കര്‍ട്ടിസ് സ്ലിവ മംദാനി ജിഹാദിനെ പിന്തുണക്കുന്നയാളാണെന്ന പ്രചരണം നടത്തിയതിന് പിന്നാലെയായിരുന്നു മംദാനിയുടെ ഈ പ്രതികരണം. സ്ഥാനാര്‍ത്ഥിയായത് മുതല്‍ മുസ്ലിം മതവിശ്വാസിയായതിനാല്‍ മാത്രം മംദാനി എതിരാളികളില്‍ നിന്നും കേട്ടത് ഇത്തരത്തിലുള്ള വിദ്വേഷത്തിന്റെ വാക്കുകളായിരുന്നു.

മറ്റൊരു സെപ്റ്റംബര്‍ 11 ആക്രമണം നടന്നാല്‍ മംദാനി ആഹ്ലാദിക്കുമെന്നായിരുന്നു ന്യൂയോര്‍ക്കിന്റെ മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്ന ആന്‍ഡ്രൂ ക്യുമോ പറഞ്ഞത്. എതിര്‍ സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ 'തീവ്രവാദി'യായി ചിത്രീകരിച്ച ഒരു തെരഞ്ഞെടുപ്പിന് ശേഷം ന്യൂയോര്‍ക്കിന്റെ ആദ്യ മുസ്ലിം മേയറായി മംദാനി വരുന്നതില്‍ ഒരു കാവ്യനീതിയുണ്ട്. അമേരിക്കയിലെ ജനങ്ങളുടെ മാറുന്ന ബോധ്യങ്ങളുണ്ട്.

ഗുജറാത്ത് മുതല്‍ ഗാസ വരെ മനുഷ്യത്വത്തിനൊപ്പമായിരുന്നു മംദാനി നിലപാടെടുത്തത്. അതിന്റേ പേരില്‍ വരുന്ന ചാപ്പയടികളെ ഭയന്ന് അയാള്‍ ഒരിക്കലും പിന്മാറിയില്ല. നിലപാടില്‍ വെള്ളം ചേര്‍ത്തില്ല. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച്, ഇസ്രയേലിന്റേത് കൂട്ട വംശഹത്യയാണെന്ന് മംദാനി സംശയലേശമന്യേ പറഞ്ഞു. നെതന്യാഹു ന്യൂയോര്‍ക്ക് സന്ദര്‍ശിച്ചാല്‍ എന്തു ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, ന്യൂയോര്‍ക്കില്‍ കാലുകുത്തിയാല്‍ ഒരു മേയര്‍ എന്ന നിലയില്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മംദാനി നിലപാടെടുത്തു. രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ ഉത്തരവിനെ ചൂണ്ടിക്കാണിച്ചായിരുന്നു മംദാനി ഇത് പറഞ്ഞത്.

ജൂതവിരുദ്ധമെന്ന് പാരമ്പര്യവാദികളും ജൂതനേതാക്കളും ആരോപിച്ച 'ഗ്ലോബലൈസ് ദ ഇന്‍തിഫാദ' എന്ന മുദ്രാവാക്യത്തോടും മംദാനി ഐക്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മുസ്ലീം സ്വത്വവും പലസ്തീന്‍ അനുകൂല നിലപാടും ഉയര്‍ത്തി ജൂതവിരുദ്ധനെന്ന് പ്രതിപക്ഷം വിമര്‍ശിച്ചപ്പോള്‍ തന്റെ നിലപാട് യുഎസ് ഇസ്രയേല്‍ സര്‍ക്കാരുകളുടെ നയത്തിനെതിരെയാണെന്നും ജൂതന്മാര്‍ക്കെതിരെയല്ലെന്നും മംദാനി പ്രഖ്യാപിച്ചു.

ഗുജറാത്ത് വംശഹത്യയെ കുറിച്ചും മംദാനി കടുത്ത ഭാഷയില്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. ഗുജറാത്തില്‍ മുസ്ലിങ്ങളുടെ കൂട്ടക്കൊല ആസൂത്രണം ചെയ്ത നേതാവാണ് നരേന്ദ്ര മോദിയെന്നും ബെഞ്ചമിന്‍ നെതന്യാഹുവിനെ പോലെ തന്നെയാണ് മോദിയേയും കാണേണ്ടത്, അയാള്‍ ഒരു യുദ്ധകുറ്റവാളിയാണെന്നും മംദാനി പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകള്‍ മംദാനിയെ അധിക്ഷേപിക്കുന്നതിന് അയാളുടെ മുസ്ലിം ഐഡിന്റിറ്റിക്കൊപ്പം മോദിക്കെതിരെ പറഞ്ഞ ഈ നിലപാടും കാരണമായിരുന്നു.

അമേരിക്കന്‍ പൗരത്വമില്ലാത്തവരെ മുഴുവന്‍ ഏലിയന്‍സ് എന്ന് ഔദ്യോഗിക രേഖകളില്‍ വിശേഷിപ്പിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ മൂക്കിന് താഴെ, അവരുടെ ഏറ്റവും പ്രധാനപ്പെട്ട നഗരത്തില്‍ ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഇന്ത്യയില്‍ ജനിച്ച ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹ്‌മൂദ് മംദാനിയുടെയും മകനായ സൊഹ്റാന്‍ മംദാനി മേയറായിരിക്കുകയാണ്. കുടിയേറ്റക്കാരെ പൈശാചികമായി നേരിടാന്‍ വമ്പന്‍ മതില്‍ വരെ കെട്ടിപ്പൊക്കാനൊരുങ്ങിയ ട്രംപിന് കുടിയേറ്റക്കാരുടെ മകനെ തങ്ങളെ നയിക്കാന്‍ ന്യൂയോര്‍ക്ക് നിവാസികള്‍ തിരഞ്ഞെടുത്ത് ദഹിച്ചുകാണില്ല എന്നുറപ്പാണ്.

മംദാനിയുടെ 33 വയസത്തിന്റെ ചെറുപ്പമായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥികളുടെ മറ്റൊരു ആയുധം. 33 കാരനായ മംദാനിയ്ക്ക് ഒരു ചുക്കുമറിയില്ലെന്ന് ട്രംപ് പറഞ്ഞു. ഒരു കഴമ്പുമില്ലാത്ത ആ വിമര്‍ശനത്തോടെ മംദാനി പ്രതികരിച്ചത് ഇന്നത്തെ തലമുറയ്ക്ക് ഏറ്റവും മനസിലാകുന്ന ട്രോള്‍ ഭാഷയിലായിരുന്നു. അടുത്ത ആഴ്ച മുതല്‍ താന്‍ ഓരോ വര്‍ഷവും ഓരോ വയസ് വെച്ച് കൂടാന്‍ തീരുമാനിച്ചിരിക്കുകയാണെന്നായിരുന്നു വീഡിയോയിലൂടെ വളരെ 'ഗൗരവത്തോടെ' മംദാനി പറഞ്ഞത്. ഇതിലും മികച്ചൊരു മറുപടി അടുത്ത കാലത്തൊന്നും ട്രംപിന് കിട്ടിക്കാണില്ല. 2020 ഇങ്ങ് തിരുവനന്തപുരത്ത്, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി 21കാരിയായ ആര്യ രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, അങ്ങ് ന്യൂയോര്‍ക്കിലിരുന്ന് അതിനെ അഭിനന്ദിച്ചയാളാണ് മംദാനി. അന്നേ അയാള്‍ ന്യൂയോര്‍ക്കോഴ്സിനോട് ചോദിച്ചിരുന്നു, നിങ്ങള്‍ക്ക് എങ്ങനെയുള്ള മേയറാണ് വേണ്ടത് എന്ന്. അത് ന്യൂയോര്‍ക്കേഴ്സിനെ ചിന്തിപ്പിച്ചിരിക്കണം.

വിദ്വേഷപ്രചരണങ്ങളെയെല്ലാം തകര്‍ത്ത് ന്യൂയോര്‍ക്കിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടതോടെ സൊഹ്റാന്‍ മംദാനിക്ക് മുന്നിലുള്ള വെല്ലുവിളികള്‍ അവസാനിക്കുന്നില്ല. മനുഷ്യാവകാശം, സാമ്രാജ്യത്വ വിരുദ്ധത, സാമ്പത്തിക പുനര്‍വിതരണം, കുടിയേറ്റക്കാരുടെയും തൊഴിലാളിവര്‍ഗ്ഗത്തിന്റെയും പുനരധിവാസം, ഘഏആഠഝ+ അവകാശങ്ങള്‍, വംശഹത്യാ വിരുദ്ധത, അന്തര്‍ദേശീയ നീതി, സാമ്പത്തിക സമത്വം തുടങ്ങി മംദാനി പറഞ്ഞുവെച്ച ഓരോ ഇടതുപക്ഷ ആശയങ്ങളും നയങ്ങളും അമേരിക്കയെ മാത്രമല്ല ലോകത്തെ കുത്തകമുതലാളിത്ത വ്യവസ്ഥയെയും തീവ്ര വലതുപക്ഷത്തെയും വിറളി പിടിപ്പിക്കുമെന്നത് തീര്‍ച്ചയായാണ്. എന്നാല്‍ അപ്പുറത്ത് മംദാനി എന്ന 'കമ്യൂണിസ്റ്റ് ഭ്രാന്തന്‍' ഇവയോരൊന്നും നടപ്പിലാക്കുന്നത് കാണാന്‍ കാത്തിരിക്കുന്ന പാവപ്പെട്ടവരുടെ, സാധാരണക്കാരുടെ, അടിച്ചമര്‍ത്തവരുടെ വലിയൊരു ലോകമുണ്ട്. അത് അമേരിക്കയെ എങ്ങനെ മാറ്റിമറിക്കുമെന്ന ആകാംക്ഷയും ശക്തമാണ്.

Content Highlights: Zohraan Mamdani's win is a reply to Trump

To advertise here,contact us