ബിഹാർ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പോളിംഗിന് തുടക്കം കുറിച്ച പശ്ചാത്തലത്തിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം വീണ്ടും ചർച്ചയിലേയ്ക്ക് വരികയാണ്. രാജ്യ വ്യാപകമായി വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം നടപ്പിലാക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ബിഹാർ തെരഞ്ഞെടുപ്പിന് സവിശേഷമായ പ്രാധാന്യമുണ്ട്. ബിഹാറിൽ എസ്ഐആറിൻ്റെ ഭാഗമായി ഏതാണ്ട് 50ലക്ഷത്തിനടുത്ത് വോട്ടർമാർ പട്ടികയിൽ നിന്നും പുറത്തായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനാൽ തന്നെ എസ്ഐആർ ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളെല്ലാം ഉറ്റുനോക്കുന്നത്.
ബിഹാറിലെ 243 നിയമസഭാ സീറ്റുകളിലെ ഓരോ മണ്ഡലത്തിലും ഏകദേശം 15,000 മുതൽ 20,000 വരെ വോട്ടർമാരെ ഇത്തരത്തിൽ ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പ് ഫലത്തിൽ എന്ത് സംഭവിക്കുമെന്ന ചോദ്യം മഹാഖഡ്ബന്ധനെ സംബന്ധിച്ച്ആശങ്കപ്പെടുത്തുന്നതാണ്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 52 മണ്ഡലങ്ങളിലെ ഭാഗധേയം നിർണ്ണയിക്കപ്പെട്ടത് 5000ത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. ബാർബിഗ, രാംഗഡ്, മതിയാനി, ഭോറെ, ഡെഹ്രി, ബച്ച്വാര, ചകായ്, കുർഹാനി, ഹിൽസ, ബഖ്രി എന്നീ 10 നിയമസഭാ മണ്ഡലങ്ങളിൽ വിജയികളുടെ ഭൂരിപക്ഷം അഞ്ഞൂറ് വോട്ടിന് ചുവടെയായിരുന്നു. എസ്ഐആറിന് പുറമെ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടിയുടെ സാന്നിധ്യവും ചെറിയ ഭൂരിപക്ഷം വിജയം നിർണ്ണയിച്ച മണ്ഡലങ്ങളിൽ നിർണ്ണായകമമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75 സീറ്റുകളുമായി ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. രണ്ടാമതെത്തിയ ബിജെപിക്ക് ലഭിച്ചത് 74 സീറ്റുകളായിരുന്നു. ജെഡിയു 43 സീറ്റുകളിൽ വിജയിച്ചു. 125 സീറ്റുകൾ നേടിയ എൻഡിഎ മുന്നണി അധികാരത്തിൽ എത്തി. ആർജെഡി നേതൃത്വത്തിലുള്ള മഹാഖഡ്ബന്ധന് 110 സീറ്റുകൾ മാത്രം നേടാനെ സാധിച്ചിരുന്നുള്ളു. ഈ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോഴാണ് പുതുക്കിയ വോട്ടർ പട്ടിക ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തെ ഏതുനിലയിൽ സ്വാധീനിക്കും എന്ന ചോദ്യം ഉയരുന്നത്.
നവംബർ ആറിനും 12നും രണ്ട് ഘട്ടമായി നടക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 7.4 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. 2020നെ അപേക്ഷിച്ച് മൊത്തം വോട്ടർമാരുടെ എണ്ണത്തിൽ ആറ് ശതമാനത്തിൻ്റെ കുറവുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്.
ഭരണപക്ഷത്തിന് അനുകൂലമായാണ് ബിഹാറിൽ എസ്ഐആർ എന്ന ആരോപണം ഇതിനകം തന്നെ ശക്തമാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വാധീനകേന്ദ്രമായ മഗധ് ഉൾപ്പെടുന്ന പാട്ന മേഖലയിലാണ് വോട്ടർമാരുടെ ഏറ്റവും കൂടുതൽ കൂട്ടിച്ചേർക്കൽ നിരക്കെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം മുസ്ലിം വോട്ടർമാർക്ക് ആധിപത്യമുള്ള സീമാഞ്ചൽ മേഖലയിലാണ് എസ്ഐആറിൻ്റെ ഭാഗമായി ഏറ്റവും ഉയർന്ന നിരക്കിൽ വോട്ടർമാരെ നീക്കം ചെയ്തതെന്നാണ് റിപ്പോർട്ട്. ഏതാണ് 7.7 ശതമാനമാണ് ഈ മേഖലയിൽ വോട്ടർമാരെ ഒഴിവാക്കിയിരിക്കുന്നതിൻ്റെ നിരക്ക്.
കിഷൻഗഞ്ച്, പൂർണിയ, കതിഹാർ, അരാരിയ എന്നീ നാല് ജില്ലകൾ ഉൾപ്പെടുന്ന ഈ മേഖലയിൽ മുസ്ലിം ജനസംഖ്യ ശരാശരി 48 ശതമാനമാണെന്നാണ് കണക്ക്. ആർജെഡിയും കോൺഗ്രസും ഉൾപ്പെടുന്ന മഹാഖഡ്ബന്ധനെ പിന്തുണയ്ക്കുന്നവരാണ് ഇവരിൽ ബഹുഭൂരിപക്ഷവും. സീമാഞ്ചലിലെ മുസ്ലിങ്ങൾക്ക് വോട്ടവകാശം നിഷേധിക്കുകയും അവരുടെ പേരുകൾ പട്ടികയിൽ നിന്നും തെറ്റായ മാർഗ്ഗങ്ങളിലൂടെ ഇല്ലാതാക്കുകയും ചെയ്തതായി ആരോപണമുണ്ട്. ശരിയായ പരിശോധനയില്ലാതെ പേരുകൾ ഒഴിവാക്കി, താൽക്കാലികമായി ജോലിക്ക് പോയെങ്കിലും വോട്ടവകാശം നിലനിർത്തിയിരുന്ന കുടിയേറ്റ തൊഴിലാളികളുടെ പേരുകൾ നീക്കം ചെയ്തു തുടങ്ങിയ നിരവധി ആരോപണങ്ങളാണ് എസ്ഐആറുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്.
എന്നാൽ ഇത്തരം ആരോപണങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിക്കുകയാണ്. ബിഹാറിലെ എസ്ഐആർ നടപടിക്രമം കൃത്യമായിരുന്നു എന്നും അന്തിമ പട്ടികയിൽ നിന്ന് മുസ്ലീങ്ങളെ അനുപാതമില്ലാതെ ഒഴിവാക്കിയെന്ന ആരോപണങ്ങൾ വർഗീയ ലക്ഷ്യത്തോടെയുള്ളതാണെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചത്.
സീമാഞ്ചലിൽ എസ്ഐആറിൻ്റെ ഭാഗമായി വോട്ടർ പട്ടികയിൽ നടന്ന ഒഴിവാക്കലുകൾ ആർജെഡി-കോൺഗ്രസ് സഖ്യം നയിക്കുന്ന മഹാഖഡ്ബന്ധന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 24 സീറ്റുകളുള്ള സീമാഞ്ചൽ മേഖലയിൽ 2020 ലെ തിരഞ്ഞെടുപ്പിൽ ആർജെഡിയും കോൺഗ്രസും നയിക്കുന്ന മഹാസഖ്യം 15 സീറ്റുകൾ നേടിയിരുന്നു. എന്നാൽ പുതിയ എസ്ഐആർ അടിസ്ഥാനപ്പെടുത്തിയുള്ള തെരഞ്ഞെടുപ്പിൽ മഹാഖഡ്ബന്ധൻ്റെ എട്ട് മുതൽ 12വരെയുള്ള സീറ്റുകൾ നഷ്ടപ്പെടാൻ കാരണമായേക്കുമെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധർ പ്രവചിക്കുന്നത്. ഇതിന് പുറമെ നിലവിലെ സാഹചര്യത്തിൽ 5 മുതൽ10 ശതമാനം വരെ മുസ്ലിം വോട്ടുകൾ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിനും പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്കും ഇടയിൽ വിഭജിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതും മഹാഖഡ്ബന്ധനെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. സീമാഞ്ചലിൽ മാത്രമല്ല ഈ നിലയിൽ ന്യൂനപക്ഷ-യാദവ വോട്ട് ബാങ്ക് നിർണ്ണായകമായ മണ്ഡലങ്ങളിലെല്ലാം ഇത്തരം അടിയൊഴുക്കുകൾ തിരിച്ചടിയാവുക മഹാഖഡ്ബന്ധനായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ.
Content Highlights: The Bihar election results will be a signpost for the move of SIR across India