ബിൻ ലാദൻ അമേരിക്കൻ കണ്ണിൽപ്പെടാതെ രക്ഷപ്പെട്ടത് സ്ത്രീ വേഷത്തിൽ, വിവർത്തകൻ അൽ ഖ്വയ്ദ ചാരൻ: മുൻ CIA ഉദ്യോഗസ്ഥൻ

അഫ്​ഗാനിൽ ഓപ്പറേഷൻ നടത്തിയ യുഎസ് സെൻട്രൽ കമാൻഡിൻ്റെ കമാൻ‍ഡറുടെ വിവർ‌ത്തകനാണ് ലാദനെ രക്ഷപ്പെടുത്തുന്നതിനായി അമേരിക്കൻ സൈന്യത്തെ കബിളിപ്പിച്ചതെന്നാണ് കിരിയാക്കോ വെളിപ്പെടുത്തുന്നത്

2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണങ്ങൾക്ക് ശേഷം അമേരിക്കൻ കണ്ണുവെട്ടിച്ച് ഉസാമ ബിൻ ലാദൻ തോറ ബോറ കുന്നുകളിൽ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി മുൻ സിഐഎ ഓഫീസർ ജോൺ കിരിയാക്കോ. അമേരിക്ക തേടിയിരുന്ന ലാദൻ ഒരു സ്ത്രീയുടെ വേഷത്തിലാണ് തോറ ബോറ കുന്നുകളിൽ നിന്ന് കടന്ന് കളഞ്ഞതെന്നാണ് സിഐഎയുടെ മുൻ ഉദ്യോ​ഗസ്ഥൻ വെളിപ്പെടുത്തിയിരിക്കുന്നത്. സെൻട്രൽ കമാൻഡിന്റെ കമാൻഡറുടെ വിവർത്തകനായിരുന്നു ലാദന് രക്ഷപെടാനുള്ള പ്ലോട്ട് ഒരുക്കിയത്.വിവർത്തകൻ യുഎസ് സൈന്യത്തിൽ നുഴഞ്ഞുകയറിയ അൽ-ഖ്വയ്ദ പ്രവർത്തകൻ ആണെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും കിരിയാക്കോവ് വെളിപ്പെടുത്തി. എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. 15 വർഷത്തോളം സിഐഎയിൽ സേവനമനുഷ്ഠിച്ച കിരിയാക്കോ പാകിസ്താനിലെ സിഐഎയുടെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ തലവനുമായിരുന്നു. രണ്ട് സിഐഎ ഏജൻ്റുമാരുടെ പേരുകൾ വെളിപ്പെടുത്തിയതിൻ്റെ പേരിൽ കിരിയാക്കോ പിന്നീട് ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു.

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് പിന്നാലെ എടുത്തുചാടി നടപടി എടുക്കാത്തതിനെക്കുറിച്ചും കിരിയാക്കോ വ്യക്തമാക്കിയിട്ടുണ്ട്. 'അഫ്ഗാനിസ്താനിൽ ബോംബാക്രമണം ആരംഭിക്കുന്നതിന് മുമ്പ് ഞങ്ങൾ ഒരു മാസത്തിലധികം കാത്തിരുന്നുവെന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ? ഞങ്ങൾ മനഃപൂർവ്വം അങ്ങനെ ചെയ്തതായിരുന്നു. വികാരങ്ങൾ ഞങ്ങളുടെ വിധിയെ മൂടാതിരിക്കാൻ ഞങ്ങൾ ശ്രമിച്ചു. മേഖലയിൽ ശരിയായ രീതിയിൽ ആക്രമണം നടത്താനായി ഞങ്ങൾ ഒരു മാസം കാത്തിരുന്നു. തുടർന്ന് ഞങ്ങൾ പ്രധാനപ്പെട്ട അൽ-ഖ്വയ്ദ കേന്ദ്രങ്ങൾ ആക്രമിക്കാൻ തുടങ്ങി. പ്രധാനമായും തെക്കൻ, കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പഷ്തോ പ്രദേശങ്ങളിൽ. 2001 ഒക്ടോബറിൽ ഒസാമ ബിൻ ലാദനെയും അൽ-ഖ്വയ്ദ നേതൃത്വത്തെയും ടോറ ബോറയിൽ വളഞ്ഞിട്ടുണ്ടെന്ന് ഞങ്ങൾ വിശ്വസിച്ചു' എന്നായിരുന്നു ഈ കാലഘട്ടത്തെക്കുറിച്ച് കിരിയാക്കോ വ്യക്തമാക്കി.

തോറ ബോറ വളഞ്ഞ അമേരിക്കൻ സൈന്യത്തിൻ്റെ പിടിയിൽ നിന്നും ബിൻ ലാദൻ രക്ഷപ്പെട്ടതെങ്ങനെയെന്നും കിരിയാക്കോ വിശദീകരിച്ചിട്ടുണ്ട്. അഫ്​ഗാനിൽ ഓപ്പറേഷൻ നടത്തിയ യുഎസ് സെൻട്രൽ കമാൻഡിൻ്റെ കമാൻ‍ഡറുടെ വിവർ‌ത്തകനാണ് ലാദനെ രക്ഷപ്പെടുത്തുന്നതിനായി അമേരിക്കൻ സൈന്യത്തെ കബിളിപ്പിച്ചതെന്നാണ് കിരിയാക്കോ വെളിപ്പെടുത്തുന്നത്. 'അതിനാൽ ഞങ്ങൾ ബിൻ ലാദനെ വളഞ്ഞിരിക്കുന്നുവെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ അദ്ദേഹത്തോട് മലയിറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ പുലരുവോളം സമയം വേണമെന്നും സ്ത്രീകളെയും കുട്ടികളെയും അവിടെ നിന്നും ഒഴിപ്പിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും അതിന് ശേഷം കീഴടങ്ങാമെന്നും വിവർ‌ത്തകൻ മുഖേന ലാദനും സംഘവും അറിയിച്ചു. ഈ ആവശ്യം അം​ഗീകരിക്കാൻ സാഹചര്യം വിശദീകരിച്ച് ജനറൽ ഫ്രാങ്ക്സിനെ വിവർത്തകൻ ബോധ്യപ്പെടുത്തി. സെൻട്രൽ കമാൻഡിന്റെ കമാൻഡറുടെ വിവർത്തകൻ യഥാർത്ഥത്തിൽ അമേരിക്കൻ സൈന്യത്തിൽ നുഴഞ്ഞുകയറിയ ഒരു അൽ-ഖ്വയ്ദ പ്രവർത്തകനാണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. എന്തായാലും സാഹചര്യം മുതലെടുത്ത് ഒടുവിൽ ബിൻ ലാദൻ ഒരു സ്ത്രീയുടെ വേഷം ധരിച്ച് ഇരുട്ടിന്റെ മറവിൽ ഒരു പിക്കപ്പ് ട്രക്കിന്റെ പിന്നിൽ കയറി പാകിസ്താനിലേയ്ക്ക് രക്ഷപ്പെട്ടു' എന്നും കിരിയാക്കോ വെളിപ്പെടുത്തി. 'പുലർച്ചെ സൂര്യൻ ഉദിച്ചപ്പോൾ തോറ ബോറയിൽ ആരുമുണ്ടായിരുന്നില്ല. അവരെല്ലാം രക്ഷപ്പെട്ടു. അതിനാൽ പോരാട്ടം പാകിസ്താനിലേയ്ക്ക് മാറ്റേണ്ടിവന്നു', കിരിയാക്കോ കൂട്ടിച്ചേർത്തു.

പിന്നീട് 2011 മെയ് മാസത്തിൽ വടക്കൻ പാകിസ്ഥാനിലെ അബോട്ടാബാദിൽ വെച്ചാണ് അമേരിക്ക ഒസാമ ബിൻ ലാദനെ കണ്ടെത്തുന്നതും വധിക്കുന്നതും. മെയ് 2 ന് അദ്ദേഹത്തിന്റെ ഒളിയിടത്തിൽ നടത്തിയ ഓപ്പറേഷനിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പെഷ്യൽ ഫോഴ്‌സ് ലാദനെ വധിക്കുകയായിരുന്നു. ലാദൻ ഓപ്പറേഷൻ നടക്കുന്ന സമയത്ത് പാകിസ്താൻ പ്രസിഡൻ്റായിരുന്ന പർവേസ് മുഷറഫിനെക്കുറിച്ചും കിരിയാക്കോ വ്യക്തത വരുത്തി. മുഷറഫിനെ വിലയ്ക്ക് വാങ്ങിയിരുന്നെന്നും ഞങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ അദ്ദേഹം ഞങ്ങളെ അനുവദിക്കുമായിരുന്നുവെന്നുമായിരുന്നു കിരിയാക്കോയുടെ പ്രതികരണം.

'പാകിസ്താൻ സർക്കാരുമായുള്ള ഞങ്ങളുടെ ബന്ധം വളരെ വളരെ മികച്ചതായിരുന്നു. ആ സമയത്ത് ജനറൽ പർവേസ് മുഷറഫായിരുന്നു പ്രസിഡൻ്റ്. ഇവിടെ നമുക്ക് സത്യസന്ധമായി പറയാം. സ്വേച്ഛാധിപതികളുമായി ചേർന്ന് പ്രവർത്തിക്കാൻ അമേരിക്ക ഇഷ്ടപ്പെടുന്നു. കാരണം അപ്പോൾ നിങ്ങൾ പൊതുജനാഭിപ്രായത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ല, മാധ്യമങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ല. അതിനാൽ ഞങ്ങൾ മുഷറഫിനെ വാങ്ങിയെന്ന് തന്നെ പറയാം. സൈനിക സഹായമായാലും സാമ്പത്തിക വികസന സഹായമായാലും ഞങ്ങൾ ദശലക്ഷക്കണക്കിന് ഡോളർ നൽകി. മുഷറഫുമായി ഞങ്ങൾ ആഴ്ചയിൽ പലതവണ കൂടിക്കാഴ്ച നടത്തുമായിരുന്നു. ഞങ്ങൾക്ക് വേണ്ടതെല്ലാം ചെയ്യാൻ അദ്ദേഹം ഞങ്ങളെ അനുവദിക്കുമായിരുന്നു. എന്നാൽ മുഷറഫിന് സ്വന്തം നിലയിൽ കൈകാര്യം ചെയ്യേണ്ട ആളുകളും ഉണ്ടായിരുന്നു' കിരിയാക്കോ കൂട്ടിച്ചേ‍ർത്തു.

'മുഷറഫിന് സൈന്യത്തെ സന്തോഷിപ്പിക്കേണ്ടിവന്നു. സൈന്യം അൽ ഖ്വയ്ദയെക്കുറിച്ച് ശ്രദ്ധിച്ചതേയില്ല. അവർ ഇന്ത്യയെ ശ്രദ്ധിച്ചു. അതിനാൽ സൈന്യത്തെ സന്തോഷിപ്പിക്കാനും ചില തീവ്രവാദികളെ സന്തോഷിപ്പിക്കാനും അമേരിക്കയുടെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ അമേരിക്കക്കാരുമായി സഹകരിക്കുന്നതായി നടിക്കാനും ഇന്ത്യയ്‌ക്കെതിരെ ഭീകരത നടത്താനും മുഷറഫിന് അവരെ അനുവദിക്കേണ്ടി വന്നുവെന്നും കിരിയാക്കോ അഭിപ്രായപ്പെട്ടു.

2002 മാർച്ചിൽ അമേരിക്ക ലാഹോറിലെ ലഷ്കർ-ഇ-തൊയ്ബയുടെ ഒരു സുരക്ഷിത കേന്ദ്രം റെയ്ഡ് ചെയ്ത സംഭവം കിരിയാക്കോ വെളിപ്പെടുത്തി. അൽ-ഖ്വയ്ദ യുടെ പരിശീലന മാനുവലിന്റെ ഒ പകർപ്പ് കൈവശം വച്ചിരുന്ന മൂന്ന് ലഷ്കർ-ഇ-തൊയ്ബ പോരാളികളെ ഇവിടെ നിന്നും ഞങ്ങൾ പിടികൂടി. ലഷ്കർ-ഇ-തൊയ്ബയെ അൽ-ഖ്വയ്ദയുമായി ബന്ധിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത് ആദ്യമായിട്ടായിരുന്നു. പരിശീലന മാനുവൽ കണ്ടെത്തിയതിന് സിഐഎ ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ട‍ർ അഭിനന്ദിച്ചിരുന്നു. പാകിസ്താൻ സർക്കാരിനെ അൽ-ഖ്വയ്ദയുമായി ബന്ധിപ്പിക്കാൻ കഴിയുന്നത് ആദ്യമായിട്ടായിരുന്നു' എന്നും അദ്ദേഹം വെളിപ്പെടുത്തി.

ഈ വിഷയം ഉയർത്തി കാണിക്കാത്തതിനെക്കുറിച്ചും കിരിയാക്കോ പ്രതികരിച്ചു. ഇന്ത്യയേക്കാൾ വലുതാണ് താൽക്കാലത്തേയ്ക്ക് എങ്കിലും പാകിസ്താനുമായുള്ള ബന്ധം എന്നതായിരുന്നു വൈറ്റ്ഹൗസിൽ നിന്നുള്ള തീരുമാനം എന്നും കിരിയാക്കോ വ്യക്തമാക്കി. സമയത്ത് ഞങ്ങൾക്ക് പാകിസ്താനികളെ ആവശ്യമായിരുന്നു. അവർക്ക് വേണ്ടി പണം എറിയുന്നത് കൊണ്ടാൻ അവർ പ്രതികരിച്ചത്. ബലൂചിസ്ഥാനിൽ ഞങ്ങളുടെ ഡ്രോണുകൾ താവളമാക്കാൻ ഞങ്ങൾക്ക് അവരെ ശരിക്കും ആവശ്യമായിരുന്നു എന്നും കിരിയാക്കോ ചൂണ്ടിക്കാണിച്ചു.

Content Highlights:  Osama Bin Laden Escaped Disguised As A Woman Ex-CIA Officer John Kiriakou

To advertise here,contact us