അമേരിക്ക പിടികൂടി വിട്ടയച്ച റഷ്യൻ ചാരവനിതയെ പുതിയ ദൗത്യം ഏല്‍പ്പിച്ച്‌ പുടിൻ; ആരാണ് അന്ന ചാപ്മാൻ

അമേരിക്കൻ അന്വേഷണ ഏജൻസിയുടെ പിടിയിൽ അകപ്പെട്ട അന്ന ചാപ്മാൻ്റെ കഥ ഒരു സ്പൈ ത്രില്ലർ സിനിമാ കഥ പോലെ ആകാംക്ഷ നിറഞ്ഞതാണ്

മാതാ ഹരിമുതൽ ലോകം ആകാംക്ഷയോടെയും കൗതുകത്തോടെയും ചർച്ച ചെയ്ത ചാരവനിതകൾ ഏറെയാണ്. ആധുനിക കാലത്ത് ആ നിലയിൽ ചർച്ചയിൽ വന്ന റഷ്യക്കാരിയ അന്ന ചാപ്മാനെ പുതിയ ദൗത്യം ഏൽപ്പിച്ചിരിക്കുകയാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമി‍ർ പുടിൻ. പുതിയതായി സ്ഥാപിതമായ മ്യൂസിയം ഓഫ് റഷ്യൻ ഇൻ്റലിജൻസിൻ്റെ തലപ്പത്താണ് പുടിൻ അന്നയെ അവരോധിച്ചിരിക്കുന്നത്.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വിദേശ ചാര ഏജൻസിയായ എസ്‌വി‌ആറുമായി നേരിട്ട് ബന്ധപ്പെട്ടാണ് ഈ മ്യൂസിയം പ്രവർത്തിക്കുക. മോസ്കോയിൽ ​ഗോർക്കി പാർക്കിന് സമീപം ഫോറിൻ ഇൻ്റലിജൻസ് സർവീസിൻ്റെ പ്രസ് ഓഫിനുള്ളിലാണ് മ്യൂസിയം പ്രവർത്തിക്കുക. റഷ്യൻ ചാരവൃത്തികളുടെ ചരിത്രവും 'നേട്ടങ്ങളും' ഇവിടെ പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എസ്‌വി‌ആറിന്റെ നിലവിലെ മേധാവിയും പുടിന്റെ അടുത്ത അനുയായിയുമായ സെർജി നരിഷ്കിന്റെ മേൽനോട്ടത്തിൽ റഷ്യൻ ചാരന്മാരുടെ 'പാരമ്പര്യം' ഇവിടെ അനാവൃതമാകുമെന്നാണ് കരുതപ്പെടുന്നത്.

ആരാണ് അന്ന ചാപ്മാൻ

അമേരിക്കൻ അന്വേഷണ ഏജൻസിയുടെ പിടിയിൽ അകപ്പെട്ട അന്ന ചാപ്മാൻ്റെ കഥ ഒരു സ്പൈ ത്രില്ലർ സിനിമാ കഥ പോലെ ആകാംക്ഷ നിറഞ്ഞതാണ്. മാർവൽ കോമിക്സിലെ ഒരു കഥാപാത്രമായ 'ബ്ലാക്ക് വിഡോ' എന്ന പേരിലും അന്ന അറിയപ്പെട്ടിരുന്നു. റഷ്യയ്ക്കായി ചാരവൃത്തി ചെയ്തതായി ആരോപിച്ചായിരുന്നു ചാപ്മാനെ എഫ്ബിഐ അറസ്റ്റ് ചെയ്തത്. 2010ൽ ഓപ്പറേഷൻ ഗോസ്റ്റ് സ്റ്റോറീസിൻ്റെ ഭാ​ഗമായി എഫ്ബിഐ നടത്തിയ അന്വേഷണത്തിലാണ് ചാപ്മാൻ അറസ്റ്റിലാകുന്നത്. ഒരു പതിറ്റാണ്ടോളം നീണ്ട ഈ അന്വേഷണത്തിൻ്റെ ഭാ​ഗമായി അമേരിക്കയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ചാരവൃത്തിയിലേർപ്പെട്ടവരെ കണ്ടെത്തിയെന്നായിരുന്നു എഫ്ബിഐയുടെ അവകാശവാദം.

2009ൽ അന്ന ചാപ്മാൻ മാൻഹട്ടനിലേക്ക് താമസം മാറിയപ്പോൾ താൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുന്നുവെന്നായിരുന്നു അന്ന പുതിയ സുഹൃത്തുക്കളോട് പറഞ്ഞത്. ഇതിനും ഒരു വർഷത്തിന് ശേഷമായിരുന്നു റഷ്യയ്ക്കായി ചാരവൃത്തി നടത്തിയെന്ന പേരിൽ അന്ന അറസ്റ്റിലാകുന്നത്. അമേരിക്കയിൽ പ്രവർത്തിക്കുന്ന റഷ്യൻ രഹസ്വാനേഷകരെക്കുറിച്ചുള്ള നിരീക്ഷണത്തിൻ്റെ ഭാ​ഗമായിട്ടായിരുന്നു അന്ന എഫ്ബിഐയുടെ റഡാറിൽ കുടുങ്ങിയത്. നയതന്ത്ര പരിരക്ഷയില്ലാതെ അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇന്റലിജൻസ് ഏജന്റുമാരെ കണ്ടെത്താനുള്ള ഓപ്പറേഷൻ എന്ന നിലയിലായിരുന്നു ഗോസ്റ്റ് സ്റ്റോറീസ് എന്ന നിയമവിരുദ്ധർക്കെതിരായ ഓപ്പറേഷൻ എഫ്ബിഐ നടത്തിയത്.

എഫ്ബിഐ ഏജന്റുമാരും വിശകലന വിദഗ്ധരും അമേരിക്കൻ സമൂഹവുമായി ലയിച്ച് ചേർന്ന് ജീവിക്കുന്ന ചാരന്മാരെ നിരീക്ഷിച്ചു. ചിലർ വ്യാജ മേൽവിലാസങ്ങൾ ഉപയോഗിച്ചായിരുന്നു ഈ നിലയിൽ അമേരിക്കയിൽ നിയമവരുദ്ധമായി താമസിച്ചിരുന്നത്. അവരിൽ പലരും റഷ്യയുടെ വിദേശ ഇന്റലിജൻസ് സർവീസിൽ ജോലി ചെയ്യുന്നതിനിടെ അമേരിക്കയിൽ നിന്ന് വിവാഹം കഴിച്ചു, വീടുകൾ വാങ്ങി, കുട്ടികളെ വളർത്തി, ജോലികൾ ചെയ്തു. ഇതിനിടയിൽ അയയ്ക്കുന്നതിനായി ചാരന്മാർ വിവരങ്ങൾ ശേഖരിച്ചു. യുഎസ് നയരൂപീകരണ വൃത്തങ്ങളുമായി ബന്ധപ്പെട്ട വിവര ശ്രോതസ്സുകൾക്കായി ഇവർ‌ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും കണ്ടെത്തിയെന്നും എഫ്ബിഐ പറഞ്ഞിരുന്നു.

2010 ജൂൺ 27നായിരുന്നു അന്ന ചാപ്മാൻ ഉൾപ്പെടെ 10 നിയമവിരുദ്ധ ഏജൻ്റ്സിനെ എഫ്ബിഐ അറസ്റ്റ് ചെയ്യുന്നത്. അമേരിക്കയ്ക്കുള്ളിൽ റഷ്യൻ ഫെഡറേഷന്റെ നിയമവിരുദ്ധ ഏജന്റുമാരായി പ്രവർത്തിക്കാൻ ഗൂഢാലോചന നടത്തിയതായി ഇവർ പതിനൊന്ന് ദിവസത്തിന് ശേഷം കുറ്റസമ്മതം നടത്തിയെന്നാണ് എഫ്ബിഐ പറയുന്നത്. റഷ്യൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നതിനായി രഹസ്യ വയർലെസ് നെറ്റ്‌വർക്കുകൾ ഉപയോ​ഗിക്കാൻ അന്ന തന്റെ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നുണ്ടെന്നും എഫ്‌ബി‌ഐ പിന്നീട് വെളിപ്പെടുത്തി. അമേരിക്കയിലേയ്ക്ക് എത്തിയതിന് ശേഷം അറസ്റ്റിന് മുമ്പായി അന്ന ഏകദേശം പത്ത് തവണ ഇത്തരം ഓപ്പറേഷൻ നടത്തിയതായാണ് അമേരിക്കൻ അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയത്. പാശ്ചാത്യ ഇന്റലിജൻസുമായി സഹകരിച്ചതായി ആരോപിക്കപ്പെടുന്ന നാല് റഷ്യക്കാരെ മോചിപ്പിച്ചതിന് പകരമായി അമേരിക്ക പിന്നീട് ഇവരെ മോസ്കോയിലേയ്ക്ക് നാടുകടത്തുകയായിരുന്നു.

അമേരിക്കയിൽ എത്തുന്നതിന് മുമ്പ് അന്ന ചാപ്മാൻ ലണ്ടനിൽ ജീവിതത്തിൻ്റെ ഒരു ഘട്ടം ചെലവഴിച്ചിരുന്നു. രാഷ്ട്രീയക്കാരും ബിസിനസുകാരും പ്രഭുക്കന്മാരും അടക്കമുള്ള ഉന്നത ബന്ധങ്ങൾ നേടുന്നതിനായി തന്റെ ആകർഷണീയതയും സാമൂഹിക കഴിവുകളും അന്ന ഉപയോ​ഗിച്ചിരുന്നു. അലക്സ് ചാപ്മാനുമായുള്ള വിവാഹത്തിലൂടെ അന്നയ്ക്ക് ബ്രിട്ടീഷ് പൗരത്വവും ലഭിച്ചിരുന്നു. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. ഒരു പവർ ഡ്രിൽ ഉപയോഗിച്ച് അന്ന തന്നെ കൊല്ലാൻ ശ്രമിച്ചുവെന്ന് അലക്സ് ഒരിക്കൽ ആരോപിച്ചു. ലണ്ടനിൽ താമസിക്കവെയാണ് ഒരു റഷ്യൻ ഏജന്റ് നെറ്റ്‌വർക്കിംഗിലുള്ള അന്നയുടെ കഴിവ് ശ്രദ്ധിക്കുകയും അവരെ റിക്രൂട്ട് ചെയ്യുകയും ചെയ്തത്.

ബോണ്ടിഅന്ന ടു റഷ്യ വിത്ത് ലവ് എന്ന തന്റെ ഓർമ്മക്കുറിപ്പിൽ 007 ആയ യഥാർത്ഥ സ്ത്രീയെന്ന് അന്ന സ്വയം വിശേഷിപ്പിച്ചിരുന്നു. 'എനിക്ക് എത്രത്തോളം സ്വാധീനമുണ്ടെന്ന് എനിക്കറിയാമായിരുന്നു. ആവശ്യമായ ​ഗുണങ്ങൾ-മെലിഞ്ഞ അരക്കെട്ട്, പൂർണ്ണമായ നെഞ്ച്, ചുവന്ന മുടിയുടെ ഒരു പാളി- പ്രകൃതി എനിക്ക് ഉദാരമായി നൽകിയിരുന്നു. എനിക്ക് അത് ഊന്നിപ്പറയുക മാത്രമായിരുന്നു ചെയ്യേണ്ടിയിരുന്നത്. ലളിതവും എന്നാൽ സെക്സിയുമായ വസ്ത്രങ്ങൾ, നേരിയ മേക്കപ്പ്, എന്നെക്കുറിച്ചുള്ള അനായാസമായ ഒരു അന്തരീക്ഷം എന്നിവ യിലൂടെ ഞാനത് ചെയ്തു. ഞാൻ പ്രീതിപ്പെടുത്താൻ അധികം ശ്രമിച്ചില്ല. അത് മന്ത്രജാലം പോലെ പ്രവർത്തിച്ചു' എന്നായിരുന്നു പുസ്തകത്തിൽ അന്ന തന്നെക്കുറിച്ച് സ്വയം പകർത്തിയെഴുതിയത്.

ആഡംബര യാത്രകൾ, ആഡംബര പാർട്ടികൾ, പ്രബലരുമായുള്ള ഇടപഴകൽ അടക്കമുള്ള ഒരു ഗ്ലാമറസ് ജീവിതം പുസ്തകത്തിൽ അന്ന വിവരിക്കുന്നുണ്ട്. സ്ട്രിപ്പ് പോക്കർ ഗെയിം വിജയിച്ചതിന് ശേഷം ലണ്ടൻ ഹെഡ്ജ് ഫണ്ടിൽ ജോലി ലഭിച്ചതെങ്ങനെയെന്ന കഥയും അന്ന വിവരിക്കുന്നുണ്ട്.

അമേരിക്കൻ പിടിയിൽ നിന്ന് റഷ്യയിൽ മടങ്ങിയെത്തിയ ശേഷം അന്ന അവളെ സ്വയം മറ്റൊരാളായി പുനർനിർമ്മിച്ചു. ആദ്യം ഒരു ബിസിനസുകാരിയായും പിന്നീട് ഒരു ടിവി അവതാരകയായും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായും അന്ന പരിണമിച്ചു. പുടിന്റെ വിശ്വസ്ത അനുയായികളിൽ ഒരാളായി മാറിയ അന്ന പലപ്പോഴും ക്രെംലിൻ അനുകൂല ദേശസ്നേഹ പ്രചാരണങ്ങളുടെ ഭാ​ഗമായി മാറി. അതിനൊപ്പം റഷ്യൻ ഇൻ്റലിജൻസിൻ്റെ ദേശീയ അഭിമാനത്തിന്റെ പ്രതീകമായും അന്ന മാറി. ഇപ്പോൾ 43 വയസ്സുള്ള അവർ അന്ന റൊമാനോവ എന്ന അപരനാമത്തിൽ പരമ്പരാഗത റഷ്യൻ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിലയിലുള്ള ഇടപെടലുകളും നടത്തുന്നതായാണ് റിപ്പോ‍ർട്ട്.

Content Highlights: Anna Chapman Returns For Russia's New Spy Mission

To advertise here,contact us