ചർച്ചയായി അമൂല്യ പുരാവസ്തുക്കളുടെ മോഷണം; ലൂവ്രെ മ്യൂസിയത്തിലേത് ഉൾപ്പെടെ ലോകത്തെ ഞെട്ടിച്ച 5 കൊള്ളകൾ

ലോകത്ത് നടന്ന ഏറ്റവും വിദ​ഗ്ധവും ആസൂത്രിതവും നി​ഗൂഢവുമായ ഇത്തരം അ‍ഞ്ച് കൊള്ളകൾ ഏതെന്ന് അറിയാം

വളരെ അപൂർവ്വമായ വിലമതിക്കാനാവാത്ത കലാസൃഷ്ടികളും വളരെ വിചിത്രമായ ഇൻസ്റ്റിലേഷനുകളുമെല്ലാം ലോകത്ത് പലയിടത്തും മോഷ്ടാക്കളുടെ പ്രധാന ആകർഷണങ്ങളായി മാറിയിട്ടുണ്ട്. മ്യൂസിയങ്ങളിലെയോ കൊട്ടരങ്ങളിലെയോ വിലകൂടിയ ആഭരണശേഖരങ്ങളെയും ഇവർ ലക്ഷ്യം വെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കൊള്ളകളെ ആസ്പദമാക്കി നിരവധി സിനിമകളും സീരീസുകളും പുറത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാരിസിലെ ലൂവ്രെ മ്യൂസിയത്തിൽ നടന്ന കവർച്ച വീണ്ടും ഇത്തരം കൊള്ളകളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ലോകത്ത് നടന്ന ഏറ്റവും വിദ​ഗ്ധവും ആസൂത്രിതവും നി​ഗൂഢവുമായ ഇത്തരം അ‍ഞ്ച് കൊള്ളകൾ ഏതെന്ന് നോക്കാം.

ലൂവ്രെയിൽ നിന്ന് രാജകീയ ആഭരണങ്ങളുടെ കവ‍ർച്ച (2025)

പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന മോഷണം സിനിമാകഥകളെ വെല്ലുന്നതായിരുന്നു. എല്ലാ സുരക്ഷാ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച് വെറും ഏഴ് മിനുട്ടുകൊണ്ടാണ് മോഷണം പൂർത്തിയാക്കി മോഷ്ടാക്കൾ അതിവിദ​ഗ്ധമായി കടന്ന് കളഞ്ഞത്. ഫ്ലൂറസെന്റ് വസ്ത്രങ്ങൾ ധരിച്ച നാല് പുരുഷന്മാർ ഞായറാഴ്ച രാവിലെയാണ് തിരക്കേറിയ പാരീസ് ന​ഗരവീഥിയിലൂടെ അസാധാരണമായ സംശയങ്ങളൊന്നും തോന്നിപ്പിക്കാതെ മ്യൂസിയത്തിന് സമീപം എത്തിയത്. നീളം കൂട്ടാവുന്ന ഒരു ഗോവണി ഉപയോഗിച്ചാണ് ഇവ‍ർ ഗാലറി ഡി അപ്പോളണിലേക്ക് കയറിയത്. ജനൽ വഴി അകത്തെത്തിയ ഇവർ ഒമ്പത് അമൂല്യ വസ്തുക്കളുമായി അപ്രത്യക്ഷരായി. ഏഴ് മിനിറ്റുകൊണ്ടായിരുന്നു തികച്ചും അസാധ്യമെന്ന് തോന്നുന്ന ഈ കൊള്ള ഇവർ നടത്തിയത്. മോഷ്ടാക്കൾ കവർന്നെടുത്ത വസ്തുക്കളിൽ നെപ്പോളിയൻ മൂന്നാമന്റെ ഭാര്യയും ഫ്രാൻസിലെ ചക്രവർത്തിനിയുമായിരുന്നു യൂജിനിയുടെ ആഭരണങ്ങളും കീരീടവും ഉൾപ്പെടുന്നുവെന്നാണ് റിപ്പോ‍ർട്ട്. വളരെ അമൂല്യമായ വസ്തുക്കൾ സൂക്ഷിക്കുന്ന ലൂവ്രെ മ്യൂസിയത്തിൽ നടന്ന ഈ കൊള്ളയ്ക്ക് പിന്നിൽ വിദ​ഗ്ധരായ മോഷ്ടാക്കളുടെ ഏറെ നാളത്തെ ആസൂത്രണം ഉണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

മോഷണം പോയ മൊണാലിസ

ലൂവ്രെ മ്യൂസിയത്തിൽ ഒരു നൂറ്റാണ്ട് മുമ്പ് നടന്ന മറ്റൊരു മോഷണവും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടതാണ്. ലിയോനാർഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധ ചിത്രമായ "മോണലിസയാണ് അന്ന് ലൂവ്രെയിൽ നിന്ന് അപ്രത്യക്ഷമായത്. പുറത്ത് നിന്നുള്ള മോഷ്ടാക്കളായിരുന്നില്ല ഇതിന് പിന്നിൽ. മ്യൂസിയം ജീവനക്കാരനായ വിൻസെൻസോ പെറുഗ്ഗിയ ആയിരുന്നു 1911 ഓഗസ്റ്റ് 21ന് ഇവിടെ നിന്ന് ചിത്രം കവ‍ർന്നത്. പിന്നീട് രണ്ട് വർഷത്തിന് ശേഷമാണ് ഈ ചിത്രം കണ്ടെത്തിയത്. ഇറ്റാലിയൻ ദേശീയവാദിയാണെന്ന് അവകാശപ്പെട്ടിരുന്ന പെറുഗ്ഗിയ പെയിന്റിംഗ് ഇറ്റലിയിലേക്ക് തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മോഷണത്തിന് തുനിഞ്ഞത്. പെയിന്റിംഗ് ഇറ്റലിയുടേതാണെന്നും അത് തെറ്റായി പാരിസിൽ എത്തിയതാണെന്നുമായിരുന്നു പെറു​ഗ്​ഗിയയുടെ നിലപാട്. പിന്നീട് 1913ലാണ് ചിത്രം ഇവിടെ തിരിച്ചെത്തുന്നത്. അന്ന് മുതൽ‌ പിന്നീട് ഇതുവരെ ഫ്രാൻസിൻ്റെ അഭിമാന സ്തംഭമായാണ് ഈ ചിത്രം ഇവിടെ പ്രദർശിപ്പിക്കപ്പെടുന്നത്.

കൊള്ളയടിക്കപ്പെട്ട സ്വർണ്ണ ടോയ്‌ലെറ്റ്‌ (2019)

2019വരെ ഇംഗ്ലണ്ടിലെ ബ്ലെൻഹൈം കൊട്ടാരത്തിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ 18 കാരറ്റ് സ്വർണ്ണ ടോയ്‌ലറ്റ് ഉണ്ടായിരുന്നു. ഇറ്റാലിയൻ കലാകാരനായ മൗറീഷ്യോ കാറ്റലന്റെ "അമേരിക്ക" എന്ന പേരിലുള്ളതായിരുന്നു ഈ കഥാസൃഷ്ടി. ആറ് മില്യൺ ഡോളറിലധികം വിലമതിക്കുന്നതായിരുന്നു ഈ സ്വർണ്ണ ടോയ്ലെറ്റ്. രാത്രിയിൽ കൊട്ടാരത്തിനുള്ളിൽ കടന്ന മോഷ്ടാക്കൾ സ്വർണ്ണ കമ്മോഡിന്റെ ബോൾട്ട് അഴിച്ചുമാറ്റി അതുമായി അപ്രത്യക്ഷരാവുകയായിരുന്നു. 2019ലായിരുന്നു സംഭവം. നിരവധി ഏജൻസികളെ അന്വേഷണത്തിന് നിയോ​ഗിച്ചെങ്കിലും സ്വർണ്ണ ടോയ്ലെറ്റ് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തെങ്കിലും തൊണ്ടിമുതൽ ഇന്നും കാണാമറയത്താണ്.

ഗാർഡ്നർ മ്യൂസിയത്തിൽ നിന്ന് അപ്രത്യക്ഷമായ കലാസൃഷ്ടികൾ (1990)

ബോസ്റ്റണിലെ ഇസബെല്ല സ്റ്റുവർട്ട് ഗാർഡ്‌നർ മ്യൂസിയത്തിന്റെ ചുവരുകളിൽ ചില ഭാ​ഗങ്ങൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. 1990വരെ ഇവിടെ അമൂല്യമായ ചില കലാസൃഷ്ടികൾ ഇടം പിടിച്ചിരുന്നു. 500 മില്യൺ ഡോളറിലധികം വിലമതിക്കുന്ന 13 കലാസൃഷ്ടികളായിരുന്നു ഇവിടെ നിന്നും മോഷണം പോയത്. 1990-ലെ സെന്റ് പാട്രിക്സ് ദിനത്തിൻ്റെ അന്ന് രാത്രിയിലാണ് പൊലീസുകാരുടെ വേഷം ധരിച്ചെത്തിയ രണ്ട് മോഷ്ടാക്കൾ ഇസബെല്ല സ്റ്റുവർട്ട് ഗാർഡ്‌നർ മ്യൂസിയത്തിൽ എത്തിയത്. മ്യൂസിയം ഗാർഡുകളെ കെട്ടിയിട്ടാണ് ഇവർ മോഷണം നടത്തിയത്. മോഷ്ടിച്ച വസ്തുക്കളിൽ വെർമീറിന്റെ ദി കൺസേർട്ട്, റെംബ്രാൻഡിന്റെ സ്റ്റോം ഓൺ ദി സീ ഓഫ് ഗലീലി, ഡെഗാസ് സ്കെച്ചുകൾ എന്നിവ ഉൾപ്പെടുന്നു. നാളിതുവരെയായിട്ടും ഇവിടെ നിന്നും മോഷ്ടിച്ച അമൂല്യ കലാസൃഷ്ടികൾ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ഇവ കണ്ടെത്തുവർക്ക് 10 മില്യൺ ഡോളർ പാരിതോഷികമാണ് മ്യൂസിയം വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

ഓസ്‌ലോയിൽ പകൽ വെളിച്ചത്തിൽ ഒരു കൊള്ള (2004)

2004ൽ നോർവെയിലെ ഓസ്‌ലോയിൽ നടന്ന കവർച്ച സമാനതകളില്ലാത്തതായിരുന്നു. പകൽ വെളിച്ചത്തിൽ സന്ദർശകരെ കാഴ്ചക്കാരാക്കി നി‍ർത്തിയായിരുന്നു മോഷ്ടാക്കൾ കവർച്ച നടത്തിയത്. ആയുധധാരികളായെത്തിയ മോഷ്ടാക്കൾ ഓസ്‌ലോയിലെ പ്രശസ്തമായ മഞ്ച് മ്യൂസിയത്തിലാണ് പകൽ വെളിച്ചത്തിൽ മോഷണം നടത്തിയത്. ദി സ്‌ക്രീം, മഡോണ എന്നീ കലാസൃഷ്ടികളായിരുന്നു മോഷ്ടാക്കൾ ചുമരുകളിൽ നിന്ന് എടുത്തുകൊണ്ടുപോയത്. മ്യൂസിയത്തിൽ ഉണ്ടായിരുന്ന സന്ദർശകർക്ക് മുന്നിൽ വെച്ചായിരുന്നു ഈ മോഷണം. എന്തെങ്കിലും നിലയിൽ കണ്ണുവെട്ടിച്ചോ വേഷപ്രച്ഛന്നരായോ ആയിരുന്നില്ല മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. കവർച്ചയ്ക്ക് പിന്നാലെ അന്താരാഷ്ട്ര തലങ്ങളിൽ അടക്കം മോഷ്ടിക്കപ്പെട്ട കലാസൃഷ്ടിക്കായി അന്വേഷണം നടന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷമാണ് ഇവ വീണ്ടെടുക്കാൻ സാധിച്ചത്. കണ്ടെടുത്ത പെയിന്റിംഗുകൾക്ക് നേരിയ കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ ഈ അപൂ‍ർവ്വ കലാവസ്തുക്കൾ കണ്ടെടുത്തിനെ ദേശീയ വിജയം പോലെയായിരുന്നു നോർവെക്കാ‍ർ ആഘോഷിച്ചത്.

Content Highlights: Theft of priceless antiquities is a topic of discussion Five robberies that shocked the world

To advertise here,contact us