പ്രതിസന്ധികളെ മറികടക്കാന്‍ ശരീരം കണ്ടെത്തിയ സ്ട്രെസ് എന്ന കുറുക്കുവഴി; അമിതമായാല്‍ ഹൃദയം പണിമുടക്കും

പലപ്പോഴും രോഗിയ്ക്കോ, കുടുംബാംഗങ്ങള്‍ക്കോ ഈ ദീര്‍ഘകാല മാനസീക സമ്മര്‍ദത്തിന്റെ അപകടകരമായ സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കാറില്ല

പുതിയ കാലത്തെ തിരക്കേറിയ ജീവിതത്തില്‍ സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം നമുക്ക് മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒന്നായി മാറിക്കഴിഞ്ഞു. യാതൊരു തരത്തിലുമുള്ള സമ്മര്‍ദ്ദങ്ങളോ ആശങ്കകളോ ഇല്ലാത്ത സമാധാന പൂര്‍ണ്ണമായ ഒരു ജീവിതം വലിയൊരു വിഭാഗംപേര്‍ക്കും ഒരാഗ്രഹം മാത്രമായിത്തീരുകയാണ്. നമ്മള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളോട് നമ്മുടെ ശരീരം പ്രതികരിക്കുന്ന രീതിയാണ് സ്ട്രെസ് അഥവാ മാനസിക പിരിമുറുക്കമെന്ന് നമുക്ക് ലളിതമായി പറയാം.

ചുരുങ്ങിയ സമയത്തില്‍ പൂര്‍ത്തിയാക്കേണ്ടി വരുന്ന ഡെഡ്ലൈന്‍ മറികടക്കുവാനോ, പെട്ടെന്നുള്ള ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടുവാനോ സ്ട്രെസ് സഹായകമാകുന്നുവെങ്കിലും ദീര്‍ഘകാലമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന മാനസിക സമ്മര്‍ദ്ദം അപകടകരമായ മറ്റുപല രോഗങ്ങളിലേക്കും നമ്മെ നയിച്ചേക്കാം. ചില ഹോര്‍മോണുകളിലും ന്യൂറല്‍ ആക്ടിവിറ്റികളിലും പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളുമായി സ്ട്രെസ് ബന്ധപ്പെട്ടിരിക്കുന്നു. മുന്നിലുള്ള പ്രതിസന്ധിയെ മറികടക്കുവാന്‍ നമ്മുടെ ശരീരത്തേയും മനസ്സിനേയും സജ്ജമാക്കുക എന്നതാണ് ഈ മാറ്റത്തിലൂടെ ശരീരം ലക്ഷ്യമിടുന്നത്. എന്നാല്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിമാറിക്കൊണ്ട് കാലങ്ങളോളം നീളുന്ന മാനസീക സമ്മര്‍ദം ഒരു വ്യക്തിയുടെ മനസ്സിനും ശരീരത്തിനും അപകടകരമാണ്.

മാനസിക സമ്മര്‍ദ്ദം ഒരു ശീലമല്ല. എന്നിരുന്നാലും സ്ട്രെസിനോടും നമ്മുടെ മറ്റ് സ്വഭാവ ശീലങ്ങളോടും നാം പ്രതികരിക്കുന്ന രീതി, ഒരു ബിഹേവിയറല്‍ റസ്പോണ്‍സ് നിലനിര്‍ത്തുവാന്‍ സഹായകമാവുകയും ശരീരത്തില്‍ സുസ്ഥിര മാറ്റങ്ങളുണ്ടാക്കുകയും സ്ട്രെസ് റസ്‌പോണ്‍സിന്റെ ഒരു ദീര്‍ഘകാലാന്തരീക്ഷം രൂപപ്പെടുത്തുകയും ചെയ്യും. ഇതുവഴി കോര്‍ട്ടിസോള്‍ (അഡ്രിനല്‍ ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന സ്ട്രസ് ഹോര്‍മോണ്‍) പോലുള്ള പല സ്ട്രെസ് ഹോര്‍മോണുകളുണ്ടാകുന്നതിനും, ക്രോണിക് ലോ ഗ്രേഡ് ഇന്‍ഫ്ളമേഷന്‍, രക്തസമ്മര്‍ദത്തിലെ വ്യത്യാസം, ഹൃദയത്തിന്റെ അമിതാദ്ധ്വാനം തുടങ്ങിയവയ്ക്കും കാരണമാകും.

കടുത്ത മാനസിക സമ്മര്‍ദ്ദം ആര്‍ട്ടറികളുടെ ഭിത്തികളില്‍ ലിപിഡുകള്‍ അടിഞ്ഞു കൂടുവാനും രക്തയോട്ടം തടസ്സപ്പെടുന്നതിനും കാരണമാകും. ഈ കൊഴുപ്പ് നിക്ഷേപങ്ങള്‍ താരതമ്യേന വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വളരുകയും ആര്‍ട്ടറി ഭിത്തിയിലെ വളരെ നേര്‍ത്ത പാളി കൊണ്ട് മൂടപ്പെടുകയും ചെയ്യുന്നു. നേര്‍ത്ത ആവരണമായതിനാലും ലിപിഡ് നിക്ഷേപത്തിലെ ഇന്‍ഫ്ളമേഷനും അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്.

പലപ്പോഴും രോഗിക്കോ, കുടുംബാംഗങ്ങള്‍ക്കോ ഈ ദീര്‍ഘകാല മാനസിക സമ്മര്‍ദത്തിന്റെ അപകടകരമായ സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കാറില്ല. സമ്മര്‍ദത്താലുണ്ടാകുന്ന പ്രതികരണങ്ങള്‍ പലപ്പോഴും തിരക്ക്പിടിച്ച ജീവിതത്തിന്റെ സ്വാഭാവിക രീതിയായാണ് പലപ്പോഴും കണക്കാക്കാപ്പെടുന്നത്. ദീര്‍ഘകാലത്തെ ശീലങ്ങളോട് നമ്മുടെ തലച്ചോര്‍ പൊരുത്തപ്പെടുന്നത് കാരണമാണത്. ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, വ്യായാമക്കുറവ് തുടങ്ങിയ ജീവിതരീതികളെല്ലാം മാനസീക സമ്മര്‍ദ്ദത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു. ഈ ശീലങ്ങളെല്ലാം ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് ഉയരുന്നതിന് കാരണമാകുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഡയബറ്റിസ്, അമിതഭാരം, രോഗ പ്രതിരോധ ശേഷി കുറയുക തുടങ്ങിയ രോഗങ്ങള്‍ക്കും ദീര്‍ഘകാല സ്ട്രെസ് കാരണമാകും.

പുകവലിക്കുന്നതും ആര്‍ട്ടറികളിലെ ലിപിഡ് നിക്ഷേപത്തിന് കാരണമാണ്. ഹൃദയ സ്തംഭനത്തിലേക്കാണ് ഇത് നയിക്കുക. ആക്ടീവ് സ്മോക്കിംഗ് ആയാലും പാസീവ് സ്മോക്കിംഗ് ആയാലും, പുകവലി പൂര്‍ണമായും അവസാനിപ്പിക്കുക.

വ്യായാമക്കുറവും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അമിതഭാരം, ഉയര്‍ന്ന രക്ത സമ്മര്‍ദം, വര്‍ധിച്ച കൊളസ്ട്രോള്‍, പ്രമേഹം എന്നിവയെല്ലാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. വയറിലെ അവയവങ്ങള്‍ക്ക് ചുറ്റും കൊഴുപ്പ് അടിയുന്നത് ഇന്‍സുലിനെ പ്രതിരോധിക്കുകയും ഇന്‍ഫ്ളമേഷന് കാരണമാവുകയും ചെയ്യുന്ന ഹോര്‍മോണുകള്‍ക്ക് കാരണമാകും. തുടര്‍ച്ചയായി 40 മിനുട്ടിലേറെയുള്ള ഇരിപ്പ് ഒഴിവാക്കാം, ജോലിയില്‍ ഇടയ്ക്ക് എഴുന്നേല്‍ക്കുകയും ഇടവേളകളെടുക്കുകയും വേണം. കൃത്യമായ വ്യായാമവും എയ്റോബിക്സും മസിലുകള്‍ ശക്തിപ്പെടുത്തുവാന്‍ നല്ലതാണ്.

എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഉയര്‍ന്ന കലോറിയുള്ള ഭക്ഷണം, സംസ്‌കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ ഹൃദയത്തിന് അപകടകരമാണ്. പ്രോട്ടീന്‍, ഹെല്‍ത്തി ഫാറ്റുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുള്‍പ്പെടുന്ന ആരോഗ്യകരമായ ഡയറ്റ് ശീലമാക്കാം. സ്നാക്സുകള്‍, ജംഗ് ഫുഡുകള്‍, പഞ്ചസാര ചേര്‍ത്ത ജ്യൂസുകള്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കാം. മദ്യപാനവും ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാണ്. അമിത മദ്യപാനം ഹൃദയ സ്തംഭനത്തിന് കാരണമാകാം. ദിവസവും 7 മണിക്കൂര്‍ നേരം ശരാശരി ഒരു മനുഷ്യന്‍ ഉറങ്ങേണ്ടതുണ്ട്. നിര്‍ബന്ധമായും മതിയായ വിശ്രമം അനിവാര്യമാണ്.

മാനസിക സമ്മര്‍ദത്തെ അവഗണിക്കുകയും ശാരീരികാരോഗ്യം കൃത്യമായി പരിശോധിക്കാതിരിക്കുകയും ചെയ്യുന്നത് ഇന്നത്തെ കാലത്തെ ജീവിതശൈലിയുടെ ഭാഗമായിക്കഴിഞ്ഞു. അത്തരം ശീലങ്ങള്‍ മാറ്റിനിര്‍ത്തിക്കൊണ്ട് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും നമ്മുടെ ജീവിതരീതികള്‍ അതിനനുസരിച്ച് മാറ്റുകയും ചെയ്യേണ്ടതുണ്ട്.

Content Highlights: Mental Stress and other habits that affect heart health

To advertise here,contact us