കറുപ്പ് വസ്ത്രവും മാസ്‌കും മാത്രം വേഷം; ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പുഷ്പം പ്രിയ ചൗധരിയുടെ ശപഥം ഇങ്ങനെ

രാഷ്ട്രീയക്കാർ വെള്ള വസ്ത്രം ധരിക്കുന്നത് എന്തിനാണെന്ന് മനസിലാകാത്തത് കൊണ്ടാണ് താൻ കറുപ്പ് ധരിക്കുന്നതെന്നും പുഷ്പം പറയുന്നു

ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് പ്രമുഖ പാർട്ടികൾ. വാഗ്ദാനങ്ങളും ആരോപണങ്ങളുമൊക്കെയായി ഭരണം നിലനിർത്താനും തിരിച്ചുപിടിക്കാനും മുന്നണികൾ മത്സരിക്കുമ്പോൾ, യുകെയിൽ നിന്നും പഠനം പൂർത്തിയാക്കി ബിഹാറിന്റെ കടിഞ്ഞാൺ സ്വന്തമാക്കാൻ പരിശ്രമിക്കുകയാണ് പുഷ്പം പ്രിയ ചൗധരിയെന്ന നേതാവ്. ദർഭാംഗയിൽ നിന്നുള്ള ജനപ്രതിനിധിയായിരുന്ന ജെഡിയു നേതാവ് വിനോദ് കുമാർ ചൗധരിയുടെ മകളാണ് പുഷ്പം. പുഷ്പത്തിന്റെ മുത്തശ്ശൻ പ്രൊഫസർ ഉമാകാന്ത് ചൗധരി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്ത അനുയായി ആയിരുന്നു. സമത പാർട്ടിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു അദ്ദേഹം. പുഷ്പത്തിന്റെ അമ്മാവനും പ്രമുഖനായ ജെഡിയു നേതാവും എംഎൽഎയുമായിരുന്നു. 2020 ഇലക്ഷനിൽ ബേനിപുരിൽ നിന്നും അദ്ദേഹം മത്സരിച്ച് ജയിച്ചിട്ടുണ്ട്.

ബിഹാറിന്റെ രാഷ്ട്രീയ പാരമ്പര്യം തന്നെ പൊളിച്ചെഴുതുകയാണ് പുഷ്പത്തിന്റെ ലക്ഷ്യം. ഇതിനായി അഞ്ച് വർഷം മുമ്പ് ദ പ്ലൂറൽസ് പാർട്ടി രൂപീകരിക്കുകയും ചെയ്തു. നിലവിൽ പിതാവിന്റെ പഴയ മണ്ഡലത്തിൽ തന്നെയാണ് പുഷ്പവും മത്സരിക്കുന്നത്. മത -ജാതി അതിർവരമ്പുകൾക്ക് അതീതമായ ഒരു രാഷ്ട്രീയ മാതൃകയായാണ് തന്റെ പാർട്ടിയെ പുഷ്പം ഉയർത്തിക്കാട്ടുന്നത്. തന്റെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി താനായിരിക്കും എന്ന് പ്രഖ്യാപിച്ചായിരുന്നു പുഷ്പത്തിന്റെ രാഷ്ട്രീയ പ്രവേശം. കറുപ്പ് വസ്ത്രവും മാസ്‌കും അണിഞ്ഞ് മാത്രമാണ് പുഷ്പത്തിനെ എല്ലാവരും കണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് വരെ തന്റെ മാസ്‌ക് മാറ്റില്ലെന്നാണ് പുഷ്പത്തിന്റെ ശപഥം.

യുകെയിൽ ഉന്നതപഠനം നേടിയ പുഷ്പം ലണ്ടൻ സ്‌കൂൾ ഓഫ് എക്‌ണോമിക്‌സിൽ നിന്നും പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബിഹാറിൽ തിരികെയെത്തി സർക്കാരിന്റെ ടൂറിസം - ഹെൽത്ത് വകുപ്പുകളിൽ കൺസൾട്ടന്റായി പ്രവർത്തിച്ച ശേഷമാണ് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയത്. 2020 മാർച്ച് എട്ടിന് പാർട്ടി പ്രഖ്യാപനം നടത്തിയ ശേഷം ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള സകല പത്രങ്ങളിലും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി താനായിരിക്കും എന്ന പ്രഖ്യാപനം ഫ്രണ്ട് പേജിൽ വലിയ പരസ്യമായി നൽകുകയും ചെയ്തിരുന്നു. 2020ൽ പാർട്ടി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടും മറ്റുമുണ്ടായ കാലതാമസം മൂലം 243 സീറ്റുകളിലും പുഷ്പത്തിന്റെ പാർട്ടിക്ക് മത്സരിക്കാൻ സാധിച്ചില്ല. 148 സീറ്റുകളിൽ അന്ന് പുഷ്പത്തിന്റെ പാർട്ടി മത്സരിച്ചു. ഇതിൽ സ്വതന്ത്ര സ്ഥാനാർത്ഥികളും ഉൾപ്പെടും. മത- ജാതി രാഷ്ട്രീയത്തിനെതിരെയുള്ള തന്റെ നിലപാടുകൾ വ്യക്തമാക്കാൻ നാമനിർദേശ പത്രികയിൽ പോലും മതം എഴുതേണ്ട കോളത്തിൽ ബിഹാർ എന്നാണ് അവർ പൂരിപ്പിച്ചത്.

ഇത്തവണ 243 സീറ്റുകളിൽ മത്സരിക്കുന്ന പാർട്ടിയുടെ പകുതിയോളം സ്ഥാനാർത്ഥികൾ സ്ത്രീകളാണ്. സിറ്റിയാണ് പാർട്ടിയുടെ ചിഹ്നം. രാഷ്ട്രീയത്തിന്റെ നില അതീവഗുരുതരമാണെന്നും കൂടുതൽ വിദ്യാഭ്യാസമുള്ള നേതാക്കൾ പ്രതിപക്ഷത്തുണ്ടാകണമെന്നുമാണ് പുഷ്പത്തിന്റെ വാദം. ജനങ്ങളുടെ പ്രശ്‌നങ്ങൾ പ്രതിഫലിക്കുന്നതാണ് തന്റെ പാർട്ടിയുടെ പേരെന്നും. പ്ലൂറൽ എന്നാൽ എല്ലാ മതത്തിലും ജാതിയിലും ഉള്ളവർ ഒന്നിച്ച് ഭരിക്കുമെന്നതാണെന്നും അവർ വിശദീകരിക്കുന്നു.

എന്തിനാണ് കറുത്ത വസ്ത്രം തിരഞ്ഞെടുത്തതെന്നും അവർ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയക്കാർ വെള്ള വസ്ത്രം ധരിക്കുന്നത് എന്തിനാണെന്ന് മനസിലാകാത്തത് കൊണ്ടാണ് താൻ കറുപ്പ് ധരിക്കുന്നതെന്നും പുഷ്പം പറയുന്നു. ദേശീയ രാഷ്ട്രീയത്തിലും തന്റേതായ കാഴ്ചപ്പാട് പുഷ്പത്തിനുണ്ട്.രാഹുൽ ഗാന്ധിയേക്കാൾ കൂടുതൽ ഗൗരവമുള്ള നേതാവായി പുഷ്പം കണക്കാക്കുന്നത് യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയാണ്. നിതീഷ് കുമാറാണ് മികച്ച മുഖ്യമന്ത്രി. അതേസമയം പ്രശാന്ത് കിഷോർ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനനായിരിക്കാം എന്നാൽ ഒരു നേതാവാകാൻ ആഗ്രഹിക്കുന്നില്ലെന്നും പുഷ്പം പറയുന്നു.

Content Highlights: Meet a new CM Candidate in Bihar, Pushpam Priya Choudhary

To advertise here,contact us