വരാന്‍ പോകുന്ന കാര്യത്തെ ഓര്‍ത്ത് ആശങ്കയുണ്ടോ? മരണഭയമുണ്ടോ? എന്നാല്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

നിങ്ങള്‍ ഉത്കണ്ഠ ( Anxiety ) ഉള്ളവരാണോ; ഉത്കണ്ഠയും സ്‌ട്രെസും കാന്‍സര്‍ അടക്കം പല രോഗങ്ങള്‍ക്കും കാരണമാകും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആര്‍ദ്ര മോഹന്‍ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍നിന്ന്

1 min read|11 Oct 2025, 04:15 pm

ഉത്കണ്ഠ അല്ലെങ്കില്‍ ആങ്ക്‌സൈറ്റി എന്ന വാക്ക് നിത്യവും കേള്‍ക്കുന്ന ഒന്നാണ്. എനിക്ക് ഉത്കണ്ഠയാണ്, അക്കാര്യത്തെക്കുറിച്ച് ഓര്‍ത്ത് ഉറക്കം ലഭിക്കുന്നില്ല, നാളെ എന്ത് സംഭവിക്കുമെന്ന് അറിയില്ല, എപ്പോഴും ആധിയാണ്, മനസമാധാനം കിട്ടുന്നില്ല. ഇങ്ങനെയൊക്കെ എത്ര തവണ നമ്മള്‍ പറഞ്ഞിട്ടുണ്ട്. പലരും പറയുന്നത് കേട്ടിട്ടുണ്ട്. അല്ലേ? . എന്താണ് ഉത്കണ്ഠ? എന്തൊക്കെയാണ് അതിന്റെ ലക്ഷണങ്ങള്‍, ഉത്കണ്ഠകൊണ്ട് ശരീരത്തിന് ഉണ്ടാകുന്ന ദോഷങ്ങള്‍ എന്താണ്? എങ്ങനെ ഉത്കണ്ഠ പരിഹരിക്കാന്‍ സാധിക്കും? അറിയാം ഉത്കണ്ഠയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും.

എന്താണ് Anxiety അല്ലെങ്കില്‍ ഉത്കണ്ഠ?

ഇപ്പോള്‍ നിലവില്‍ ഇല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ഓര്‍ത്ത് വിഷമത്തിലാവുക, ടെന്‍ഷനുണ്ടാവുക ആ അവസ്ഥയെയാണ് Anxiety അല്ലെങ്കില്‍ ഉത്കണ്ഠ എന്ന് പറയുന്നത്.

എല്ലാവര്‍ക്കും Anxiety ഇല്ലേ?

ഉത്കണ്ഠ എല്ലാവര്‍ക്കും ഉണ്ടാകും. ഒരു പരിധിവരെ അത് ജീവിതത്തില്‍ വളരെ അത്യാവശ്യവുമാണ്. ഉത്കണ്ഠ നല്ല രീതിയിലും മോശം രീതിയിലും ഉണ്ട്. ഒരു പരീക്ഷയ്ക്ക് കയറുമ്പോള്‍, സ്‌റ്റേജിനെ അഭിമുഖീകരിക്കുമ്പോള്‍ ഒക്കെ നമുക്ക് ചെറിയ രീതിയില്‍ ആങ്‌സൈറ്റി ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് നമ്മുടെ ജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് മാറുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്.

Anxiety ജീവിതത്തില്‍ ഒരു പ്രശ്‌നമായി മാറുന്നത് എപ്പോഴാണ്?

ഉത്കണ്ഠ മാത്രമല്ല ഏത് തരത്തിലുളള മാനസിക പ്രശ്‌നങ്ങളും നമ്മുടെ നിത്യജീവിതത്തെ ബാധിക്കുമ്പോഴാണ് അത് പ്രശ്‌നമായി മാറുന്നത്. തീരുമാനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ട്, ജോലിയെ ബാധിക്കുക, ഭക്ഷണശീലം, ഉറക്കം, ബന്ധങ്ങളെ ബാധിക്കുന്നു അങ്ങനെ സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തവിധം ഈ ലക്ഷണങ്ങള്‍ നമ്മേ ബാധിക്കുന്നുണ്ട് എങ്കിലാണ് അത് പ്രശ്‌നമായി മാറുന്നത്.

ഭയവും ഉത്കണ്ഠയുമായുള്ള ബന്ധം?

നേരത്തെ പറഞ്ഞ പ്രശ്‌നങ്ങളെല്ലാം ചെറിയ ഒരു കാലയളവിലേക്ക് മാത്രം നമ്മളെ ബാധിക്കുന്നതാണെങ്കില്‍ അത് കുഴപ്പമില്ല. പക്ഷേ നാളുകളോളം ഇത്തരം അലട്ടലുകള്‍ നീണ്ട് നില്‍ക്കുക. (ഉദാഹരണത്തിന് ടെന്‍ഷന്‍ ആകേണ്ട ഒരു സംഭവവും സാഹചര്യവും കഴിഞ്ഞ ശേഷവും അതിനെക്കുറിച്ച് ആലോചിച്ചിരിക്കുക) പലപ്പോളും എന്താണ് കാര്യം എന്ന് അറിയാതെയാണ് ഇത്തരക്കാര്‍ ടെന്‍ഷനാകുന്നത്.

എന്തൊക്കെയാണ് Anxietyയുടെ ലക്ഷണങ്ങള്‍?

ഹൃദയമിടിപ്പ് കൂടുക, നെഞ്ചില്‍ ഒരു കല്ല് എടുത്ത് വച്ചപോലെ ഭാരം തോന്നുക, വയറിനുള്ളിലെ കാളല്‍, കൈകാലുകളും ശരീരവും വിയര്‍ക്കുക, ചൂട് തോന്നുക, തൊണ്ടയും വായയും വരളുന്നതായി തോന്നുക, വിറയല്‍ ഉണ്ടാവുക , ശ്വാസം കിട്ടാതിരിക്കുക ഇവയൊക്കെയാണ് സാധാരണയായി ആളുകളില്‍ കാണുന്ന ലക്ഷണങ്ങള്‍. ചിലര്‍ക്ക് എന്തോ മോശമായത് സംഭവിക്കാന്‍ പോകുന്നതുപോലുള്ള തോന്നലുണ്ടാവും. ഹൃദയമിടിപ്പ് കൂടി , കൈയ്യും കാലും കുഴഞ്ഞ് മരിക്കാന്‍ പോകുന്നതുപോലുള്ള തോന്നലുണ്ടാവാം.

Anxiety ഉളള ആളുകള്‍ക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടോ?എന്തെങ്കിലും സ്വഭാവ സവിശേഷിത ഉളളവരായിരിക്കുമോ?

ആങ്‌സൈറ്റി, ഡിസോര്‍ഡര്‍ ലെവലിലും നോര്‍മല്‍ രീതിയിലും ഉണ്ട്.ഏറ്റവും കൂടുതല്‍ വരാന്‍ സാധ്യതയുള്ള ആളുകള്‍ ചെറുപ്പത്തില്‍ എന്തെങ്കിലും ട്രോമ അനുഭവിച്ചവരോ, താങ്ങാനാവാത്ത എന്തെങ്കിലും സംഭവം ജീവിതത്തില്‍ സംഭവിച്ചവരോ, (മാതാപിതാക്കളുടെ വഴക്ക് കാണുന്ന കുട്ടികള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നം. അതൊരിക്കലും ആ ഘട്ടത്തില്‍ ആര്‍ക്കും മനസിലാക്കാന്‍ സാധിക്കില്ല) ഒക്കെയുളള കാരണങ്ങള്‍ കൊണ്ടായിരിക്കാം. ആവശ്യമില്ലാത്ത പേടി ചെറുപ്പത്തിലേ കുട്ടികളെ ബാധിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ കുട്ടികള്‍ക്ക് പുറം ലോകം സംരക്ഷണമുളളതായി തോന്നില്ല. ആ അരക്ഷിതാവസ്ഥ വലുതാകുമ്പോഴും ഉണ്ടാകും.

നാളെയെക്കുറിച്ചുള്ള ചിന്തകള്‍ എങ്ങനെ?

ശ്രദ്ധയില്ലായ്മ, സമൂഹത്തില്‍ നിന്ന് മാറി ഉള്‍വലിഞ്ഞിരിക്കാന്‍ കതോന്നുക, എപ്പോഴും വൈകാരികമായി ചിന്തിക്കുക ഇതെല്ലാം പ്രശ്‌നമാണ്. നാളെ അങ്ങനെ നടന്നാലോ, നാളെ അങ്ങനെ സംഭവിച്ചാലോ എന്നൊക്കെയാണ് അവര്‍ ചിന്തിക്കുന്നത്. ഇപ്പോള്‍ നടക്കുന്നതിനെക്കുറിച്ച് അവര്‍ ചിന്തിക്കുകയേ ഇല്ല. വിചാരിക്കാത്ത ഒരു കാര്യം നടക്കാതിരിക്കാന്‍ സ്വയം എന്തൊക്കെയോ അവര്‍ പ്ലാന്‍ ചെയ്യും. ഞാന്‍ വിചാരിക്കുന്നതുപോലെ കൃത്യമായി എല്ലാ കാര്യങ്ങളും നടന്നാല്‍ ഞാന്‍ സേഫായി എന്നാണ് അവര്‍ വിചാരിക്കുന്നത് . നേരെ മറിച്ച് വിചാരിക്കാത്ത കാര്യങ്ങള്‍ നടന്നാല്‍ അവര്‍ക്ക് അത് താങ്ങാന്‍ സാധിക്കില്ല.

ഏതൊക്കെ കാറ്റഗറിയിലാണ് ഉത്കണ്ഠ ഉളളത്?

പലതരത്തിലുള്ള Anxiety ഡിസോര്‍ഡേഴ്‌സ് ഉണ്ടാവാം. അതില്‍ ജനറലൈസ്ഡ് ആങ്‌സൈറ്റി ഡിസോര്‍ഡര്‍, പാനിക്ക് അറ്റാക്ക്, സോഷ്യല്‍ ആങ്‌സൈറ്റി, ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍( ഒസിഡി) അങ്ങനെ പല കാറ്റഗറി ഉണ്ട്. ഇതൊക്കെ വരുന്നതിന് ആളുകള്‍ക്ക് പല കാരണങ്ങളുണ്ട്. ചിലര്‍ക്ക് പ്രസവശേഷം വരാം, ചെറുപ്പത്തിലേ സംഭവിച്ച് എന്തെങ്കിലും അനുഭവങ്ങള്‍ കൊണ്ട് ഉണ്ടാവാം, എന്തെങ്കിലും അപകടം ജീവിതത്തില്‍ സംഭവിച്ചാല്‍ ഒക്കെ സംഭവിക്കാം.

അമിത വ്യത്തിയും ഉത്കണ്ഠയും?

ചില ആളുകള്‍ക്ക് ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് അശങ്ക ഉണ്ടാവും. അതായത് അവര്‍ക്ക് OCD ഉണ്ടാവാം. എത്ര വൃത്തിയാക്കിയാലും വൃത്തിയാവില്ല എന്ന് തോന്നുന്ന അവസ്ഥ. കുഞ്ഞിനെ കുറേ പ്രാവശ്യം കുളിപ്പിക്കുക, കുഞ്ഞിന്റെ തുണി അലക്കിയാലും അലക്കിയാലും വൃത്തിയാവില്ല എന്ന തോന്നല്‍ ഇവയെല്ലം തോന്നുക.

ഈ അവസ്ഥ കൂടെയുള്ളവരെ എങ്ങനെയാണ് ബാധിക്കുന്നത്? രോഗിക്ക് സ്വയം അവസ്ഥ തിരിച്ചറിയാന്‍ കഴിയുമോ?

വായിച്ചോ കണ്ടോ മറ്റോ അറിവുണ്ടെങ്കില്‍ അങ്ങനെയുള്ളവര്‍ക്ക് അത് മനസിലാക്കാന്‍ സാധിക്കും. ഒരുപാട് വീട്ടമ്മമാരില്‍ ജനറലൈസ്ഡ് Anxiety കാണാറുണ്ട്. കുട്ടിക്ക് സമയത്തിന് വണ്ടികിട്ടുമോ? അവര്‍ സമയത്തിന് ഫുഡ് കഴിക്കുന്നുണ്ടാവുമോ? തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങള്‍. കൂടെയുള്ളവര്‍ ഇങ്ങനെ ഒരു ടൈപ്പ് ആണ് അവരെന്ന് കരുതി നോര്‍മലൈസ് ചെയ്യാന്‍ സാധ്യതയുണ്ട്. കൂടെയുള്ളവര്‍ക്കും സ്വയവും അവസ്ഥയെക്കുറിച്ച് മനസിലാക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. സമൂഹവുമായി ഇടപെടാന്‍ സാധിക്കാത്ത സോഷ്യല്‍ Anxiety ഉണ്ടാവും. ഇത് മറ്റുള്ളവര്‍ക്കും സ്വയവും മസലിലാക്കാം.

ശാരീരികമായി എങ്ങനെയാണ് ബാധിക്കുന്നത് ?

ഉത്കണ്ഠയും സ്‌ട്രെസും ഉണ്ടാവുമ്പോള്‍ അഡ്രിനാലിന്‍ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ എന്നിവ ശരീരം പ്രൊഡ്യൂസ് ചെയ്യുന്നു. ഇവ രണ്ടുമാണ് ശാരീരികമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ കാരണം. സമ്മര്‍ദം ഉള്ളപ്പോള്‍ ഈ ഹോര്‍മോണുകള്‍ ശരീരത്തിന് എനര്‍ജി ലഭിക്കാനായി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. പക്ഷേ എല്ലാദിവസവും എല്ലാ സമയത്തും നമ്മള്‍ സ്‌ട്രെസ്ഡ് ആയിട്ടിരിക്കുകയാണെങ്കില്‍ ഹോര്‍മോണിന്റെ അളവ് കൂടുന്നു. കോര്‍ട്ടിസോളിന്റെ അളവ് കൂടിനിന്നാല്‍ ഡയബറ്റിക് രോഗികളാകാന്‍ സാധ്യതയുണ്ട്. കോര്‍ട്ടിസോളിന്റെയും അഡ്രിനാലിന്റെയും അളവ് നിരന്തരമായി ഇത്തരത്തില്‍ നിന്നാല്‍ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് അസുഖങ്ങളുണ്ടാവാം. മസിലിൻ്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാം. ശരീരത്തിന് വേദനകള്‍ ഉണ്ടാകുന്നു. കയ്യും കാലും കുഴയുക, എപ്പോഴും ക്ഷീണം ഉണ്ടാകുക. ക്യാന്‍സര്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങി എന്ത് അസുഖങ്ങളും നമുക്ക് സ്‌ട്രെസും ആങ്‌സൈറ്റിയും മൂലം ഉണ്ടാകാം.

പെട്ടെന്ന് ഉത്കണ്ഠ വന്നാല്‍ സ്വയം നിയന്ത്രിക്കാനുള്ള ഒരു മാര്‍ഗ്ഗം എന്താണ്?

നമുക്ക് പ്രസന്‍സ് ഓഫ് മൈന്‍ഡ് ഇല്ലാത്തതുകൊണ്ടാണല്ലോ ഉത്കണ്ഠ ഉണ്ടാകുന്നത്. സെന്‍സ് ഓര്‍ഗന്‍സ് അഥവാ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് ചെയ്യുന്ന ഒരു രീതിയാണ് 5-4-3-1 ടെക്‌നിക്. കാണാന്‍ കഴിയുന്ന അഞ്ച് കാര്യങ്ങളെ കാണുക, പെട്ടെന്ന് തൊടാന്‍ കഴിയുന്ന നാല് കാര്യങ്ങളെ തൊടാന്‍ നോക്കുക, കേള്‍ക്കാന്‍ സാധിക്കുന്ന മൂന്ന് കാര്യങ്ങള്‍ കേള്‍ക്കുക, രണ്ട് കാര്യങ്ങള്‍ മണത്ത് നോക്കാന്‍ ശ്രമിക്കുക,സാധ്യമെങ്കില്‍ എന്തെങ്കിലും ഒന്ന് രുചിച്ച് നോക്കാന്‍ ശ്രമിക്കുക. ഈ രീതിയിലൂടെ പെട്ടെന്ന് ഉത്കണ്ഠ കുറയ്ക്കാന്‍ സാധിക്കും. പക്ഷേ ഉത്കണ്ഠ ഉണ്ടാകുമ്പോള്‍ ഓടിപോയി ചെയ്യാനുളള കാര്യങ്ങളല്ല ഇത്. ഇടയ്ക്കിടെ ഈ രീതി പ്രാക്ടീസ് ചചെയ്താല്‍ കാര്യം എളുപ്പമായിരിക്കും. കൃത്യമായ തെറാപ്പികൊണ്ടും ചിലര്‍ക്ക് മെഡിസിന്‍ കൊണ്ടും ആങ്‌സൈറ്റിക്ക് പരിഹാരമുണ്ടാക്കാന്‍ സാധിക്കും.

Content Highlights :Are you anxious? Anxiety and stress can cause many diseases, including cancer. From an interview with clinical psychologist Ardra Mohan

To advertise here,contact us