ഈ വരുന്ന വെള്ളിയാഴ്ചയാണ് ആ ദിനം. 2025ലെ നെബൈല് സമ്മാനം പ്രഖ്യാപിക്കുന്ന ദിവസം. ലോകം ഉറ്റുനോക്കുന്നത് ഒരാളിലേക്ക് മാത്രമാണ് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിലേക്ക്. വെച്ചുതാമസിപ്പിക്കാന് സമയമില്ല താന് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതിയില് പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് പറഞ്ഞ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്കിയത് കഴിഞ്ഞ ദിവസമാണ്. ആ തിരക്കുകൂട്ടലിനുപിന്നിലെ ലക്ഷ്യം നൊബേല് തന്നെയാണെന്ന് കൊച്ചുകുട്ടികള്ക്ക് വരെ ഊഹിക്കാവുന്നതേയുള്ളൂ.
തന്നെപോലൊരു സമാധാന പ്രിയന് വേറെയില്ല, മികച്ച മധ്യസ്ഥനും നയതന്ത്രജ്ഞനും താന് മാത്രമാണ് എന്ന രീതിയിലാണ് കഴിഞ്ഞ കുറച്ചുമാസങ്ങളായുള്ള ട്രംപിന്റെ നടപടി. നൊബേലിനോടുള്ള ട്രംപിന്റെ ആഗ്രഹം കഴിഞ്ഞ ഭരണകാലത്ത് തുടങ്ങിയതാണ്. തന്റെ വിദേശ നയ നേട്ടങ്ങള് മുന്ഗാമികളെപ്പോലെ തന്നെയും നൊബേലിന് അര്ഹനാക്കുന്നുണ്ടെന്ന് പരസ്യമായി അദ്ദേഹം വാദിച്ചിരുന്നു. കഴിഞ്ഞ മാസം യുഎന്നില് വച്ച് അദ്ദേഹം അത് വീണ്ടും ആവര്ത്തിച്ചു. എല്ലാവരും പറയുന്നു ഞാന് നൊബേലിന് അര്ഹനാണെന്ന്! ഒന്നും രണ്ടുമല്ല ഏഴ് യുദ്ധങ്ങളാണ് താന് കാരണം അവസാനിച്ചതെന്നും അയാള് അവകാശവാദമുന്നയിക്കുന്നുണ്ട്.
ഇന്ത്യ-പാക് സംഘര്ഷം അവസാനിപ്പിച്ചത് താനാണെന്ന വലിപ്പം പറച്ചില് ഇന്ത്യ എത്ര നിഷേധിച്ചിട്ടും ട്രംപ് അവസാനിപ്പിക്കാനൊട്ട് തയ്യാറാകുന്നുമില്ല. താരിഫ് കൊണ്ട് ശതകോടിക്കണക്കിന് വരുമാനം നേടിയെന്ന് മാത്രമല്ല താന് സമാധാനം ഉണ്ടാക്കിയെന്നാണ് ട്രംപ് ഏറ്റവും ഒടുവില് അവകാശപ്പെട്ടത് 'താരിഫില് എനിക്ക് അധികാരമില്ലായിരുന്നെങ്കില് ഇപ്പോഴും നാലോ ഏഴോ യുദ്ധങ്ങള് നടന്നുകൊണ്ടിരുന്നേനെ. ഇന്ത്യയും പാകിസ്താനും യുദ്ധത്തിലേക്കുള്ള യാത്രയിലായിരുന്നു. ഏഴ് വിമാനങ്ങളാണ് വെടിവെച്ചിട്ടത്. ഞാന് അവരോട് പറഞ്ഞത് അവരെ സ്വാധീനിച്ചു, എന്താണ് പറഞ്ഞതെന്ന് പറയാന് ഞാനാഗ്രഹിക്കുന്നില്ല..' അങ്ങനെ പോകുന്നു ട്രംപിന്റെ അവകാശവാദങ്ങള്. തന്റെ നേട്ടങ്ങള് പക്ഷെ നൊബേല് കമ്മിറ്റി കാണുന്നില്ലെന്നൊരു പരാതിയും പലപ്പോഴായി ട്രംപ് ഉന്നയിച്ചുകൊണ്ടേയിരിക്കുകയാണ്.
അങ്ങനെ ഒരാള് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നാല് കിട്ടുന്നതാണോ നൊബേല്?
എല്ലാ വര്ഷവും നോര്വേയുടെ പാര്ലമെന്റ് ഒരു അഞ്ചംഗ പാനലിനെ നിയമിക്കാറുണ്ട്. ഈ നൊബേല് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുക. ഇത് അതീവരഹസ്യാത്മകമായിട്ടായിരിക്കും നടക്കുക. നൂറുകണക്കിന് വ്യക്തികളും സംഘടനകളും തങ്ങളുടെ നോമിനേഷനുകള് സമര്പ്പിച്ചിരിക്കും. ഓരോ രാജ്യത്തലവന്മാര്ക്കും, പാര്ലമെന്റിനും, സര്വകലാശാല പ്രൊഫസര്മാര്ക്കും മുന് നൊബേല് സമ്മാന ജേതാക്കള്ക്കുമെല്ലാം ഇത്തരത്തില് നാമനിര്ദേശം നടത്താനാവും.
ഈ വര്ഷം 338 പേരെ നാമനിര്ദേശം ചെയ്തിട്ടുള്ളതായാണ് റിപ്പോര്ട്ട്. സ്വന്തം പേരുപറഞ്ഞ് നടക്കുന്ന ട്രംപിന്റെ പേരുള്പ്പെടെ വളരെക്കുറച്ചാളുകളുടെ പേര് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. 2018 മുതല് പലതവണ ട്രംപിന്റെ പേര് നിര്ദേശിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ഫെബ്രുവരി ഒന്നിനാണ് ഈ വര്ഷത്തെ നാമനിര്ദേശം സമര്പ്പിക്കാനുള്ള അവസാന ദിനം. അതായത് പാക്സിതാന്റെയും ഇസ്രയേലിന്റെയും കംബോഡിയയുടെയും നാമനിര്ദേശങ്ങള് ഇത്തവണത്തെ പുരസ്കാരത്തിന് പരിഗണിക്കില്ലെന്ന് സാരം. പക്ഷെ ന്യൂയോര്ക്കിലെ റിപ്പബ്ലിക്കനായ ക്ലോഡിയ ടെന്നി ഇത്തവണ ട്രംപിനെ നാമനിര്ദേശം ചെയ്തിട്ടുണ്ട്.
ട്രംപിന് നൊബേല് കൊടുത്തേ മതിയാവൂ എന്നാവശ്യപ്പെട്ട് അനുയായികളും രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ മിഡില് ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ നോര്വീജിയന് കമ്മിറ്റിയോടുള്ള പ്രതികരണം ഇത്തരത്തിലുള്ള ഒന്നാണ്. ബോധപൂര്വം ചിന്തിച്ച് ട്രംപിന്റെ നേട്ടങ്ങളെ അംഗീകരിക്കാനാണ് സ്റ്റീവ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. ട്രംപിന് പുരസ്കാരം നിഷേധിച്ചാല് അത് അമേരിക്കയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വരെ സ്റ്റീവ് പറഞ്ഞുകളഞ്ഞു. എന്തിന് ട്രംപ് തന്നെ നേരിട്ട് നോര്വേയുടെ ധനകാര്യമന്ത്രി ജെന്സ് സ്റ്റോള്ട്ടെന്ബെര്ഗിനോട് ഇക്കാര്യം ഒന്നുപരിഗണിക്കണം എന്നാവശ്യപ്പെട്ടതാണ്. പല കോര്പറേറ്റ് നേതാക്കന്മാരും ഇതിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എനിക്ക് നൊബേല് വേണം, ഞാനിതങ്ങെടുക്കുവാ എന്ന് സുരേഷ് ഗോപി സ്റ്റൈലില് ട്രംപ് ലോകം മുഴുവന് പറഞ്ഞ് നടക്കുമ്പോഴും അതിന് നേരിയ സാധ്യത പോലുമില്ലെന്നാണ് അന്താരാഷ്ട്ര നയതന്ത്ര, നൊബേല് വിദഗ്ധരുടെ അഭിപ്രായം. ഹ്രസ്വകാലത്തേക്ക് യുദ്ധം അവസാനിപ്പിക്കുന്നതും അതിന്റെ യഥാര്ഥ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അത് പരിഹരിക്കുന്നതും തമ്മില് വലിയ വ്യത്യാസമുണ്ടെന്ന് ചരിത്രകാരനും ഗവേഷകനുമായ തിയോ സെനോ പറയുന്നു. രാഷ്ട്രീയ സമ്മര്ദത്തിന് വഴങ്ങുന്ന രീതിയല്ല നൊബേല് കമ്മിറ്റിയുടേതെന്നും ചിലര് ചൂണ്ടിക്കാണിക്കുന്നുണ്ട്.
യുഎസ് പ്രസിഡന്റും നൊബേലും വിവാദവും ആദ്യമായല്ല.അധികാരത്തിലേറി ഒന്പത് മാസങ്ങള് പിന്നിട്ടപ്പോഴാണ് ഒബാമയ്ക്ക് നെബേല് നല്കപ്പെടുന്നത്. പുരസ്കാരം നല്കാന് മാത്രമുള്ള ഇടപെടലുകള് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ലെന്ന് പലരും വിമര്ശിച്ചിരുന്നു. ട്രംപിനെ കൂടാതെ ഇത്തവണ റഷ്യന് പ്രതിപക്ഷ നേതാവ് അലക്സ് നവാല്നിയുടെ വിധവ യൂസിയ നവാല്നിയ, സുഡാനില് പ്രവര്ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള് എന്നിവരെല്ലാം പട്ടികയിലുള്ളതായാണ് വിവരം.
സാങ്കേതികമായി കണക്കാക്കുകയാണെങ്കില് നോര്വീജിയന് നൊബേല് കമ്മിറ്റി സ്വതന്ത്രമായാണ് പ്രവര്ത്തിക്കുന്നത്. എന്നാല് ഇതിന്റെ പേരില് സര്ക്കാര് പലപ്പോഴം നയതന്ത്ര പ്രതിസന്ധികള് നേരിടാറുണ്ട്. അതിനാല് തന്നെ ഇത്തവണയും ട്രംപിന് നൊബേല് ഇല്ലെങ്കില് വാഷിങ്ടണ്ണില് നിന്നുണ്ടാകാനിടയുള്ള തിരച്ചടികളില് നോര്വീജിയന് ഉദ്യോഗസ്ഥര് ആശങ്കാകുലരാണെന്നും റിപ്പോര്ട്ടുകളുണ്ട്.
ബൈഡന്റെ വിജയം അംഗീകരിക്കാനാവാത്ത ട്രംപ് അനുകൂലികള് ബൈഡന് അധികാരത്തിലേറുന്ന ദിവസം കാപിറ്റോളില് ഇരച്ചുകയറി കലാപം നടത്തിയത് ആരും മറന്നുകാണാനിടയില്ല. നൊബേല് നിഷേധിക്കപ്പെട്ടാല് പ്രവചനാതീതമായി പ്രവര്ത്തിക്കുന്ന ട്രംപും അനുയായികളും എന്താണ് കാണിക്കൂട്ടുക എന്ന് അതുകൊണ്ടുതന്നെ കാത്തിരുന്ന് തന്നെ കാണാം.
Content Highlights: Trump's Gaza Plan: A Long Shot for the Nobel Peace Prize