അസാധാരണമായ സാഹചര്യത്തിലൂടെയാണ് യുഎസ് പോകുന്നത്. സർക്കാർ ചെലവുകൾക്കുളള ധന അനുമതി ബിൽ പാസാകാതെ വന്നതോടെ അമേരിക്ക ഷട്ട്ഡൗണിലേക്ക് കടക്കുകയാണ്. ബിൽ പാസാക്കുന്നത് സംബന്ധിച്ച് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും ചർച്ചകൾ നടത്തിയെങ്കിലും ആരോഗ്യ പരിരക്ഷകളുടെ കാര്യത്തിൽ ചർച്ചകൾ അലസിപ്പിരിയുകയായിരുന്നു. ഇതോടെ ഷട്ട്ഡൗൺ ഒഴിവാക്കാനാകാതെ വന്നിരിക്കുകയാണ്. നിരവധി ഏജൻസികളെയും അതിലെ ഫെഡറൽ ജീവനക്കാരെയും ബാധിക്കുന്ന തീരുമാനമാണ് യുഎസ് ഭരണകൂടം കൈക്കൊള്ളാൻ പോകുന്നത്. എന്താണ് ഷട്ട്ഡൗൺ എന്ന് പരിശോധിക്കാം.
ഒരു രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് നിശ്ചിതകാലത്തേയ്ക്ക് അവരുടെ ശമ്പളം മുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ? രാജ്യത്തെ പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ അടച്ചുകിടന്നാൽ എന്താകും അവസ്ഥ? ചുരുക്കിപ്പറഞ്ഞാൽ ഇത് തന്നെയാണ് ഷട്ട്ഡൗൺ. ഫണ്ടിങ് ഇല്ലാതാകുന്നത് മൂലം സർക്കാർ സേവനങ്ങൾ തടസപ്പെടുകയും ആവശ്യസേവനങ്ങൾ ഇല്ലാതെയാകുകയും ചെയ്യുന്നതിനെയാണ് ഷട്ട്ഡൗൺ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
യുഎസിൽ ഒരു സാമ്പത്തിക വർഷത്തിന്റെ ആരംഭം എന്നുപറയുന്നത് ഒക്ടോബർ ഒന്ന് മുതൽക്കാണ്. സാമ്പത്തികവർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ സ്ഥാപനങ്ങൾക്ക് അടുത്ത വർഷത്തേക്കുള്ള ഫണ്ടിങ് ഉറപ്പാക്കണം. 438 സർക്കാർ ഏജൻസികൾക്കാണ് ഇത്തരത്തിൽ യുഎസ് കോൺഗ്രസ് ഫണ്ട് അനുവദിക്കേണ്ടത്. ഇതിലാണ് ഇപ്പോൾ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.
ഫെഡറല് സര്ക്കാരിന്റെ 12 വാര്ഷിക അപ്രോപ്രിയേഷന് ബില്ലുകളാണ് വിവിധ വകുപ്പുകളുടെ പ്രവര്ത്തനത്തിന് ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കുന്നത്. ഇവ കോണ്ഗ്രസില് പാസാകാതെയോ പാസാക്കിയ ബില്ലില് പ്രസിഡന്റ് ഒപ്പിടാതെയോ വന്നാല് സര്ക്കാര് സേവനങ്ങള് തടസ്സപ്പെടും. നിലവില് ആരോഗ്യ മേഖലയില് നല്കി വരുന്ന ധനസഹായം സംബന്ധിച്ചാണ് ഡെമോക്രാറ്റിക്- റിപ്പബ്ലിക് പാര്ട്ടികള്ക്കിടയില് അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നത്. ഇതില് ഒബാമ കെയറിന് നല്കുന്ന സബ്സിഡിയാണ് ട്രംപ് അടക്കമുള്ള റിപ്പബ്ലിക്കന് പാര്ട്ടിക്കാരെ ചൊടിപ്പിക്കുന്നത്. ഇത് ഈ നിലയില് മുന്നോട്ടുകൊണ്ടുപോകാന് കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. എന്നാല് സബ്സിഡി നിലനിര്ത്തണമെന്ന് ഡെമോക്രാറ്റ്സും വാദിക്കുന്നു.. ഇവ പാസാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതോടെയാണ് ഷട്ട്ഡൗൺ അഥവാ 'അടച്ചുപൂട്ടൽ' അനിവാര്യമായിരിക്കുന്നത്.
സർക്കാർ ജീവനക്കാരെയും പൊതുജനങ്ങളെയും ഷട്ട്ഡൗൺ ബാധിക്കും. അഞ്ച് ലക്ഷം സർക്കാർ ജീവനക്കാരാണ് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കേണ്ടിവരിക. സാധാരണയായി ഷട്ട്ഡൗൺ കഴിഞ്ഞാൽ ശമ്പളം ലഭിക്കാറുണ്ട്. ഇതിനിടെ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്നും ട്രംപ് നേരത്തെ സൂചനകൾ നൽകിയിരുന്നു. മുൻഗണനാ പദ്ധതികളിൽ ഇല്ലാത്ത പ്രോഗ്രാമുകളിലെ ജീവനക്കാർക്കാണ് ഈ പിരിച്ചുവിടൽ ഭീഷണി നേരിടേണ്ടിവരിക. വൈറ്റ് ഹൗസ് ഓഫീസിൽ ഓഫ് മാനേജ്മന്റ് ആൻഡ് ബഡ്ജറ്റ് പുറത്തിറക്കിയ മെമോ പ്രകാരം പിരിച്ചുവിടലുകൾക്ക് തയ്യാറാകാൻ വിവിധ ഏജൻസികൾക്ക് നിർദേശം ലഭിച്ചുകഴിഞ്ഞു.
ഷട്ട്ഡൗൺ സമയത്ത് അവശ്യ സേവനങ്ങൾ ഒന്നും ലഭിക്കാതെയിരിക്കില്ല. സുരക്ഷാ സേന ഉദ്യോഗസ്ഥർ, ഫെഡറൽ നിയമപാലകർ തുടങ്ങിയവർക്കെല്ലാം ജോലി ചെയ്യേണ്ടിവരും. പക്ഷെ ശമ്പളം ലഭിക്കില്ല. ഇത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. എയർ ട്രാഫിക് കൺട്രോളർമാർ, ടിഎസ്എ ഏജന്റുമാർ തുടങ്ങിയവരും ജോലി ചെയ്യും. പക്ഷെ ശമ്പളം ഉണ്ടാകില്ല. സോഷ്യൽ സെക്യൂരിറ്റി, ചില ആരോഗ്യസേവനങ്ങൾ എന്നിവ തടസമില്ലാതെ പോകും.
ദേശീയ സ്മാരകങ്ങൾ, ദേശീയോദ്യാനങ്ങൾ അടക്കം അടച്ചിടുക ഷട്ട്ഡൗണിൽ പതിവാണ്. അവയുടെ പരിപാലനവും മറ്റുമെല്ലാം സ്തംഭിക്കും. വിസ, പാസ്സ്പോർട്ട് നടപടിക്രമങ്ങളിൽ കാലതാമസം ഉറപ്പാണ്.ടാക്സ് സേവനങ്ങൾ, ആരോഗ്യ ഗവേഷണ പദ്ധതികൾ, മെഡികെയർ കാർഡുകൾ മാറ്റിനൽകൽ, നിരവധി ജനവിഭാഗങ്ങൾക്കുള്ള സഹായ പരിപാടികൾ എന്നിവ സ്തംഭിക്കും.
അനിശ്ചിതമായി നീളുന്ന ഷട്ട്ഡൗൺ എന്നത് സമ്പദ്വ്യവസ്ഥയ്ക്കുള്ള ഒരു മരണമണി കൂടിയാണ്. ജിഡിപി വളർച്ച, വിപണിയുടെ സ്ഥിരത എന്നിവയെ ഷട്ട്ഡൗൺ ബാധിക്കും. അതിനാൽ എത്രയും പെട്ടെന്നുതന്നെ ധനവിനിയോഗ ബില്ലിന്മേൽ ഒരു തീരുമാനം ഉണ്ടാക്കുക തന്നെയായിരിക്കും ഭരണകൂടത്തിന്റെ ലക്ഷ്യം. ഇതാദ്യമായല്ല യുഎസിൽ ഷട്ട്ഡൗൺ പ്രഖ്യാപിക്കുന്നത്. നേരത്തെ ട്രംപിന്റെ ആദ്യ കാലയളവിൽ 34 ദിവസമാണ് ഷട്ട്ഡൗൺ ഉണ്ടായത്. ഏകദേശം എട്ട് ലക്ഷം ഫെഡറൽ ജീവനക്കരെയാണ് അന്ന് ഷട്ട്ഡൗൺ ബാധിച്ചത്. അതിനും മുൻപ് ഷട്ട്ഡൗൺ ഉണ്ടായത് 2013ലാണ്. 16 ദിവസമാണ് അന്ന് ഷട്ട്ഡൗൺ നീണ്ടത്.
Content Highlights: What is US Shutdown?