യുക്രൈൻ അധിനിവേശ പാഠങ്ങൾ തായ്‌വാനിൽ പ്രയോഗിക്കാൻ ചൈനക്ക് ശിക്ഷണവുമായി പുടിൻ; Leaked Report

തായ്‌വാൻ അധിനിവേശത്തിന് തയ്യാറെടുക്കാൻ ചൈനയെ സഹായിക്കാൻ റഷ്യ. സൈനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും റഷ്യ ചൈനയ്ക്ക് വിൽക്കുന്നു എന്നും പരിശീലനം നല്‍കുന്നു എന്നുമാണ് റിപ്പോര്‍ട്ട്

2022 ഫെബ്രുവരി 24….യുക്രൈനിലേയ്ക്ക് ഡസൻ കണക്കിന് മിസൈലുകൾ തൊടുത്ത് വിട്ടുകൊണ്ട് റഷ്യ പൂർണ്ണ അധിനിവേശത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത് അന്നായിരുന്നു. അന്ന് തുടങ്ങിയതാണ് ഏതാണ്ട് മൂന്ന് ‍വർഷം പിന്നിട്ടിരിക്കുന്ന റഷ്യ-യുക്രെെന്‍ യുദ്ധം. അടിക്ക് തിരിച്ചടിയെന്നോണം യുക്രെെനും റഷ്യയ്ക്ക് മറുപടി നൽകുന്നുണ്ട്. 2014ല്‍ ക്രിമിയയെ പിടിച്ചെടുത്തത് എങ്ങനെയെന്നും, 2022ല്‍ യുക്രെെനെതിരെ ആക്രമണം അഴിച്ച് വിടുന്നതിന് മുമ്പായി റഷ്യ ചെയ്ത മുന്നൊരുക്കങ്ങൾ എന്തൊക്കെയാണെന്നും സംബന്ധിച്ച് നേരത്തെ തന്നെ വാര്‍ത്തകളും ചര്‍ച്ചകളും നടന്നതാണ്. അന്ന്, എല്ലാ എ‍തിർപ്പുകളെയും മറികടന്ന് ഒരു കൂസലും ഭയവും കൂടാതെ യുദ്ധം തുടങ്ങാനുള്ള തൻ്റെ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു വ്ലാദിമിർ പുടിൻ. യുക്രെെനെ നിലയ്ക്ക് നിർത്താൻ ആസൂത്രണം ചെയ്ത യുദ്ധതന്ത്രങ്ങള്‍ ഇന്ന് മറ്റൊരു രാജ്യത്തിന് കൂടി പകർന്ന് കൊടുക്കാൻ റഷ്യ ഒരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോ‍ർട്ട്. ഏതാണ് രാജ്യമെന്നല്ലേ..മറ്റാരുമല്ല..ചൈന തന്നെ.

ക്രിമിയയിൽ തങ്ങൾ നടത്തിയ ഇടപെടലിൻ്റെ പാഠങ്ങൾ അതേപടി തായ്‌വാനില്‍ പരീക്ഷിക്കാനുള്ള തന്ത്രങ്ങളാണ് റഷ്യ ചൈനയ്ക്ക് പക‍ർന്ന് നൽകുന്നതെന്നാണ് റിപ്പോർട്ട്. സ്വന്തം രാജ്യത്തിൻ്റെ ഭാ​ഗമാണെന്ന് ചൈന അവകാശപ്പെടുന്ന തായ്‌വാനും ഫിലിപ്പീൻസിൽ അവകാശമുന്നയിച്ച ദ്വീപും പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് ചെെനയുടെ ശ്രമം എന്നാണ് ഊഹാപോഹങ്ങള്‍. ചെെനയുടെ പദ്ധതിയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ അടുത്തിടെ ചോര്‍ന്നിരുന്നു. ഇവയെ ഉദ്ധരിച്ചാണ് ഇത് സംബന്ധിച്ച് വാ‍ർത്തകൾ റിപ്പോ‍ർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

യുകെ ആസ്ഥാനമായുള്ള ഒരു പ്രതിരോധ, സുരക്ഷാ ഫോറത്തിൽ നിന്നുമാണ് ഈ റിപ്പോ‍ർട്ട് ചോർന്നത്. തായ്‌വാനിൽ വ്യോമാക്രമണം നടത്താൻ ബീജിംഗിനെ സഹായിക്കുന്ന സൈനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും റഷ്യ ചൈനയ്ക്ക് വിൽക്കുന്നു എന്നാണ് ഇതിൽ പറയുന്നത്. അതിനായി ഒരു വ്യോമ ബറ്റാലിയനെ തന്നെ ചൈനക്കായി റഷ്യ സജ്ജമാക്കുമെന്നും പറയപ്പെടുന്നു.

2027ൽ തായ്‌വാനിൽ അധിനിവേശം നടത്തി പ്രദേശം പിടിച്ചെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിശ്ചയിച്ചതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷി നിശ്ചയിച്ച ആ സമയം അടുക്കവെ, റഷ്യ 2014ൽ ക്രിമിയ പിടിച്ചെടുത്ത രീതി ഒരു റഫറൻസ് ആക്കി നീക്കങ്ങൾ നടത്താനാണ് ചൈനയുടെ ശ്രമം എന്നാണ് വിലയിരുത്തൽ. ഇരുത്തം വന്ന ഒരു അധ്യാപകനെ പോലെ ചൈനയുടെ പരിശീലകനാകാൻ റഷ്യ ഒരുങ്ങുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ബ്ലാക്ക് മൂൺ ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പ് ചോർത്തിയതും ബ്രിട്ടീഷ് തിങ്ക് ടാങ്ക് റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട് പരിശോധിച്ചതുമാണ് പുറത്ത് വന്നിരിക്കുന്ന രേഖകൾ എന്നാണ് വിവരം. ഇത് പ്രകാരം, ആക്രമണ വാഹനങ്ങൾ, വാര്‍ ടാങ്കുകള്‍, കവചിത പേഴ്‌സണൽ കാരിയറുകൾ എന്നിവയുൾപ്പെടെ ഒരു കൂട്ടം സൈനിക ഉപകരണങ്ങൾ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിക്ക് വില്‍ക്കാന്‍ 2023ൽ തന്നെ റഷ്യ സമ്മതിച്ചിരുന്നു. ഈ ആയുധങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യകളും റഷ്യ ചൈനയ്ക്ക് കൈമാറുമെന്ന് റിപ്പോർട്ട് ഉണ്ട്.

റഷ്യയും ചെെനയും തമ്മിലുള്ള ഈ 'കരാര്‍' പൂർണ്ണമായും നടപ്പിലായാല്‍, ചൈനയുടെ വ്യോമാക്രമണ ശേഷി ശക്തിപ്പെടും. ചൈനീസ് സൈന്യത്തേക്കാൾ റഷ്യക്ക് ആധിപത്യം ഉള്ള ചുരുക്കം ചില മേഖലകളിൽ ഒന്നാണിത്. വ്യോമമേഖല കൂടി റഷ്യയുടെ സഹായത്തോടെ മെച്ചപ്പെട്ടാൽ തങ്ങളുടെ പ്രദേശമെന്ന് അവകാശപ്പെടുന്ന തായ്‌വാനെ പിടിച്ചെടുക്കാൻ ചെെനയ്ക്ക് സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തായ്‌വാൻ മാത്രമല്ല, ഫിലിപ്പൈൻസിനെയും മറ്റു ദ്വീപ് പ്രദേശങ്ങളെയും കൂടി തങ്ങളുടെ അധീനതയിൽ ആക്കാൻ റഷ്യയുടെ ഈ ഒരു സഹായ ഹസ്തം മാത്രം മതിയാകും ചൈനയ്ക്ക്.

ചൈന എന്തിന് തായ്‌വാനെയും ഫിലിപ്പീൻസിനെയും ലക്ഷ്യം വെക്കുന്നു ?

23 ദശലക്ഷം ജനസംഖ്യയുള്ള സ്വയംഭരണ ദ്വീപായ തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നും ആ പ്രദേശം പൂര്‍ണമായും തങ്ങളുടേത് ആകണമെന്നുമാണ് ചെെനയുടെ അവകാശവാദം. എന്നാൽ തായ്‌വാൻ സ്വയംഭരണാധികാരമുള്ള ഒരു ജനാധിപത്യ രാജ്യമാണെന്ന് തായ്‌വാനിലെ ജനങ്ങളും ഭരണകൂടവും പറയുന്നു.

കാലങ്ങളായി തായ്‌വാനു ചുറ്റും യുദ്ധക്കപ്പലുകൾ വളഞ്ഞ് ചൈന വരാറുണ്ട്. അടുത്തിടെ ദക്ഷിണ ചൈന കടലിൽ കൂറ്റൻ കപ്പലുകൾ ഇറക്കി തായ്‌വാനെ ചൈന ഭയപ്പെടുത്തുകയും ചെയ്തിരുന്നു. പലപ്പോഴും ഒരു കടൽ യുദ്ധം തന്നെ ഉണ്ടാകുമോ എന്ന ഭയം ഏഷ്യയിൽ നിലനിൽക്കുകയും ചെയ്തിരുന്നു.

അതേസമയം, ചൈനയും ഫിലിപ്പീൻസും തമ്മിലുള്ള തർക്കം പ്രധാനമായും ദക്ഷിണ ചൈനാ കടലിലെ ചില ദ്വീപുകളുടെയും നദീതടങ്ങളുടെയും ഉടമസ്ഥാവകാശത്തെച്ചൊല്ലിയാണ്, പ്രത്യേകിച്ച് സ്പ്രറ്റ്‌ലി ദ്വീപുകളെ ചൊല്ലിയാണ് തർക്കം. Nine-dash line എന്ന പ്രദേശത്തിന്റെ വലിയൊരു ഭാഗം തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന രാജ്യമാണ് ചൈന. എന്നാൽ ഇത് തങ്ങളുടെ exclusive economic സോണിൽ വരുന്ന പ്രദേശമാണെന്ന് ഫിലീപ്പീന്‍സും അവകാശപ്പെടുന്നു. ഇരുവരും തങ്ങളുടെ വാദത്തില്‍ ശക്തമായി ഉറച്ചുനില്‍ക്കുന്നതിനാല്‍ രണ്ട് രാജ്യങ്ങളുടെയും കപ്പലുകൾ ഈ മേഖലയിൽ പതിവായി ഏറ്റുമുട്ടാറുമുണ്ട്.

എന്തായാലും തായ്‌വാനും മറ്റ് ദ്വീപുകളും പിടിച്ചെടുക്കാനുള്ള ചെെനയുടെ പദ്ധതിയെ കുറിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍ എത്രമാത്രം ഔദ്യോഗികമാണെന്നതില്‍ നിലവില്‍ വ്യക്തതയില്ല.

എന്നിരുന്നാലും ഒരു കാര്യം ഉറപ്പാണ്. 1990-കൾ മുതൽ റഷ്യയും ചൈനയും ആയുധക്കച്ചവടം നടത്തിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും തമ്മിലുള്ള ബന്ധം അടുത്തിടെ കൂടുതൽ ഊഷ്മളമായിട്ടുണ്ട്. ഇതോടെ അവരുടെ സൈനിക പങ്കാളിത്തം കൂടുതൽ ശക്തമാവുകയും ചെയ്തിട്ടുണ്ട്.

ഇത് പല രാജ്യങ്ങൾക്കും ഒരു മുന്നറിയിപ്പ് കൂടിയാണ്. അടുത്തിടെ ചൈനീസ് സൈനിക പരേഡിൽ ഷി, പുടിൻ, ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ എന്നിവർ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമെതിരെ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഒരുമിച്ചു നിന്നതും കൈ കൊടുത്തതും നാം കണ്ടതാണ്. ഇതിന്റെ എല്ലാം പശ്ചാത്തലത്തിൽ ചൈനയുടെ അടുത്ത നീക്കത്തിൽ നിർണ്ണായക പങ്കു വഹിക്കാൻ റഷ്യ കൂടെ ഉണ്ടാകുമെന്ന റിപ്പോ‍‍ർട്ടിനെ കണ്ണടച്ച് അവ​ഗണിക്കാനും കഴിയില്ല.

Content Highlights : Russia is helping China equip & train for Taiwan's invasion

To advertise here,contact us