മസ്കും പെട്ടോ? വീണ്ടും ചൂട് പിടിപ്പിച്ച് എപ്സ്റ്റീൻ ലൈംഗീകാരോപണ ഫയൽ: ആൻഡ്രൂ രാജകുമാരൻ്റെ പേരും ഫയലിൽ

ജഫ്രി എപ്സ്റ്റീൻ ലൈംഗീകാരോപണ ഫയലുകൾ പുറത്തുവിടാൻ മസ്ക് നേരത്തെ ട്രംപിനെ വെല്ലുവിളിച്ചിരുന്നു

ലൈംഗിക കുറ്റവാളിയെന്ന് കണ്ടെത്തിയ ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ ഉൾപ്പെട്ട പുതിയ പേരുകൾ ച‍ർച്ചയിൽ. അമേരിക്കൻ കോടീശ്വരൻ ഇലോൺ മസ്കും പ്രിൻസ് ആൻഡ്രുവിൻ്റെയും പേര് എപ്സ്റ്റീൻ ഫയലിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വാ‍ർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എപ്സ്റ്റീനെതിരെ അന്വേഷണം നടത്തുന്ന ‌അമേരിക്കൻ പ്രതിനിധി സഭയുടെ ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് ജെഫ്രി എപ്സ്റ്റീൻ എസ്റ്റേറ്റ് കൈമാറിയ ഫയലുകളിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ പുറത്ത് വിടാൻ ഡോണൾഡ് ട്രംപിനെ നേരത്തെ ഇലോൺ മസ്ക് വെല്ലുവിളിച്ചിരുന്നു.

ജെഫ്രി എപ്സ്റ്റീൻ്റെ സ്വകാര്യ ദ്വീപിലേയ്ക്ക് ദ്വീപിലേക്ക് 2014 ഡിസംബറിൽ മസ്‌കിനെ ക്ഷണിച്ചിരുന്നുവെന്നാണ് രേഖകളെ ഉദ്ധരിച്ചുള്ള പുതിയ വെളിപ്പെടുത്തൽ. 2000 മെയ് മാസത്തിൽ ന്യൂജേഴ്‌സിയിൽ നിന്ന് ഫ്ലോറിഡയിലേക്കുള്ള ഒരു ഫ്ലൈറ്റ് രേഖയിൽ യാത്രക്കാരനായി പ്രിൻസ് ആൻഡ്രുവിൻ്റെ പേരുണ്ടെന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം. എന്നാൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി ആരോപണങ്ങൾ ആൻഡ്രു രാജകുമാരൻ നേരത്തെ ശക്തിയുക്തം നിഷേധിച്ചിരുന്നു. എപ്സ്റ്റീൻ തന്നെ സ്വകാര്യ ദ്വീപിലേയ്ക്ക് ക്ഷണിച്ചതായി മസ്ക് പറഞ്ഞതായി വാർത്തകൾ വന്നിരുന്നെങ്കിലും അത്തരം വാ‍ർത്തകൾ നേരത്തെ മസ്കും നിഷേധിച്ചിരുന്നു. എപ്സ്റ്റീൻ എസ്റ്റേറ്റ് നൽകിയ മൂന്നാമത്തെ സെറ്റ് രേഖകളിൽ നിന്നുള്ളതാണ് നിലവിൽ പുറത്ത് വന്നിരിക്കുന്ന അപൂർണ്ണമായ രേഖകൾ എന്നാണ് റിപ്പോർട്ട്. ഫോൺ സന്ദേശത്തിൻ്റെ ലോഗുകൾ, വിമാന ഫ്ലൈറ്റ് ലോഗുകളുടെയും മാനിഫെസ്റ്റുകളുടെയും പകർപ്പുകൾ, ബാങ്ക് ലെഡ്ജറുകളുടെ പകർപ്പുകൾ, എപ്സ്റ്റീന്റെ ദൈനംദിന ഷെഡ്യൂൾ എന്നിവ ഈ രേഖകളിൽ ഉണ്ടെന്നാണ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മസ്‌കിനും ആൻഡ്രൂ രാജകുമാരനും പുറമെ‌ ഇന്റർനെറ്റ് സംരംഭകനായ പീറ്റർ തീൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ മുൻ ഉപദേഷ്ടാവ് സ്റ്റീവ് ബാനൻ തുടങ്ങിയ പ്രശസ്തരായ മറ്റ് വ്യക്തികളുടെ പേരുകളും പൊതുജനങ്ങൾക്ക് ലഭ്യമായ രേഖകളിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.

മസ്കുമായി ബന്ധപ്പെ രേഖകളിലെ ഒരു പരാമർശം ബിബിസി പങ്കുവെച്ചിട്ടുണ്ട്. 2014 ഡിസംബറിലെ രേഖകളിൽ "ഓർമ്മപ്പെടുത്തൽ: ഡിസംബർ 6 ന് എലോൺ മസ്‌ക് ദ്വീപിലേക്ക് (ഇത് ഇപ്പോഴും സംഭവിക്കുന്നുണ്ടോ?)" എന്ന് കുറിച്ചിട്ടുണ്ടെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ആൻഡ്രൂ രാജകുമാരൻ ന്യൂജേഴ്‌സിയിലെ ടെറ്റർബോറോയിൽ നിന്ന് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലേക്ക് 2000 മെയ് 12 ന്, എപ്‌സ്റ്റീനും അദ്ദേഹത്തിന്റെ കൂട്ടാളിയായ ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിനും ഒപ്പം യാത്ര ചെയ്തു എന്നാണ് ഒരു ഫ്ലൈറ്റ് മാനിഫെസ്റ്റ് രേഖയെ ഉദ്ധരിച്ച് കണ്ടെത്തിയിരിക്കുന്നത്. എപ്‌സ്റ്റൈനൊപ്പം മാക്‌സ്‌വെല്ലിനെയും പെൺകുട്ടികളെ ലൈംഗിക വൃത്തിക്കായി കടത്താൻ ഗൂഢാലോചന നടത്തിയതിന് കുറ്റക്കാരാണെന്ന് 2021ൽ കണ്ടെത്തിയിരുന്നു. 2000 ഫെബ്രുവരിയിലും മെയ് മാസത്തിലും "ആൻഡ്രൂ"വിൻ്റെ മസാജുകൾക്ക് വേണ്ടി പണമടച്ചതിൻ്റെ രണ്ട് പരാമർശങ്ങൾ വ്യാപകമായി എഡിറ്റ് ചെയ്ത ഒരു ലെഡ്ജറിൽ ഉണ്ടെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലെഡ്ജറിൽ പരാമർശിച്ചിരിക്കുന്ന "ആൻഡ്രൂ" ആരാണെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ കൊട്ടാര രേഖകളിലും പഴയ ഫോട്ടോകളിലും അക്കാലത്തെ വാർത്താ വിവരണങ്ങളിലും ആൻഡ്രൂ രാജകുമാരൻ യുഎസ് സന്ദർശിച്ചതായി കാണിച്ചിരിക്കുന്ന സമയത്തിനോട് സമാനമാണ് പുറത്ത് വന്നിരിക്കുന്ന രേഖകളിൽ പറഞ്ഞിരിക്കുന്ന സമയവും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ബക്കിങ്ങാം കൊട്ടാരത്തിൻ്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവന പ്രകാരം നാഷണൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ചിൽഡ്രന്റെ ഒരു വിരുന്നിൽ പങ്കെടുക്കാൻ ആൻഡ്രൂ രാജകുമാരൻ 2000 മെയ് 11ന് ന്യൂയോർക്കിലേക്ക് പോയിരുന്നുവെന്ന് വ്യക്തമാണ്. മെയ് 15-ന് ആൻഡ്രൂ ബ്രിട്ടനിൽ തിരിച്ചെത്തിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ എപ്സ്റ്റീനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച വിർജീനിയ റോബർട്ട്സ് ജിഫ്രെ ആൻഡ്രൂ രാജകുമാരനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. ‌തന്നെ കടത്തിക്കൊണ്ടുപോയി ആൻഡ്രൂ രാജകുമാരൻ ഉൾപ്പെടെയുള്ള എപ്സ്റ്റീൻ്റെ സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചുവെന്നും അന്ന് തനിക്ക് 17 വയസ്സേ പ്രായമുണ്ടായിരുന്നുള്ളുവെന്ന് ആൻഡ്രൂവിന് അറിയാമായിരുന്നുവെന്നുമായിരുന്നു ജിഫ്രെയുടെ ആരോപണം. എന്നാൽ ആൻഡ്രൂ രാജകുമാരൻ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. വിർജീനിയ റോബർട്ട്സ് ജിഫ്രെ എപ്സ്റ്റീനെതിരെ കടത്തിക്കൊണ്ടുപോയി ലൈം​ഗിക പീഡനം നടത്തിയെന്ന ആരോപണമാണ് ഉന്നയിച്ചിരുന്നത്.

സംരംഭകനായ പീറ്റർ തീലിൻ്റെ പേരിനൊപ്പം 2017 നവംബറിലെ ഉച്ചഭക്ഷണ തീയതിയെക്കുറിച്ചും എപ്സ്റ്റീന ഫയലുകളിൽ പരമാർശമുണ്ട്. 2019 ഫെബ്രുവരി 17ന് സ്റ്റീവ് ബാനനുമൊത്തുള്ള പ്രഭാതഭക്ഷണത്തെക്കുറിച്ചും രേഖയിൽ പരാമ‍ർശമുണ്ട്. മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബിൽ ഗേറ്റ്‌സുമായി 2014 ഡിസംബറിൽ ഒരു പ്രഭാതഭക്ഷണ പാർട്ടിക്കുള്ള പ്രാഥമിക ക്രമീകരണങ്ങൾ നടത്തിയാതായി രേഖകൾ പറയുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. എപ്‌സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയതിലൂടെ താൻ ഒരു "തെറ്റ്" ചെയ്തുവെന്ന് ഗേറ്റ്‌സ് 2022-ൽ ബിബിസിയോട് സമ്മതിച്ചിരുന്നു.

നേരത്തെ എപ്സ്റ്റീൻ ഫയലുകളിൽ ട്രംപിൻ്റെ പേരുണ്ടെന്ന ​ഗുരുതര ആരോപണങ്ങൾ ഉയർത്തി ഡോജ് മേധാവി സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് പിന്നാലെ ഇലോൺ മസ്ക് രം​ഗത്ത് വന്നിരുന്നു. ട്രംപിൻ്റെ ബി​ഗ് ബ്യൂട്ടിഫുൾ ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകൾക്ക് പിന്നാലെയായിരുന്നു മസ്ക് ആരോപണവുമായി രം​ഗത്ത് വന്നത്. ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളിൽ പ്രമുഖരുടെ പേരിനൊപ്പം ട്രംപിന്റെ പേരുമുണ്ടെന്ന ​ഗൗരവമായ ആരോപണമാണ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ മസ്ക് ഉന്നയിച്ചത്. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവരാത്തത് അതിനാലാണെന്നും മസ്ക് ചൂണ്ടിക്കാണിച്ചിരുന്നു. സത്യം ഒരുനാൾ പുറത്തുവരുമെന്നും എക്സ് പോസ്റ്റിൽ മസ്ക് കൂട്ടിച്ചേർത്തിരുന്നു. അമേരിക്കൻ പ്രസിഡ‍ൻ്റ് സ്ഥാനത്ത് നിന്നും ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും പകരം വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് ആ സ്ഥാനത്തേയ്ക്ക് വരണമെന്നും എക്സ് പോസ്റ്റിൽ മസ്ക് ആവശ്യപ്പെട്ടിരുന്നു.

ആരാണ് ജെഫ്രി എപ്സ്റ്റീൻ

സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട കോടീശ്വരനാണ് ജെഫ്രി എപ്സ്റ്റീൻ. ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാൾട്ടൺ സ്‌കൂളിലെ ഗണിത അധ്യാപകനായി കരിയർ തുടങ്ങിയ ജെഫ്രി, 1970കളിൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ബെയർ സ്റ്റേൺസിൽ ജോലി ആരംഭിച്ചതോടെ തന്റെ ജീവിതം മാറ്റി മറിച്ച നിക്ഷേപ ലോകത്തേക്കുള്ള യാത്ര ആംഭിക്കുകയായിരുന്നു. 1982ൽ സ്വന്തം സ്ഥാപനമായ ജെ. എപ്സ്റ്റീൻ ആൻഡ് കോ സ്ഥാപിച്ചു. നൂറുകോടിയിലധികം വരുമാനമുള്ളവർക്ക് പ്രത്യേക സേവനങ്ങൾ വാഗ്ദാനം ചെയ്ത് എപ്സ്റ്റീൻ പ്രമുഖരുമായി വ്യക്തിബന്ധം സ്ഥാപിച്ചു.

സമ്പത്ത് വർധിച്ചതോടെ പ്രശസ്തർക്കായി ജെഫ്രി പാർട്ടികൾ സംഘടിപ്പിക്കാൻ തുടങ്ങി. എന്നാൽ ജെഫ്രിയുടെ ഈ സമ്പത്തിന്റെ എല്ലാം ഉറവിടം അവ്യക്തമായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ശതകോടീശ്വരനായി ആണ് ജെഫ്രി എപ്പോഴും അറിയപ്പെട്ടിരുന്നത്. മരണത്തിന് രണ്ട് ദിവസം മുൻപ് ഒപ്പിട്ട വിൽപത്രം അനുസരിച്ച്, അദ്ദേഹത്തിന് 577,672,654 ഡോളറിന്റെ ആസ്തിയുണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2008-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിന് പ്രേരിപ്പിച്ചു എന്ന കേസിൽ എപ്സ്റ്റീൻ കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന് ശേഷം ഇയാളെ 18 മാസത്തെ തടവിന് വിധിക്കുച്ചെങ്കിലും 13 മാസം മാത്രമാണ് എപ്സ്റ്റീന് ജയിലിൽ കഴിയേണ്ടി വന്നത്. സംഭവത്തിൽ കുറ്റം ചെയ്തു എന്ന് കണ്ടെത്തിയതോടെ എപ്സ്റ്റീനെ ഔദ്യോഗികമായി ലൈംഗിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.

മിയാമി ഹെറാൾഡ് ഇൻവെസ്‌റ്റിഗേറ്റീവ് റിപ്പോർട്ടർ ജൂലി കെ ബ്രൗൺ എപ്സ്റ്റിനെയും അയാളുടെ ഇരകളെയും സംബന്ധിച്ച ഒരു പരമ്പര പ്രസിദ്ധീകരിച്ചു. എപ്‌സ്‌റ്റീന് കുടുതൽ ശിക്ഷ നൽകണമെന്നായിരുന്നു ജൂലിയുടെ വാദം. എന്നാൽ, 2019 ജൂലൈയിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് ജെഫ്രി എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി. 2019 ജൂലൈ 24 ന് എപ്‌സ്‌റ്റീനെ സെല്ലിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നു. ഏതാനും ആഴ്‌ചകൾക്കുശേഷം, ഓഗസ്‌റ്റ് 10 ന് എസ്‌റ്റിനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം, എപ്‌സ്‌റ്റീൻ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് വ്യക്തമാക്കുന്നത്, എങ്കിലും ഇതുസംബന്ധിച്ച ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്.

ഇരകളെ തന്റെ വരുതിയിൽനിർത്തുന്നതിനും മറ്റുള്ളവർക്ക് ലൈംഗികാവശ്യങ്ങൾക്കായി എത്തിച്ചുകൊടുക്കാനും ജെഫ്രി നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. കൂടുതൽ പെൺകുട്ടികളെ റിക്രൂട്ട് ചെയ്യാൻ ചില ഇരകൾക്കു പണം നൽകിയതായും റിപ്പോർട്ടുകളുണ്ട്. 14 വയസ്സുള്ള പെൺകുട്ടികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. ജെഫ്രിയുടെ ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇതിൽ താൻ കുറ്റക്കാരനല്ലെന്ന് എപ്‌സ്റ്റീൻ ആവർത്തിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചു. വിചാരണയ്ക്ക് മുമ്പ് സെല്ലിൽ എപ്സ്‌റ്റീനെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ കേസിലെ പല വിവരങ്ങളും അജ്‌ഞാതമായിത്തന്നെ ഇന്നും തുടരുന്നു.

എന്താണ് ജെഫ്രി എപ്സ്റ്റീൻ കേസ്

കരീബിയൻ ദ്വീപിലും ന്യൂയോർക്ക്, ഫ്ലോറിഡ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ സാധാരണക്കാരായ ആളുകളുടെ വീട്ടിലെത്തി അവിടുത്തെ സ്ത്രീകളെ എപ്സ്റ്റീനും അയാളുടെ ഉന്നത ബന്ധങ്ങളുള്ള അതിഥികളും ലൈം​ഗികമായി ഉപയോ​ഗിച്ചിരുന്നു എന്ന പരാതിയുമായി നിരവധി വനിതകൾ രം​ഗത്തെത്തിയിരുന്നു. ലോകം മുഴുവനുള്ള ആളുകളെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. എന്നാൽ 2019ലെ ജെഫ്രിയുടെ മരണത്തിന് ശേഷം ഇയാളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളായവർക്കെതിരായ നിയമ നടപടികൾ നിർത്തി വെയ്ക്കുകയായിരുന്നു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങൾ, ബന്ധപ്പെട്ട രേഖകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, കോൾ റെക്കോർഡുകൾ, ചാറ്റുകൾ, വീഡിയോകൾ, അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും ക്ലെയിന്റുകളുടെയും പേരുകൾ, മറ്റ് അന്വേഷണ ഡാറ്റ എന്നിവ ഉൾപ്പെടുന്ന ഫയലാണ് എപ്സ്റ്റീൻ ഫയലുകൾ എന്നറിയപ്പെടുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പോപ്പ് ഐക്കൺ മൈക്കൽ ജാക്‌സൺ, നടൻ അലക് ബാൾഡ്‌വിൻ, ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻ‌സ്റ്റൈൻ എന്നിവർ ജെഫ്രി എപ്‌സ്റ്റീന്റെ കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന എണ്ണമറ്റ സെലിബ്രിറ്റികളിൽ ഉൾപ്പെടുന്നുവെന്ന് 2025 ഫെബ്രുവരിയിൽ അമേരിക്കൻ നീതിന്യായ വകുപ്പിന്റെ ഒരു രേഖയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കേസിൽ ഇവരുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷണത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമായ നിലയിൽ പരസ്യപ്പെടുത്തിയിട്ടില്ല.

Content Highlights: Elon Musk and Prince Andrew named in new Epstein files

To advertise here,contact us