ഇസ്രയേൽ പലസ്തീൻ സംഘർഷത്തിൽ ദുരിതത്തിലായിരിക്കുന്ന പശ്ചിമേഷ്യ. റഷ്യ-യുക്രെയ്ൻ ഏറ്റമുട്ടലിൽ വലയുന്ന യൂറോപ്പ്. ഈ സംഘർഷങ്ങളിലേക്ക് പലപ്പോഴായി കടന്നു വരികയോ വലിച്ചിഴയ്ക്കപ്പെടുകയോ ചെയ്യുന്ന ഇറാൻ, അമേരിക്ക, ഖത്തർ, ഈജിപ്ത്, സിറിയ, തുർക്കി തുടങ്ങിയ ലോക രാജ്യങ്ങൾ. ഈ നിലയിൽ ഭൗമരാഷ്ട്രീയം പലതരം സങ്കീർണ്ണതകളാൽ വട്ടംചുറ്റുമ്പോൾ പ്രധാന ചർച്ചകൾ പലതും പെട്രോളിയം ഉത്പന്നങ്ങളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. റഷ്യയും പശ്ചിമേഷ്യയും എണ്ണയുടെ കാര്യത്തിൽ ലോകത്തിൻ്റെ നെടുംതൂണുകളായത് തന്നെയാണ് ഇതിന് കാരണം. ഈ ഘട്ടത്തിലാണ് തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്താൻ പശ്ചിമേഷ്യയിലെ ഒരു രാജ്യം വഴിതേടുന്നത് തേടുന്നത്. പറഞ്ഞു വരുന്നത് ലോകത്ത് ഏറ്റവുമധികം ഭൂഗർഭ എണ്ണ സമ്പത്തുള്ള ഇറാഖിനെ കുറിച്ചാണ്. എണ്ണ ഉത്പാദനം വീണ്ടും വർദ്ധിപ്പിക്കുക , കയറ്റുമതി കൂട്ടി രാജ്യത്തിന് വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ പദ്ധതിക്കായി ഒരുങ്ങുകയാണ് ഇറാഖ്.
ഇറാഖിൽ നിന്നുള്ള അസംസ്കൃത എണ്ണയ്ക്ക് ഒരു പുതിയ കയറ്റുമതി റൂട്ട് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒമാൻ സർക്കാരുമായി ചേർന്ന് ഉള്ള ഒരു ക്രൂഡ് ഓയിൽ പൈപ്പ്ലൈൻ പദ്ധതിയാണ് ഇറാഖിന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഉടൻ ഒരു പൂർണ്ണകരാറിൽ എത്തിച്ചേരുമെന്നാണ് റിപ്പോർട്ട്. 2025ന്റെ തുടക്കത്തിൽ തന്നെ ഇതിനായുള്ള പ്രാഥമിക കരാർ ആയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കരാറിനെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യാൻ കാരണവുമുണ്ട്. ഈ പറഞ്ഞ കരാറുമായി ഇരു രാജ്യങ്ങളും മുന്നോട്ട് പോവുകയാണെങ്കിൽ, ഒമാനിലേക്ക് ഇറാഖിന്റെ ക്രൂഡ് ഓയിൽ ഒഴുകുന്ന പൈപ്പ് ലൈൻ പദ്ധതി പ്രാവർത്തികമാകുകയാണെങ്കിൽ അത് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നത് ഇന്ത്യക്കായിരിക്കും എന്നതാണ് എടുത്തു പറയേണ്ടത്.
ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രാജ്യങ്ങളിൽ രണ്ടാമതാണ് ഇറാഖ്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ 23 % ഇറാഖിൽ നിന്നാണ്. ഇറാഖ് ഇനിയും ഉൽപ്പാദനം കൂടിയ്യാൽ അതിന്റെ നേട്ടം സ്വാഭാവികമായും ഇന്ത്യയ്ക്ക് കിട്ടും. ഇറാഖുമായി അടുത്ത സൗഹൃദമുള്ളതിനാൽ ഇന്ത്യയെ പരിഗണിക്കുമെന്നും തീർച്ചയാണ്. അതിനാൽ തന്നെ ഒമാൻ എണ്ണ പൈപ്പ്ലൈൻ പാത ഏഷ്യയിലേക്കുള്ള ഇറാഖിന്റെ കയറ്റുമതിയുടെ പ്രധാനപാതയാകുമെന്നും ഇന്ത്യക്ക് ഗുണകരമാകുമെന്നും ഉറപ്പാണ്.
ഇനി, എന്താണ് Iraq - Oman പൈപ്പ്ലൈൻ ഡീൽ എന്ന് വിശദമായി നോക്കാം.
ഇറാഖിന്റെ തെക്കൻ നഗരമായ ബസ്രയിൽ നിന്ന് ഒമാനിലെ ദുഖ്മിലേക്ക്, അറേബ്യൻ ഗൾഫ് വഴി കരമാർഗ്ഗമോ കടലിനടിയിലൂടെയോ ആയിരിക്കും ഈ പറഞ്ഞ പൈപ്പ്ലൈൻ. പദ്ധതിയുടെ ആദ്യപടിയായി, ഒമാനിലെ ദുഖം തുറമുഖത്ത് ഇരു രാജ്യങ്ങളും ചേർന്ന് 10 ദശലക്ഷം ബാരൽ ശേഷിയുള്ള എണ്ണ സംഭരണ സൗകര്യങ്ങൾ നിർമ്മിക്കും. ശേഷം ഏഷ്യൻ രാജ്യങ്ങളിലേക്ക് ഇത് കയറ്റുമതി ചെയ്യും. ഒമാൻ സർക്കാരുമായി ഇതേകുറിച്ച് ഇറാഖ് സജീവമായി ചർച്ചകളിൽ ഏർപ്പെട്ട് വരികയാണെന്നാണ് ഇറാഖിലെ സ്റ്റേറ്റ് ഓർഗനൈസേഷൻ ഫോർ മാർക്കറ്റിംഗ് ഓഫ് ഓയിൽ (SOMO) ജനറൽ മാനേജർ അലി നാസർ അൽ-സതാരി പറയുന്നത്. പ്രാഥമിക കണക്കുകൾ പ്രകാരം, അന്തിമ അംഗീകാരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ പദ്ധതി പൂർത്തിയാകാൻ 3-5 വർഷം എടുത്തേക്കാം.
ഏഷ്യൻ രാജ്യങ്ങളെ മാത്രമല്ല, യൂറോപ്പിനെയും നോട്ടമിട്ടാണ് ഇറാഖിന്റെ ഈ നീക്കം. കുർദിസ്ഥാൻ മേഖലയിൽ നിന്നുള്ള എണ്ണ കയറ്റുമതി വർദ്ധിപ്പിച്ചാണ് ഈ ലക്ഷ്യം നേടാൻ ഇറാഖ് ശ്രമിക്കുന്നത്. കുർദിസ്ഥാൻ വഴി എണ്ണ തുർക്കിയിൽ എത്തിച്ച് അത് വഴി യൂറോപ്പിലേക്ക് എത്തിക്കാനാണ് ഇറാഖിന്റെ ലക്ഷ്യം. എണ്ണക്കായി റഷ്യയെ ആശ്രയിക്കുന്ന യൂറോപ്പിൽ എളുപ്പം വിപണിയുണ്ടാക്കിയെടുക്കാമെന്നും ഇറാഖ് കണക്ക് കൂട്ടുന്നുണ്ട്.
നിലവിൽ ഇറാഖിന്റെ എണ്ണ കയറ്റുമതി പല വെല്ലുവിളികളും നേരിടുന്നുണ്ട്. മുമ്പ് പ്രതിദിനം ഏകദേശം 450,000 ബാരൽ കയറ്റി അയച്ചിരുന്ന കുർദിസ്ഥാൻ-തുർക്കി പൈപ്പ്ലൈൻ, തുടർച്ചയായ രാഷ്ട്രീയ, ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ കാരണം 2023 ന്റെ തുടക്കം മുതൽ പ്രവർത്തനരഹിതമാണ്. ഇത് ഇറാഖിന് കോടിക്കണക്കിന് വരുമാന നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഇറാഖിലെ എണ്ണയുടെ ഏകദേശം 90 ശതമാനം നിലവിൽ പേർഷ്യൻ ഗൾഫിലെ ടെർമിനലുകൾ വഴിയാണ് ഒഴുകുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള സമുദ്ര ഷിപ്പിംഗിനെ പ്രാദേശിക സംഘർഷങ്ങൾ ബാധിക്കുന്നത് ഇറാഖിനും പ്രതീകൂലമാണ്. അതിനാൽ തന്നെയാണ് ഒമാനിലേക്കുള്ള പൈപ്പ്ലൈൻ ഒരു ബദൽ മാർഗമായായി ഇറാഖ് കണക്കാക്കുന്നത്. ഇത് നിലവിൽ വരുന്നതോടെ പ്രാദേശിക സംഘർഷം ഉണ്ടായാൽ പോലും ഇറാഖിന്റെ എണ്ണ കയറ്റുമതിയെ ബാധിക്കില്ലെന്നാണ് നിഗമനം. മിഡിൽ ഈസ്റ്റിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളിൽ ഒരു നിർണായക വികസനം അകാൻ സാധ്യതയുള്ള ഈ പദ്ധതി നിലവിൽ വന്നാൽ, ഇറാഖിന് പല വെല്ലുവിളികളെയും അതിജീവിക്കാനാകുമെന്ന് റിപ്പോർട്ടും ഉണ്ട്.
ഇറാഖിന്റെ ഈ നീക്കം ആഗോള എണ്ണ വിപണിയിൽ വെല്ലുവിളികൾ സൃഷ്ടിക്കുമോ എന്ന് ചോദിച്ചാൽ അതിനു സാധ്യതകൾ ഏറെയാണ് എന്നാണ് ഉത്തരം. റഷ്യക്കും സൗദി അറേബ്യക്കും ഇത് ഒരു തിരിച്ചടി ആയിരിക്കും എന്ന് വേണം കരുതാൻ. എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ ഓരോ രാജ്യങ്ങളും എത്ര അളവിൽ ഉൽപ്പാദിപ്പിച്ച് കയറ്റുമതി ചെയ്യണം എന്ന ക്വാട്ടയുണ്ട്. ആ ക്വാട്ട ലംഘിച്ച് കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് ഇന്ന് ഇറാഖ്. അതുകൊണ്ട് തന്നെ ഇറാഖിന്റെ ശത്രു രാജ്യങ്ങൾ ഈ നീക്കത്തിൽ തടയിടാൻ ശ്രമിക്കുമെന്ന് തന്നെയാണ് വിദഗ്ദ്ധർ പറയുന്നത്.
അടുത്ത കാലത്തായി ഇറാഖിന്റെ എണ്ണ ഉത്പാദ കരാറുകൾ വർധിച്ച സാഹചര്യത്തിൽ ഒമാൻ പൈപ്പ്ലൈൻ പദ്ധതിക്ക് പ്രാധാന്യം ഏറെയാണ്. കുർദിസ്ഥാനിൽ പ്രവർത്തിക്കുന്ന എട്ട് എണ്ണക്കമ്പനികൾ ഇറാഖുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. 2023 മാർച്ച് മുതൽ നിർത്തിവച്ചിരിക്കുന്ന ഇറാഖ്-തുർക്കി പൈപ്പ്ലൈനിലൂടെ പ്രതിദിനം ഏകദേശം 230,000 ബാരൽ അസംസ്കൃത എണ്ണ കരാറായിരുന്നു ഉണ്ടായിരുന്നത്. എന്തായാലും ഏഷ്യൻ രാജ്യങ്ങൾക്ക് ഉപകാരപ്രദമാകാൻ പോകുന്ന ഇറാഖിന്റെ ഈ നീക്കം റഷ്യയും സൗദി അറേബ്യയും കൈയും കെട്ടി നോക്കി ഇരിക്കുമോ? ഇന്ത്യയിലേക്കുള്ള എണ്ണ ഒഴുക്ക് കൂടുമോ ? യൂറോപ്പ്യൻ രാജ്യങ്ങൾ ഈ നീക്കം എങ്ങനെ സ്വീകരിക്കും….കണ്ടറിയാം…
Content Highlights: The Iraq-Oman oil pipeline agreement creating a new export route for Iraqi crude oil