കടലിൽ ചരക്കുകപ്പലിറക്കിയാൽ പെടും! ഹാക്കർമാർ കപ്പലുകളെ ലക്ഷ്യമിടുന്നത് എന്തിന്?

സൈബർ ആക്രമണത്തിൽ പൊറുതിമുട്ടി ആഗോള ചരക്ക് കപ്പലുകൾ; ഹാക്കർമാർ കപ്പലുകളെ ലക്ഷ്യമിടുന്നത് എന്തിന്?

'ഗ്ലോബലൈസഷൻ' എന്ന ആശയത്തിന്റെ പ്രധാന അടിസ്ഥാനങ്ങളിൽ ഒന്നാണ് സമുദ്ര വ്യാപാരം. ലോക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും അന്താരാഷ്ട്ര ബന്ധങ്ങൾക്കും സമുദ്ര വ്യാപാരത്തിന് വലിയ പങ്കുതന്നെയുണ്ട്. ലോക വ്യാപാരത്തിന്റെ ഏകദേശം 80 ശതമാനവും നടക്കുന്നത് ആഗോള ഷിപ്പിംഗ് വ്യവസായത്തിൻ്റെ ഭാഗമായാണ്. പുതിയ കാലത്തെ വിവര സാങ്കേതിക വിദ്യകളെ കൂടി ആശ്രയിച്ചാണ് ഇപ്പോൾ ഷിപ്പിംഗ് വ്യവസായം മുന്നോട്ട് പോകുന്നത്.

നിലവിൽ സൈബർ ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത് ഷിപ്പിംഗ് വ്യവസായമാണ് എന്നതാണ് എടുത്ത് പറയേണ്ടത്. എണ്ണ, പ്രകൃതി വാതകം, കൽക്കരി, ധാന്യങ്ങൾ, ഇരുമ്പ്, വാഹനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ സമുദ്രമാർഗ്ഗമാണ് രാജ്യങ്ങൾ തമ്മിൽ കൈമാറുന്നത്. ഈ നിലയിൽ ലോകവ്യാപരത്തിൽ നിർണ്ണായക ഘടകമായ ഗ്ലോബൽ ഷിപ്പിംഗിനെ ഇന്ന് വളരെ എളുപ്പത്തിൽ ഹാക്കർമാർ ലക്ഷ്യം വെക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാൾട്ടിക് കടലിൽ ജിപിഎസ് ടാർഗെറ്റിങ് റഷ്യ നടത്തിയതിൻ്റെ ഇതിൻ്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.

കര മാർഗമോ, വ്യോമ മാർഗമോ ഉള്ള വ്യാപാരത്തെ ഉന്നംവയ്ക്കാതെ എന്തുകൊണ്ട് കടൽ മാർഗമുള്ളവയെ ഹാക്കർമാർ കൂടുതൽ ഉന്നം വെക്കുന്നു? ഈ ചോദ്യത്തിന് ഒന്നല്ല, ഒന്നിലേറെ ഉത്തരങ്ങൾ ഉണ്ട്. സൂയസ് കനാൽ, പനാമ കനാൽ, മലാക്ക കടലിടുക്ക് എന്നിവയാണ് ലോകത്തെ ഏറ്റവും തിരക്കേറിയ കടൽമാർഗങ്ങൾ. ചൈന, സിംഗപ്പൂർ, റോട്ടർഡാം, ദുബായ്, ഹാംബർഗ്, ലോസ് ആഞ്ചലസ്, ഷാങ്ഹായ് എന്നിവ ലോകത്തിലെ പ്രമുഖ തുറമുഖങ്ങളുമാണ്. കണ്ടെയ്നർ കപ്പലുകൾ ആണ് അന്താരാഷ്ട്ര വ്യാപാരത്തിന്റെ ആണിക്കല്ല്. കാലാവസ്ഥാ വ്യതിയാനം, കൊള്ളക്കാരുടെ ആക്രമണം, വ്യാപാര നയം, എണ്ണവില മാറ്റങ്ങൾ എന്നിവ ഷിപ്പിംഗ് വ്യവസായത്തെ നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണ്. എന്നാൽ പുതിയ കാലത്ത് സൈബർ ആക്രമണങ്ങൾ ഇവയെക്കാളെല്ലാം സാധാരണമായി മാറിയിട്ടുണ്ട്

ഈ മേഖലയ്‌ക്കെതിരായ സൈബർ ആക്രമണങ്ങൾ ആശങ്കാജനകമായ തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സമീപ കാലത്തെ ബിബിസിയുടെ അന്വേഷണം വ്യക്തമാക്കുന്നത്.

കടലിലെ ചരക്ക് കപ്പലുകളെയും അവയുടെ ചലനത്തെ നിലനിർത്തുന്ന വലിയ തുറമുഖങ്ങളെയും ഇത് ബാധിക്കുമെന്നും അന്വേഷണം വ്യക്തമാക്കുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന സൈബർ അറ്റാക്കുകൾ നേരിടാൻ സാമ്പത്തിക ചിലവേറെയാണ്. 2022നും 2023നും ഇടയിൽ ഒരു ആക്രമണത്തെ നേരിടാനുള്ള ചെലവ് 550,000 ഡോളർ എന്ന നിലയിൽ ഇരട്ടിയായി വർദ്ധിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്.

സഞ്ചാരത്തിന് തടസ്സങ്ങൾ ഉണ്ടായാൽ ഷിപ്പിംഗ് കമ്പനികളുടെ ചെലവുകൾ വളരെയധികം വർദ്ധിപ്പിക്കുകയും അവയുടെ ശേഷി കുറയാൻ കാരണമാവുകയും ചെയ്യും. ഹാക്കർമാർക്ക് എളുപ്പത്തിൽ ചെയ്തെടുക്കാനാവുന്ന ഒരു റാൻസംവെയർ ആക്രമണം ഉണ്ടായാൽ പോലും തുറമുഖ പ്രവർത്തനങ്ങൾ സ്തംഭിക്കുകയും കയറ്റുമതി വൈകുകയും ആഗോള വിതരണ ശൃംഖലകളിൽ തടസ്സങ്ങൾ നേരിടുകയും ചെയ്യും.

ആഗോളതലത്തിൽ തന്നെ സൈബർ കുറ്റവാളികൾ ലക്ഷ്യമിടുന്ന 10 പ്രധാന ലക്ഷ്യങ്ങളിലൊന്നായി ഷിപ്പിംഗ് പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകൾ നോക്കുകയെങ്കിൽ ആക്രമണങ്ങളുടെ നിരക്ക് കുതിച്ചുയരുകയാണ്. 2021-ൽ ഇത് വെറും 10 ആയിരുന്നെങ്കിൽ കഴിഞ്ഞ വർഷം 64 ആയി ഉയർന്നിരുന്നു. അതിൽ പല ആക്രമണങ്ങളും റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ എന്നീ നാല് രാജ്യങ്ങളുടെ പ്രവർത്തനങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ടെക്നോളജി വളർന്നതോടെ ഹാക്കർമാർക്ക് ഒരു ഷിപ്പിംഗ് വ്യോപാരത്തെ ആക്രമിക്കാൻ ഇപ്പോൾ കൂടുതൽ വഴികളുണ്ട്. ആശയവിനിമയം, നാവിഗേഷൻ, തത്സമയ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ആധുനിക കപ്പലുകൾ കൂടുതലായി satellite കണക്റ്റിവിറ്റിയെ ആണ് ആശ്രയിക്കുന്നത്. പൊതുവെ കാർഗോ ഷിപ്പുകൾ പഴക്കം ചെന്നവയായതിനാൽ തന്നെ ഡിജിറ്റൽ ഹാക്കിങ് കുറച്ചുകൂടി എളുപ്പം സാധ്യമാണ്. നാവിഗേഷൻ സിസ്റ്റങ്ങളെ കബളിപ്പിച്ച് തെറ്റായ സ്ഥലങ്ങൾ കാണിച്ച് കപ്പലുകളെ വഴിതെറ്റിക്കാൻ ഹാക്കർമാർക്ക് കഴിയും. എണ്ണ ചോർച്ച, കപ്പൽ മുങ്ങൽ , ചിലപ്പോൾ ജീവഹാനി എന്നിവയ്ക്ക് പോലും ഇത് വഴിവെച്ചേക്കാം.

മാലിന്യം പുറന്തള്ളുന്നത് നിരീക്ഷിക്കുന്നതിനായുള്ള സെൻസറുകളുടെ വർദ്ധിച്ച ഉപയോഗമാണ് ചരക്ക് കപ്പലുകളുടെ മറ്റൊരു ബലഹീനത. ഇവയിലൂടെ പലപ്പോഴും ഡാറ്റ കൈമാറ്റം നടക്കുന്നതുകൊണ്ട് ഹാക്കർമാർക്ക് പ്രവേശനത്തിനും ആക്രമണത്തിനുമുള്ള അവസരം എളുപ്പമാകും. ജിപിഎസ് ജാമിംഗിൽ നിന്നും സ്പൂഫിംഗിൽ നിന്നും പ്രതിരോധം ഒരുക്കുന്നത് ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമാണ് എന്നതാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി.

ആക്രമണങ്ങൾ കൂടി വരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത് എങ്കിലും, സുരക്ഷ കർശനമാക്കാനുള്ള ഇടപെടലുകളും ഗൗരവമായി നടക്കുന്നുണ്ട്. 2021-ൽ, ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) റെഗുലേറ്റർ മർച്ചന്റ് ഷിപ്പിംഗിനായുള്ള ആഗോള സുരക്ഷാ മാനേജ്‌മെന്റ് കോഡിൽ പുതിയ സൈബർ സുരക്ഷാ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോൾ ലോകത്ത് വ്യാപാര വഴികൾ കൂടുതൽ സജീവമായിരിക്കുകയാണ്. ഹാക്കർമാർ ഇനിയും കപ്പൽ വ്യാപാരത്തെ ലക്ഷ്യം വെച്ചേക്കാം. ഇതിനെ നേരിടാൻ പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ സാധിക്കുമോ? കപ്പൽ കൊള്ളക്കാരെ തടയാനാകുമോ? ചരക്കു ഗതാഗതം സുഗമമായി നടക്കുമോ….കണ്ടു തന്നെ അറിയണം.Content Highlights: Why do hackers targeting world's shipping ?

To advertise here,contact us