ലഡാക്കിൽ യുവാക്കളെ പ്രകോപിപ്പിച്ചത് രാഹുൽ ഗാന്ധിയോ,വാങ്ചുക്കോ;Gen-Zയെ ചാരി ബിജെപി മറയ്ക്കാൻ ശ്രമിക്കുന്നതെന്ത്

എന്തായാലും അതിന് പിന്നാലെ ലഡാക്കിലെ ജെന്‍ സി യുവാക്കള്‍ പ്രക്ഷോഭവുമായി തെരുവില്‍ ഇറങ്ങുമ്പോള്‍ വളരെ വേഗം ബിജെപി അതിനെ കോണ്‍ഗ്രസുമായി കൂട്ടിക്കെട്ടുകയാണ്.

ലേയില്‍ നടക്കുന്ന അക്രമാസക്തമായ പ്രക്ഷോഭം നേപ്പാളില്‍ നടന്ന ജെന്‍ സി പ്രതിഷേധത്തിന്റെ അനുരണനമാണെന്ന ചര്‍ച്ചകള്‍ ഉയരുകയാണ്. ബിജെപി ഒരു രാഷ്ട്രീയ ആരോപണമായി തന്നെ ഇത് ഉന്നയിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ലക്ഷ്യമിട്ടാണ് ബിജെപി ലഡാക്കിലെ പ്രക്ഷോഭം ജെന്‍ സി പ്രക്ഷോഭമാണെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രക്ഷോഭകാരികള്‍ ബിജെപി ഓഫീസിന് തീയിട്ടത് ഈ ആരോപണത്തിന്റെ മൂര്‍ച്ച കൂട്ടിയിട്ടുണ്ട്. വോട്ട്‌ചോരിയുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട വാര്‍ത്താ സമ്മേളനം കഴിഞ്ഞതിന് പിന്നാലെ രാഹുല്‍ ഗാന്ധി പങ്കുവെച്ച ഒരു എക്‌സ് പോസ്റ്റ് നേരത്തെ ബിജെപി ആയുധമാക്കിയിരുന്നു. 'രാജ്യത്തെ യുവാക്കള്‍, രാജ്യത്തെ വിദ്യാര്‍ത്ഥികള്‍, രാജ്യത്തെ ജെന്‍ സി എന്നിവര്‍ ഭരണഘടനയെ സംരക്ഷിക്കും, ജനാധിപത്യം സംരക്ഷിക്കും, വോട്ട് മോഷണം തടയും, ഞാന്‍ എപ്പോഴും അവരോടൊപ്പം നില്‍ക്കുന്നു' എന്നായിരുന്നു രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചത്. ബംഗ്ലാദേശിലും നേപ്പാളിലും സംഭവിച്ചത് പോലുള്ള സാഹചര്യം ഇന്ത്യയില്‍ ഉണ്ടാക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം എന്നാരോപിച്ച് ബിജെപി എം പി അനുരാഗ് താക്കൂര്‍ വൈകാതെ രംഗത്തെത്തി. എന്തായാലും അതിന് പിന്നാലെ ലഡാക്കിലെ ജെന്‍ സി യുവാക്കള്‍ പ്രക്ഷോഭവുമായി തെരുവില്‍ ഇറങ്ങുമ്പോള്‍ വളരെ വേഗം ബിജെപി അതിനെ കോണ്‍ഗ്രസുമായി കൂട്ടിക്കെട്ടുകയാണ്.

പക്ഷെ കേന്ദ്രം പ്രക്ഷോഭത്തിന് കാരണക്കാരനായി ചൂണ്ടിക്കാണിക്കുന്നത് ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെയാണ്. സോനം വാങ്ചുക്കിന്റെ പ്രകോപന പ്രസ്താവനകളാണ് ജനക്കൂട്ടത്തെ ആക്രമണത്തിലേയ്ക്ക് നയിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനം. നിരാഹാര സമരം പിന്‍വലിക്കാന്‍ വാങ്ചുക്കിനോട് ആവശ്യപ്പെട്ടിട്ടും അത് തുടര്‍ന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ ആരോപണം. അറബ് വസന്തത്തിന്റെ ശൈലിയിലുള്ള പ്രതിഷേധത്തെകുറിച്ചും നേപ്പാളിലെ ജെന്‍ സി പ്രതിഷേധങ്ങളെ കുറിച്ചും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി ജനങ്ങളെ വാങ്ചുക്ക് തെറ്റിദ്ധരിപ്പിച്ചതായും ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍ ഇതൊന്നുമല്ല യഥാര്‍ഥ കാരണമെന്നാണ് പ്രക്ഷോഭത്തെ യുവാക്കളുടെ രോഷമെന്ന് വിശേഷിപ്പിച്ച വാങ്ചുക്കിന്റെ നിലപാട്.

ലേയിലെ അക്രമത്തില്‍ ദുഃഖം പ്രകടിപ്പിച്ച് സമാധാനത്തിനായി ആഹ്വാനം ചെയ്ത് വാങ്ചുക് പങ്കുവെച്ച വീഡിയോയില്‍ യുവാക്കള്‍ നേരിടുന്ന പ്രതിസന്ധികള്‍ വ്യക്തമായി അദ്ദേഹം വിവരിക്കുന്നുണ്ട്. സംഭവത്തെ ജെന്‍ സീ വിപ്ലവമെന്ന് വിശേഷിപ്പിച്ച വാങ്ചുക്ക് ഇത്രയേറെ ജനങ്ങളെ പ്രക്ഷോഭത്തിന് ഇറക്കാനുള്ള സ്വാധീനം ലഡാക്കില്‍ കോണ്‍ഗ്രസിനില്ലെന്ന് അഭിപ്രായപ്പെട്ടു. 'പ്രതിഷേധത്തിനിടെ ലേയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് ദുഃഖമുണ്ട്. നിരവധി ഓഫീസുകളും പൊലീസ് വാഹനങ്ങളും നശിപ്പിക്കപ്പെടുകയും കത്തിക്കുകയും ചെയ്തു. ലേയില്‍ ഒരു ബന്ദ് പ്രഖ്യാപിച്ചു, പക്ഷേ യുവാക്കള്‍ കൂട്ടത്തോടെ എത്തി, ഇത് യുവാക്കളുടെ രോഷമായിരുന്നു, ഒരു ജെന്‍ സീ വിപ്ലവമായിരുന്നു'. വാങ്ചുക് പറയുന്നു. കഴിഞ്ഞ 5 വര്‍ഷമായി തൊഴിലില്ലാത്തവരാണ്, അവരെ ജോലികളില്‍ നിന്ന് ഒഴിവാക്കുന്നു, സാമൂഹിക അശാന്തിക്കുള്ള രുചിക്കൂട്ട് ഇതാണെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. യുവാക്കളെ തൊഴിലില്ലാത്തവരാക്കി നിര്‍ത്തുകയും അവരുടെ ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നു. ഇന്ന് ഇവിടെ ഒരു ജനാധിപത്യ വേദിയില്ല. സമാധാനപരമായ സമരത്തിന് ഫലമുണ്ടാകില്ലെന്നാണ് യുവാക്കള്‍ പറഞ്ഞതെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവാക്കള്‍ ഇത് പറയുന്നുണ്ടായിരുന്നുവെന്നും വാങ്ചുക്ക് വെളിപ്പെടുത്തി. അതിനാല്‍ തന്നെ ലഡാക്കില്‍ ഉയര്‍ന്ന പ്രക്ഷോഭങ്ങളെ രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസോ വാങ്ചുക്കോ ഉണ്ടാക്കിയ ഒരു കലാപമാണ് എന്ന ചുരുക്കി വായിക്കാനാവില്ല.

'ലേയില്‍ നടന്നത് വളരെ ദുഃഖകരമായ സംഭവങ്ങളാണ്, സമാധാനപരമായ പാതയെക്കുറിച്ചുള്ള എന്റെ സന്ദേശം ഇന്ന് പരാജയപ്പെട്ടു. ദയവായി ഈ വിഡ്ഢിത്തം നിര്‍ത്താന്‍ ഞാന്‍ യുവാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. ഇത് നമ്മുടെ ലക്ഷ്യത്തെ നശിപ്പിക്കുകയേ ഉള്ളൂ'വെന്ന് വാങ്ചുക്ക് എക്‌സില്‍ കുറിച്ചത് ലഡാക്കിലെ വിഷയങ്ങള്‍ ഇത്തരത്തില്‍ മുദ്രകുത്തപ്പെടുന്നതിന്റെ നിരാശ പങ്കുവെച്ചുകൊണ്ടാണ്.

കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് (കെഡിഎ) യുടെയും ലേ അപെക്‌സ് ബോഡിയുടെയും നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ലഡാക്കില്‍ അക്രമങ്ങള്‍ ഉണ്ടായിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം കേന്ദ്രഭരണ പ്രദേശമായി മാറിയ ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. മാത്രമല്ല ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും മേഖലയിലെ ദുര്‍ബലമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രവും ലഡാക്ക് മേഖലയിലെ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കാനുള്ള ആഹ്വാനം കൂടിയാണിത്.

ഇതില്‍ ലഡാക്കിനെ സംസ്ഥാനമാക്കണമെന്ന ആവശ്യത്തിന് നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നേരത്തെ ജമ്മു കാശ്മീരിന് ബാധകമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീരിനെ വിഭജിച്ചാണ് ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയത്. സോനം വാങ്ചുക്ക് അടക്കം നിരവധി ആളുകള്‍ ആ ഘട്ടത്തില്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ കീഴില്‍ ഇവിടെ പിന്നീട് തുടര്‍ന്ന ഭരണസംവിധാനങ്ങളോട് ജനങ്ങള്‍ അതൃപ്തരാവുകയായിരുന്നു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഭരണം രാഷ്ട്രീയ ശൂന്യമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചുവെന്ന വികാരം ഇവിടെ ഉയരാന്‍ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ലഡാക്കിനെ സംസ്ഥാനമായി മാറ്റണമെന്ന ആവശ്യം ഉയര്‍ന്നതും അതിന്റെ പേരില്‍ പ്രതിഷേധങ്ങളും നിരാഹാര സമരങ്ങളും ആരംഭിച്ചത്. ബുദ്ധമത ഭൂരിപക്ഷ ലേയിലും മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കാര്‍ഗിലിലും ഉള്ള രാഷ്ട്രീയ, മത ഗ്രൂപ്പുകള്‍ ആദ്യമായി ഒരു സംയുക്ത പ്ലാറ്റ്ഫോമിന് കീഴില്‍ കൈകോര്‍ത്തതും ഈ പ്രതിഷേധങ്ങളുടെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഇതിനൊപ്പം ഉയരുന്നുണ്ട്. സ്വയംഭരണ ജില്ലാ കൗണ്‍സിലുകളും (എഡിസി) പ്രാദേശിക കൗണ്‍സിലുകളും സൃഷ്ടിക്കുന്നതിലൂടെ അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ ആദിവാസി മേഖലകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതാണ് ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പറയുന്നത്.

ഈ ഘടകങ്ങളെല്ലാം ഉള്‍ച്ചേര്‍ന്ന സംഭവവികാസങ്ങളാണ് ലഡാക്കില്‍ ഉണ്ടായിരിക്കുന്നത്. സോനം വാങ്ചുക്ക് നിരാഹാരം ആരംഭിച്ച് രണ്ടാഴ്ചയോളം പിന്നിട്ടതിന് ശേഷമാണ് ലേയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത്. നിരാഹാരം ഇരുന്ന രണ്ട് പേരെ ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റിയതോടെയാണ് സംഘര്‍ഷ സാഹചര്യം പൊട്ടിപ്പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. യുവാക്കളുടെ പ്രക്ഷോഭം അക്രമാസക്തമാകുകയും 4 പേര്‍ കൊല്ലപ്പെടുകയും 70ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ലഡാക്കില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. എന്തായാലും ലഡാക്ക് ജനതയുടെ ആവശ്യങ്ങളില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് ഒക്ടോബര്‍ 6ന് ലഡാക്ക് പ്രതിനിധികളെ കേന്ദ്രം കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇതിനിടെ പ്രതിഷേധം അക്രമത്തിലേയ്ക്ക് പോയതിനാല്‍ സോനം വാങ്ചുക്ക് നിരാഹാരം നിര്‍ത്താന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Content Highlights: Ladakh Unrest: Gen Z Protests Turn Violent Over Statehood Demands

To advertise here,contact us