ഇസ്രയേൽ ആക്രമണം തുടരുന്ന പലസ്തീൻ നഗരമായ ഗാസയിലേക്ക് വിദേശ മാധ്യമപ്രവർത്തകരെ പ്രവേശിക്കാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കി മാധ്യമങ്ങൾ. വിദേശ മാധ്യമപ്രവർത്തകരെ ഗാസയിൽ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യം ബിബിസിയടക്കമുള്ള മാധ്യമങ്ങളാണ് വീണ്ടും ശക്തമായി ഉയർത്തിയിരിക്കുന്നത്.
ബിബിസിയ്ക്കൊപ്പം ഏജൻസി ഫ്രാൻസ്-പ്രസെ(എഎഫ്പി), അസോസിയേറ്റഡ് പ്രസ്(എപി), റോയിട്ടേഴ്സ് എന്നിവർ ചേർന്നാണ് ഇസ്രയേലിന് മുൻപിൽ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ലോകത്തെ വിവിധ ഭാഗങ്ങളിൽ നടന്ന യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും സമയത്ത് എങ്ങനെയാണ് മാധ്യമങ്ങൾ നിർണായകമായ റിപ്പോർട്ടിങ് നടത്തിയതെന്ന് വ്യക്തമാക്കുന്ന വീഡിയോയും ഇവർ പുറത്തിറക്കിയിട്ടുണ്ട്.
പലസ്തീനെ ഉന്മൂലം ചെയ്യുക എന്ന ലക്ഷ്യത്തോടെ കടുത്ത ആക്രമണമാണ് ഇസ്രയേൽ ഗാസയിലും വെസ്റ്റ് ബാങ്കിലും നടത്തി വരുന്നത്. 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനും അതിനെതിരെ ആക്രമണവുമായി ഇസ്രയേൽ രംഗത്തിയതിനും ശേഷം, ഇസ്രയേൽ സേനയുടെ കടുത്ത നിയന്ത്രണത്തിൽ വളരെ കുറഞ്ഞ പ്രാവശ്യം മാത്രമാണ് വിദേശ മാധ്യമങ്ങൾക്ക് ഗാസയിലേക്ക് പോകാനായിട്ടുള്ളത്.
പിന്നീട് വിദേശമാധ്യമങ്ങളെ ഇസ്രയേൽ പൂർണമായും വിലക്കുകയായിരുന്നു. സുരക്ഷാപ്രശ്നങ്ങളാണ് ഐഡിഎഫ് ഇതിന് കാരണമായി പറയുന്നത്. ഇസ്രയേൽ കോടതിയും ഐഡിഎഫിന്റെ തീരുമാനത്തെ ശരിവെക്കുകയായിരുന്നു.
നിലവിൽ ഗാസയിലുള്ള പലസ്തീൻ മാധ്യമപ്രവർത്തകർ മാത്രമാണ് റിപ്പോർട്ടിങ് നടത്തുന്നത്. യുഎൻ പുറത്തുവിട്ട കണക്കുകകൾ പ്രകാരം 248 പലസ്തീനീയൻ മാധ്യമപ്രവർത്തകരാണ് ഇതിനോടകം ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. അവിടെ റിപ്പോർട്ടിങ് തുടരുന്നവർ കടുത്ത പട്ടിണിയും അധിനിവേശവും നേരിടേണ്ടി വരികയാണെന്നും ബിബിസി പുറത്തുവിട്ട വാർത്തയിൽ പറയുന്നുണ്ട്.
'യുക്രൈനിലെ ജനങ്ങളുടെ ദുരിതം തുറന്നു കാണിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ അവിടെ ജീവൻ പണയം വെച്ചും ജോലി ചെയ്യുകയാണ്. എന്നാൽ ഗാസയിൽ റിപ്പോർട്ടിങ് എന്നത് പലസ്തീൻ മാധ്യമപ്രവർത്തകരുടെ മാത്രം ജോലിയായി മാറിയിരിക്കുന്നു. ആ ഭാരം അവർ മാത്രമാണ് ചുമക്കുന്നത്. അതിനവർക്ക് നൽകേണ്ടി വരുന്നത് വലിയ വിലയാണ്. വിദേശ മാധ്യമപ്രവർത്തകരെ ഗാസയിൽ അനുവദിച്ചേ മതിയാകൂ. എങ്കിലേ ലോകത്തിന് മുൻപിൽ വസ്തുതകളെല്ലാം തുറന്നുകാണിക്കാൻ കഴിയൂ,' ബിബിസി പുറത്തുവിട്ട വീഡിയോയിൽ മുതിർന്ന മാധ്യമ പ്രവർത്തകനായ ഡേവിഡ് ഡിംബ്ലെബി പറയുന്നു.
നേരത്തെയും വിദേശ മാധ്യമങ്ങളെ ഗാസയിൽ കടക്കാൻ അനുവദിക്കാത്ത ഇസ്രയേലിനെതിരെ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. പാശ്ചാത്യമാധ്യമങ്ങൾ പലതവണയായി ഇസ്രയേൽ സർക്കാരിനും സേനയ്ക്കും മുൻപിൽ ഈ ആവശ്യവുമായി എത്തുകയും ചെയ്തിട്ടുണ്ട്. പലസ്തീൻ മാധ്യമപ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചും ഗാസയിലേക്ക് വിദേശ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ഓഗസ്റ്റിൽ 27 രാജ്യങ്ങൾ മുന്നോട്ടു വന്നിരുന്നു.
എന്നാൽ ഇസ്രയേൽ ഇതിനോടൊന്നും അനുകൂലമായി പ്രതികരിച്ചിട്ടില്ല. തങ്ങൾ പലസ്തീൻ മാധ്യമപ്രവർത്തകരെ ലക്ഷ്യം വെച്ച് ആക്രമണണങ്ങളൊന്നും നടത്തുന്നില്ലെന്നാണ് ഇസ്രയേൽ ആവർത്തിക്കുന്നത്. ഗാസയിൽ പ്രവേശിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് വിദേശ മാധ്യമപ്രവർത്തകർക്ക് അനുമതി നൽകാത്തത് അവരുടെ സുരക്ഷ മാത്രം കണക്കിലെടുത്തുകൊണ്ടാണെന്നും ഇസ്രയേൽ അവകാശപ്പെടുന്നു.
എന്നാൽ, ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ പദ്ധതിയെയും അതിനായി നടത്തുന്ന ആക്രമണങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമെന്ന ഭയമുള്ളതിനാലാണ് മാധ്യമപ്രവർത്തകരെ തടയുന്നത് എന്നാണ് ഉയരുന്ന വിമർശനം.
Content Highlights: BBC and other News Agencies ask Israel to allow foreign reporters in Gaza