ആണവോർജ്ജ പ്രവർത്തനങ്ങളിൽ പിന്നോട്ടില്ലെന്ന സൂചനയുമായി ഇറാൻ. റഷ്യയുമായി സഹകരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചാണ് ഇറാൻ ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. 'എട്ട് ആണവ നിലയങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി ഉൾപ്പെടെ 2040ഓടെ 20 ജിഗാവാട്ട് ആണവോർജ്ജ ശേഷി ഇറാൻ കൈവരിക്കും. അതിനായി റഷ്യയുമായി ഉഭയകക്ഷി സഹകരണ കരാറുകളിൽ ഒപ്പുവെക്കും. കരാർ ചർച്ചകൾ നടന്നു കഴിഞ്ഞു, ഒപ്പ് വെയ്ക്കൽ കൂടി കഴിഞ്ഞാൽ ഞങ്ങൾ പ്രവർത്തന ഘട്ടങ്ങളിലേക്ക് കടക്കും' എന്നാണ് ഇറാന്റെ ആണവോർജ്ജ സംഘടനയുടെ തലവൻ മുഹമ്മദ് എസ്ലാമി വ്യക്തമാക്കിയിരിക്കുന്നത്. റഷ്യൻ സന്ദർശന വേളയിലായിരുന്നു എസ്ലാമി പുതിയ സഹകരണത്തിൻ്റെ സൂചന നൽകിയത്. കരാർ സംബന്ധിച്ച് റഷ്യയുമായി സംസാരിച്ചു കഴിഞ്ഞുവെന്നാണ് എസ്ലാമി മോസ്കോയിൽ വെച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയയോട് പറഞ്ഞത്.
ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാന് വീണ്ടും ഉപരോധം ഏർപ്പെടുത്തണോ വേണ്ടയോ എന്ന് ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നതിനിടെയാണ് ഈ നീക്കം. ഇറാനെതിരായ ഉപരോധങ്ങൾ എന്നെന്നേക്കുമായി പിൻവലിക്കാനുള്ള കരട് പ്രമേയം 15 അംഗ യുഎൻ സുരക്ഷാ കൗൺസിൽ നേരത്തെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ ആണവപദ്ധതികളിൽ റഷ്യയോട് സഹകരിക്കാനുള്ള ഇറാനിയൻ നീക്കം എന്നതാണ് ശ്രദ്ധേയം.
സമീപ വർഷങ്ങളിൽ ഇറാനും റഷ്യയും തമ്മിലുള്ള രാഷ്ട്രീയ, സൈനിക, സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തമായിട്ടുണ്ട്. അണവപദ്ധതികളുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കുന്നതോടെ നിലവിലെ ബന്ധം ദൃഢമാകുമെന്നും, പുതിയ പദ്ധതികൾ ഉണ്ടാകുമെന്നുമാണ് ഇറാന്റെ വൈസ് പ്രസിഡണ്ട് കൂടിയായ എസ്ലാമി പറഞ്ഞത്. നിലവിൽ വലിയ വൈദ്യുതി ക്ഷാമം നേരിടുന്ന ഇറാന് നിലവിൽ ഒരു ഗിഗാവാട്ട് ശേഷിയുള്ള ഒരു ആണവ നിലയം മാത്രമേ ഉള്ളൂ. ഇറാനിലെ ബുഷെഹറിൽ ഉള്ള ഈ ആണവനിലയം നിർമ്മിച്ചതും റഷ്യയാണ്. തങ്ങളുടെ മേൽ ഏർപ്പെടുത്തിയ ഏതൊരു ഉപരോധത്തെയും ഇറാൻ മറികടക്കുമെന്നും ആണവ ശേഷി വർധിപ്പിക്കാൻ ശ്രമിക്കുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ നേരത്തെ പ്രതിജ്ഞയെടുത്തിരുന്നു. ഈ പശ്ചാത്തലത്തിൽ റഷ്യയുമായി ആണവപദ്ധതികളിൽ സഹകരിക്കാനുള്ള ഇറാൻ്റെ നീക്കത്തിന് വലിയ പ്രാധാന്യമുണ്ട്.
നിലവിൽ റഷ്യയുടെയും ചൈനയുടെയും പിന്തുണയുണ്ടെങ്കിലും യുഎൻ നേതൃത്വത്തിലുള്ള ഉപരോധങ്ങൾ വീണ്ടും കൊണ്ടുവരാനുള്ള ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളുടെ ശ്രമങ്ങൾ ഇറാന് തിരിച്ചടിയാണ്. ആയുധ ഉപരോധം ഏർപ്പെടുത്തുക, യുറേനിയം സമ്പുഷ്ടീകരണവും പുനഃസംസ്കരണവും നിരോധിക്കുക, ആണവായുധങ്ങൾ എത്തിക്കാൻ കഴിവുള്ള ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ആഗോള ആസ്തികൾ മരവിപ്പിക്കുക, ഇറാനിയൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും യാത്രാ വിലക്കുകൾ ഏർപ്പെടുത്തുക എന്നിവയാണ് ഇറാന് മേൽ ചുമത്താൻ യു എൻ നിർദ്ദേശിച്ച ഉപരോധത്തിൻ്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ. 2015 ലെ Joint plan of action പ്രകാരം, യുറേനിയം അല്ലെങ്കിൽ പ്ലൂട്ടോണിയം ഉത്പാദിപ്പിക്കുന്നതിലേയ്ക്ക് നയിച്ചേക്കാവുന്ന പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിക്കൊണ്ട് ഇറാൻ തങ്ങളുടെ ആണവ പരിപാടി നിയന്ത്രിക്കാൻ സമ്മതിച്ചിരുന്നു. എന്നാൽ അത് ഇതുവരെയും അവർ നിറവേറ്റിയിട്ടില്ലെന്നാണ് ഈ യൂറോപ്യൻ രാജ്യങ്ങൾ വാദിക്കുന്നത്. എന്നാൽ ഈ വാദങ്ങൾ പലപ്പോഴും ഇറാൻ നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്. മാത്രമല്ല, സമാധാനപരമായ ആണവോർജത്തിനുള്ള ഇറാൻ്റെ അവകാശത്തെ പിന്തുണച്ചുകൊണ്ട് റഷ്യയും സംസാരിച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങളുടെ നടപടികൾ പ്രകോപനപരവും നിയമവിരുദ്ധവുമാണെന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം.
ആയുധശേഷിയുമായി ബന്ധപ്പെട്ട് പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെയാണ് റഷ്യയുമായി സഹകരിക്കാനുള്ള നീക്കം എന്നതും ശ്രദ്ധേയമാണ്. ഹൈപ്പർസോണിക്, ബാലിസ്റ്റിക് സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനൊപ്പം, ഹൈബ്രിഡ്, കോഗ്നിറ്റീവ് യുദ്ധങ്ങളെ നേരിടാനുള്ള സന്നദ്ധ ഞങ്ങൾ കൈവരിക്കും. ആഗോള ശക്തികൾക്കെതിരെ പ്രതികാരം ചെയ്യുമെന്നും നേരത്തെ ഇറാന്റെ സായുധ സേനാ മേധാവി മേജർ ജനറൽ അബ്ദുൾറഹിം മൗസവ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയെയും ഇസ്രയേലിനെയും ലക്ഷ്യമിട്ടാണ് ഇറാൻ്റെ ഈ നീക്കമെന്നാണ് വിലയിരുത്തൽ.
മാസങ്ങൾക്കു മുൻപ് നടന്ന ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾക്ക് നാശനഷ്ടം വന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇസ്രയേലിന് പിന്നാലെ അമേരിക്കയും ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇതിന് പിന്നാലെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലൊന്നും ഇറാൻ ഭയപ്പെടുന്നില്ലെന്നും അമേരിക്കയ്ക്കും ഇസ്രേയലിനും പല തന്ത്രപരമായ സർപ്രൈസുകളും ഒരുക്കിയിട്ടുണ്ടെന്നും അബ്ദുൾറഹിം മൗസവി പറഞ്ഞിരുന്നു. എല്ലാ ഭീഷണിയും ആഗോള വേദിയിൽ ഞങ്ങളുടെ ശക്തി പ്രദർശിപ്പിക്കാനുള്ള അവസരമായി കണക്കാക്കുന്നു എന്നും മൗസവി പറഞ്ഞിരുന്നു.
ഇസ്രയേലുമായുള്ള യുദ്ധം ഏപ്പോൾ വേണമെങ്കിലും പുനഃരാരംഭിച്ചേക്കാമെന്ന് ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ,വിദേശനയ കമ്മീഷൻ അംഗം ഫദാഹൊസൈൻ മലേകി പറഞ്ഞതും ഈ ഘട്ടത്തിൽ പ്രധാനമാണ്. ഈ നിലയിൽ അമേരിക്കയോടും ഇസ്രയേലിനോടും വിട്ടുവീഴ്ചയില്ലെന്നും പ്രതികാരം ചെയ്യുമെന്നും പലപ്പോഴായി ഇറാനിയൻ ഭരണനേതൃത്വം പറഞ്ഞിട്ടുണ്ട്. അതിനാൽ ആണവ വിഷയത്തിലെ റഷ്യ-ഇറാനിയൻ സഹകരണത്തിന് നിലവിലെ സാഹചര്യത്തിൽ നിരവധി മാനങ്ങളുണ്ട്.
Content Highlights: Iran joins hands with Russia for nuclear plants US and Iran are confused by the strategic move