മൈസൂരു ദസ്‌റ ഉദ്ഘാടനം ചെയ്തത് ബാനു മുഷ്താഖ്; സിദ്ധ രാമയ്യയുടെ നിലപാടിൽ തീവ്ര ഹിന്ദുത്വ സംഘടനകൾക്ക് എതിർപ്പ്

ഒക്ടോബര്‍2ന് അഭിമന്യുവെന്ന ആനയുടെ മുകളിലിരുത്തി സ്വര്‍ണ പല്ലക്കില്‍ എഴുന്നള്ളിക്കുന്ന അതേ വിഗ്രഹത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു ഭാനു മുഷ്താഖ്

ഇത്തവണത്തെ മൈസൂരു ദസ്‌റ കർണാടകയിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുകയാണ്. തീവ്ര ഹിന്ദുത്വ നിലപാടുകൾക്ക് വഴങ്ങാതെ മൈസൂരു ദസ്റയെ മതേതര ആഘോഷമായി കാണാനുള്ള കോൺഗ്രസ് സർക്കാരിൻ്റെ തീരുമാനത്തെ തീവ്ര ഹിന്ദുത്വ സംഘടനകൾ ചോദ്യം ചെയ്തിരിക്കുകയാണ്. ബുക്കർ പ്രൈസ് ജേതാവായ ബാനു മുഷ്താഖിനെ കൊണ്ട് മൈസൂരു ദസ്റ ആഘോഷം ഉദ്ഘാടനം ചെയ്യിക്കാനുള്ള സിദ്ധ രാമയ്യ സർക്കാരിൻ്റെ തീരുമാനമാണ് ചർച്ചയാകുന്നത്.

തിങ്കളാഴ്ചയായിരുന്നു മൈസൂരു ദസറയുടെ ഉദ്ഘാടനം കനത്ത പൊലീസ് സുരക്ഷയില്‍, മഞ്ഞ നിറത്തില്‍ പച്ച ബോര്‍ഡറുള്ള മൈസൂര്‍ സില്‍ക്ക്‌സാരി അണിഞ്ഞ് തലയില്‍ മൈസൂര്‍ മുല്ലയും ചൂടിയാണ് ബുക്കര്‍ പ്രൈസ് ജേതാവ് ബാനു മുഷ്താഖ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ ചാമുണ്ഡി ഹില്‍സില്‍ എത്തിയത്. തിങ്കളാഴ്ച രാവിലെ 10.17നായിരുന്നു പ്രമുഖ എഴുത്തുകാരി, ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹത്തിന് മുന്നിലുള്ള മണ്‍വിളക്ക് കൊളുത്തിയത്. ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ വേദിയിലൊരുക്കിയ വെള്ളി മണ്ഡപത്തിലായിരുന്നു ചടങ്ങുകള്‍. ദസ്‌റ ആഘോഷയാത്രയില്‍ ഒക്ടോബര്‍2ന് അഭിമന്യുവെന്ന ആനയുടെ മുകളിലിരുത്തി സ്വര്‍ണ പല്ലക്കില്‍ എഴുന്നള്ളിക്കുന്ന അതേ വിഗ്രഹത്തില്‍ ബാനു മുഷ്താഖ് പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ഉദ്ഘാടനത്തിന് മുമ്പായി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ബാനു മുഷ്താഖ് ചാമുണ്ഡേശ്വരി ദേവി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. മാത്രമല്ല ക്ഷേത്ര വികസന സമിതി നല്‍കിയ മംഗലാരതി, പഴങ്ങള്‍, നീല സില്‍ക്ക് സാരി എന്നിവ ഭാനു സ്വീകരിക്കുകയും ചെയ്തു.

രണ്ട് വര്‍ഷം മുമ്പ് ജനസാഹിത്യ സമ്മേളനത്തില്‍ കന്നഡ ഭാഷയെ ഭുവനേശ്വരി ദേവിയുടെ രൂപത്തില്‍ ആരാധിക്കുന്നതിനെതിരെ ബാനു മുഷ്താഖ് സംസാരിച്ചിരുന്നു. അതിനാൽ തന്നെ ബാനു മുഷ്താഖിനെ ദസറ ഉദ്ഘാടനത്തിന് ക്ഷണിച്ചതിൽ ഒരുവിഭാഗം തീവ്ര ഹിന്ദു സംഘടനകൾക്ക് എതിർപ്പുണ്ടായിരുന്നു. ദസ്‌റ ആഘോഷത്തെ ഹിന്ദുവത്കരിച്ച് വിഭാഗീയത ഉണ്ടാക്കാനുള്ള തീവ്ര ഹിന്ദുത്വ സംഘടനകളുടെ ശ്രമം നേരത്തെയും വിമർശിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണയും ഇവർ നടത്തിയ ഇത്തരം നീക്കങ്ങൾ ലക്ഷ്യം കണ്ടില്ല. നവരാത്രി ആഘോഷാരംഭത്തിന് മുമ്പ് തന്നെ ഇത്തരം നീക്കത്തിന് തിരിച്ചടി ലഭിച്ചിരുന്നു. ബാനു മുഷ്താഖ് ദസ്റ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ഒരു കൂട്ടർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

'ഭരണഘടനയുടെ ആമുഖം പറയുന്നത് നമ്മൾ മതേതരാണെന്നാണ്. ഇത് സംസ്ഥാനം നടത്തുന്ന പരിപാടിയാണ്. മതത്തിൻ്റെ അടിസ്ഥാനത്തിൽ ഇതിനെ എങ്ങനെ വേർതിരിക്കാൻ കഴിയും' എന്നായിരുന്നു ഹ‍ർജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ബെഞ്ചിൻ്റെ ചോദ്യം. ബാനു മുഷ്താഖിന് ക്ഷണിക്കുന്നത് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മൂല്യത്തെയും ലംഘിക്കുന്നില്ല എന്നും ഇതിനെതിരെ സമ‍ർപ്പിച്ച ഒരു കൂട്ടം ഹർജികൾ തള്ളിക്കളഞ്ഞു കൊണ്ട് കർണാടക ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് എച്ച് എസ് ഗൗരവ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും മേൽക്കോടതി ഹൈക്കോടതി നിലപാട് ശരിവെയ്ക്കുകയായിരുന്നു.

എന്നാല്‍ ദസ്‌റ ആഘോഷം ഹിന്ദുക്കളുടേത് മാത്രമല്ല, ക്രിസ്തുമത വിശ്വാസികളും ബുദ്ധമതക്കാരും ജെയിന്‍ വിശ്വാസികളും ആഘോഷിക്കുന്നുണ്ടെന്നും ഹൈദര്‍ അലിയും ടിപ്പു സുല്‍ത്താനും ഭരിച്ചിരുന്ന കാലത്ത് ദസ്‌റ ആഘോഷിച്ചിട്ടുണ്ടെന്നും ഇതൊരു മതപരമായ ആഘോഷമല്ലെന്നുമായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. എന്തായാലും ദസ്‌റ ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ബാനു മുഷ്താഖിന് ലഭിച്ചത് വമ്പന്‍ സ്വീകരണമാണ് മൈസൂരിൽ ലഭിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ് ദസ്‌റ ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതെന്നാണ് ബാനു മുഷ്താഖ് പ്രതികരിച്ചത്. നാനത്വത്തില്‍ ഏകത്വം എന്ന സുഗന്ധവും വ്യത്യസ്ത ശബ്ദങ്ങളുടെ കൂടിചേരലും സംസ്‌കാരങ്ങളുടെ സമന്വയവുമാണ് ദസ്‌റ അടയാളപ്പെടുത്തുന്നതെന്ന് ഓര്‍മിപ്പിക്കാനും അവര്‍ മറന്നില്ല. ഒപ്പം ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെയും പരസ്പരം വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും ബഹുമാനിക്കണമെന്ന സന്ദേശവും അവര്‍ ചൂണ്ടിക്കാട്ടി. ഒരു ആകാശ തണലില്‍ സഞ്ചരിക്കുന്ന നമ്മെ, ആകാശം വേര്‍തിരിച്ച് കാണുന്നില്ല, ഭൂമി ആരെയും തള്ളിക്കളയുന്നില്ല, മനുഷ്യന്‍ മാത്രമാണ് അതിര്‍ത്തി നിര്‍ണയിക്കന്നത്. നമ്മള്‍ ആ അതിര്‍ത്തി ഇല്ലാതാക്കണമെന്നും അവര്‍ പറഞ്ഞു. ദസ്‌റ ആഘോഷിക്കാന്‍ ആരും പുറത്തുനിന്നുള്ളവരല്ലെന്നും എല്ലാവരും ഒന്നിച്ച് ആഘോഷിക്കുന്ന സാംസ്‌കാരിക ആഘോഷമാണിതെന്നും അവര്‍ പറഞ്ഞു.

രാജകീയമായ പരമ്പരാഗത രീതികളെ, അതിലെ ഹിന്ദു സത്വത്തെ, മതേതരത്വം സ്ഥാപിക്കാനായി രാഷ്ട്രീയ അധികാരമുപയോഗിച്ച് ഇല്ലാതാക്കുന്നുവെന്നായിരുന്നു ബാനു മുഷ്ചാഖിനെ ക്ഷണിച്ചതിനെതിരായ തീവ്രഹിന്ദു സംഘടനകളുടെയും ബിജെപിയുടെയും ആരോപണം. പരോക്ഷമായെങ്കിലും ബാനു മുഷ്താഖ് ഇതിനും മറുപടി നൽകിയിരുന്നു. ചരിത്രം പരിശോധിച്ചാല്‍ തന്റെ അമ്മാവന്മാര്‍ മൈസൂര്‍ മഹാരാജാവായ ശ്രീ ജയചാമരാജേന്ദ്ര വാഡിയാരുടെ സുരക്ഷാ ഉദ്യോഗസ്ഥരായി സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്നും മുന്‍കാല ഭരണാധികാരികള്‍ മുസ്ലീം വിഭാഗത്തില്‍ വിശ്വാസം അര്‍പ്പിച്ചതില്‍ അഭിമാനമുണ്ടെന്നുമായിരുന്നു ബാനു മുഷ്താഖിൻ്റെ വിശദീകരണം. ഹിന്ദു മതവുമായി തനിക്കുള്ള ബന്ധം ഇന്നും ഇന്നലെയും ആരംഭിച്ചതല്ലെന്നും നിരവധി തവണ സമാനമായ പരിപാടികളില്‍ ക്ഷണിക്കപ്പെടുകയും ആരതി ഉഴിയുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ അനുസ്മരിച്ചു. മതേതരത്വത്തെ തിരുകി കയറ്റാന്‍ ഇവിടെ ആരും ശ്രമിച്ചിട്ടില്ലെന്നും മുന്‍കാലങ്ങളിലെ രീതികള്‍ തുടരുകയുമാണ് ചെയ്തതെന്നും പറഞ്ഞതിലൂടെ വിമർശനങ്ങൾക്കുള്ള കൃത്യമായ മറുപടി കൂടിയാണ് ബാനു മുഷ്താഖ് നൽകിയത്. മതേതരത്വത്തിന്റെ പേരില്‍ ഹിന്ദുവിശ്വാസത്തെ ഇല്ലാതാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നെന്ന തീവ്ര ഹിന്ദുവിഭാഗത്തിൻ്റെ ആരോപണത്തെ കൂടിയാണ് ഭാനു മുഷ്താഖ് അകം പുറം പൊള്ളിച്ചിരിക്കുന്നത്.

Content Highlights: Does Congress hijack Mysuru Dasara?

To advertise here,contact us