'ബാഗ്രാം വ്യോമതാവളം തിരിച്ചു തന്നില്ലെങ്കിൽ, അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറെടുത്തോളൂ…മോശം കാര്യങ്ങൾ സംഭവിക്കാൻ പോകുകയാണ്,' താക്കീതിൻ്റെ സ്വരത്തിലാണ് താലിബാനെ ട്രംപ് വെല്ലുവിളിച്ചത്…ഉടൻ തന്നെ വന്നു താലിബാന്റെ മറുപടി…'വിരട്ടാലോന്നും ഇങ്ങോട്ട് വേണ്ട, ഒരിഞ്ച് പോലും വിട്ട് തരില്ല, ഭീഷണിപ്പെടുത്തുന്നവരെയും അക്രമകാരികളെയും ഞങ്ങൾ ഭയപ്പെടുന്നില്ല എന്നായിരുന്നു ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള താലിബാൻ പ്രതികരണം. അഫ്ഗാനിസ്താനിലെ ബാഗ്രാമിലുള്ള മുൻ യുഎസ് വ്യോമത്താവളം തിരികെ വേണമെന്ന ഡൊണാൾഡ് ട്രംപിന്റെ ആവശ്യത്തെ പൂർണമായും തള്ളുകയായിരുന്നു താലിബാൻ. ബാഗ്രാം തങ്ങൾക്ക് തിരികെ വേണമെന്നും അതിനായി ശ്രമിച്ചുകൊണ്ടിരിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിൻ്റെ സാന്നിധ്യത്തിൽ യുകെ സന്ദർശന വേളയിലായിരുന്നു ട്രംപിൻ്റെ പ്രതികരണം. വീണ്ടും അധികാരത്തിൽ വന്നതിന് ശേഷം ഇത് ആദ്യമായാണ് താലിബാനുമായി ട്രംപ് കൊമ്പുകോർക്കുന്നത്.
ഒരു വിദേശ ശക്തിയെയും തങ്ങളുടെ മണ്ണിലേക്ക് അടുപ്പിക്കില്ലെന്നും അഫ്ഗാനിസ്ഥാൻ തങ്ങളുടേത് മാത്രമാണെന്നും കാബൂളിൽ നടന്ന ഒരു പരിപാടിയിൽ താലിബാൻ സായുധ സേനാ മേധാവി ഫസിഹുദ്ദീൻ ഫിത്രത്ത് പ്രഖ്യാപിച്ചത് ട്രംപിന് തിരിച്ചടിയായി എന്ന് വേണം വിലയിരുത്താൻ. ഈ വിഷയത്തിൽ ട്രംപ് ഇനി കയ്യുംകെട്ടി ഇരിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ട്രംപ് തിരികെ വേണമെന്ന് വാശിപിടിക്കുന്ന ബാഗ്രാം എന്ന വ്യോമതാവളത്തിൻ്റെ പ്രാധാന്യം എന്താണ് ? നോക്കാം…
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്ന് ഏകദേശം 64 കിലോമീറ്റർ അകലെയാണ് ബാഗ്രാം വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. താലിബാനും അൽ ഖ്വയ്ദയ്ക്കും എതിരായി രണ്ട് പതിറ്റാണ്ടോളം നീണ്ട അമേരിക്കൻ സൈനിക നടപടികളുടെ കേന്ദ്രമായിരുന്നു അഫ്ഗാനിസ്താനിലെ ഏറ്റവും വലിയ വ്യോമത്താവളമായ ബാഗ്രാം. യുഎസ് സൈന്യം 2021-ൽ അഫ്ഗാനിൽ നിന്നും പിന്മാറിയതിനു ശേഷമാണു ബാഗ്രാം താലിബാന്റെ നിയന്ത്രണത്തിൽ ആകുന്നത്. ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് പ്രാബല്യത്തിൽ വന്ന കരാറിന്റെ ഭാഗമായി 2021 ജൂലൈയിൽ യുഎസും നാറ്റോ സൈനികരും ബാഗ്രാം വ്യോമതാവളത്തിൽ നിന്ന് പിൻവാങ്ങി. അന്ന് അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങാൻ മുൻ പ്രസിഡന്റ് ജോ ബൈഡൻ എടുത്ത തീരുമാനത്തെ ട്രംപ് വിമർശിച്ചിരുന്നു. അഫ്ഗാനിൽ നിന്നും പിന്മാറി നാലു വർഷത്തിനു ശേഷമാണ് ബാഗ്രാം തിരിച്ചുവേണമെന്ന ആവശ്യം ട്രംപ് ഇപ്പോൾ ഉന്നയിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ താവളം ഉറപ്പിച്ചിരുന്ന കാലത്ത് ആയിരക്കണക്കിന് ആളുകളെ അമേരിക്കൻ സേന കുറ്റ വിചാരണ പോലും ചെയ്യാതെ വർഷങ്ങളോളം ഈ സ്ഥലത്ത് തടവിലാക്കിയിട്ടുണ്ട്.
പല അന്താരാഷ്ട്ര വിമാനത്താവളങ്ങളേക്കാളും നീളമുള്ള റൺവേകളാണ് ബാഗ്രാമിനുള്ളതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ വലിയൊരു ജയിൽ, ഷെൽട്ടറുകൾ, ആശുപത്രികൾ, ഇന്ധന ഡിപ്പോകൾ, യുഎസ് സൈനികർക്കായി നിർമ്മിച്ച ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മുതൽ അഫ്ഗാൻ പരവതാനികൾ വരെ വിൽക്കുന്ന കടകളും ഈ ബേസിൽ ഉണ്ടായിരുന്നു.
ഇത്രയും കാലം ഇല്ലാതിരുന്ന ആവലാതി ബാഗ്രാമിന്റെ കാര്യത്തിൽ ട്രംപ് ഇപ്പോൾ കാണിക്കാൻ കാരണമെന്താണെന്ന് ആണ് അടുത്ത ചോദ്യം. ഇറാൻ, പാകിസ്ഥാൻ, ചൈനയുടെ സിൻജിയാങ് പ്രവിശ്യ, മധ്യേഷ്യ എന്നിവിടങ്ങളിലേയ്ക്ക് ആക്സസ് ഉള്ള തന്ത്രപരമായ സ്ഥാനമാണ് ബാഗ്രാം. ഈ മേഖലയിൽ ചൈന ഉയർത്തുന്ന സ്വാധീനത്തെ ചെറുക്കാൻ വഴി തേടുകയാണ് അമേരിക്ക. ബാഗ്രാമിന്റെ അടുത്തുള്ള ചൈനീസ് ആണവായുധ കേന്ദ്രങ്ങളെയാണ് ട്രംപ് നോട്ടമിട്ടിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ വലിയൊരു ഭാഗവും കടന്ന് പോകുന്നത് ഈ മേഖലയിലൂടെ തന്നെയാണ്. പ്രദേശത്ത് ചൈന ചെലുത്തുന്ന സ്വാധീനം കുറക്കുക എന്ന വലിയ ദൗത്യം തന്നെ ട്രംപിനുണ്ട്.
വിഷയത്തിൽ പ്രതികരണവുമായി ചൈനയും രംഗത്ത് വന്നു. 'അഫ്ഗാന്റെ ഭാവി തീരുമാനിക്കുന്നത് അവർ തന്നയാണ്, അവരുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ചൈന ബഹുമാനിക്കുന്നു' എന്നാണ് ട്രംപിന്റെ പ്രസ്താവനയെ അഭിസംബോധന ചെയ്തുകൊണ്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കിയത്. തങ്ങളാണ് ട്രംപിൻ്റെ ലക്ഷ്യം എന്ന് മനസ്സിലാക്കാതെയാവില്ല ചൈനയുടെ ഈ പ്രതികരണം എന്ന് തീർച്ചയാണ്.
നിലവിലെ geopolitical സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ മറ്റൊരു വിഷയം കൂടി പരിഗണിക്കേണ്ടതുണ്ട്. പാകിസ്താനുമായുള്ള ട്രംപിന്റെ ബന്ധം പണ്ടത്തേക്കാൾ ഊഷ്മളമാണ് ഇപ്പോൾ. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും പാകിസ്താനും ഇപ്പോൾ അത്ര നല്ല ബന്ധത്തിലല്ല. അഫ്ഗാനിൽ കടന്ന് കയറി വ്യോമാക്രമണം നടത്തിയ പാകിസ്താനെതിരെ താലിബാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. അതിനാൽ തന്നെ അഫ്ഗാൻ മണ്ണിൽ അമേരിക്കൻ നിയന്ത്രണം വേണമെന്ന് പാകിസ്താനും ആഗ്രഹിക്കുന്നുണ്ട്. ഈ മേഖലയിൽ സ്വാധീനം ഉറപ്പിക്കാൻ ബാഗ്രാം വ്യോമതാവളം പോലെ തന്ത്രപ്രധാനമായ മറ്റൊരിടം അമേരിക്കയ്ക്ക് മുന്നിലില്ല. അതിനാൽ തന്നെ ട്രംപിൻ്റെ നീക്കം ഈ മേഖലയിൽ ക്ഷയിച്ചുകൊണ്ടിരിക്കുന്ന അമേരിക്കൻ സ്വാധീനം തിരിച്ചു പിടിക്കുക എന്ന് തന്നെയെന്നതിൽ തർക്കവുമില്ല. എന്തായാലും താലിബാന്റെ പക്കൽ നിന്ന് ബാഗ്രാമിനെ തിരിച്ചുപിടിക്കുക എന്നത് നിലവിലെ geopolitical ബന്ധങ്ങൾ പരിഗണിക്കുമ്പോൾ അമേരിക്കയ്ക്ക് അത്ര എളുപ്പമായേക്കില്ല എന്നത് തന്നെയാണ് വാസ്തവം.
Content Highlights : Taliban rejects Donald Trump's Bagram air base demand