ജനനം മുതൽ മരണം വരെ പ്ലാസ്റ്റിക് ആവരണത്തിനുള്ളിൽ മാത്രം കഴിഞ്ഞ 'bubble boy'; ഡേവിഡ് വെറ്ററിൻ്റെ അപൂർവ്വ ജീവിതം

മരിക്കുന്നത് വരെയും ഒരു പ്ലാസ്റ്റിക് ആവരണത്തിനുള്ളിൽ തന്റെ ജീവിതം ചെലവഴിച്ച കുഞ്ഞ്; കാരണം അപൂർവ രോഗം

1971 ൽ അമേരിക്കയിലെ ടെക്സസിലെ ഹൂസ്റ്റണിൽ ജനിച്ച് 1984 ൽ ലോകത്തോട് വിട പറഞ്ഞ….വെറും 12 വർഷങ്ങൾ മാത്രം ജീവിച്ച ഒരു കുഞ്ഞ്…ഡേവിഡ് ഫിലിപ്പ് വെറ്റർ…മരിക്കുന്നത് വരെയും ഒരു പ്ലാസ്റ്റിക് ആവരണത്തിനുള്ളിൽ തന്റെ ജീവിതം ചെലവഴിച്ച ഈ കുഞ്ഞ് കാലമിത്ര കഴിഞ്ഞിട്ടും ലോകത്തിന്റെ നെഞ്ചിലെ നീറ്റൽ ആയി തുടരുകയാണ്…ഡേവിഡ് ജനിച്ച് വെറും 20 സെക്കൻഡുകൾക്കുള്ളിൽ തന്നെ ഡോക്ടർമാർ അവനെ ഒരു പ്രത്യേക പ്ലാസ്റ്റിക് ആവരണത്തിനുള്ളിൽ ആക്കുകയായിരുന്നു. അന്ന് മുതൽ bubble ബോയ് എന്ന് ലോകം അവനെ വിളിച്ചു…

Severe Combined Immunodeficiency (SCID) എന്ന അപൂർവ രോഗത്തോടെയാണ് കുഞ്ഞ് ഡേവിഡ് പിറന്നു വീണത്. പ്രതിരോധശേഷി ഒട്ടും ഇല്ലാത്ത, പുറത്തുനിന്നുള്ള ഒരു അണുബാധ പോലും മരണത്തിനു വരെ കരണമാക്കിയേക്കാവുന്ന അവസ്ഥ, അതായിരുന്നു ഡേവിഡിന്റെ ഈ രോഗം. ഈ രോഗബാധയുള്ളവർ സാധാരണ ആളുകളെ പോലെയല്ല, പുറം ലോകവുമായി അവർക്ക് ഒരു തരത്തിലുമുള്ള ഇടപഴകലും സാധ്യമല്ല. അതുകൊണ്ടുതന്നെ കുഞ്ഞ് ഡേവിഡ് കാലങ്ങളോളം അവന്റെ ജീവിതം ചിലവഴിച്ചത് ഒരു പ്ലാസ്റ്റിക് ആവരണത്തിനുള്ളിൽ മാത്രമായിരുന്നു. സ്വന്തം കുടുംബത്തെയും ബന്ധുക്കളെയും കൈയെത്തും ദൂരെ നിന്ന് അവൻ നോക്കി കണ്ടത് ആ കുമിളക്കുളളിൽ നിന്നായിരുന്നു. ഡേവിഡ് ജനിക്കുന്നതിനു മുൻപ് അവന്റെ അച്ഛനും അമ്മക്കും ഇതേ അസുഖത്തെ തുടർന്ന് ഒരു കുഞ്ഞിനെ നഷ്ടമായിരുന്നു, ഇത് മനസിലാക്കിയ ഡോക്ടർമാർ ഡേവിഡ് ജനിച്ച സെക്കൻഡുകൾക്കുള്ളിൽ തന്നെ ഒരു പ്ലാസ്റ്റിക് ബബിളിനുള്ളിൽ അവനെ ആക്കുകയായിരുന്നു.

പ്രതിരോധ ശേഷി വളരെ കുറവായിരുന്നതുകൊണ്ട് തന്നെ ഭക്ഷണം വെള്ളം കളിപ്പാട്ടങ്ങൾ എല്ലാം അണുവിമുക്തമാക്കിയ ശേഷം മാത്രമാണ് അവന് മാതാപിതാക്കൾ നൽകിയിരുന്നത്. കുഞ്ഞ് ഡേവിഡിനെ ഒന്ന് വാരിപ്പുണരാണോ, ഒരു ഉമ്മ കൊടുക്കണോ, എന്തിന് ഒന്ന് തൊടാൻ പോലും അവന്റെ അമ്മക്കോ അച്ഛനോ സഹോദരിക്കോ പോലും സാധിച്ചിരുന്നില്ല, ആ കുഞ്ഞ് ഒന്ന് കരഞ്ഞാൽ പോലും ഒന്ന് ചേർത്ത് പിടിച്ച് അവനെ സ്നേഹിക്കാനോ അവന് ആശ്വാസം നൽകാനോ ആർക്കും കഴിഞ്ഞിരുന്നില്ല. സ്കൂളിൽ പോകാനോ കൂട്ടുകാരുടെ കൂടെ ഇരുന്ന് കളിയും ചിരിയുമായി സമയം ചിലവഴിക്കാനോ കഴിയാത്ത ഡേവിഡ് വീഡിയോ കോളിലൂടെ ആയിരുന്നു ക്ലാസുകൾ അറ്റൻഡ് ചെയ്തിരുന്നത്. രണ്ട് വയസ്സാകുമ്പോഴേക്കും ഡേവിഡ് ഈ രോഗത്തെ മറികടക്കുമെന്ന് ഡോക്ടർമാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ ദിവസം ഒരിക്കലും വന്നെത്തിയില്ല. അതിനുവേണ്ടി ആ കുഞ്ഞുമനസ്സ് ഒരുപാട് ആഗ്രഹിക്കുകയും വാശിപിടിച്ചു കരയുകയും ചെയ്തിരുന്നു. പക്ഷേ ഒറ്റയ്ക്കിരുന്ന് കരഞ്ഞു തീർക്കുക എന്നല്ലാതെ മറ്റൊന്നും അവനു സാധിച്ചതുമില്ല. ഒറ്റപ്പെടലുണ്ടായിട്ടും, അതീവ ബുദ്ധിമാനും മിടുക്കനും ആയിരുന്നു അവൻ. തനിക്ക് തൊടാൻ കഴിയാത്ത ലോകത്തെക്കുറിച്ച് പഠിക്കാൻ അകമഴിഞ്ഞ ആകാംക്ഷയും ഡേവിഡിനുണ്ടായിരുന്നു.

അവന്റെ അതിജീവനത്തിന് ഒരു താത്കാലിക പരിഹാരമായി NASA അവന് ഒരു സ്പേസ് സ്യുട്ട് പോലുള്ള പ്രത്യേക വസ്ത്രം നിർമ്മിച്ചു കൊടുത്തു. അതോടെ ഇടയ്ക്കൊക്കെ വീടിന് പുറത്തിറങ്ങാനും ഡേവിഡിന് കഴിഞ്ഞു. അവന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. അങ്ങനെ 12 വർഷം പോയി. വർഷങ്ങൾക്കിപ്പുറം ഡേവിഡിന്റെ രോഗത്തിന് ഒരു ചികിത്സ കണ്ടെത്താൻ ഡോക്ടർമാർ ശ്രമിച്ചു. ആ ആലോചനയ്ക്ക് ശേഷം ഡേവിഡിന് ഒരു ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് നടത്താൻ പദ്ധതിയും ഇട്ടു. പുതു ജീവിതത്തിലേക്ക് ഡേവിഡ് തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ശസ്ത്രക്രിയക്ക് ശേഷം അവന് പെട്ടെന്ന് അണുബാധ ഉണ്ടാവുകയായിരുന്നു. ഒടുവിൽ, 1984-ൽ കുഞ്ഞു ഡേവിഡ് ഈ ലോകത്തോട് വിട പറഞ്ഞു.

ഡേവിഡിന്റെ മരണം ലോകത്തിന് ഒരു വലിയ പാഠമായിരുന്നു. മനുഷ്യന്റെ പ്രതിരോധശേഷിയെക്കുറിച്ചും രോഗങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾക്ക് അത് ഒരു പുതിയ വഴി തുറന്നു. ഡേവിഡിന്റെ കേസ് ജീൻ തെറാപ്പി ഉൾപ്പെടെയുള്ള മെച്ചപ്പെട്ട ചികിത്സകളിലേക്ക് നയിച്ചു, കൂടാതെ രോഗപ്രതിരോധ വൈകല്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി സമർപ്പിച്ചിരിക്കുന്ന ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഡേവിഡ് സെന്റർ സൃഷ്ടിക്കാനും ഇത് പ്രചോദനമായി. ഡേവിഡിന്റെ മരണത്തിന് പിന്നാലെ ഈ അസുഖത്തെ ചെറുക്കൻ ഒരുപാട് ഗവേഷകർ ഇറങ്ങി തിരിച്ചതുകൊണ്ട് തന്നെ SCID ബാധിതരായി ജനിക്കുന്ന നിരവധി കുട്ടികൾക്ക് സാധാരണവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ ഇന്ന് സാധിക്കുന്നുണ്ട്.

Content Highlights : David Vetter- The boy who lived 12 years in a plastic bubble

To advertise here,contact us