ഇന്ത്യ മഹാരാജ്യത്തിന്റെ സുരക്ഷാ സജ്ജീകരണങ്ങൾ ഇനി നൂറിട്ടി ശക്തമാകും.. നാടിനെയും ജനങ്ങളെയും ശത്രുക്കളുടെ ഏത് ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാൻ 'സുദർശൻ ചക്ര' വരുന്നു. തദ്ദേശീയമായി വികസിപ്പിക്കുന്ന വ്യോമ പ്രതിരോധ സംവിധാനത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്, മിഷൻ സുന്ദർശൻ ചക്ര. പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം 79ാമത് സ്വാതന്ത്ര്യദിനത്തിൽ മോദി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ഇനി യുദ്ധമുഖങ്ങളിൽ വിദേശ സാങ്കേതിക വിദ്യകളെ അശ്രയിക്കുന്ന രീതിയും ഇന്ത്യ പടിപടിയായി അവസാനിപ്പിക്കാൻ പോകുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ വിണ്ണിൽ സുരക്ഷാ കണ്ണുകൾ തുറന്ന് സുദർശൻ ചക്ര തലയുയർത്തി നിൽക്കും, ഇസ്രയേലിന്റെ അയൺഡോമിനും യുഎസിന്റെ ഗോൾഡൻ ഡോമിനും സമാനമായ സംവിധാനമാണ് ഇന്ത്യ വികസിപ്പിക്കുന്നത്. ഓപ്പറേഷൻ സിന്ദൂർ നടക്കുമ്പോൾ പാകിസ്താന്റെ ആക്രമണങ്ങളെ കൃത്യമായി തടഞ്ഞ വമ്പൻ സംവിധാനം നിലവിൽ ഇന്ത്യയുടെ പക്കലുണ്ട്. ദ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം എന്നമാണ് നൂറു മണിക്കൂറോളം അക്ഷീണം പ്രവർത്തിച്ചത്. എന്നാൽ മിഷൻ സുദർശന ചക്ര അതിൽ നിന്നും വ്യത്യസ്തമാണ്.
ഹിന്ദു മിത്തോളജിയിൽ ധർമയുദ്ധത്തിൽ സൂര്യനെ മറച്ച് ജയദ്രഥിനെ തോൽപ്പിക്കാൻ അർജുനനെ സഹായിച്ചത് സുദർശന ചക്രം ഉപയോഗിച്ചാണെന്നാണ് വിശ്വാസം. അതേ പേരിലൊരുങ്ങുന്ന പുതിയ പ്രതിരോധ സംവിധാനം മിസൈലുകളെ പ്രതിരോധിക്കുക മാത്രമല്ല ചെയ്യുന്നതെന്ന് വ്യക്തം. 2035ഓടെ ഈ പ്രതിരോധ സംവിധാനത്തെ കൂടുതൽ വിപുലീകരിച്ച്, ശക്തമാക്കി, ആധുനികവത്കരിച്ച് സജ്ജമാക്കുക. ഭഗവാൻ ശ്രീകൃഷ്ണനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, സുദർശന ചക്രത്തിന്റെ വഴിയാണ് നമ്മൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ എല്ലാ ഗവേഷണങ്ങളും വികസനവും നിർമാണവും ഇന്ത്യയിൽ തന്നെയായിരിക്കുമെന്നാണ് സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ജനങ്ങളും തങ്ങൾ സുരക്ഷിതരാണെന്ന വിശ്വാസം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹാക്കിങും ഫിഷിങുമെല്ലാം ന്യൂട്രലൈസ് ചെയ്യാൻ കഴിയുന്ന ആന്റി സൈബർ വാർഫെയർ മെഷേർസും ഉൾപ്പെടെയുള്ള വമ്പൻ പദ്ധതി പത്തുവർഷത്തിനുള്ളിൽ യാഥാർഥ്യമാകും. പുതിയ പദ്ധതിയിൽ പ്രമുഖ ശാസ്ത്ര - പ്രതിരോധ ഗവേഷണ ഏജൻസികൾ, സൈന്യം, സ്വകാര്യ മേഖലയിലെ ഇന്നോവേറ്റേഴ്സ് എന്നിവരുടെ സഹകരണവും ഉണ്ടാകും.Content Highlights: PM Modi announced Mission Sudarshan Chakra