'കൂട്ടിയ തീരുവ കുറയ്ക്കാം,പക്ഷെ പാകിസ്താനോട് ട്രംപ് കാണിച്ച അടുപ്പം ഇന്ത്യ മറക്കില്ല;ആ ദേഷ്യം എന്നുമുണ്ടാകും'

മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനും അന്താരാഷ്ട്ര കാര്യ വിദഗ്ധനും നിലവില്‍ സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറലുമായ ഡോ.കെ.എന്‍. രാഘവന്‍ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍

1 min read|09 Aug 2025, 11:30 am

റഷ്യയില്‍ നിന്നും എണ്ണ വാങ്ങി റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് ഇന്ധനം പകരുന്നു, ആ എണ്ണ പൊതുവിപണിയില്‍ വില്‍ക്കുന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ചുകൊണ്ടാണ് ഇന്ത്യക്ക് ട്രംപ് 25 ശതമാനം പിഴച്ചുങ്കം ഏര്‍പ്പെടുത്തുന്നത്. യഥാര്‍ഥത്തില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് മാത്രമാണോ ട്രംപിനെ പ്രകോപിതനാക്കുന്നത്, അതോ ഒരു നൊബേലിന് വേണ്ടിയുള്ള ട്രംപിന്റെ സമ്മര്‍ദതന്ത്രമാണോ ട്രംപ് നടത്തുന്നത്? മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനും അന്താരാഷ്ട്ര കാര്യ വിദഗ്ധനും നിലവില്‍ സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറലുമായ ഡോ.കെ.എന്‍. രാഘവന്‍ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍

അണ്‍ഫെയര്‍, അണ്‍ജസ്റ്റിഫൈഡ്, അണ്‍റീസണബിള്‍ ഇന്ത്യക്ക് മേല്‍ 25 ശതമാനം പിഴത്തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ നീക്കത്തോട് ഇന്ത്യ തുടക്കത്തില്‍ തന്നെ പ്രതികരിച്ചത് ഇങ്ങനെയാണ്. യഥാര്‍ഥത്തില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് മാത്രമാണോ ട്രംപിനെ പ്രകോപിതനാക്കിയത്, അതോ ഒരു നൊബേലിന് വേണ്ടിയുള്ള ട്രംപിന്റെ സമ്മര്‍ദതന്ത്രമോ?

ചരിത്രം നോക്കുകയാണെങ്കില്‍ ഏപ്രില്‍ മാസം വരെ ഒരു രാജ്യത്തിന് മുന്നിലും തീരുവയില്ല. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് 2 വരെ 10 ശതമാനം തീരുവ കൊണ്ടുവരുന്നു. പലരാജ്യങ്ങള്‍ക്ക് പല തീരുവ എന്ന നയം കൊണ്ടുവരുന്നു. ഏപ്രിലില്‍ ഇത് വരുന്നത് മുന്‍പ് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിങ്ടണില്‍ പോയി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ കണ്ടുകഴിഞ്ഞപ്പോള്‍ ഇന്ത്യയും യുഎസും തമ്മില്‍ ഒരു വ്യാപാര കരാര്‍ സെപ്റ്റംബര്‍-ഒക്ടോബറിലായി വരുമെന്ന് പറഞ്ഞിരുന്നതാണ് അതിനുള്ള ജോലി തുടങ്ങിയിരുന്നു. ജൂലായ്-ഓഗസ്റ്റ് മാസത്തിനുള്ളില്‍ വ്യാപാരക്കരാറില്‍ ഒത്തുതീര്‍പ്പിലെത്തുമെന്നാണ് കരുതിയതാണ്. അതിനിടയിലാണ് രണ്ടുസംഭവങ്ങള്‍ നടന്നത്. പാകിസ്താനുമായുള്ള ഓപ്പറേഷന്‍ സിന്ദൂറും ട്രംപിന്റെ അവകാശവാദവും. അത് ഇന്ത്യ ഖണ്ഡിച്ചു. രണ്ട്, ചര്‍ച്ചകള്‍ എവിടെയും എത്തിയില്ല. ഇവിടെയാണ് യുഎസിന് വരുന്നത്. പാകിസ്താന്‍ ട്രംപിന്റെ അവകാശവാദത്തെ പിന്തുണച്ചു. നമ്മള്‍ എതിര്‍ത്തു. യുഎസിനെ സംബന്ധിച്ചിടത്തോളം അവര്‍ പറയുന്നതിന് അപ്പുറത്തേക്ക് ആരും പറഞ്ഞുകൂടാ എന്നതാണ് മറ്റുള്ളവര്‍ അവരുടെ ആജ്ഞാനുവര്‍ത്തികളാണെന്നതാണ് അവരുടെ രീതി. അപ്പോള്‍ അവരുടെ തലതൊട്ടപ്പനായ ട്രംപ് ഇക്കാര്യം വീണ്ടും വീണ്ടും പ്രഖ്യാപിക്കുമ്പോള്‍ അവരുടെ ഇടയില്‍ അവമതിപ്പും നീരസവും ഉണ്ടായി.

വ്യാപാര കരാറുമായി ബന്ധപ്പെട്ട അമേരിക്കയുടെ ഡിമാന്‍ഡ്, കാര്‍ഷിക-ക്ഷീര മേഖലകള്‍ തുറന്നുകൊടുക്കണം എന്നുള്ളതാണ്. ഇന്ത്യയെ സംബന്ധിച്ചടത്തോളം അത് ഇന്ത്യന്‍ സര്‍ക്കാരിന് അനുവദിക്കാന്‍ സാധ്യമല്ല. മറ്റൊന്ന് അമേരിക്കയില്‍ നിക്ഷേപം നടത്തണമെന്നാണ് പറയുന്നത്. അതിനുപുറമേ എണ്ണ വാങ്ങണം ബോയിങ് വാങ്ങണം. അത് ഇന്ത്യയെ സംബന്ധിച്ചടത്തോളം സാമ്പത്തികമായി നമ്മളെ പിന്നോട്ട് അടിപ്പിക്കുന്ന ഒരു കരാറില്‍ ഒപ്പുവയ്ക്കാന്‍ നമുക്ക് സാധിക്കില്ല. അതുകൊണ്ട് അമേരിക്കയ്‌ക്കെതിരെ ശക്തമായ നിലപാട് എടുത്തു. തീരുവയിലൂടെ ഒരു രാജ്യത്തിനോടുള്ള നീരസമാണ് പ്രകടിപ്പിക്കുന്നത്. ആദ്യം 25 ശതമാനം ചുമത്തി വീണ്ടും 25 ശതമാനം ചുമത്തുമ്പോള്‍ നീരസത്തിന്റെ തോത് മനസ്സിലാക്കാവുന്നതാണ്. ഇത് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുകൊണ്ട് മാത്രമല്ലെന്ന് വ്യക്തമാണ്. കാരണം റഷ്യയില്‍ നിന്ന് നമ്മള്‍ മാത്രമല്ല എണ്ണ വാങ്ങുന്നത്. ചൈന വാങ്ങുന്നുണ്ട്, തുര്‍ക്കി വാങ്ങുന്നുണ്ട്. ഇന്ത്യ എണ്ണ വാങ്ങുന്നത് അമേരിക്കകൂടി അംഗീകരിച്ചുകൊണ്ടാണ്. അമേരിക്കയുടെ മൗനാനുവാദത്തോടെയാണ് ഇത് നടന്നത്, എന്നിട്ട് ഇന്ത്യയെ മാത്രം തിരഞ്ഞുപിടിച്ച് നമ്മുടെ കുറ്റമാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. രണ്ട് ഇന്ത്യ എണ്ണ വാങ്ങാതിരുന്നാല്‍ റഷ്യ യുദ്ധം നിര്‍ത്തുമോ ഇല്ല. അത് റഷ്യയുടെ താല്പര്യമാണ്. ഇന്ത്യ എണ്ണ മേടിക്കുന്നു എന്നത് കാരണം പറയാന്‍ വേണ്ടി ഒരു കാരണം പറയുന്നതാണ്. തന്റെ നീരസം വ്യക്തമാക്കാനാണ് ട്രംപ് ഇത് നടത്തിയിരിക്കുന്നത് എന്ന കാര്യം വ്യക്തമാണ്.

നേരത്തേ പറഞ്ഞതുപോലെ ട്രംപിന്റെ ഇടപെടലിനെ പലവുരു നിഷേധിച്ചതുകൊണ്ടാണോ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം യുഎസ്-പാകിസ്താനുമായി അടുക്കുന്നത് പ്രകടമാണ്. അസിം മുനീറിന്റെ യുഎസ് സന്ദര്‍ശനം, വീണ്ടും പോകാനൊരുങ്ങുന്നു. പാകിസ്താനിലെ എണ്ണപ്പാട ശേഖരത്തിന്റെ വികസനത്തിനായുള്ള കരാര്‍..പാടെ തകര്‍ന്ന സമ്പദ വ്യവസ്ഥയാണ് പാകിസ്താന്റേത് സ്വാഭാവികമായും യുഎസിന്റെ പിന്തുണ അവരുടെ സമ്പദ് മേഖലയില്‍ ഉണര്‍വ് നല്‍കും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയേക്കാള്‍ കൂടുതല്‍ എണ്ണശേഖരം അവകാശപ്പെടാനില്ലാത്ത പാകിസ്താനില്‍ നിന്ന് ഒരു ദിവസം ഇന്ത്യക്ക് എണ്ണ വാങ്ങേണ്ടി വന്നേക്കുമെന്ന് വരെ ട്രംപ് പറയുന്നുണ്ട്. ഇന്ത്യ-യുഎസ് ബന്ധം ഉലഞ്ഞിരിക്കുന്ന ഈ സാഹചര്യത്തില്‍ പാകിസ്താനുമായി അടുക്കുന്നതിനെ എങ്ങനെ വിലയിരുത്താനാണ് സാധിക്കുക?

യുദ്ധം വരുന്നത് വരെ പാകിസ്താനെ പറ്റി ഒരു നല്ല വാക്ക് ട്രംപ് പറയുന്നത് നമ്മള്‍ ആരും കേട്ടിട്ടില്ല. ഒരു നൊബേല്‍ കൊടുക്കണമെന്ന് അവര്‍ പറയുകയും ട്രംപാണ് യുദ്ധം അവസാനിപ്പിച്ചതെന്ന് ട്രംപ് പറഞ്ഞപ്പോള്‍ അവര്‍ അത് അംഗീകരിക്കുകയും ചെയ്തതോടെയാണ് ആ മഞ്ഞ് ഉരുകുന്നത്. അദ്ദേഹത്തിന്റെ പാകിസ്താന്റെ പട്ടാളമേധാവിയെയാണ് ക്ഷണിച്ച് ഭക്ഷണം കൊടുക്കുന്നത്, അദ്ദേഹം വീണ്ടും യുഎസ് സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. പാകിസ്താനിലെ ആളുകളുടെ കോണ്‍ഫിഡന്‍സ് ലെവല്‍ മാറി. യുദ്ധത്തില്‍ തങ്ങള്‍ നന്നായി ചെയ്തുവെന്നാണ് അവര്‍ കരുതുന്നത്. ഇന്ത്യ-പാക് തുലനം ചെയ്യുന്ന ഒരു അപ്രോച്ചാണ് അവര്‍ 1970കളില്‍ എടുത്തിട്ടുള്ളത്. അത് ക്ലിന്റണിന്റെ ഭരണത്തിലും ജോര്‍ജ് ബുഷിന്റെ ഭരണത്തിലും മാറിയത്. പണ്ട് അമേരിക്കന്‍ ഭരണാധികാരി പാകിസ്താനില്‍ പോയാല്‍ ഇന്ത്യയില്‍ വരും. ഇന്ത്യയില്‍ വന്നാല്‍ പാകിസ്താനില്‍ പോകും. ഒബാമയെല്ലാം വന്ന ശേഷമാണ് ഇന്ത്യയിലേക്ക് മാത്രം വരിക എന്ന ശീലം തുടങ്ങിയത്.

രണ്ടാമത് ഹൈഫനേറ്റ് ചെയ്യാനാണ് നോക്കുന്നത്. ഇന്ത്യ അത്ര വളരേണ്ട എന്ന കാര്യമായിരിക്കും, അല്ലെങ്കില്‍ പാകിസ്താനെ ഒന്ന് ഉയര്‍ത്തി നിര്‍ത്തുന്നതായിരിക്കും. അതുവഴി ഇന്ത്യയെ താഴ്ത്തിവയ്ക്കാനും ചൈനയിലേക്ക് മാര്‍ഗം കാണുന്നുണ്ടാകാം. ക്രിപ്‌റ്റോ കറന്‍സി ട്രംപിന് വളരെ താല്പര്യമുള്ള ഒരു സംഗതിയാണ്. ലാഭം കിട്ടുന്നതുകൊണ്ടാണെന്ന് പറയുന്നവരാണ്. പാകിസ്താനോട് കാണിക്കുന്ന ചായവ് നീരസത്തിന് കാരണമാകുന്നുണ്ട്. ട്രംപിനുള്ള നീരസം കാണിക്കാന്‍ ഇതിലും നല്ല മാര്‍ഗങ്ങള്‍ സ്വീകരിക്കാമായിരുന്നു. കൂട്ടിയ തീരുവ കുറയ്ക്കാന്‍ സാധിക്കും. പക്ഷെ പാകിസ്താനോടുള്ള അടുപ്പത്തിലൂടെ ഇന്ത്യയുടെ മനസ്സിലുണ്ടാക്കുന്ന വിഷമം മാറ്റാന്‍ ബുദ്ധിമുട്ട് ആയിരിക്കും. അത് കൂടുതല്‍ വിശ്വാസക്കുറവിന് വഴിവെക്കും. ഇത് എല്ലാക്കാലം അദ്ദേഹം കൊണ്ടുപോകണമെന്നില്ല. കാരണം ഇന്ത്യയെ മൈ ഫ്രണ്ട് എന്നുപറഞ്ഞ അതേ ട്രംപ് ആണ് ഡെഡ് എക്കോണമി എന്ന് പറയുന്നത്. മസ്‌കും ട്രംപും തമ്മിലുള്ള ബന്ധവും നാം കണ്ടതാണ്. പക്ഷെ പാകിസ്താനോട് കാണിച്ച അടുപ്പം ട്രംപിനോടുള്ള ദേഷ്യമായി തന്നെ ഇന്ത്യക്കാര്‍ മനസ്സില്‍ കരുതും.

Content Highlights: Dr KN Raghavan Speaks about Donald Trump's 50% 'penalty' tariffs

To advertise here,contact us