2024ല് സൈബര് ക്രിമിനലുകളും തട്ടിപ്പുകാരും ഇന്ത്യക്കാരില് നിന്നും തട്ടിയെടുത്തത് 22, 842 കോടി രൂപയിലധികമാണെന്ന് കണക്കുകള്. ഡല്ഹി ആസ്ഥാനമായുള്ള ഡാറ്റാ ലീഡ്സ് എന്ന മീഡിയ ആന്ഡ് ടെക്ക് കമ്പനിയാണ് വിവരം പുറത്ത് വിട്ടത്. അതേസമയം ഈ വര്ഷം ഇന്ത്യക്കാര്ക്ക് 1.2 ലക്ഷം കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് ഫെഡറല് ഏജന്സിയായ ഇന്ത്യന് സൈബര് ക്രൈം കോര്ഡിനേഷന് സെന്റര് , 14സിയുടെ പ്രവചനം. 2023ല് 7, 465 കോടിയായിരുന്നു ഡിജിറ്റല് തട്ടിപ്പ് വഴി നഷ്ടപ്പെട്ടതെങ്കില് ഈ വര്ഷം അത് മൂന്നിരട്ടിയില് കൂടുതലാണ്. 2022ല് ഇത് 2306 കോടിയായിരുന്നു. കോണ്ടുവേസ് ഒഫ് സൈബര് ക്രൈം: പെര്സിസ്റ്റെന്റ് ആന്ഡ് എമര്ജിങ് റിസ്ക് ഒഫ് ഓണ്ലൈന് ഫിനാന്ഷ്യല് ഫ്രോഡ്സ് ആന്ഡ് ഡീപ്ഫേക്ക്സ് ഇന് ഇന്ത്യ എന്ന റിപ്പോര്ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2024 കാലയളവില് സൈബര് പരാതികളുടെ എണ്ണം ഇരുപത് ലക്ഷത്തോട് അടുത്തായിരുന്നു. 2019നെക്കാള് പത്തിരട്ടിയാണ് ഈ കണക്ക്.
പരാതികളുടെ എണ്ണവും നഷ്ടപ്പെട്ട തുകയും കണക്കിലാക്കുമ്പോള്, ഇന്ത്യയിലെ ഡിജിറ്റല് തട്ടിപ്പുകാര് കൂടുതല് ബുദ്ധിയുള്ളവരാണെന്ന് വേണം മനസിലാക്കാനെന്ന് റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു. ലക്ഷകണക്കിന് പേര് തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന രാജ്യത്താണ്, തട്ടിപ്പുകാരുടെ എണ്ണം ഇത്തരത്തില് വര്ധിക്കുന്നതെന്ന് റിപ്പോര്ട്ട് പറയുന്നു. ഡിജിറ്റല് പേയ്മെന്റ് രീതികള് വര്ധിച്ചതോടെയാണ് തട്ടിപ്പും വലിയ തോതില് വര്ധിച്ചത്. സ്മാര്ട്ട് ഫോണിലെ പേടി എം, ഫോണ് പേ എന്നിവയിലൂടെയും വാട്സ്ആപ്പ്, ടെലഗ്രാം എന്നിവയിലൂടെയുമാണ് തട്ടിപ്പുകള് അധികവും നടന്നത്.
2025 ജൂണില് മാത്രം 190 ലക്ഷം യുപിഐ ഇടപാടുകളാണ് നടന്നിരിക്കുന്നത്. അതായത് 24.03 ലക്ഷം കോടിയുടെ ഇടപാട്. 2013ലെ 162 കോടിയില് നിന്ന് ഡിജിറ്റല് പേയ്മെന്റ് മൂല്യം 2025 ജനുവരിയില് മാത്രം 18,120.82 കോടിയായിരുന്നു. ഇന്ന് ലോകത്ത് നടക്കുന്ന ഡിജിറ്റല് പേയ്മെന്റില് പകുതിയും ഇന്ത്യയിലാണ്. ലോക്ഡൗണും കൊവിഡ് മഹാമാരിയുമൊക്കെയാണ് ഇടപാടുകള് ഇത്തരത്തില് വര്ധിക്കാന് കാരണമായത്. ഇന്ത്യയില് മാത്രം 2019 ആയപ്പോഴേക്കും സ്മാര്ട്ട്ഫോണ് ഉപയോഗിക്കുന്നവരുടെ എണ്ണം കുതിച്ചുയര്ന്നിരുന്നു. ഡാറ്റ റേറ്റുകളും വളരെ കുറഞ്ഞു. ഇതോടെ ചെറുനഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ആളുകള്ക്ക് സാമ്പത്തിക ഇടപാടുകള് കൂടുതല് എളുപ്പമുള്ളതായി. ഡിജിറ്റല് പേയ്മെന്റ് എക്കോസിസ്റ്റം വളര്ന്നതിനൊപ്പം ഡിജിറ്റല് തട്ടിപ്പുകാരും തഴച്ചുവളരുന്നതാണ് ഇപ്പോള് കാണുന്നത്.
എഐ, ഡീപ്പ്ഫേക്കും ഉപയോഗിച്ച് ബാങ്കിങ്, ഇന്ഷുറന്സ്, ആരോഗ്യ മേഖലകളിലടക്കം എല്ലായിടത്തും ഡിജിറ്റല് തട്ടിപ്പ് നടക്കുന്ന സാഹചര്യമാണ്. ബാങ്കിങ് മേഖലയില് നടന്ന തട്ടിപ്പുകളുടെ എണ്ണത്തില് 2025 - 26 സാമ്പത്തിക വര്ഷത്തില്, കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് എട്ടുമടങ്ങ് കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. അതായത് 2623 കോടിയില് നിന്നും 21, 367 കോടിയാണ് തട്ടിയെടുത്തിരിക്കുന്നതെന്ന് ആര്ബിഐ റിപ്പോര്ട്ട് വ്യക്തമാക്കുന്നു. ബ്രാന്ഡുകളുടെ പേരുകള് ഉപയോഗിച്ച് എസ്എംഎസില് സമ്മാന തുക, റീഫണ്ട് എന്നീ പേരുകളിലും ഓണ്ലൈന് മാര്ക്കറ്റില് സാധനങ്ങളുടെ വില കുറച്ച് കാണിച്ചു പണം വാങ്ങി മുങ്ങുന്നതുമടക്കം ഇതില് ഉള്പ്പെടും.Content Highlights: Cybercriminals Stole Rs 23,000 Crore From Indians last year says report