'എന്റെ അമ്മയുടെ കണ്ണീർ ഭീകരരാൽ കൊല്ലപ്പെട്ട എന്റെ അച്ഛനുവേണ്ടി'; പ്രിയങ്കയുടെ പ്രസംഗം വാഴ്ത്തപ്പെടുമ്പോള്‍

1950-60കളിലെ ഇന്ത്യന്‍ പാര്‍ലമെന്റുകളെ ഓര്‍മിപ്പിച്ചുവെന്ന തരത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ പോലും ആ പ്രസംഗത്തിന് സ്തുതിപാടി.

'പാര്‍ലമെന്റില്‍ ഒരു പ്രതിപക്ഷമുണ്ടെന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്ക് തോന്നി.' പ്രിയങ്കാഗാന്ധിയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പ്രസംഗത്തിന് താഴെ ഒരാള്‍ കുറിച്ച വാചകം ഇങ്ങനെയായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കെത്തന്നെ പ്രതിപക്ഷാംഗങ്ങള്‍ക്കും പൊതുജനത്തിനും 'ക്ഷ' പിടിച്ച പ്രസംഗമായിരുന്നു പ്രിയങ്കയുടേത്. കണ്ടുശീലിച്ച, കടുത്ത വാക്കുകളുപയോഗിച്ചുകൊണ്ടുള്ള ഭരണപക്ഷത്തെ ആക്രമിക്കുന്ന ശൈലിയിലുള്ള, പാര്‍ലമെന്റിനെ രാഷ്ട്രീയ സംവാദത്തിലേക്ക് നയിച്ച ഒരു പ്രസംഗമായിരുന്നില്ല അത്.മറിച്ച് 25 മിനിറ്റില്‍ മാനുഷിക പ്രശ്‌നങ്ങളെ, കൃത്യമായ മോഡുലേഷനിലൂടെ, കേന്ദ്രത്തിനെതിരെയുളള ഒളിയമ്പുകളെ വിന്യസിച്ചുകൊണ്ട് വൈകാരികമായി നടത്തിയ ഒന്നാന്തരമൊരു പ്രസംഗം. 1950-60കളിലെ ഇന്ത്യന്‍ പാര്‍ലമെന്റുകളെ ഓര്‍മിപ്പിച്ചുവെന്ന തരത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ പോലും ആ പ്രസംഗത്തിന് സ്തുതിപാടി.

കഥപറയുന്നത് പോലെ, ആക്ഷേപഹാസ്യത്തിന്റെ ചുവടുപിടിച്ച്, കൃത്യവും ശക്തവും മൂര്‍ച്ചയുമുള്ള മറുപടികള്‍ നല്‍കിക്കൊണ്ടായിരുന്നു പ്രിയങ്കയില്‍ നിന്നും ഓരോ വാക്കുകളും പുറത്തുവന്നത്. രാഷ്ട്രീയ പഴിചാരലിനേക്കാള്‍ ഇരകാളക്കപ്പെട്ടവരുടെ ജീവിതം വിവരിക്കാനാണ് അവര്‍ സമയമെടുത്തത്. അക്കൂട്ടത്തില്‍ വ്യക്തിപരമായ അനുഭവവും അവര്‍ പങ്കുവച്ചു. ബട്‌ലഹൗസ് തീവ്രവാദികള്‍ക്ക് വേണ്ടി സോണിയ കണ്ണീര്‍വാര്‍ത്തെന്ന പരാമര്‍ശത്തിനുള്ള മറുപടി കൂടിയായിരുന്നു അത്. ' എന്റെ അമ്മയുടെ കണ്ണീരിനെ കുറിച്ച് ഇവിടെ സംസാരിച്ചു. ഞാനതിന് ഉത്തരം നല്‍കാന്‍ ആഗ്രഹിക്കുന്നു. ഭീകരവാദികളാല്‍ അവരുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടപ്പോള്‍ അമ്മയുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ വന്നു. അന്നവര്‍ക്ക് 44 വയസ്സായിരുന്നു പ്രായം. ഇന്ന് ഈ പാര്‍ലമെന്റില്‍ നിന്ന് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട 26 പേര്‍ക്ക് വേണ്ടി സംസാരിക്കുകയാണ്. കാരണം അവരുടെ വേദന എനിക്കറിയാം. എനിക്കത് മനസ്സിലാകും.'

തിരിച്ച് ചോദ്യങ്ങളൊന്നും ഉന്നയിക്കാന്‍ സാധിക്കാത്തിടത്ത്, സുദീര്‍ഘമായ സോളോ പ്രസംഗം നടത്തുന്നതില്‍ അസാമാന്യ വൈഭവം പുലര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തേക്കാള്‍ കിടപിടിക്കുന്ന ഒന്നെന്ന് വിമര്‍ശകര്‍ പോലും പ്രിയങ്കയുടെ പ്രസംഗത്തെ വാഴ്ത്തി. 'ഓപ്പറേഷന്‍ സിന്ദൂറിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി എടുത്തു. അത് നല്ല കാര്യം. ഒളിമ്പിക് മെഡലുകളുടെ ക്രെഡിറ്റും അദ്ദേഹം എടുത്തോട്ടെ. പക്ഷെ, ക്രെഡിറ്റ് എടുക്കുന്നതിനര്‍ഥം അതിന്റെ ഉത്തരവാദിത്തം കൂടി എറ്റെടുക്കുന്നതാണെന്ന് പറഞ്ഞുകൊണ്ട് വ്യംഗമായി മോദിക്കിട്ട് ഒരു തട്ടുകൊടുക്കുന്നുണ്ട് പ്രിയങ്ക.

ഇന്റലിജന്‍സ് പരാജയം, കേന്ദ്രത്തിന്റെ ഉത്തരവാദിത്വമില്ലായ്മ, സുതാര്യതയില്ല തുടങ്ങി പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാക്കളുന്നയിച്ച അതേ പ്രശ്‌നങ്ങള്‍ തന്നെയാണ് പ്രിയങ്കയുടെ പ്രസംഗത്തിന്റെയും കാതല്‍.

പക്ഷെ അതുപറയുന്നതിനായി പ്രിയങ്ക തിരഞ്ഞെടുത്ത ആക്ഷേപഹാസ്യത്തിന്റെയും കുറിക്കുകൊള്ളുന്ന ഒളിയമ്പുകളുടെയും വൈകാരികതയുടെയും കൃത്യമായ പൂരണമായിരുന്നു പ്രിയങ്കയുടെ പാര്‍ലമെന്റിലെ ആ 25 മിനിറ്റ്. ഇംഗ്ലീഷ് മാത്രം മൊഴിയുന്നവരെന്ന വിമര്‍ശനത്തിന് വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെ, നല്ല ഹിന്ദിയില്‍ നല്‍കിയ മറുപടി. ഇരകളാക്കപ്പെട്ട ഓരോരിത്തരെയും പേരെടുത്ത് പരാമര്‍ശിച്ച അവള്‍ അവരെ ഹിന്ദുക്കളെന്നെല്ല വിശേഷിപ്പിച്ചത്, ഭാരതീയനെന്നാണ്. കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന സെക്യുലറിസത്തെ കൃത്യമായ മനോധര്‍മത്തോടെ ആ 25മിനിറ്റില്‍ അവള്‍ വിളക്കിച്ചേര്‍ത്തു.

ഭരണപക്ഷം കരുത്താര്‍ജിക്കുന്തോറും ശോഷിക്കുന്ന പ്രതിപക്ഷം ഒരു ജനാധിപത്യത്തിനും ഭൂഷണമല്ലെന്നിരിക്കെ പ്രിയങ്കയുടെ പ്രസംഗം ഒരു പ്രതീക്ഷയാണ്. സഭ സ്തംഭിപ്പിക്കലിനപ്പുറത്തേക്ക് രാജ്യമായി ബന്ധപ്പെട്ട എന്തുവിഷയത്തിലും പരസ്പര പഴിചാരലിനപ്പുറത്തുള്ള വലിയൊരു സംവാദത്തിനും നിയമനിര്‍മാണമുള്‍പ്പെടെയുളള വലിയ മാറ്റങ്ങളിലേക്കുമുള്ള ഇടമായി ഇനിയെങ്കിലും പാര്‍ലമെന്റ് മാറേണ്ടതുണ്ട്.

Content Highlights: Priyanka Gandhi's Emotional Speech in Lok Sabha: A Call for Responsibility

To advertise here,contact us