ആഡംബരങ്ങളില്ലാത്ത വിഎസ്-വസുമതി വിവാഹം; വ്യത്യസ്തമായ ക്ഷണക്കത്തും

ഇക്കഴിഞ്ഞ ജൂലൈ 18നായിരുന്നു വിഎസിന്റെയും വസുമതിയുടെയും 58ാം വിവാഹ വാര്‍ഷികം

ആലപ്പുഴ കോടംതുരുത്തില്‍ നടന്ന ഒരു യോഗത്തില്‍ ഒരിക്കല്‍ വിഎസ് അച്യുതാനന്ദന്‍ പ്രസംഗിക്കാന്‍ വന്നിരുന്നു. വലിയ ആള്‍ക്കൂട്ടമുണ്ട് അന്ന് വിഎസിനെ കേള്‍ക്കാന്‍. അന്ന് പ്രസംഗം കേള്‍ക്കാന്‍ നിന്നവരുടെ കൂട്ടത്തില്‍ ആള്‍ക്കൂട്ടത്തിന് പിന്നില്‍ ഒരു പെണ്‍കുട്ടി നിന്നിരുന്നു. പാര്‍ട്ടിയില്‍ മഹിളാ പ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചിരുന്ന വസുമതി. ചേര്‍ത്തല കുത്തിയതോടിനടുത്ത് കോടംതുരുത്തിലാണ് വസുമതിയുടെ വീട്. പ്രസംഗം കേട്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ സഖാവ് ടി.കെ രാമന്‍ വന്ന് ചോദിച്ചു. ' എങ്ങനെയുണ്ടായിരുന്നു സഖാവിന്റെ പ്രസംഗം'. നന്നായിരുന്നുവെന്ന് വസുമതി മറുപടിയും നല്‍കി.

അക്കാലത്ത് സെക്കന്തരാബാദ് ഗാന്ധി ഹോസ്പിറ്റലില്‍ നഴ്‌സിംഗ് പഠനം നടത്തുകയായിരുന്നു വസുമതി. പഠനം കഴിഞ്ഞ് ജോലി തുടങ്ങിയ ഇടയ്ക്ക് ആശുപത്രിയിലേക്ക് സുമതിയുടെ പേരില്‍ വീട്ടില്‍നിന്ന് ഒരു കമ്പി സന്ദേശം എത്തി. ' ഉടന്‍ വീട്ടിലേക്ക് എത്തണം' എന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.

വീട്ടില്‍ എത്തിയപ്പോള്‍ തന്റെ കല്യാണം നിശ്ചയിച്ചുവെന്നും വരന്‍ വിഎസ് അച്യുതാനന്ദനാണെന്നും സുമതി അറിഞ്ഞു.സംഭവമറിഞ്ഞ സുമതിക്ക് ഇഷ്ടക്കേടൊന്നും തോന്നിയില്ല. കാരണം മഹിളാ പ്രവര്‍ത്തകയായി പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുളള സുമതി വിഎസിന്റെ പ്രസംഗങ്ങളെല്ലാം ആവേശത്തോടെ കേട്ടിരുന്നയാളാണ്. സഖാവിന്റെ ജീവിതവും ആശയങ്ങളും അവര്‍ക്ക് നന്നായി അറിയാമായിരുന്നു. അതറിഞ്ഞുകൊണ്ടുതന്നെയാണ് വിവാഹ ജീവിതത്തിലേക്ക് സുമതി കടന്നതും.സാധാരണ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നതുപോലെയുളള ഒരു ജീവിതം ലഭിക്കില്ലന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവര്‍ വിവാഹജീവിതത്തിലേക്ക് കടക്കുന്നതും.

കല്യാണമേ വേണ്ടെന്ന് കരുതിയിരുന്ന ആളായിരുന്നു വിഎസ്. പലപ്പോഴും പാര്‍ട്ടി സഖാക്കളും അടുത്ത ബന്ധുക്കളും വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ അദ്ദേഹം ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. പിന്നീട് വയ്യാതാകുമ്പോള്‍ ഒരു തുണ വേണമല്ലോ എന്ന തോന്നലില്‍ നിന്നാണ് വിവാഹത്തെക്കുറിച്ച് ചിന്തിച്ചതെന്ന് വിഎസ് മുന്‍പ് പറഞ്ഞിട്ടുണ്ട്.

വിവാഹ സമയത്ത് വിഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായിരുന്നു. പ്രായം 42 വയസ്. താമസം ജില്ലാ കമ്മറ്റി ഓഫീസിലും. ഒരുപാട് പ്രത്യേകതകളോടുകൂടിയാണ് വിഎസ് സുമതി വിവാഹം നടന്നത്. ക്ഷണക്കത്തിലുമുണ്ടായിരുന്നു പ്രത്യേകതകള്‍. കല്യാണത്തിന് മുഹൂര്‍ത്തമില്ല, സ്വീകരിച്ചാനയിക്കാനാളില്ല, ആഭരണാലങ്കാരങ്ങളില്ല, സദ്യയുമില്ല, ആഘോഷവുമില്ല.

പരസ്പരം പൂമാല ചാര്‍ത്തല്‍ മാത്രം.1967 ല്‍ ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തില്‍ വച്ച് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിഎസ് അച്യുതാനന്ദനും കെ. വസുമതിയും വിവാഹിതരായത്.അങ്ങനെ വിവാഹം കഴിഞ്ഞു. പാര്‍ട്ടി വാടകയ്‌ക്കെടുത്തുകൊടുത്ത ആലപ്പുഴ ചന്ദനക്കാവിലുളള ഒരു കൊച്ചുവീട്ടിലായിരുന്നു വിവാഹദിവസം ഇരുവരും താമസിച്ചത്. പിറ്റേന്ന് രാവിലെ സുമതിയെ വീട്ടില്‍ കൊണ്ടാക്കിയ ശേഷം നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാനായി വിഎസ് ബസില്‍ കയറി തിരുവനന്തപുരത്തേക്ക് പോയി. അടിയന്തിരാവസ്ഥക്കാലത്ത് തിരുവനന്തപുരത്തെ ജയിലില്‍ എത്തി വിഎസിനെ സന്ദര്‍ശിച്ച ഓര്‍മ തന്റെ ഉള്ളില്‍ എപ്പോഴും തങ്ങിനില്‍ക്കുന്നുവെന്ന് സുമതി മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

'സഖാവിനെ വീട്ടില്‍നിന്ന് പൊലീസ് അര്‍ദ്ധരാത്രിയില്‍ പിടിച്ചു കൊണ്ടു പോയതാണ്. പിന്നീടാണ് അറിയുന്നത് തിരുവനന്തപുരത്ത് ജയിലില്‍ ആണെന്ന്. ആറും എട്ടും വയസ്സുള്ള മക്കളെയും കൊണ്ട് ഞാന്‍ തിരുവനന്തപുരത്തേക്ക് ബസ് കയറി. എംഎല്‍എ കോര്‍ട്ടേഴ്‌സില്‍ പോയി. അവിടെ നിന്ന് ഞങ്ങളെ ജയിലിലേക്ക് കൊണ്ടുപോയി. ജയിലിലെ സന്ദര്‍ശന മുറിയില്‍ കുട്ടികള്‍ പേടിച്ചാണ് ഇരുന്നത്. പൊലീസ് വണ്ടി വന്നപ്പോള്‍ അവര്‍ക്ക് കൂടുതല്‍ പേടിയായി. ആ വണ്ടിയിലാണ് അവരുടെ അച്ഛനെ കൊണ്ടുവരിക എന്നാണ് പറഞ്ഞിട്ടുള്ളത്. ജയില്‍ പുള്ളികളുടെ വേഷത്തില്‍ ആയിരിക്കുമോ എന്നൊക്കെ പേടിച്ചിരുന്നു. പൊലീസ് കൊണ്ടുവന്നപ്പോള്‍ സാധാരണപോലെ മുണ്ടും ജുബ്ബയും ആയിരുന്നു അദ്ദേഹത്തിന്റെ വേഷം' എന്നായിരുന്നു വസുമതി പറഞ്ഞത്.

തികഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകനായും ജനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നേതാവായും നില്‍ക്കുമ്പോഴും കുടുംബവും വിഎസിന് അത്രയ്ക്ക് പ്രാധാന്യമുണ്ടായിരുന്നു. വീട്ടില്‍ രാഷ്ട്രീയവും വ്യക്തിജീവിതവും ഒരിക്കലും കൂട്ടിച്ചേര്‍ക്കാത്ത ആളായിരുന്നു അദ്ദേഹം. തോല്‍വിയോ വിജമോ വിവാദമോ ഒന്നും അദ്ദേഹത്തെ ബാധിക്കില്ല. വീട്ടില്‍ രാഷ്ട്രീയം സംസാരിക്കാത്ത ഭര്‍ത്താവും അച്ഛനുമായിരുന്നു വിഎസ് അച്യുതാനന്ദന്‍.

Content Highlights :This past July 18th marked VS and Vasumathi's 58th wedding anniversary

To advertise here,contact us