എന്തിനാണ് ദേശീയ പണിമുടക്ക് ? ആരൊക്കെയാണ് പങ്കാളികളാകുന്നത്? മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍ എന്തൊക്കെയാണ്?

തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാരിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. പത്ത് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തുന്ന പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച രാത്രി 12 വരെയാണ്. 24 മണിക്കൂര്‍ പണിമുടക്കില്‍ വിവിധ മേഖലകളിലെ 25 കോടിയിലധികം തൊഴിലാളികളാണ് ഭാഗമാകുന്നത്. ഹര്‍ത്താല്‍ 12 മണിക്കൂര്‍ പിന്നിടുമ്പോള്‍ പണിമുടക്കിനോട് സമ്മിശ്രപ്രതികരണമാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നത്. മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ സാധാരണ നിലയിലാണ്.

കേന്ദ്ര സര്‍ക്കാര്‍ അനുകൂല ട്രേഡ് യൂണിയനായ ബിഎംഎസ് ഉള്‍പ്പെടെ ഏകദേശം 213 യൂണിയനുകള്‍ രാജ്യവ്യാപക പൊതു പണിമുടക്കിന്റെ ഭാഗമാകുന്നില്ലെന്ന് കേന്ദ്ര തൊഴിലാളി മന്ത്രാലയം അവകാശപ്പെട്ടു. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എല്‍പിഎഫ്, യുടിയുസി യൂണിയനുകളാണ് പണിമുടക്കിനു നേതൃത്വം നല്‍കുന്നത്. റെയില്‍വേ, ഗതാഗതം, ഇന്‍ഷുറന്‍സ്, ബാങ്കിങ്, തപാല്‍, പ്രതിരോധം, ഖനി, നിര്‍മാണം, ഉരുക്ക്, ടെലികോം, വൈദ്യുതി മേഖലകളിലെ തൊഴിലാളികള്‍ തുടങ്ങിയവരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

കേന്ദ്രം കൊണ്ടു വന്ന ലേബര്‍ കോഡിനെതിരെയാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുന്നു, ജോലി സമയം വര്‍ധിപ്പിക്കുന്നു, യൂണിയനുകളുടെ പ്രവര്‍ത്തനങ്ങള്‍ തടയിടുന്നു, തൊഴിലുടമകള്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലാതാകുന്നു, തുടങ്ങിയ ആരോപണങ്ങളാണ് കേന്ദ്രത്തിന്റെ ലേബര്‍ കോഡിനെതിരെ ഉയരുന്നത്. സമരങ്ങളിലൂടെയും മറ്റും നേടിയെടുത്ത തൊഴില്‍ അവകാശങ്ങല്‍ ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്രം എന്നാണ് തൊഴിലാളികളുടെ ആരോപണം.

കൂടാതെ, വിലക്കയറ്റം തടയുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന അവസാനിപ്പിക്കുക, സ്‌കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെന്‍ഷന്‍ 9,000 രൂപയായും വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നുണ്ട്. പുതിയ തൊഴില്‍ കോഡുകള്‍ റദ്ദാക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വര്‍ഷത്തില്‍ 200 തൊഴില്‍ ദിനങ്ങളായി ഉയര്‍ത്തുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, സംഘടിതവും അസംഘടിതവുമായ മേഖലകളിലെ തൊഴിലാളികള്‍ക്കുള്ള സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കീഴിലുള്ള കര്‍ഷക സംഘടനകളും വിവിധ കാര്‍ഷിക തൊഴിലാളി സംഘടനകളും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Content Highlights: union bharath bandh Why the strike? Who are the participants? What are the demands being put forward?

To advertise here,contact us