37 വര്‍ഷങ്ങള്‍ക്കിപ്പുറവും ദുരൂഹത ബാക്കി..;മരണത്തിന്‍റെ ചൂളംവിളിയില്‍ നടുങ്ങിയ 'ജൂലൈ 8'

രാജ്യത്തെ നടുക്കിയ പെരുമണ്‍ തീവണ്ടി ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളുടെ ചൂളം വിളിക്ക് ഇന്നത്തേക്ക് 37 വര്‍ഷങ്ങള്‍ തികയുകയാണ്

ജൂലൈ 8, കേരള ചരിത്രത്തിലെ കറുത്ത ഏടുകളില്‍ കണ്ണീര്‍ മഷിയാല്‍ അടയാളപ്പെടുത്തപ്പെട്ട ദിനം. രാജ്യത്തെ നടുക്കിയ പെരുമണ്‍ തീവണ്ടി ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളുടെ ചൂളം വിളിക്ക് ഇന്നേക്ക് 37 വര്‍ഷങ്ങള്‍ തികയുന്നു.

1988 ജൂലൈ എട്ടിനായിരുന്നു യാത്രക്കാരും രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടെ 105 പേരുടെ മരണത്തിന് കാരണമായ പെരുമണ്‍ ദുരന്തം നടന്നത്. ബെംഗളുരുവില്‍ നിന്ന് കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന ബാംഗളൂര്‍-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമണ്‍ പാലത്തില്‍ വച്ച് പാളം തെറ്റി അഷ്ടമുടി കായലിലേക്ക് പതിച്ചു.

1988ലെ ഒരു സാധാരണ ദിവസമായിരുന്നു അതും. പല കാര്യങ്ങള്‍ക്ക്, വ്യത്യസ്ത സ്വപ്‌നങ്ങളുമായി തീവണ്ടി യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ തങ്ങളുടെ ജീവിതത്തിലെ അവസാന നിമിഷങ്ങളും കയ്യിൽ പിടിച്ചാണ് ഐലന്റ് എക്സ്പ്രസ് റെയില്‍ വേ സ്‌റ്റേഷനിലേക്ക് ചൂളം വിളിച്ചെത്തുന്നത് എന്ന് യാത്രക്കാര്‍ ആരും കരുതിയിരുന്നില്ല. തീവണ്ടി പെരുമണ്‍ പാലത്തിലേക്ക് പ്രവേശിക്കുന്നത് വരെ എല്ലാം സാധാരണമായിരുന്നു. എന്നാല്‍ എന്‍ജിന്‍ പാലത്തിലേക്ക് കയറി നിമിഷങ്ങള്‍ക്കകം 10 ബോഗികള്‍ അഷ്ടമുടിക്കായലിലേക്ക് പതിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാര്‍ തിരിച്ചറിയും മുന്‍പേ ബോഗിയില്‍ വെള്ളം കയറിത്തുടങ്ങിയിരുന്നു.

തീവണ്ടിയുടെ ചൂളം വിളിക്ക് പിന്നാലെ നടുക്കുന്ന ശബ്ദം കേട്ട് പെരുമണിലെ നാട്ടുകാര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അഷ്ടമുടിയുടെ തീരത്തേക്ക് പാഞ്ഞടുത്തു. കണ്ടത് ഞെട്ടിവിറച്ചുപോകുന്ന കാഴ്ച. നിമിഷനേരം പോലും പാഴാക്കാതെ അവര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. എന്നാല്‍ അവര്‍ കരുതിയതിലും എത്രയോ മുകളിലായിരുന്നു ദുരന്തത്തിന്‍റെ ആഘാതം. പെരുമണ്‍ പാലത്തിന് സമീപത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി സര്‍വ്വ സന്നാഹങ്ങളും എത്തിച്ചേര്‍ന്നു. ഇരുന്നൂറിലധികം ആളുകളെ പരിക്കുകളോടെയെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചു. മാപ്പിള ഖലാസികളുടെ (കേരളത്തില്‍, കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ തുറമുഖം കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന കപ്പല്‍ നിര്‍മ്മാണ തൊഴിലാളികളാണ് മാപ്പിള ഖലാസികള്‍) ഇടപെടല്‍ മൂലമാണ് അന്ന് കായലില്‍ വീണ ബോഗികള്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ആ ദുരന്തത്തോടൊപ്പം മനുഷ്യത്വം മരവിക്കുന്ന മറ്റൊരു വാര്‍ത്തയ്ക്ക് കൂടി കേരളം സാക്ഷിയായി. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളിൽ നിന്ന് പോലും കവർച്ച നടത്താൻ ഒരു പറ്റം മനുഷ്യരെത്തി. മൃതദേഹത്തെ കരയിലെത്തിക്കാൻ ജീവൻ പണയപ്പെടുത്തുന്നവരും, മൃതദേഹത്തിൽ നിന്ന് കിട്ടാവുന്നതെല്ലാം കൈക്കലാക്കി ഓടാൻ‍ കഴിയുന്നത്ര ക്രൂരന്മാരും കേരളത്തിലുണ്ടെന്ന് തെളിയിക്കപ്പെട്ടു.

രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ നാനാദേശത്തുനിന്നും അഷ്ടമുടിയുടെ തീരങ്ങളില്‍ കാഴ്ചക്കാര്‍ നിറഞ്ഞു. ദുരന്തം കാണാന്‍ കൊല്ലത്ത് അവര്‍ തമ്പടിച്ചു. മൃതദേഹങ്ങളിൽ നിന്ന് ദുര്‍ഗന്ധം പരന്നു തുടങ്ങിയതോടെയാണ് ആ കാഴ്ചക്കാര്‍ പതിയെ പിന്‍വാങ്ങിത്തുടങ്ങുന്നത്.

ശാന്തയായിരുന്ന അഷ്ടമുടി കായല്‍ അന്ന് ചോരയിലും ചെളിയിലും കലങ്ങി മറിഞ്ഞു. പെരുമണ്‍ കൂട്ട നിലവിളികള്‍ക്ക് സാക്ഷിയായി ചാറ്റല്‍ മഴയില്‍ കുളിച്ച് നിന്നു. 1988 ജൂലൈ എട്ടിന് ശേഷം തെളിനീരൊഴുകിയിരുന്ന അഷ്ടമുടി ദിവസങ്ങളോളം ചുവന്നുനിന്നത് പെരുമണ്‍കാര്‍ ഭീതിയോടെ ഓര്‍ക്കുന്നു. അവസാനത്തെ മൃതദേഹം കരയിലേക്കെത്തിക്കുന്നത് ദുരന്തം സംഭവിച്ച് അഞ്ചാം ദിവസമാണ്.

പെരുമണ്‍ അപകടത്തിന്റെ കാരണം ചുഴലിക്കാറ്റാണെന്ന് ഔദ്യോഗിക അന്വേഷണ സംഘം വ്യക്തമാക്കിയെങ്കിലും, അന്ന് ചാറ്റല്‍ മഴയും ചെറിയ കാറ്റും മാത്രമെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നുള്ളു എന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ദുരന്തകാരണം ചുഴലിക്കാറ്റെന്ന് വിശ്വസിക്കാന്‍ ഇന്നും അവര്‍ തയ്യാറല്ല. കൂടാതെ ചുഴലിക്കാറ്റ് തന്നെയെങ്കിലും ട്രെയിനിന്റെ പത്തോളം ബോഗികളെ മറിച്ചിടാന്‍ കഴിയുമോ എന്ന ചോദ്യവും ബാക്കിയായിരുന്നു.

ദുരന്തം നടക്കുന്ന ദിവസം പതിവിലും നേരത്തെയായിരുന്നു ഐലന്‍ഡ് എക്‌സ്പ്രസ് എത്തിയത്. സംഭവ ദിവസം രാവിലെ തന്നെ പെരുമണ്‍ ഭാഗത്ത് ട്രെയിനിന്റെ വേഗത കൂടിയാലും പാളം തെറ്റാതിരിക്കാനുള്ള അറ്റകുറ്റ പണികള്‍ നടന്നിരുന്നു. ജാക്കിവെച്ച് പാളം ഉയര്‍ത്തി, അടിയില്‍ മെറ്റലുകള്‍ ഇടുന്ന പണിയായിരുന്നു നടന്നിരുന്നത്. ഈ സമയത്ത് ട്രെയിനുകള്‍ വന്നാല്‍ ജീവനക്കാര്‍ കൊടി കാണിക്കുകയും, എന്‍ജിന്‍ ഡ്രൈവര്‍ തീവണ്ടിയുടെ വേഗത 10 കിലോമീറ്ററില്‍ താഴെയാക്കി കുറയ്ക്കുകയും വേണം എന്നാണ് നിയമം. എന്നാല്‍ ഐലന്‍ഡ്എക്‌സ്പ്രസ് എത്തുമ്പോഴേക്കും തൊഴിലാളികള്‍ അടുത്ത കടയിലേക്ക് പോയിരുന്നു എന്നും ഇതിലൂടെ വേഗത കുറയ്ക്കാനുള്ള സിഗ്നല്‍ ഡ്രൈവര്‍ക്ക് നഷ്ടമാവുകയും ചെയ്തു എന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലായിരുന്നു ട്രെയിന്‍ ഓടിയിരുന്നത്, ഇത് ഓട്ടോമാറ്റിക് സ്പീഡ് മീറ്ററില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ട്രെയിന്‍ പാളം തെറ്റി ഉരഞ്ഞതിന്റെ അടയാളങ്ങള്‍ അന്നത്തെ സ്ലീപ്പര്‍ കോച്ചിന്റെ ഭാഗത്ത് ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

റെയില്‍വേയുടെ അനാസ്ഥയാണ് നൂറിലധികം ആളുകളുടെ ജീവനെടുത്ത ഈ വന്‍ ദുരന്തത്തിന് കാരണമായതെന്ന് ബെംഗളുരുവിലെ സേഫ്റ്റി കമ്മീഷര്‍ സൂര്യനാരായണന്‍ ആദ്യഘട്ടങ്ങളില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന സൂചനകളില്‍ കാരണം ചുഴലിക്കാറ്റായി. പാലത്തിലെ അറ്റകുറ്റപണികള്‍ക്കിടെ ട്രെയിന്‍ പാളം തെറ്റി എന്ന് മനസിലാക്കിയ എന്‍ജിന്‍ ഡ്രൈവര്‍ ബ്രേക്കിട്ടതോടെയാണ് ബോഗികള്‍ കൂട്ടിയിടിച്ച് അഷ്ടമുടിക്കായലിലേക്ക് പതിച്ചത് എന്ന് പിന്നീട് വന്ന പല റിപ്പോര്‍ട്ടുകളും വാദിച്ചു. എന്നാല്‍ പെരുമണ്‍ ദുരന്തത്തിന്റെ കാരണം ചുഴലിക്കാറ്റാണെന്ന നിലപാടില്‍ റെയില്‍വേ ഉറച്ച് നിന്നു.

തീവണ്ടി അമിതവേഗത്തിലായിരുന്നു വന്നിരുന്നതെന്നും, പരിചയമില്ലാത്ത ആളായിരുന്നു എന്‍ജിന്‍ ഡ്രൈവര്‍ എന്നും തുടങ്ങി നിരവധി ചര്‍ച്ചകള്‍ അങ്ങിങ്ങായി നടന്നു. പ്രാഥമിക നിഗമനത്തിനപ്പുറം ദുരന്തത്തെക്കുറിച്ച് വീണ്ടും അന്വേഷണം നടന്നു. മുന്‍ വ്യോമസേന ഉദ്യോഗസ്ഥനായ സിഎസ് നായിക് നടത്തിയ അന്വേഷണത്തിലും ചുഴലിക്കാറ്റാണ് കാരണം എന്ന് കണ്ടെത്തിയതോടെ അന്വേഷണത്തിന് വിരാമമായി. കാര്യകാരണങ്ങളില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുവെങ്കിലും ചരിത്രത്തിലെ ആ കറുത്ത ദിവസം ഇന്നും മലയാളികളുടെ മനസില്‍ മായാതെ കിടക്കുകയാണ്.

Content Highlight; Kerala’s Deadliest Train Accident: The Peruman Tragedy That Claimed 105 Lives in Ashtamudi Lake 37 Years Ago

To advertise here,contact us