'ചിത്രഗുപ്തൻ കണക്കുകൾ യമധർമ്മന് അയക്കും പോലെ'; സിബിൽ സ്‌കോറിനെക്കുറിച്ച് കാർത്തി ചിദംബരം അന്ന് പറഞ്ഞത്

സിബിൽ സ്കോറുമായി ബന്ധപ്പെട്ട് 2024ല്‍ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം പാര്‍ലമെന്റില്‍ പങ്കുവച്ച ആശങ്കകള്‍ ഇപ്പോഴും ചര്‍ച്ചാവിഷയമാണ്.

സിബില്‍ സ്‌കോര്‍ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായിരിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. ഇതു സംബന്ധിച്ച് 2024ല്‍ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം പാര്‍ലമെന്റില്‍ പങ്കുവച്ച ആശങ്കകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യയില്‍ പൊതുജനങ്ങള്‍ക്ക് ഏത് തരം വായ്പകള്‍ നല്‍കണമെങ്കിലും ബാങ്കുകളോ, ധനകാര്യ സ്ഥാപനങ്ങളോ ആദ്യം പരിശോധിക്കുക അയാളുടെ സിബില്‍ സ്‌കോര്‍ ആയിരിക്കും. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ചില ആശങ്കകളാണ് കാര്‍ത്തി പാര്‍ലമെന്റില്‍ അന്ന് പ്രകടിപ്പിച്ചത്. നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) മാനദണ്ഡങ്ങളിലെ പ്രശ്‌നങ്ങളും കാര്‍ത്തി ചൂണ്ടിക്കാണിച്ചിരുന്നു. വ്യക്തിഗത വിവരങ്ങളില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെങ്കില്‍ പോലും ഇടക്കിടെ കെവൈസി അപ്‌ഡേഷന്‍ ചെയ്യാന്‍ പറഞ്ഞ് വിളിക്കുന്ന കോളുകള്‍ക്ക് ഭീഷണി രൂപമാണെന്നും അന്ന് കാര്‍ത്തി പറഞ്ഞിരുന്നു.

എംപി കാര്‍ത്തി ചിദംബരത്തിന്റെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍

'ചിത്രഗുപ്തന്‍ ഈ ലോകത്തെ പ്രവര്‍ത്തനത്തിന്റെ കണക്കുകള്‍ യമധര്‍മ്മന് അയയ്ക്കുന്നത് പോലെ, നമ്മുടെയെല്ലാം പ്രവര്‍ത്തനത്തിന്റെ കണക്കുകള്‍ സൂക്ഷിക്കുന്ന 'സിബില്‍' എന്നൊരു ഏജന്‍സിയുണ്ട്. നിങ്ങള്‍ക്കൊരു കാര്‍ ലോണ്‍ എടുക്കണം, അല്ലെങ്കില്‍ ഈ രാജ്യത്തിന്റെ ധനകാര്യ മന്ത്രിക്ക് ഒരു ഭവന വായ്പ എടുക്കണം, കാര്യമെന്തായാലും അതെല്ലാം

സിബില്‍ സ്‌കോറിനെ ആശ്രയിച്ചിരിക്കും. എന്നാലോ ഈ സിബില്‍ ഓര്‍ഗനൈസേഷന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍ക്കും അറിയുകയുമില്ല. ഇത് മുഴുവന്‍ നിയന്ത്രിക്കുന്നത് 'ട്രാന്‍സ് യൂണിയന്‍' എന്ന് പേരുള്ള ഒരു സ്വകാര്യ കമ്പനിയാണ്.

CIBIL Score - set on fire @KartiPC 🔥🔥 pic.twitter.com/RuEBEsvmDj

ക്രെഡിറ്റിന്റെ മാനദണ്ഡത്തില്‍ രാജ്യത്തെ ഓരോരുത്തരെയും വിലയിരുത്തുന്നത് ട്രാന്‍സ് യൂണിയന്‍ എന്ന കമ്പനിയാണ്. എന്നാല്‍ ഇവര്‍ ക്രെഡിറ്റ് ഹിസ്റ്ററി കൃത്യമായി പരിശോധിക്കുന്നുണ്ടോ? എപ്പോഴും അപ്‌ഡേറ്റ് ചെയ്യുന്നുണ്ടോ എന്ന് നമുക്ക് അറിയാന്‍ ഒരു വഴിയുമില്ല. ഈ വിഷയത്തില്‍ ഒരു അപ്പീല്‍ നല്‍കാന്‍ പോലുമുള്ള അവസരം ഞങ്ങള്‍ക്ക് ഈ രാജ്യത്തില്ല. കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ധാരണയില്ല, സുതാര്യതയോ വ്യക്തതയോ ഇല്ല. ഞങ്ങളും, ഞങ്ങളെ റേറ്റ് ചെയ്യുന്ന കമ്പനിയും തമ്മില്‍ യാതൊരു ആശയവിനിമയവും നടക്കുന്നില്ല. ഇതിന് പരിഹാരമൊന്നുമില്ലേ സര്‍.

ഒരു ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത് അത് കൃത്യമായി അടച്ചാലും അവര്‍ പറയും 'ഇല്ല, നിങ്ങളുടെ സിബില്‍ സ്‌കോര്‍ മോശമാണ്.' എന്നാല്‍ ഇതിനെ എങ്ങനെ നേരിടണമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. രാജ്യത്തെ കര്‍ഷകര്‍ സബ്‌സീഡി ലഭിക്കുമ്പോള്‍ തങ്ങളുടെ ലോണുകള്‍ തിരിച്ചടയ്ക്കാന്‍ ആ പണം ഉപയോഗിക്കും. പക്ഷേ, അപ്പോള്‍ സിബില്‍ സ്‌കോര്‍ അപ്‌ഡേറ്റ് ആവില്ല. അസെറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി(എആര്‍സി)യുമായി ഒരു ഒത്തുതീര്‍പ്പിന് പോവുകയാണെങ്കില്‍, അപ്പോളും സിബില്‍ അപ്‌ഡേറ്റ് ആയിട്ടുണ്ടാവില്ല. ഇക്കാര്യങ്ങളില്‍ അല്‍പം കൂടി സുതാര്യത ആവശ്യമാണ്. സിബിലിനെ കുറിച്ചുള്ള വിവരങ്ങള്‍ ഏതെങ്കിലും ഒരു തട്ടിന് മുകളിലുള്ളവരിലേക്ക് മാത്രമായി ഒതുങ്ങിനില്‍ക്കാതെ

കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ കഴിയണം. എന്നാല്‍ ഇതിലൊന്നും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാതെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് സര്‍ക്കാര്‍.'

Content Highlight; Winter Session 2024: Congress MP Karti Chidambaram Raises Concern Over CIBIL Scores

To advertise here,contact us