അബിന് ജോസഫിന്റെ തിരക്കഥയില് അനുരാജ് മനോഹര് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ 'നരിവേട്ട' എന്ന സിനിമയുടെ റിലീസോടു കൂടി മുത്തങ്ങ സമരം വീണ്ടും കേരളത്തില് ചര്ച്ചയായിരിക്കുകയാണ്. മുത്തങ്ങ സംഭവമാണ് സിനിമയുടെ പശ്ചാത്തലമെന്ന് അണിയറ പ്രവര്ത്തകര് നേരിട്ട് എവിടെയും അവകാശപ്പെട്ടിട്ടില്ലെങ്കിലും, സിനിമയിലുടനീളം മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട റഫറന്സുകള് ഉള്പ്പെടുത്തിയതാണ് ഇത്തരമൊരു ചര്ച്ചയ്ക്ക് കാരണം.
വയനാട്ടില് നടക്കുന്ന ആദിവാസി ഭൂസമരത്തെ പൊലീസ് അടിച്ചമര്ത്തിയ രീതികളില് ഉള്ച്ചേര്ന്നിരിക്കുന്ന ഭരണകൂട ഭീകരതയുടെ ആഴമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ആദിവാസി ബാലികയടക്കം നിരവധി പേര് പൊലീസ് വെടിവെപ്പില് കൊല്ലപ്പെട്ടതായി സിനിമയില് കാണിക്കുന്നുണ്ടെങ്കിലും മുത്തങ്ങ സമരത്തില് ജോഗി എന്ന ഒരു ആദിവാസി മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക രേഖകള് പറയുന്നത്. എന്നാല്, മുത്തങ്ങ സമരത്തിന്റെ ഭാഗമായി 25ഓളം പേര്ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സമരത്തിന് നേതൃത്വം നല്കിയ ആദിവാസി നേതാവ് സികെ ജാനു തന്റെ ആത്മകഥയില് അടയാളപ്പെടുത്തിയിട്ടുള്ളത്.
പൊലീസിന്റെ വെടിയേറ്റ് ജോഗി എന്ന ആദിവാസി തല്ക്ഷണം മരിച്ചത് മാത്രമാണ് കണക്കിലുള്ളത്. എന്നാല് അതിക്രൂരമായ മര്ദനത്തിന്റെ പ്രത്യാഘാതങ്ങളെത്തുടര്ന്ന് പിന്നീടുള്ള ആഴ്ചകളിലും മാസങ്ങളിലും മരണപ്പെട്ട നിരവധി പേരുണ്ട്. അവരെല്ലാം മുത്തങ്ങ സമരത്തിന്റെ രക്തസാക്ഷികള് തന്നെയാണെന്നാണ് സികെ ജാനു പറഞ്ഞുവെക്കുന്നത്.
' പൊലീസ് അടി തുടങ്ങിയപ്പോള് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞുമായി കാട്ടിലേക്ക് ഓടിപ്പോവേണ്ടി വന്ന പുലിതൂക്കി കോളനിയിലെ മാളു ദിവസങ്ങളോളം കാട്ടില് പെട്ടുപോയി. അവശതയിലായ അമ്മയെയും കുഞ്ഞിനെയും നാട്ടുകാര് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോകാന് സര്ക്കാര് ആശുപത്രി വാഹനം വിട്ടുകൊടുക്കാന് മടിച്ചു. കുഞ്ഞായതുകൊണ്ട് പൊതിഞ്ഞുകൊണ്ടുപോയാല് പോരേ എന്നാണവര് ചോദിച്ചത്. ഇത് പ്രശ്നമായപ്പോള് രണ്ടാം ദിവസമാണ് വാഹനം വിട്ടുകൊടുത്തത്. കുഞ്ഞിനെ അടക്കിയ ഉടന് മുത്തങ്ങ സമരത്തിന്റെ പേരില് മാളുവിനെ പൊലീസ് അറസ്റ്റുചെയ്തു. കുഞ്ഞിന്റെ മരണവും, ഭാര്യയുടെ അറസ്റ്റും മാനസികമായി തകര്ത്തുകളഞ്ഞ നാരായണനും മരിച്ചു.
മുത്തങ്ങ സമരത്തിന്റെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യം ചെയ്യല് കഴിഞ്ഞു മടങ്ങിയ ഞേണന്, മൂന്നാം ദിവസം രക്തം ചര്ദ്ദിച്ച് ആശുപത്രിയില് മരിച്ചു. മര്ദ്ദനമേറ്റ് മനോനില തെറ്റി പിന്നീട് തൂങ്ങിമരിച്ച ഗോപാലന്, മര്ദ്ദനത്തിനിരയായി ആരോഗ്യം തകര്ന്ന് ശരിയായ ചികിത്സ കിട്ടാതെ മരിച്ച പെരുവന് തുടങ്ങി ഇരുപത്തഞ്ചോളം പേരാണ് കസ്റ്റഡിയിലെ മാനസിക- ശാരീരിക പീഡനത്തെതുടര്ന്ന് മരിച്ചത്'
'സമരം നടന്ന സമയത്ത് ജോഗിയണ്ണന് മാത്രമേ മരിച്ചുള്ളൂ. പൊലീസിന്റ ക്രൂരമര്ദ്ദനങ്ങള്ക്കിരയായി പിന്നീട് ഓരോരുത്തരായി മരിക്കുകയായിരുന്നു. പൊലീസ് മര്ദ്ദനത്തിന്റെ ദുരിതം പേറുന്നവര് നിരവധിയാണ്. അംഗവൈകല്യം സംഭവിച്ചവരുണ്ട്, ഗുരുതര പരിക്കേറ്റവരുണ്ട്. അവരില് പലരും ജീവിച്ചിരിക്കുന്ന രകതസാക്ഷികളാണ്. ബൂട്ടിട്ട് ഇടിച്ച് എന്റെ നെഞ്ചിലുണ്ടായ മുഴ ഇപ്പോഴും കല്ലിച്ച് നില്ക്കുന്നുണ്ട്. പനിയും, ശരീരവേദനയും വരുമ്പോള് അതിന്റെ വേദന കൂടും', അടിമമക്ക എന്ന ആത്മകഥയില് സികെ ജാനു പറയുന്നു. റാറ്റ് ബുക്സ് ആണ് അടിമമക്ക പ്രസിദ്ധീകരിച്ചത്.
Content Highlights: CK Janu recounts the lives lost at Muthanga Police firing