പ്രണയം ആയുധമാക്കുന്ന ചാരസുന്ദരിമാർ; മാതാ ഹരി മുതൽ‍ ജ്യോതി മൽഹോത്ര വരെ

ചാരവൃത്തിക്കായി വശീകരണവും, ലൈം​ഗികതയും ആയുധമാക്കുന്നത് എന്തുകൊണ്ടാണ്?

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തി എന്ന ആരോപണത്തിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുകയാണ്. ജ്യോതിയെ പാകിസ്ഥാൻ ഐഎസ്‌ഐ ഉദ്യോഗസ്ഥർ ഹണിട്രാപ്പിൽ കുടുക്കിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒരു പാക് രഹസ്യന്വേഷകനുമായി ജ്യോതി മൽഹോത്ര അടുത്ത ബന്ധം പുലർത്തിയിരുന്നതായും, ബാലിയിലേക്ക് ഒരുമിച്ച് യാത്ര പോയതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ചാരവൃത്തിയുമായി ചേര്‍ത്തുവച്ച ആദ്യപേരല്ല ജ്യോതിയുടേത്. വര്ർഷങ്ങള്‍ക്ക് മുന്‍പ് ഇതേതരത്തില്‍ ഇന്ത്യ വഞ്ചിക്കപ്പെട്ടിരുന്നു. അന്ന് പാക് ഹണി ട്രാപ്പില്‍ കുരുങ്ങിയത് മാധുരി ഗുപ്തയെന്ന ഇന്ത്യന്‍ ഹൈകമ്മിഷന്‍ സെക്രട്ടറിയാണ്.

ചാരസുന്ദരികൾ വഴി ചില രഹസ്യ വിവരങ്ങൾ കൈമറഞ്ഞു പോയതിനാൽ യുദ്ധത്തിന്റെ ഗതിമാറിപ്പോയ എത്രയോ സംഭവങ്ങൾ ചരിത്രം പരിശോധിച്ചാൽ കാണാനാകും. യുദ്ധകാലത്തെ ശത്രുവിന്റെ പ്രധാന നീക്കങ്ങൾ പ്രണയവും വശീകരണ തന്ത്രങ്ങളുപയോഗിച്ച് ചോർത്തിയെടുക്കുന്നവരാണ് ചാരസുന്ദരിമാർ.

മാധുരി ​ഗുപ്ത

ജ്യോതി മൽഹോത്രയ്ക്ക് മുൻപ് പാകിസ്ഥാൻ ഹണി ട്രാപ്പിൽ കുരുക്കിയ മറ്റൊരു ഇന്ത്യൻ വനിതയാണ് മാധുരി ഗുപ്ത. 15 വർഷങ്ങൾക്ക് മുൻപ് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സെക്രട്ടറിയായിരുന്ന മാധുരി ഗുപ്ത പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജംഷാദ് ആസൂത്രണം ചെയ്ത ഹണി ട്രാപ്പിൽ കുടുങ്ങി. ജംഷാദിനെ കൂടാതെ ഐഎസ്ഐ ഏജന്റായ മുബാസർ റാസ റാണയുമായും മാധുരിയ്ക്ക് ബന്ധമുണ്ടായിരുന്നു. ജംഷാദ് വഴിയാണ് മാധുരി ഐഎസ്‌ഐ ഏജന്റായ റാസ റാണയെ പരിചയപ്പെടുന്നത്. 'ജങ്' എന്ന പാക് ദിനപത്രത്തിലെ ലേഖകനായ ജാവിദ് റഷീദാണ് മറ്റ് പാക്ക് ചാരന്മാരെ മാധുരിയുമായി ബന്ധപ്പെടുന്നത്. ചാരന്മാരുമായുള്ള ബന്ധം വഴിയാണ് ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസർ എഴുതിയ പുസ്‌തകം മാധുരിയുടെ കൈകളിൽ എത്തുന്നത്. ഈ പുസ്തക കൈമാറ്റത്തിലൂടെ മാധുരിയും പാക് ചാരന്മാരുമായി പുതിയ ബന്ധത്തിന് വഴി തുറന്നു.

അന്ന് 52 വയസായിരുന്ന മാധുരി ഗുപ്‌ത, ജംഷാദുമായുള്ള ബന്ധം അപ്പോഴും തുടർന്നിരുന്നു. ഈ സമയത്ത് ജംഷാദുമായി മാധുരി പ്രണയത്തിലായെന്നും ഇസ്‌ലാം മതം സ്വീകരിക്കാനും അയാളെ വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നുവെന്നും ഇന്ത്യയിലെ അന്വേഷണ സംഘം കണ്ടെത്തി. 2010 മാർച്ചിൽ റാണയുടെ നിർദ്ദേശപ്രകാരം മാധുരി ജമ്മു കശ്‌മീർ സന്ദർശിച്ചതായും, ജമ്മുവിൽ സ്ഥാപിക്കാൻ പോകുന്ന 310 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ വിവരങ്ങൾ റാണ ആവശ്യപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തി.

തന്റെ പ്രവർത്തന മേഖലയ്ക്കപ്പുറം മാധുരി നടത്തിയ ഇടപെടലാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിന് കാരണമായത്. ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നൽകിയ മുന്നറിയിപ്പും ഇവരുടെ ചാരവൃത്തി പുറത്ത് കൊണ്ടുവരാൻ കാരണമായി. ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്‌ഥയായ മാധുരിയുടെ ഉർദു ഭാഷാ പ്രാവീണ്യം കണക്കിലെടുത്തായിരുന്നു ഇന്ത്യൻ സർക്കാർ അവർക്ക് പാകിസ്ഥാനിൽ നിയമനം നൽകിയത്. 2010 ഏപ്രിൽ 22ന് ഐഎസ്ഐക്ക് പ്രതിരോധവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയതിനെ തുടർന്ന് മാധുരിയെ ഡൽഹിയിലേക്കു വിളിച്ചുവരുത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു. സാർക്ക് ഉച്ചകോടിയുടെ തയ്യാറെടുപ്പുകളിൽ സഹായം ആവശ്യമാണെന്ന വ്യാജേനയാണ് മാധുരിയെ എത്രയും പെട്ടെന്ന് ഡൽഹിയിലെത്തിച്ചത്.

2018 ലാണ് മാധുരി ഗുപ്‌തയെ കോടതി ശിക്ഷിക്കുന്നത്. ഔദ്യോഗിക രഹസ്യ നിയമത്തിലെ 3, 5 വകുപ്പുകൾ പ്രകാരം മാധുരിയെ 21 മാസം തിഹാർ ജയിലിലടച്ചു. ജാമ്യത്തിലിറങ്ങി രാജസ്ഥാനിലെ ഭിവാഡിയിൽ താമസിച്ചിരുന്ന മാധുരി 2021 ഒക്ടോബറിൽ 64-ാം വയസിൽ മരണപ്പെട്ടു. താൻ നിരപരാധിയാണെന്നും ഇന്ത്യൻ ഹൈക്കമ്മിഷനിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ചില ഉദ്യോഗസ്‌ഥരുമായുള്ള അകൽച്ചയെ തുടർന്ന് അവർ കെണിയിൽ പെടുത്തിയതാണെന്നായിരുന്നു മാധുരിയുടെ നിലപാട്. ശിക്ഷയ്ക്കെതിരെ മാധുരി നൽകിയ അപ്പീൽ മരണസമയത്ത് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു.

ചാരസുന്ദരികൾ വഴി ചില രഹസ്യ വിവരങ്ങൾ കൈമറഞ്ഞു പോയതിനാൽ യുദ്ധത്തിന്റെ ഗതിമാറിപ്പോയ ഒട്ടേറെ സംഭവങ്ങൾ ചരിത്രം പരിശോധിച്ചാൽ കാണാനാകും. ശത്രുവിന്റെ പ്രധാന നീക്കങ്ങൾ പ്രണയവും വശീകരണ തന്ത്രങ്ങളുപയോഗിച്ച് ചോർത്തിയെടുക്കുന്നവരാണ് ചാരസുന്ദരിമാർ. ശത്രുരാജ്യത്തെ പ്രധാന വ്യക്തികളെ വശീകരിച്ച് തന്ത്രപ്രധാനമായ കാര്യങ്ങൾ ചോർത്തിയെടുക്കുന്നത് ചരിത്രകാലം മുതൽ ഇന്നുവരെ തുടരുന്ന കാര്യമാണ്. ചാരവൃത്തിക്കായി വശീകരണവും, ലൈം​ഗികതയും ആയുധമാക്കുന്നത് എന്തുകൊണ്ടാണ്?

മാതാ ഹരിയും റിച്ചാര്‍ഡ് സോര്‍?ഗും മുതല്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ചാരസുന്ദരികള്‍ നിരവധിയാണ്.

മാതാ ഹരിലോക ചരിത്രത്തിൽ ഇന്നും ഓർമ്മിക്കപ്പെടുന്ന ചാരസുന്ദരിയാണ് മാതാ ഹരി എന്ന മാർഗരീറ്റ ടെർട്രൂഡിയാ സെല്ല. സൗന്ദര്യവും വശ്യതയും കൊണ്ട് ലോകത്തെ മയക്കിയ സുന്ദരിയാണ് ഇവർ. മാതാ ഹരിക്ക് അന്യമായ നാടുകൾ ഉണ്ടായിരുന്നില്ല. ഏഴ് ഭാഷകളിൽ പ്രാവിണ്യമുണ്ടായിരുന്ന മാതാ ഹരി തന്റെ കൈമുതലായ സൗന്ദര്യവും വശ്യതയുംകൊണ്ട് ചെന്ന നാടുകളെയെല്ലാം കീഴ്‌പ്പെടുത്തി. എന്നാൽ ആ സൗന്ദര്യവും വശ്യതയും അവളെ എത്തിച്ചത് ചാരപ്രവർത്തനങ്ങളുടെ ഇരുൾ മൂടിയ ലോകത്തേക്ക് ആയിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ചാരപ്രവർത്തനത്തിൽ പിടിക്കപ്പെട്ടതോടെ തോക്കിൻ തുമ്പിൽ തീരുകയായിരുന്നു അവരുടെ ജീവിതം.

മാതാ ഹരിയെക്കുറിച്ച് പുറത്ത് വന്ന കഥകളിൽ അവരുടെ ജീവിതത്തെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. ഒരിക്കലും സ്വയം വ്യക്തമാക്കാൻ അവർ തയ്യാറായതുമില്ല. പതിവ് പോലെ ഈ അവ്യക്തതകളിൽ നിന്ന് അവരെക്കുറിച്ച് പുതിയ കഥകൾ രൂപപ്പെട്ടു. മരിച്ച് നൂറ് വർഷങ്ങൾക്കിപ്പുറവും മാതാ ഹരിയുടെ ചുരുളഴിയാത്ത ജീവിതത്തിന്റെ കഥകൾ തിരഞ്ഞുകൊണ്ടേ ഇരിക്കുന്നു.

അന്ന ചാപ്മാൻ, നാൻസി വേക്ക്, ക്ലാര ബെൻഡിക്‌സ് തുടങ്ങി ചാരസുന്ദരിമാരുടെ പട്ടികയില്‍ നിരവധി പേരുകള്‍ ഓര്‍ത്തെടുക്കാനാകും.

ആരിൽ നിന്നാണോ വിവരങ്ങൾ ചോർത്തേണ്ടത് അവരോട് പ്രണയം നടിച്ചും, വശ്യമായി പെരുമാറിയും വലയിൽ വീഴ്ത്തുക, രഹസ്യങ്ങള്‍ ചേര്‍ത്തുക എന്നതാണ് ചാരസുന്ദരിമാരുടെ ലക്ഷ്യം. ഇത്തരത്തിൽ പ്രണയത്തിലൂടെയും പ്രലോഭനത്തിലൂടെയും ചാരവൃത്തി നടത്തുന്നതിനെ സെക്സ്പിനാഷ് (sexpionage) എന്ന് പറയുന്നു. ഈ തന്ത്രത്തെ 'ടിങ്കർ ടെയ്‌ലർ സോൾജിയർ സ്‌പൈ' എന്ന പുസ്തകത്തിലൂടെ പ്രശസ്ത എഴത്തുകാരൻ ജോൺ ലെ കാരെ 'ഹണി ട്രാപ്പ്' എന്ന് പുനഃനാമകരണം ചെയ്തു.

രണ്ടാം ലോകമഹായുദ്ധ കാലത്തും, ശീതസമരകാലകത്തും രഹസ്യന്വേഷണ ഏജൻസികൾ ഇത്തരത്തില്‍ ചാരസുന്ദരികളെ ഉപയോഗിച്ചിരുന്നു. ഈ കാലത്താണ് 'ഹണി ട്രാപ്പ്' ഒരു സാധാരണ തന്ത്രമായി മാറുന്നത്. അന്ന് ചാരസുന്ദരിമാരെ വെറുതെ രാജ്യങ്ങളിലേക്ക് അയയ്ക്കുകയായിരുന്നില്ല പതിവ്, അവർക്ക് കൃത്യമായ പരിശീലനവും വ്യക്തമായ നിർദേശങ്ങളും നൽകിയിരുന്നു.

ചാരസുന്ദരിമാർ എന്ന ആശയം വിജയമാകുന്നത് എന്തുകൊണ്ട്

മനുഷ്യന്റെ മൃദുല വികാരങ്ങളാണ് പ്രണയവും ലൈംഗികതയുമെല്ലാം, ഈ വികാരങ്ങളുപയോഗിച്ച് ശത്രുക്കളെ സ്വാധീനിക്കുന്നതിനാൽ ഈ തന്ത്രം പലപ്പോഴും വിജയം കാണാറുണ്ട്. ആളുകൾ സ്‌നേഹത്തിലേക്കും പ്രണയത്തിലേക്കും ആകർഷിക്കുപ്പെടുന്നത് മനുഷ്യ സഹജമാണ്. ഒരാൾ പ്രണയത്തിലായിരിക്കുമ്പോൾ തന്റെ പ്രണയിനിയെക്കുറിച്ച് മോശമായ രീതിയിൽ ചിന്തിക്കുക അൽപം പ്രയാസമാണ്. ഈ സാഹചര്യത്തിൽ സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ പോലും അതിനെ അവഗണിക്കാൻ അവർ പ്രേരിതരാകുന്നു. മനുഷ്യന്റെ ഈ ദൗർ‌ബല്യത്തെയാണ് ഹണിട്രാപ്പ് ചാരവൃത്തിയിലൂടെ ഉപയോ​ഗപ്പെടുത്തുന്നത്.

രഹസ്യമായി ലൈംഗിക ബന്ധം നടത്തുന്നവർക്ക് പലപ്പോഴും ഭയം, ലജ്ജ, കുറ്റബോധം തുടങ്ങിയ വികാരങ്ങൾ കൂടുതലായിരിക്കും. ചാരസുന്ദരിമാർ പലപ്പോഴും ഈ അവസരം മുതലെടുക്കുകയും, ശത്രു ദുർബലനായിരിക്കുമ്പോൾ സെൻസിറ്റീവായ പല കാര്യങ്ങളും ചോർത്തിയെടുക്കുകയും ചെയ്യും. 'കൊംപ്രാമെറ്റ്' എന്ന് വിളിക്കപ്പെടുന്ന ഈ ചതിയിലൂടെ പിന്നീട് ചാരസുന്ദരിക്ക് ഇയാളെ ഭീഷണിപ്പെടുത്താനും, സമ്മർദം ചെലുത്തി കാര്യ സാധ്യം നടത്താനും കഴിയുന്നു.

രഹസ്യ ബന്ധങ്ങൾ നിയന്ത്രണ വിധേയമാണ് എന്ന ചിന്തയാണ് പലരെയും ഇത്തരം ബന്ധത്തിലേർപ്പെടാൻ പ്രേരിപ്പിക്കുന്നത്, എന്നാൽ പലപ്പോഴും ബന്ധങ്ങൾ ആഴത്തിലാവുകയും നിയന്ത്രണം നഷ്ടപ്പെടുകയുമാണ് പതിവ്. ഈ അവസരം ഉപയോ​ഗിച്ച് ചാരസുന്ദരിമാർ തങ്ങൾക്ക് ആവശ്യമുള്ള വിവരങ്ങൾ ചോർത്തിയെടുക്കും. മുകളിൽ പറഞ്ഞ കാര്യങ്ങൾ വായിക്കുമ്പോള്‍ ചാരവൃത്തി ദിവസങ്ങൾ കൊണ്ട് എളുപ്പത്തിൽ നടക്കുന്ന കാര്യമാണെന്ന് തെറ്റിദ്ധരിക്കരുത്. ഒരാളുമായി പ്രണയത്തിലാകാനും, ബന്ധം സ്ഥാപിക്കാനും ചിലപ്പോൾ വർഷങ്ങളോളം നിലനിൽക്കുന്ന വ്യാജ ബന്ധങ്ങൾ പോലും പുലർത്തേണ്ടതായി വരാം. ശത്രുവിന്റെ ആഴത്തിലുള്ള വിശ്വാസം നേടുന്നതിനാണ് പ്രണയമോ, വശ്യതയോ പ്രകടിപ്പിക്കുന്നത്. കാലക്രമേണ ശത്രു സ്വകാര്യവും വ്യക്തിപരവുമായ വിവരങ്ങൾ ഉൾപ്പെടെ എല്ലാം പങ്കുവയ്ക്കുന്ന തലത്തിലേക്ക് വരെ ബന്ധം വളരുമെന്ന് ഇക്കാലം വരെയുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

Content highlight; Love, Lies & Spies: From Mata Hari to Jyoti Malhotra, Seduction as the Ultimate Weapon

To advertise here,contact us