'ഹബേമൂസ് പാപ്പാം' നമുക്ക് ഒരു പാപ്പയെ ലഭിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ആഗോള കത്തോലിക്കാ സഭ അവരുടെ പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തു എന്ന് വ്യക്തമാക്കിക്കൊണ്ട് വത്തിക്കാനിലെ സിസ്റ്റയ്ൻ ചാപ്പലിൽ നിന്നു വെളുത്ത പുക ഉയർന്നു. പല പേരുകളും സാധ്യതകളും കൽപ്പിക്കപ്പെട്ടിരുന്നെങ്കിലും അമേരിക്കൻ വംശജനായ കർദിനാൾ റോബർട്ട് പ്രെവോസ്റ്റിനെയാണ് കത്തോലിക്കാ സഭയുടെ പുതിയ തലവനായി വത്തിക്കാൻ തിരഞ്ഞെടുത്തത്.
വത്തിക്കാന്റെ ചരിത്രത്തിലെ അമേരിക്കകാരനായ ആദ്യ മാർപാപ്പ, ലിയോ പതിനാലാമൻ എന്ന പേരിലായിരിക്കും അദ്ദേഹം അറിയപ്പെടുക. 1955 സെപ്റ്റംബർ 14 ന് ഫ്രഞ്ച്, ഇറ്റാലിയൻ വംശജനായ ലൂയിസ് മാരിയസ് പ്രെവോസ്റ്റിന്റെയും മിൽഡ്രഡ് മാർട്ടിനെസിന്റെയും മകനായിട്ടാണ് അദ്ദേഹം ജനിച്ചത്. രണ്ട് സഹോദരന്മാർ ആയിരുന്നു റോബർട്ട് പ്രെവോസ്റ്റിന് ഉണ്ടായിരുന്നത്. ബാല്യവും കൗമാരവും കുടുംബത്തോടൊപ്പം ചെലവഴിച്ച അദ്ദേഹം പിന്നീട് അഗസ്റ്റീനിയൻ സഭയുടെ മൈനർ സെമിനാരിയിലും പെൻസിൽവാനിയയിലെ വില്ലനോവ സർവകലാശാലയിലും പഠനം നടത്തി. 1977-ൽ അദ്ദേഹം ഗണിതശാസ്ത്രത്തിൽ ബിരുദം നേടുകയും തത്ത്വശാസ്ത്രം പഠിക്കുകയും ചെയ്തു.
1977 സെപ്റ്റംബർ 1 ന് അദ്ദേഹം ചിക്കാഗോയിലെ ഔവർ ലേഡി ഓഫ് ഗുഡ് കൗൺസൽ പ്രവിശ്യയിലെ സെന്റ് ലൂയിസിലുള്ള ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ (OSA) നോവിഷ്യേറ്റിൽ പ്രവേശിക്കുകയും 1978 സെപ്റ്റംബർ 2-ന് തന്റെ ആദ്യ ശുശ്രൂഷ ആരംഭിക്കുകയും ചെയ്തു.
27 -ആം വയസിലാണ് റോബർട്ട് പ്രെവോസ്റ്റ് റോമിൽ എത്തുന്നത്. റോമിലെ സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്ന് കാനൻ നിയമം പഠിക്കാനായിരുന്നു അദ്ദേഹം എത്തിയത്.
30 വർഷത്തോളം നീണ്ട മിഷണറി ജീവിതത്തിന് ഒടുവിൽ 2014 ൽ പെറുവിലെ ചിക്ലായോ രൂപതയെ നയിക്കാനായി ഫ്രാൻസിസ് മാർപാപ്പ റോബർട്ട് പ്രെവോസ്റ്റിനെ നിയോഗിച്ചു. 2015 സെപ്റ്റംബർ 26-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ചിക്ലായോ ബിഷപ്പായി നിയമിച്ചു. 2018 മാർച്ചിൽ, പെറുവിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ രണ്ടാമത്തെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു, അവിടെ അദ്ദേഹം സാമ്പത്തിക കൗൺസിൽ അംഗമായും സാംസ്കാരിക, വിദ്യാഭ്യാസ കമ്മീഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
2019-ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വൈദികർക്കായുള്ള സഭയിലെ അംഗമായും, 2020-ൽ ബിഷപ്പുമാർക്കായുള്ള സഭയിലെ അംഗമായും നിയമിച്ചു. അതേസമയം, 2023 ൽ ഫ്രാൻസിസ് പാപ്പ അദ്ദേഹത്തെ റോമിലേക്ക് തിരികെ വിളിക്കുകയും ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ തലവനായി നിയമിക്കുകയും ചെയ്തു.
2024 ൽ അദ്ദേഹം കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ഒടുവിൽ, ഈ വർഷം ഫെബ്രുവരി 6 ന്, ഫ്രാൻസിസ് പാപ്പ റോബർട്ട് പ്രെവോസ്റ്റിനെ ഓർഡർ ഓഫ് ബിഷപ്പ്സ് ആയി സ്ഥാനക്കയറ്റം നൽകി, അൽബാനോയിലെ സബർബിക്കേറിയൻ ചർച്ച് എന്ന പദവി നൽകി.
കേരളവുമായും അദ്ദേഹത്തിന് ചെറുതല്ലാത്ത ബന്ധമുണ്ട്. രണ്ട് തവണ കേരളം സന്ദർശിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. 2004 ലും 2006 ലുമാണ് റോബർട്ട് പ്രെവോസ്റ്റ് കേരളം സന്ദർശിച്ചത്. 2 തവണയും ആലുവയിലെ തായിക്കാട്ടുകരയിലെ മരിയാപുരം പള്ളി സന്ദർശിച്ചിരുന്നു. അഗസ്റ്റിനിയൻ സന്യാസ സഭയുടെ തലവനായിരുന്ന കാലത്താണ് ആദ്ദേഹം കേരളത്തിലെത്തിയത്. 2004 ൽ കലൂർ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ എത്തി ആറ് ഡീക്കന്മാരെ വൈദികരയി അഭിഷേകം ചെയ്യുകയും ചെയ്തിരുന്നു.
ലിയോ പതിനാലാമൻ അഭയാർത്ഥി പ്രശ്നത്തിലും പാവപ്പെട്ട അരികുവൽക്കരിക്കപ്പെട്ട ജനങ്ങളുടെ വിഷയത്തിലും എല്ലാം ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകൾ പിന്തുടരുന്ന ആളാണ് എന്നാണ് പറയപ്പെടുന്നത്. ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചത് പോലും ഇതിന്റെ സൂചനയായിട്ടാണ് എന്നാണ് വിലയിരുത്തുന്നത്. തൊഴിലാളികളുടെ സോഷ്യലിസ്റ്റ് പാപ്പ എന്നറിയപ്പെട്ടിരുന്ന ലിയോ പതിമൂന്നാമനോട് ഉള്ള ആദരസൂചകമായിട്ടാണ് അദ്ദേഹം ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചത്.
എന്നാൽ റോബർട്ട് പ്രെവോസ്റ്റ് കൺസർവേറ്റീവ് ആണോ ലിബറൽ ആണോ എന്ന് വേർതിരിച്ച് പറയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അദ്ദേഹം ഒരു മോഡറേറ്റ് ആയാണ് അറിയപ്പെടുന്നത്. സ്ത്രീകളെ ഡീക്കനുകൾ ആക്കുന്നതിന് പ്രെവോസ്റ്റ് എതിരായിരുന്നു. ഹോമോ സെക്ഷ്വാലിറ്റി, അബോര്ഷന്, ജെന്ഡര് ഐഡിയോളജി തുടങ്ങിയ വിഷയങ്ങളിൽ ഇതുവരെ നിലപാട് തുറന്നു പറഞ്ഞിട്ടില്ല.
എന്നാൽ ഏതെല്ലാം ബിഷപ്പ് നാമ നിർദേശങ്ങൾ പോപ്പിന് കൈമാറണം എന്ന് തീരുമാനിക്കുന്ന വോട്ടിംഗ് ബ്ലോക്കിലേക്ക് സ്ത്രീകളെ ചേർത്ത ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനത്തിനൊപ്പം പ്രെവോസ്റ്റ് നിന്നിരുന്നു. ലോക ജനതയ്ക്കായി ഫ്രാൻസിസ് പാപ്പ മുന്നോട്ട് വെച്ചിരുന്ന നിലപാടുകളുമായി പുതിയ പാപ്പയ്ക്കും മുന്നോട്ട് പോകാൻ സാധിക്കട്ടെ…
Content Highlights: who is robert francis prevost the new pope of vatikan catholics